പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലം വിട്ടതോടെ സംജാതമായ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും, ഷാഫി പറമ്പിലും, മൂന്‍ മന്ത്രി കെ. രാധാകൃഷ്ണനും എം.പിമാരായതോടെ ഒഴിവുവന്ന നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും ഉടനുണ്ടാകുമെന്നു സൂചന. വരുന്ന ആഴ്ചയില്‍ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കും. ഇതോടെ മുന്നണികള്‍ സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പുകള്‍ LDFനും UDFനും ഒരുപോലെ നിര്‍ണ്ണായകമാകും. അതുകൊണ്ടു തന്നെ കൈയ്യിലിരിക്കുന്ന സീറ്റ് പോകാതിരിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഇരു വിഭാഗവും പയറ്റുമെന്നുറപ്പാണ്.
കെ. രാധാകൃഷ്ണന്‍ മത്സരിച്ചു ജയിച്ച ചേലക്കര സീറ്റ് നിലനിര്‍ത്തുക എന്നത് മാത്രമാണ് സിപിഎമ്മിന്റെ ലക്ഷ്യം. എന്നാല്‍ ചേലക്കര നിലനിര്‍ത്തുക അത്ര എളുപ്പമാകില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പോലും ചേലക്കരയെ ബാധിക്കും. റിസര്‍വേഷന്‍ മണ്ഡലം കൂടിയാണ് ചേലക്കര. ഇവിടെ പുതിയൊരു സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുമ്പോള്‍ ജനങ്ങള്‍ തൃശൂര്‍ ജില്ലയിലെ തന്നെ സ്ഥാനാര്‍ത്ഥി ആയിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുമോയെന്ന് സംശയമുണ്ട്. അങ്ങനെയെങ്കില്‍ പുതുമുഖമായിരിക്കും സ്ഥാനാര്‍ത്ഥി. മാത്രമല്ല, കടുത്ത ആരോപണങ്ങളുടെ നിഴലില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും നീറുന്ന അവസ്ഥയില്‍ പ്രചാരണവും വലിയ പ്രശ്‌നമായേക്കും.
വയനാട് സി.പി.ഐ സീറ്റാണ്. സി.പി.ഐയുടെ സമുന്നതയായ നേതാവ് ആനിരാജയായിരുന്നും രാഹുല്‍ഗാന്ധിക്കെതിരേ മത്സരിച്ചത്. ഇത്തവണയും ആനിരാജ തന്നെയായിരിക്കും ഇവിടെ മത്സരത്തിനിറങ്ങുകയെന്നാണ് സൂചന. ഷാഫി പറമ്പിലിന്റെ പാലക്കാട് സിപിഎമ്മിന് ഒന്നും പ്രതീക്ഷിക്കാനില്ലാത്ത മണ്ഡലമാണ്. കിട്ടിയാല്‍ കിട്ടി. അത്രതന്നെ. ഇതിന്റെയെല്ലാം മുകളില്‍ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ സ്ഥാനാര്‍ത്ഥികളെ അവതരിപ്പിച്ച ശേഷം പ്രചാരണതച്തിനിറങ്ങുന്ന ഘട്ടത്തില്‍ ജനങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്നതാണ്. അന്‍വര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മാത്രമല്ല സിപിഎം നേരിടുന്ന പ്രശ്നം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും അതിനെ ലഘൂകരിക്കാന്‍ നടത്തിയ നീക്കങ്ങളില്‍ പുറത്തുവന്ന പിആര്‍ ഏജന്‍സി വിവാദവുമെല്ലാം ജനങ്ങള്‍ക്കിടയിലെ സിപിഎമ്മിന്റെ മുഖം വികൃതമാക്കിയിട്ടുണ്ട്.
നിരന്തരം പാര്‍ട്ടി നേതാക്കളും മുഖ്യമന്ത്രിയും കള്ളം പറയുന്നുണ്ടോ എന്ന സംശയത്തിന്‍മേലാണ് ജനങ്ങള്‍. പറഞ്ഞതിനേക്കാള്‍ വലിയ കള്ളങ്ങളില്‍ നില്‍ക്കുകയാണ് സര്‍ക്കാര്‍. അത് കൃത്യമായി അറിയാവുന്നതും സിപിഎമ്മിന് തന്നെയാണ്. ഭരണവിരുദ്ധ വികാരമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. തൃശൂര്‍പൂരം കലക്കിയതിനെതിരേ തൃശൂരുകാര്‍ എങ്ങനെ പ്രതികരിക്കുമെന്നതാണ് ചേലക്കരയെ ഹൈലൈറ്റ് ചെയ്യുന്ന വിഷയം. ഇവിടെ മുന്‍ എം.പി. രമ്യാഹരിദാസ് തന്നെയായിരിക്കുമോ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്നതിന് സ്ഥിരീകരണം ആയിട്ടില്ല. എങ്കിലും രമ്യാഹരിദാസിന് കൂടുതല്‍ സ്വീകാര്യതയുണ്ട്. അങ്ങനെയെങ്കില്‍ ചേലക്കരയില്‍ എല്‍.ഡി.എപും വനിതാ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കേണ്ടി വരും.
ഉയര്‍ന്ന് ആരോപണങ്ങളെയെല്ലാം കൃത്യമായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ മറികടക്കാനാണ് സിപിഎം നീക്കം. തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ജില്ലാ കമ്മറ്റികള്‍ക്ക് സിപിഎം നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഒപ്പം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ വെളളിയാഴ്ചത്തെ സെക്രട്ടറിയേറ്റില്‍ തുടക്കമിടും. ജനങ്ങള്‍ക്കിടയില്‍ പ്രതിച്ഛായ ഉള്ള മികച്ച സ്ഥാനാര്‍ഥികളെ തന്നെ രംഗത്തിറക്കാനാണ് തീരുമാനം. ഇതിനുള്ള ആലോചനകളാണ് നടക്കുന്നത്. ചേലക്കരയില്‍ മുന്‍ എംഎല്‍എ യു.ആര്‍ പ്രദീപിന്റെ പേരാണ് പരിഗണിക്കുന്നത്. 2016ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രദീപ് 2021ല്‍ കെ രാധാകൃഷ്ണനായി മാറി നിന്നിരുന്നു. 1996 മുതല്‍ സിപിഎം കൈവശം വച്ചിരിക്കുന്ന മണ്ഡലമാണ് ചേലക്കര.
പാലക്കാട്ട് ഡി.വൈ.എഫ്‌ഐ നേതാവ് വസീഫിനെ ഇറക്കാനാണ് ആലോചന. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് സിപിഎം. അതില്‍ മാറ്റം ഉണ്ടാകുമെന്ന് പാലക്കാട്ടെ സിപിഎമ്മിന് പോലും വിശ്വാസമില്ല. വസിഫിനെ പോലെ ഒരു ന്യൂനപക്ഷ സ്ഥാനാര്‍ഥി മത്സരിച്ചാല്‍ അത് മത്സര ഫലത്തെ സ്വാധീനിക്കുന്ന ഒന്നാകും എന്ന് മാത്രമേയുളളൂ. കോണ്‍ഗ്രസിന് അമിത ആത്മവിശ്വാസമാണ് ഇപ്പോഴുള്ളത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഓരോ ദിവസവും തങ്ങള്‍ക്ക് അനുകൂലമായി മാറുന്നു എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നും കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളാണ്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയാണ് സ്ഥാനാര്‍ഥിയെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണ്.
രാഹുലിനേക്കാള്‍ ഭൂരിപക്ഷം പ്രിയങ്കക്ക് ലഭിക്കുമോ എന്ന് മാത്രമേ അറിയാനുള്ളു. എന്നാല്‍ പാലക്കാട്ടും ചേലക്കരയിലും അതല്ല സ്ഥിതി. സ്ഥാനാര്‍ഥി നിര്‍ണ്ണയം അടക്കം പൂര്‍ത്തിയാക്കാനുണ്ട്. പാലക്കാട് ഇപ്പോള്‍ തന്നെ സ്ഥാനാര്‍ഥി മോഹികള്‍ കുപ്പായം തുന്നിയിട്ടുണ്ട്. പാലക്കാട് സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരാണ് മണ്ഡലം ഒഴിഞ്ഞ ഷാഫി പറമ്പില്‍ പാര്‍ട്ടിക്ക് മുന്നില്‍ വച്ചിരിക്കുന്ന നിര്‍ദേശം. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതുതന്നെയാണ് താലപ്പര്യം. കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഇതില്‍ എതിര്‍പ്പ് ഉണ്ടാകാനുള്ള സാധ്യതയില്ല. എന്നാല്‍ പാലക്കാട്ടെ കോണ്‍ഗ്രസില്‍ ഈ നീക്കത്തോട് എതിര്‍പ്പുണ്ട്. കെപിസിസി സോഷ്യല്‍ മീഡിയാസെല്‍ ചെയര്‍മാന്‍ പി.സരിനായി ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്. ആലത്തൂരില്‍ തോറ്റ രമ്യ ഹരിദാസിന് ചേലക്കരയില്‍ ഒരവസരം നല്‍കുന്നതില്‍ ഏകദേശ ധാരണയായിട്ടുണ്ട്.
2021ലെ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ഇ ശ്രീധരനെ രംഗത്തിറക്കി മികച്ച പ്രകടനമാണ് ബിജെപി പാലക്കാട് കാഴ്ചവച്ചത്. രണ്ടാമത് എത്തിയ ബിജെപി ഗണ്യമായ രീതിയില്‍ വോട്ട് വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ ശോഭ സുരേന്ദ്രന്‍, സി കൃഷ്ണകുമാര്‍ എന്നിവരാണ് ബിജെപി പരിഗണനയിലുള്ളത്. പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ മികച്ച പ്രകടനം കൃഷ്ണകുമാറിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആലത്തൂരില്‍ മത്സരിച്ച ടിഎന്‍ സരസു ചേലക്കരയില്‍ ബിജെപി സ്ഥാനാര്‍ഥിയാകും എന്നാണ് വിവരം.
വയനാട് ലോക്സഭാ മണ്ഡലത്തില്‍ ആരെ മത്സരിപ്പിക്കണം എന്നതില്‍ ബിജെപിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് മത്സരിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവിനെ തന്നെ മത്സരിപ്പിക്കണോ എന്നതിലാണ് ആലോചന. അന്തിമ തീരുമാനം ദേശീയ നേതൃത്വം തന്നെയാകും എടുക്കു. സിപിഐയും വയനാട് സീറ്റിലേക്കുള്ള സ്ഥാനാര്‍ഥി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.
CONTENT HIGHLIGHTS;By-election announcement soon: Fronts are getting ready; Both the government and the CPM fell under the allegations