കോഴിക്കോട് തിരുവമ്പാടി പുല്ലൂരാം പാറയ്ക്കു സമീപം ബസ് പുഴയിലേക്ക് വീണ് രണ്ട് യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ ഒന്നാം പ്രതി KSRTC ഓപ്പറേറ്റിംഗ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രദീപ്. KSRTCയിലെ ജീവനക്കാരുടെ സംഘടനയായ വെല്‍ഫെയര്‍ അസോസിയേഷന്‍ നേതാവിന്റെ വെളിപ്പെടുത്തലാണിത്. ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ അസോസിയേഷന്‍ നേതാവ് ഹരിദാസിന്റെ വോയിസ് ക്ലിപ്പ് എത്തിയിട്ടുണ്ട്. ഇത് ജീവനക്കാര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട്. പുല്ലൂരാംപാാറയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് മവകുപ്പുമന്ത്രി അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഹരിദാസിന്റെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.
അതിനിടെ അപകടത്തില്‍പ്പെട്ട ബസിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന വാര്‍ത്തയും വന്നിട്ടുണ്ട്. 2020 സെപ്റ്റംബര്‍ 26ന് ഇന്‍ഷുറന്‍സ് കാലാവധി അവസാനിച്ച ബസാണിത്. ഇന്‍ഷുറന്‍സ് പുതുക്കിയിട്ടില്ല. എന്നാല്‍, ബസിന്റെ ഫിറ്റ്‌നസ് 2025 ഏപ്രില്‍ വരെയുണ്ട്. 2010ല്‍ ആണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബസ് റീ രജിസ്‌ട്രേഷന്‍ ചെയ്തതാണോ എന്നും സംശയിക്കേണ്ടതുണ്ട്. എന്നാല്‍, ഹരിദാസിന്റെ വെളിപ്പെടുത്തല്‍ ജീവനക്കാര്‍ക്കെല്ലാം ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. KSRTC ബസുകളുടെയും KSRTCയിലെ മേലുദ്യോഗസ്ഥരെയും വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത വെളിപ്പെടുത്തലായതു കൊണ്ട് വരും ദിവസങ്ങളില്‍ ഇതിനെതിരേ നടപടി ഉണ്ടാകാനും സാധ്യത കൂടുതലാണ്.
ഈ കൊലപാതകത്തിന് ഉത്തരവാദികള്‍ KSRTC ആണ് എന്നാണ് ഹരിദാസ് പറയുന്നത്. വണ്ടി സര്‍വ്വീസിനു കൊടുത്ത വെഹിക്കിള്‍ സൂപ്പര്‍വൈസറും, വണ്ടി പണിതുകൊടുത്ത ചാര്‍ജ്മാനും, വണ്ടി പണിത മെക്കാനിക്കും, KSRTC എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടെക്‌നിക്കും, ഈ റണ്ണിംഗ് സമയം ഉണ്ടാക്കിയ KSRTC എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓപ്പറേഷനുമാണ് കാരണക്കാര്‍. ഇതു പറഞ്ഞതു കൊണ്ട് തനിക്കെതിരേ കേസു് കൊടുക്കുന്നുണ്ടെങ്കില്‍ ധൈര്യമായി കൊടുത്തോളൂ. അത് നേരിടാന്‍ തയ്യാറാണ്. എന്നാല്‍, ആളുകളെ കൊല്ലന്ന പരിപാടി അവസാനിപ്പിക്കണമെന്നും ഹരിദാസ് പൊട്ടിത്തെറിക്കുന്നുണ്ട്.
ഹരിദാസിന്റെ വാക്കുകള്‍ ഇങ്ങനെ:
KSRTCയുടെ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള കൃത്യമായ ബോധ്യം വെല്‍ഫെയല്‍ അസോസിയേഷനുണ്ട്. എനിക്കു പറയാനുള്ളത്, ഈ ചാര്‍ജ്മാന്‍മാരുടെ വാക്കു് കേട്ടുകൊണ്ട് DEമാരുടെയും ADമാരുടെയും വാക്കുകള്‍ കേട്ടുകൊണ്ട് കണ്ടീഷനില്ലാത്ത വണ്ടി കൊടുക്കുമ്പോള്‍, നിങ്ങള്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. എന്റെ അമ്മയും സഹോദരിമാരുമാണോ ഈ വണ്ടിയില്‍ കയറുന്നതെന്ന്. വഴിയില്‍ നില്‍ക്കുന്നത് എന്റെ സഹോദരന്‍മാരും എന്റെ ബന്ധുക്കളുമാണോ എന്ന് ഓര്‍ത്തിട്ടു വേണം ബ്രെയ്ക്കില്ലാത്ത വണ്ടി സര്‍വ്വീസിന് കൊടുക്കാന്‍. ഇതിന്റെ ഭവിഷ്യത്തുകളും വരുംവരായ്കകളും വളരെ കൃത്യമായി ബോധ്യമുള്ളതു കൊണ്ടാണ് പറയുന്നത്.
മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ പിണങ്ങിയിട്ട് കാര്യമില്ല. നിങ്ങള്‍ക്ക് ഒരു ഓപ്ഷനുണ്ട്, ഈ വണ്ടി സര്‍വ്വീസിന് കൊടുക്കാന്‍ യോഗ്യമല്ല എന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. വെഹിക്കിള്‍ സൂപ്പര്‍വൈാസര്‍മാര്‍ എന്നുപറയുന്ന ചില ‘പഴംവിഴുങ്ങികളുണ്ട്‘. ഈ വണ്ടി വെഹിക്കിള്‍ സൂപ്പര്‍വൈസര്‍മാരുടെ ഉത്തരവാദിത്വമാണ് ഓടിച്ചുനോക്കി സര്‍വ്വീസിന് കൊടുക്കേണ്ടത്. അത് ‘ഒടിച്ചു നക്കി അല്ല’, ‘ഓടിച്ചു നോക്കി കൊടുക്കണം’. അങ്ങനെ കൊടുത്തുകൊണ്ടിരുന്ന സൂപ്പര്‍വൈസര്‍മാര്‍ക്ക് DEക്കു മുകളിലാണ് വില. ഡിപ്പോ എഞ്ചിനീയര്‍ ഒരു വണ്ടി ഓടിക്കാന്‍ കൊടുത്താല്‍, ആ വണ്ടി സര്‍വീസിന് യോഗ്യമല്ല എന്നുപറയാന്‍ അവകാശമുള്ള ഏകവ്യക്തി ഈ പറയുന്ന വെഹിക്കിള്‍ സൂപ്പര്‍വൈസറാണ്.
അവര്‍ ഡ്യൂാട്ടിയിലിരുന്ന്, യൂണിയന്‍ നേതാക്കളുടെ ആസനം താങ്ങിയിട്ട് ഈ പറയുന്ന പാവപ്പെട്ട ഡ്രൈവറുടെ കൈയ്യില്‍ വണ്ടി കൊടുത്തുവിടരുത്. ഇവിടെ ഓപ്പറേറ്റര്‍ വിഭാഗം മേധാവി ഒരാളുണ്ട്. ‘കപ്പ പുഴുങ്ങിയത് വായില്‍ വെച്ചുകൊണ്ട് ഇരിക്കുന്നവന്‍‘. പതിനഞ്ചു വര്‍ഷം പഴക്കമുള്ള വണ്ടിയെടുത്തിട്ട് ഡ്രൈവരുടെ നെഞ്ചത്തു കേറി, ഡ്രൈവറെ കൊല്ലാക്കൊല ചെയ്ത് ജയിലില്‍ ഇടാനുള്ള പണിചെയ്ത ഏത് ‘പരമചെറ്റ‘ ആണെങ്കിലും വെല്‍ഫെയര്‍ അസോസിയേഷന്‍ ഈ രീതിയിലേ പ്രതികരിക്കൂ. ഇവിടെ പ്രദീപ് എന്നുപറയുന്ന ഒരുത്തന്‍, ഓപ്പറേറ്ററിംഗ് വിഭാഗം മേധാവി ആയിരിക്കുന്നെങ്കില്‍ അയാളാണ് ഈ കൊലപാതകത്തിന് ഒന്നാം പ്രതി.
കള്ളന് കഞ്ഞിവെച്ച നടപടി ഡ്രൈവര്‍മാരോട് എടുക്കരുത്. നീയൊക്കെ എന്തു ചെയ്‌തെന്നു പറഞ്ഞാലും, നാട്ടിലുള്ള ചെക്കര്‍മാരെക്കൊണ്ട് എന്തു കേസെടുപ്പിച്ചാലും, മെക്കാനിക്കിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ട് ഇത്തരം ബ്രേക്കില്ലാത്ത, യോഗ്യതയില്ലാത്ത വണ്ടികള്‍ തലയില്‍ അടിച്ചേല്‍പ്പിച്ചു വിട്ടിട്ട് പാവപ്പെട്ട ഡ്രൈവര്‍മാരെ തെരുവില്‍ കൊലപാതകികളാക്കുന്ന നടപടി അവസാനിപ്പിക്കണം. KSRTC ഓപ്പറേറ്റിംഗ് വിഭാഗം മേധാവി പ്രദീപിനോടാണ് പറയുന്നത്. ഈ പറഞ്ഞതിന് കേസെടുക്കൂ. KSRTCയില്‍ എത്ര വണ്ടി യോഗ്യതയോടു കൂടി സര്‍വ്വീസ് നടത്തുന്നുവെന്ന് എനിക്കറിയാം. തിരുവമ്പാടിയില്‍ നടന്ന രണ്ടു മരണത്തിനും കാരണക്കാരന്‍ KSRTCയിലെ ഓപ്പറേറ്റിംഗ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രദീപാണ്.
വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന സംഘടന വളരെ ബോധ്യത്തോടെയാണ് പറയുന്നത്. ഒരു സൈഡ് ലൈനറടിച്ച്, സ്ലാക്ക് അഡ്ജസ്റ്റര്‍ റീ കണ്ടീഷന്‍ ചെയ്ത് വിടുക. എന്തു നാണംകെട്ട പരിപാടിയാണെടാവേ ചെയ്യുന്നത്. പൊതുജനങ്ങളെക്കൊണ്ട് ഡ്രൈവര്‍മാരെ തല്ലിക്കാനാണ് നോക്കുന്നത്. കൂടുതല്‍ ജോലി ചെയ്യിക്കുക, യോഗ്യതയില്ലാത്ത വണ്ടികള്‍ സര്‍വ്വീസിനു വിടുക. ഇതാണ് ചെയ്തത്. മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരോട് പറയാനുള്ളത് ഇതാണ്. ഈ പറയുന്ന ഡ്രൈവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ലായിരിക്കാം. പക്ഷെ, ഈ വണ്ടിക്ക് എതിരെ വരുന്ന വാഹനങ്ങളോ, കാല്‍നടയായി സഞ്ചരിക്കുന്നവരോ, ഈ വണ്ടിയില്‍ യാത്രക്കാരായിരിക്കുന്നവരോ നിങ്ങളുടെ മക്കളായിരിക്കാം. നിങ്ങളുടെ ബന്ധുക്കളായിരിക്കാം. അമ്മയോ സഹോദരിയോ ആയിരിക്കാം. ഈ വണ്ടി യോഗ്യതയില്ലെങ്കില്‍ സര്‍വ്വീസിന് അയക്കരുത്.
വെഹിക്കിള്‍ സൂപ്പര്‍വൈസര്‍മാരോട് പറയാനുള്ളത് ഇതാണ്. വണ്ടി ഓടിച്ചു നോക്കിയിട്ടേ സര്‍വ്വീസിന് കൊടുക്കാവൂ. അതാണ് നിങ്ങളുടെ ജോലി. അത് ചെയ്യണം. ഡ്രൈവര്‍മാര്‍ പത്തും പതിനെട്ടും മണിക്കൂര്‍ 400 500ഉം കിലോമീറ്റര്‍ ഓടിക്കുന്നുണ്ടെല്‍ അതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കാണ്. ഈ കൊലപാതകത്തിന് ഉത്തരവാദികള്‍ KSRTC ആണ്. KSRTCയിലെ വണ്ടി കൊടുത്ത വെഹിക്കിള്‍ സൂപ്പര്‍വൈസറും, വണ്ടി പണിതു കൊടുത്ത ചാര്‍ജ്മാനും, വണ്ടി പണിത മെക്കാനിക്കും, KSRTC എക്‌സിക്യൂട്ടീവ് ടെക്‌നിക്കും, ഈ റണ്ണിംഗ് സമയം ഉണ്ടാക്കിയ KSRTC എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓപ്പറേഷനുമാണ്. ഈ പറഞ്ഞതിനെതിരേ കേസുണ്ടെങ്കില്‍ ധൈര്യമായി എടുത്തോളൂ. അത് നേരിടാന്‍ തയ്യാറാണ്.
പക്ഷെ, ആളുകളെ കൊല്ലാനുള്ള പരിപാടി അവസാനിപ്പിക്കണം. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കസേരയില്‍ ഇരിക്കുന്നവന് അല്‍പ്പമെങ്കിലും വിവരം വേണം. ഇല്ലെങ്കില്‍ ആ കസ രേയില്‍ നിന്നിറങ്ങി പോകണം. വെഹിക്കിള്‍ സൂപ്പര്‍മാന്‍മാരും, മെക്കാനിക്കുമാരും, ചാര്‍ജ്മാന്‍മാരും യോഗ്യതയില്ലാത്ത വണ്ടികള്‍ സര്‍വ്വീസിന് കൊടുക്കരുത്. കൊടുത്താല്‍ അതിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കും.
ഇതാണ് ഹരിദാസിന്റെ വാക്കുകള്‍. അപകടത്തിന്റെ എല്ലാ ഉത്തരവാദിത്വവും ഡ്രൈവറുമേല്‍ കെട്ടിവെച്ച്, രക്ഷപ്പെടാന്‍ നോക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ഹരിദാസ് നല്‍കുന്നത്. ഏതൊരപകടവും വരുത്തുന്നത് ഡ്രൈവറാണെന്ന പൊതു ധാരണയ്ക്ക് ഭംഗം വരുത്തിയിരിക്കുകയാണ്. KSRTC ബസിന്റെ ബ്രേക്ക് മുതല്‍ എല്ലാ ഭാഗങ്ങളും യോഗ്യമാണോ എന്ന സംശയം ബലപ്പെടുന്നുണ്ട്. അപകടം സംഭവിച്ച സ്ഥലം ഒരു കയറ്റിറക്കമുള്ള ഇടമാണ്. റോഡ് പണി നടക്കുന്നുമുണ്ടായിരുന്നു. ബസ് അമിത വേഗതയിലുമല്ലായിരുന്നു. പുഴയുടെ പാലത്തിന് കൈവരിയുമില്ലായിരുന്നു. വേഗതയില്ലെങ്കില്‍ ബസ് ബ്രേക്ക് ചവിട്ടിയാല്‍ കിട്ടേണ്ടതാണ്.
എന്നിട്ടും അപകടം സംഭവിച്ചു. രണ്ടുപേരുടെ ദാരുണ മരണത്തിനും ഇടയാക്കിയിരിക്കുന്നു. ഉത്തരവാദിത്വം KSRTC ഏറ്റെടുക്കണം. അല്ലാതെ ഡ്രൈവറുമേല്‍ കുറ്റം ചാര്‍ത്തി രക്ഷപ്പെടരുതെന്നാണ് ജീവനക്കാരും പറയുന്നത്.
CONTENT HIGHLIGHTS;KSRTC Pullurampara Accident: 1st Respondent, Executive Director, Operating Division; Welfare Association leader blasted (Exclusive)