മറുനാടന്‍ മലയാളി എന്ന സോഷ്യല്‍ മീഡിയ ന്യൂസ് ചാനലിന്റെ എഡിറ്റര്‍ ഷാജന്‍സ്‌ക്കറിയയുമായി നേരിട്ട് യുദ്ധം പ്രഖ്യാപിച്ച് ഇടതുപക്ഷ അണികളുടെ എല്ലാം നായക വേഷത്തില്‍ അരങ്ങു തകര്‍ത്ത നിലമ്പൂര്‍ എം.എല്‍.എ PV അന്‍വര്‍ ഇപ്പോള്‍ CPMന്റെ കോള്‍ബ്ലഡഡ് വില്ലനാണ്. CPM പടിയടച്ചു പിണ്ഡം വെച്ചതോടെ അന്‍വര്‍ പുറത്തിറങ്ങിയാല്‍ കേസ് എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുകയാണ്. ഷാജന്‍സ്‌ക്കറിയയുമായുള്ള പോരാട്ടത്തിന് CPM അണികളാണ് അന്‍വറിന് പൂര്‍ണ്ണ പിന്തുണ നല്‍കിയത്.
ഒരുവേള ഷാജന്‍സ്‌ക്കറിയയെ കായികമായി കൈകാര്യം ചെയ്യുമെന്നു വരെ അന്‍വര്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം CPMന്റെ പിന്‍ബലത്തോടെ ആയിരുന്നു എന്നതാണ് ഇപ്പോള്‍ കൗതുകം. ആരുടെ ബലത്തിലാണോ വെല്ലുവിളി നടത്തിയത്, അവര്‍തന്നെ അന്‍വറിനെ പൂട്ടാന്‍ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്. ഇന്നലെ നിലമ്പൂരില്‍, സ്വന്തം തട്ടകത്തില്‍ ആയിരക്കണക്കിനു പേരെ അണിനിരത്തിയ പൊതു സമ്മേളനത്തില്‍ നടത്തിയ രണ്ടര മണിക്കൂര്‍ പ്രസംഗത്തിലൂടെ പി.വി.അന്‍വര്‍ സിപിഎമ്മിനു നല്‍കിയിരിക്കുന്ന സന്ദേശം മറ്റൊന്നല്ല.
കാല് വെട്ടിമാറ്റിയാല്‍ വീല്‍ചെയറില്‍ വരുമെന്ന വെല്ലുവിളിയും ചെരുതായി കാണാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസുമുള്‍പ്പെടെയുള്ള നേതാക്കളെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച അന്‍വര്‍, പാര്‍ട്ടിയെയും സാധാരണ പ്രവര്‍ത്തകരെയും ഒരിക്കലും തള്ളിപ്പറയില്ലെന്നും ആവര്‍ത്തിച്ചു പറയുകയാണ്. നിലമ്പൂര്‍ മണ്ഡലത്തിനു കീഴിലുള്ള CPMന്റെ രണ്ടു ഏരിയാ കമ്മിറ്റുകളായ നിലമ്പൂര്‍, എടക്കര കമ്മിറ്റികള്‍ക്കു കീഴില്‍ അന്‍വറിനെതിരെ കഴിഞ്ഞ ദിവസം പ്രകടനം നടന്നിരുന്നു.
ഈ പ്രകടനത്തില്‍ പങ്കെടുത്തവരേക്കാള്‍ കൂടുതല്‍ ആളുകളെ അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അന്‍വറിനെ മത്സരിക്കാന്‍, മത്സരിച്ചു വാദിച്ചത് അന്നത്തെ CPM സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരാണ്. ഏര്യാക്കമ്മിറ്റിയുടെ ഏതിര്‍പ്പ് മറികടന്നായിരുന്നു അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം. എന്നാല്‍, ഇപ്പോള്‍ അന്‍വര്‍ സ്വര്‍ണ്ണക്കടത്തുകാരനും, കൊള്ളരുതാത്തവനുമായി എന്നാണ് ആക്ഷേപം.
ഒരുകാര്യം വ്യക്തമാണ്. ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്ന അന്‍വര്‍ ഉന്നയിച്ചതിനേക്കാള്‍ കൂടുതലൊന്നും ഇനി വെളിപ്പെടുത്താന്‍ ഉണ്ടാകില്ല. കാരണം, ഇടതുപക്ഷ എം.എല്‍.എ എന്ന നിലയിലും, എന്തും തുറന്നു പറയുന്ന പ്രകൃതവും ഉള്ളതു കൊണ്ട്. തെളിവുകള്‍ സഹിതം വിവരങ്ങള്‍ നല്‍കിയിരുന്നത്, ഇടതുപക്ഷത്തെ ഒരു വിഭാഗമാണ്. ഇടതുപക്ഷത്തു നിന്നുകൊണ്ട് ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് രാഷ്ട്രീയമായി കാണാനാകില്ലെന്നുറപ്പുള്ളതു കൊണ്ടും അന്വേഷിക്കേണ്ടി വരുമെന്നുള്ളതു കൊണ്ടും, പാര്‍ട്ടി അണികള്‍ വിശ്വസിക്കും എന്നുള്ളതു കൊണ്ടുമായിരുന്നു ഈ നീക്കം. അന്‍വറിനെ അതിനായി ഉപയോഗിക്കുകയായിരുന്നു.
എന്നാല്‍, ഇനി അന്‍വര്‍ പാര്‍ട്ടിക്കോ, പാര്‍ട്ടി നേതാക്കള്‍ക്കെതിരേയോ നടത്തുന്ന വെളിപ്പെടുത്തലുകള്‍ക്ക് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണത്തിനപ്പുറം പ്രാധാന്യം ലഭിക്കില്ല. അതുകൊണ്ടുതന്നെ ഇന്നലെ നടത്തിയ പൊതു സമ്മേളനത്തില്‍ അന്‍വറിന് പുതിയതായി പറയാനൊന്നും ഉണ്ടായിരുന്നില്ല എന്നാണ് വിലയിരുത്തുന്നത്. ഇനി പറയുന്നതെല്ലാം രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമായിരിക്കുമെന്നതിനാല്‍ അതിനെ CPM രാഷ്ട്രീയമായി നേരിടുകയും ചെയ്യും. എന്നാല്‍, അന്‍വര്‍ ഉന്നയിച്ച കാതലായ കാര്യങ്ങള്‍ അന്വേഷണ വിധേയമാകുമ്പോഴും, അതിലെ പ്രതികളെന്നു സംശിക്കുന്നവര്‍ ഇനി രക്ഷപ്പെടാനേ വഴിയുള്ളൂ.
കാരണം, പി. ശശിയെ മാറ്റണമെന്നു പറഞ്ഞിട്ട്, അത് നടപ്പായില്ല. മാത്രമല്ല, പി. ശശിക്കെതിരേയുള്ള ആരോപണങ്ങളെ അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അന്‍വറിന്റെ മറ്റു പരാതികളെല്ലാം വെറുതേയായി എന്നുവേണം മനസ്സിലാക്കാന്‍. കാരണം, പി. ശശിയാണ് പോലീസിനെ നിയന്ത്രിക്കുന്നതെന്നും, മുഖ്യമന്ത്രിയെ ബൈപാസ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു അന്‍വറിന്റെ പരാതി. ഈ പരാതിയില്‍ നടപടി ഇല്ലെന്നു മുഖ്യമന്ത്രി തീര്‍ത്തു പറഞ്ഞതോടെയാണ് അന്‍വറിന്റെ മാനസികാവസ്ഥയ്ക്കു മാറ്റം വന്നത് പോലും.
എന്നാല്‍, അന്‍വറിനെ കുറിച്ച് CPM ഇതുവരെ ഒളിച്ചു വെച്ചത് എന്തൊക്കെയാണെന്നാണ് ഇപ്പോള്‍ ജനം ചിന്തിക്കുന്നത്. ഇന്നലെ വരെ നല്ലവനായിരുന്ന അന്‍വര്‍ ഇന്നു മുതല്‍ മോശപ്പെട്ടവനാകുന്നത് പലതും ഒളിപ്പിച്ചതു കൊണ്ടാകാമെന്നുമാണ് സൂചന. അത്, സ്വര്‍ണ്ണക്കടത്തു മുതല്‍, കുഴല്‍പ്പണ ഇടപാടുകള്‍ വരെയുണ്ടാകും. ഇതെല്ലാം ഇനിയുള്ള ദിവസങ്ങളില്‍ പൊങ്ങി വരുമെന്നുറപ്പാണ്. പകരം, അന്‍വര്‍ സര്‍ക്കാരിനെതിരേയും പാര്‍ട്ടി നേതാക്കള്‍ക്കെതിരേയും എന്തൊക്കെ ആയുധങ്ങളായി ഒരുക്കി വെച്ചിരിക്കുന്നതെന്നും അറിയേണ്ടതുണ്ട്. വരും ദിവസങ്ങളില്‍ കേരളം കാണാന്‍ പോകുന്നതും ഇതാണ്.
CONTENT HIGHLIGHTS;Anwar who came as a ‘hero’ and became a ‘villain’: What has the CPM been hiding so far?; Shajanskaria, P. Shashi, MR. Ajith Kumar are saints