അല്ലെങ്കിലും ശിവന്‍കുട്ടി എന്ന കമ്യൂണിസ്റ്റുകാരന്‍ അങ്ങനെയാണ്. പാര്‍ട്ടിയുടെ ഏത് പ്രശ്‌നത്തിലും വരുംവരായ്കകള്‍ നോക്കാതെ ചാടിയിറങ്ങും. അത് സമരമായാലും, പ്രതിഷേധമായാലും, സഖാക്കള്‍ക്കു നേരെയുള്ള ആക്രമണമായാലും. പാര്‍ട്ടി പറഞ്ഞും, പറയാതെയുമൊക്കെ സഖാക്കള്‍ക്കൊപ്പം ശരീരവും മനസ്സും ചേര്‍ത്തു നിര്‍ത്തിയുള്ള സംഘടനാ പ്രവര്‍ത്തന ശൈലിയുള്ളതു കൊണ്ടാണ് ശിവന്‍കുട്ടി കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയുടെ കസേരയില്‍ ഇരിക്കുന്നതു പോലും. ശിവന്‍കുട്ടിക്ക് പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ട്.
അടുത്തകാലത്തായി അത് വല്ലാതെ അലട്ടുന്നുമുണ്ട്. കൈയ്ക്ക് നല്ല വിറയലുണ്ട്.
എങ്കിലും ശരീരിക തളര്‍ച്ചയൊന്നും മനസിനെ തളര്‍ത്തിയിട്ടില്ല. അതുകൊണ്ടാണ് ഇന്ന് നിയമസഭയില്‍ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങിയപ്പോള്‍ ശിവന്‍കുട്ടി ചാടിയിറങ്ങിയത്. നിയമസഭയില്‍ പ്രതിഷേധം നടക്കുന്നതിനിടെ പ്രതിപക്ഷ നിരയിലേക്ക് രോഷാകുലനായി നീങ്ങിയ മന്ത്രി വി.ശിവന്‍കുട്ടിയെ മുഖ്യമന്ത്രി തടയുന്ന ദൃശ്യങ്ങള്‍ കൗതുകമുണര്‍ത്തി.
പ്രസംഗിക്കുന്നതിനിടെ, തന്റെ സീറ്റിനരികില്‍ കൂടി പ്രതിപക്ഷ നിരയിലേക്ക് പോകാന്‍ ശ്രമിച്ച ശിവന്‍കുട്ടിയെ മുഖ്യമന്ത്രി കയ്യില്‍പിടിച്ചു പിന്നോട്ടു വലിച്ചു. അരുതെന്ന് ശാസിക്കുന്ന രീതിയില്‍ കൈകാട്ടി. അനുസരണയുള്ള കുട്ടിയെപ്പോലെ ശിവന്‍കുട്ടി സീറ്റിലേക്ക് പോവുകയും ചെയ്തു. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ മറ്റു ഭരണകക്ഷി എം.എല്‍.എമാര്‍ എത്തിയിരുന്നെങ്കിലും ആരെയും മുഖ്യമന്ത്രി തടയാന്‍ നിന്നില്ല. എന്നാല്‍, അവരൊന്നും എടുത്തു ചാടില്ലെന്നുറപ്പുള്ളതു കൊണ്ടാണോ എന്നാണ് മറ്റ് എം.എല്‍.എമാരുടെ സംശയം. മുഖ്യമന്ത്രിക്ക് തന്റെ കൂടെയുള്ളവരോട് കരുതലുണ്ട്.
അത് പുറത്തായാലും, പാര്‍ട്ടിക്കകത്തായാലും. ഏതറ്റംവരെയും സംരക്ഷിക്കുമെന്നുറപ്പുമുണ്ട്. അങ്ങനെയൊന്നാണ് ഇന്ന് കണ്ടത്. തനിക്കെതിരേ പ്രതിഷേധിക്കാനിറങ്ങിയവരെ പ്രതിരോധിക്കാന്‍ പോയ ശിവന്‍കുട്ടിയുടെ കൈയ്യില്‍ പിടിച്ച മുഖ്യമന്ത്രി കാട്ടി തന്നതും അത്തരമൊരു കരുതലിന്റെ സ്പര്‍ശനമാണ്. തന്റെ പ്രസംഗത്തിന് ഭംഗം വരാതെയാണ് മുഖ്യമന്ത്രി ഈ പ്രവൃത്തി ചെയ്തതെന്നതും കൗതുകമായി. ഇഠതു കൈയ്യില്‍ പിടിച്ചിരുന്ന പേപ്പര്‍ വലതു കൈയ്യിലേക്കു മാറ്റി, ഇടതു കൈ കൊണ്ട് ശിവന്‍കുട്ടിയുടെ വലതു കൈയ്യിലാണ് മുഖ്യമന്ത്രി പിടിക്കുന്നത്.
ആ പിടിയില്‍ എല്ലാം മനസ്സിലായ ശിവന്‍കുട്ടി പതിയെ തിരിഞ്ഞ് പുറകിലേക്കു നടക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന അന്തകകരിച്ച കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ സഭയില്‍ നടന്ന കയ്യാങ്കളിയിലും ശിവന്‍കുട്ടി പ്രതിയാണ്. 2015 മാര്‍ച്ച് 13നാണ് കയ്യാങ്കളിയുണ്ടായത്. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ടായിരുന്നു സഭയില്‍ ഇടതു പ്രതിഷേധം. ആക്രമണത്തിലൂടെ സഭയ്ക്ക് 2.20ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. സുപ്രീംകോടതിയെ പ്രതികള്‍ സമീപിച്ചെങ്കിലും കേസ് റദ്ദാക്കിയില്ല. കേസിന്റെ വിചാരണ നടക്കുകയാണ്.
അന്നത്തെ പ്രതിഷേധത്തിലും ആക്രമണത്തിലും മുന്‍പന്തിയില്‍ നിന്നത് ശിവന്‍കുട്ടിയാണ്. പക്ഷെ, അന്ന് പിണറായി വിജയന്‍ നിയമസഭയില്‍ ഇല്ല. കെ.എം മാണിയെ തടയാന്‍ ശിവന്‍കുട്ടി നിയമസഭയിലെ ഡെസ്‌ക്കിനു മുകളിലൂടെ ഓടിയതും, സ്പീക്കറുടെ ഡയസ്സില്‍ കയറി കമ്പ്യൂട്ടറും ലൈറ്രുമെല്ലാം എറിഞ്ഞു തകര്‍ത്തതും ഇന്നും ഓര്‍മ്മിക്കുന്നുണ്ട്. അന്ന്, പ്രഷര്‍ കൂടി ബോധരഹിതനായി വീണതും, ശിവന്‍കുട്ടിയെ നിയമസഭയിലെ മേശയ്ക്കു പുറത്ത് കിടത്തി വീശിക്കൊടുത്തതുമെല്ലാം ചരിത്രമാണ്. ആ ശിവന്‍കുട്ടിയാണ് പ്രതിപക്ഷ പ്രതിഷേധത്തിനു നേരെ ഇന്ന് ഇറങ്ങാന്‍ ശ്രമിച്ചത്.
ഈ ശ്രമത്തെയാണ് മുഖ്യമന്ത്രി കൈകൊണ്ട് തടഞ്ഞതും. പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം വരും ദിവസങ്ങളിലും സംഘര്‍ഷഭരിതമാകുമെന്ന സൂചനയാണ് ആദ്യദിവസം തന്നെ സഭയില്‍ ഉണ്ടായത്. സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ മുന്നില്‍ ബാനറുമായി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഡയസിലേക്കു കയറാന്‍ ശ്രമിച്ചത്. ഇതോടെ സമീപത്തുണ്ടായിരുന്ന വാച്ച് ആന്‍ഡ് വാര്‍ഡ് അദ്ദേഹത്തെ തടഞ്ഞു. തുടര്‍ന്ന് കൂടുതല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ എത്തിയതോടെ ബലം പ്രയോഗിച്ച് വാച്ച് ആന്‍ഡ് വാര്‍ഡ് തടയുന്ന സ്ഥിതിയുണ്ടായി.
ഇതിനിടെ സ്പീക്കര്‍ കാര്യോപദേശക സമിതിയുടെ 14-ാമത് റിപ്പോര്‍ട്ട് മേശപ്പുറത്തുവയ്ക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചു. റിപ്പോര്‍ട്ടില്‍ ഭേദഗതി നിര്‍ദേശിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മന്ത്രി വി.ശിവന്‍കുട്ടി മുഖ്യമന്ത്രിയുടെ ഇടതു വശത്തു കൂടി പ്രതിഷേധം നടക്കുന്ന ഭാഗത്തേക്കു നീങ്ങി. പ്രസംഗിക്കുന്നതിനിടെ ഇതു ശ്രദ്ധയില്‍പെട്ട മുഖ്യമന്ത്രി പ്രസംഗം നിര്‍ത്താതെ തന്നെ ശിവന്‍കുട്ടിയുടെ കൈയില്‍ പിടിച്ച് പിന്നോട്ടു വലിച്ചു.
മുഖ്യമന്ത്രി നല്‍കിയ സൂചന മനസിലാക്കിയ ശിവന്‍കുട്ടി തിരികെ സീറ്റിലേക്കു മടങ്ങുകയായിരുന്നു. ഈ സമയത്തും പ്രതിപക്ഷം ബാനറുമായി സ്പീക്കറുടെ മുന്നില്‍ മുദ്രാവാക്യം വിളിയുമായി പ്രതിഷേധം തുടര്‍ന്നു. ഇതോടെ ഭരണകക്ഷി അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ചുറ്റം കൂട്ടം കൂടിയെത്തി. പ്രതിഷേധം ശക്തമാകുന്നതിനിടെ സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയും ചെയ്തു.
CONTENT HIGHLIGHTS;Chief Minister’s ‘care’ by stopping Sivankutty: Has social media forgotten the old beating?