ഇടതു സ്വതന്ത്രനില്‍ നിന്നും സര്‍വ്വതന്ത്ര സ്വതന്ത്രനായി മാറി, അവിടുന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം നടത്തുന്നതിനിടെ നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ ഡി.എം.കെയ്ക്ക് ഒപ്പം ചേരുമെന്ന് സൂചന. അന്‍വര്‍ ചെന്നൈയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. സെന്തില്‍ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അന്‍വറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയാണ് പി.വി. അന്‍വര്‍ മഞ്ചേരിയിലെ വസതിയില്‍ നിന്ന് ചെന്നൈയിലേക്ക് പോയത്.
പുതിയ പാര്‍ട്ടി രൂപീകരിച്ച് ഡി.എം.കെയുമായി സഹകരിച്ച് ഇന്ത്യമുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയെന്ന നയം സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നാളെ വൈകിട്ട് വിളിച്ചുചേര്‍ത്തിരിക്കുന്ന പൊതുയോഗത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍. തമിഴ്‌നാട് മുസ്ലിം ലീഗിന്റെ ചില നേതാക്കളുമായും അന്‍വര്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. സി.പി.എമ്മിനോടും പിണറായി വിജയനോടും അടുത്ത ബന്ധം പുലര്‍ത്തുന്ന എം.കെ. സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡി.എം.കെയിലേക്കുള്ള അന്‍വറിന്റെ പ്രവേശനം കൂടുതല്‍ ചര്‍ച്ചകള്‍ക്കു വഴിവെച്ചിട്ടുണ്ട്.
മാത്രമല്ല കേരളത്തില്‍ വേരുറപ്പിക്കാനുള്ള ഡി.എം.കെയുടെ ശ്രമങ്ങള്‍ക്ക് ഇത് കരുത്തുപകരുമെന്നാണ് സൂചന. ഇന്നു കൂടിയേ പി.വി അന്‍വറിന് സ്വതന്ത്രനായി നില്‍ക്കാനാവൂ. നാളെ മുതല്‍ പുതിയ പാര്‍ട്ടിയുടെ ചെയര്‍മാനോ ഡി.എം.കെ പ്രതിനിധിയോ ആയിരിക്കും. കേരളത്തില്‍ പിണറായി വിജയനുമായി പോരാട്ടവും, തമിഴ്‌നാട്ടില്‍ ഡി.എം.കെയുമായി യോജിച്ച് പ്രവര്‍ത്തനവും. ഇതാണ് അന്‍വറിന്റെ പുതിയ ലൈന്‍. കേരളത്തിലെ സി.പി.എമ്മിനെ സ്റ്റാലിനുമായി ചേര്‍ത്തു കെട്ടുന്ന പാലത്തിലൂടെ അന്‍വര്‍ വീണ്ടും ഇടതുപക്ഷത്തിന്റെ ഭാഗം തന്നെയാണെന്ന് സമര്‍ദ്ദഇക്കാനും ഇതിലൂടെ കഴിയും.
അതേസമയം, മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കുന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ പിറകെ പോകേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചിരിക്കുകയാണ്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണ്. അന്‍വറിന്റെ ശ്രമം മുസ്ളിം കേന്ദ്രീകരണത്തിനാണ്. മുസ്ളിം കേന്ദ്രീകരണം ആഗ്രഹിക്കുന്നവര്‍ അന്‍വറിനെ വിലയ്ക്കെടുത്തു എന്നും സി.പി.എം സംസ്ഥാന സമിതി വിലയിരുത്തുന്നുണ്ട്.
എന്നാല്‍, അന്‍വറിന്റെ പുതിയ രാഷ്ട്രീയ നീക്കം ഡി.എം.കെയുമായി സന്ധിചെയ്യലാണെന്ന് സി.പി.എം ചിന്തിച്ചിട്ടു പോലുമില്ല. സ്വതന്ത്രനെന്നതിനപ്പുറം മുസ്ലിം ഏകീകരണമായിരുന്നു സി.പി.എം കരുതിയത്. പക്ഷെ അതില്‍ നിന്നും വ്യത്യസ്തമായി ഡി.എം.കെയുമായി ചേരുകയാണ് അന്‍വര്‍ ചെയ്ത്രിക്കുന്നത്. മഞ്ചേരിയില്‍ നാളെ നടത്തുന്ന വിശദീകരണ യോഗത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമ്പോള്‍ വെല്ലുവിളിക്കുന്നത് സി.പി.എമ്മിേെനായാണെന്ന ബോധ്യം അന്‍വറിനുണ്ട്.
മതേതരത്വം ഉയര്‍ത്തിപ്പിടിച്ചുള്ള രാഷ്ട്രീയപാര്‍ട്ടിയായിരിക്കും രൂപീകരിക്കുകയെന്ന് അന്‍വര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിച്ച് സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമെതിരെ കൂടുതല്‍ ആഞ്ഞടിക്കാനാണ് അന്‍വറിന്റെ തീരുമാനം. ഇതിനിടെയാണ് അന്‍വറിന് പിന്നാലെ ഇനി പോകേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സമിതി നിലപാട് സ്വീകരിച്ചത്.
content highlights;P.V. Anwar’s Party of Tomorrow DMK ?: Sarvatantra Swatantra today too