Investigation

KSRTC ‘ബ്രേക്ക് സിസ്റ്റം’ മോശം: ഡ്രൈവര്‍മാര്‍ കൊലപാതകികള്‍ ആകുന്നു ?; നിസഹായതയും വേദനകളും പരാതികളും പറഞ്ഞ് ഡ്രൈവര്‍മാര്‍ (എക്‌സ്‌ക്ലൂസിവ്)

KSRTC വാങ്ങുന്ന ബ്രേക്ക് സ്ലാക്കറും, ലൈനറും ഗുണനിലവാരമില്ലാത്തവ, കമ്മിഷന്‍ പറ്റുന്നുണ്ടോ എന്നും ഡ്രൈവര്‍മാരുടെ സംശയം

‘ആലപ്പുഴ വലിയ ചുടുകാടിന് സമീപം കഴിഞ്ഞ ദിവസം ഒരു അപകടമുണ്ടായി. പ്രൈവറ്റ് ബസിനു പുറകില്‍ KSRTC ബസ് ഇടിച്ചു. പ്രൈവറ്റ് ബസിലുണ്ടായിരുന്നവര്‍ക്ക് നല്ല പരിക്കുണ്ട്. പരിക്കു പറ്റിയ യാത്രക്കാരെയും കൊണ്ട് നാട്ടുകാര്‍ക്കൊപ്പം KSRTC കണ്ടക്ടറും ആശുപത്രിയിലേക്കു പോയി. അപ്പോഴും ബസിന്റെ ഡ്രൈവറെ ആരും കണ്ടില്ല. KSRTC യില്‍ തന്നെ ജോലിചെയ്യുന്ന ഒരാള്‍, അപകടം നടന്നതു കണ്ട് ഓടിയെത്തി വണ്ടിയില്‍ കയറി നോക്കി. അയാള്‍ കണ്ടകാഴ്ച വല്ലാതെ വേദനിപ്പിക്കുന്നതും. ബസിനുള്ളില്‍ ആ ഡ്രൈവര്‍ ആരും കാണാത്ത രീതിയില്‍ ഒളിച്ചിരിക്കുന്നു. പേടിച്ചു വിറച്ച് ശബ്ദം പോലും പുറത്തു വരാത്ത വിധം കുനിഞ്ഞിരിക്കുന്നു. ആരെങ്കിലും വന്നു ചോദിച്ചാല്‍ പറയാന്‍ പോലും മറുപടിയില്ല. ബസിന് ബ്രേക്ക് നഷ്ടപ്പെട്ടാണ് പ്രൈവറ്റ് ബസിന്റെ പുറകിലിടിച്ചതെന്ന് പറഞ്ഞാല്‍ നാട്ടുകാര്‍ വെറുതേ വിടില്ലെന്നുറപ്പാണ്.’

ആ ഭയം KSRTCയിലെ എല്ലാ ഡ്രൈവര്‍മാരിലേക്കും അരിച്ചു കയറാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. സത്യം പറഞ്ഞാലും ഇല്ലെങ്കിലും ഡ്രൈവര്‍മാര്‍ ക്രൂശിക്കപ്പെടും. KSRTCയില്‍ ജോലിചെയ്യുന്നു എന്നുപറയാന്‍ പോലും പേടിയുണ്ടെന്നാണ് ആലപ്പുഴയിലെ അപകട വാര്‍ത്ത അറിയിച്ച ജീവനക്കാരന്‍ പറയുന്നത്. നോക്കൂ, ആലപ്പുഴയില്‍ അപകടം ഉണ്ടായ വഴി. ‘നിരവധി തവണ ബ്രേക്ക് കംപ്ലെയിന്റാണ് എന്ന് റിപ്പോര്‍ട്ട് എഴുതി ഇടുന്ന വണ്ടിയായിരുന്നു അത്. അതുംകൊണ്ട് ഓടാന്‍ പറ്റില്ലെന്ന് പരാതിയുള്ള വണ്ടിയാണ്. അഞ്ചര കൊല്ലമായി ആലപ്പുഴയില്‍ ഷെഡ്യൂള്‍ ഓടുന്ന വണ്ടി. ഈ വണ്ടി ആലപ്പുഴയില്‍ നിന്നും കൊല്ലത്തേക്ക് പോകുമ്പോള്‍ ഒരു കുഴപ്പവുമില്ലാതെ പോകും.

പക്ഷെ, തിരികെ ആലപ്പുഴയ്ക്കു വരുമ്പോള്‍ ബ്രേക്ക് പണി മുടക്കും. കഴിഞ്ഞ ദിവസവും ഇതേ വണ്ടി ഒരു പ്രൈവറ്റ് ബസിന്റെ പിന്നില്‍ ഇടിക്കുകയും ചെയ്തു. ഇന്നലെ രാവിലെ സര്‍വ്വീസിന് പോകുന്നതിനു മുമ്പ് ഈ വണ്ടി മാറ്റി തരുമോ എന്ന് ചോദിച്ചിട്ട് അതിന് അധികൃതരില്‍ നിന്നും ഒഴുക്കന്‍ മറുപടി കിട്ടയതിനെ തുടര്‍ന്ന് കൊണ്ടുപോയതാണ്. ഒന്നാലോചിച്ചു നോക്കൂ, ഡ്രൈവറിന്റെ അവസ്ഥ. വണ്ടി കണ്ടീഷനാണോ എന്ന് പരിശോധിക്കുന്ന ഉദ്യോഗസ്ഥന്‍ പരിശോധിച്ചു നല്‍കിയ വണ്ടി. അപ്പോള്‍ ഇതിന് വലിയ കുഴപ്പമുണ്ടാകില്ലെന്ന ധാരണയിലാണ് റോഡിലിറക്കുന്നത്. ഈ വണ്ടി ഫിറ്റ്‌നസ്സ് ഉള്ള വണ്ടിയാണ്. 15 വര്‍ഷം ആകാത്ത വണ്ടിയാണ്. പറഞ്ഞിട്ടെന്തു കാര്യം. ബ്രേക്കു പോയി. അപ്പോള്‍ 15 വര്‍ഷം കഴിഞ്ഞ വണ്ടികള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരുടെ അവസ്ഥ ചിന്തിക്കാന്‍ കഴിയുമോ ?.

ഒരു KSRTC ഡ്രൈവര്‍ പറയുന്നത് കേള്‍ക്കൂ ?

KSRTCയിലെ തൊണ്ണൂറു ശതമാനം വാഹനങ്ങള്‍ക്കും ബ്രേക്ക് ചവിട്ടുമ്പോള്‍ ബ്രേക്ക് പെടല്‍ മറിഞ്ഞുപോകും. അങ്ങനെ ബ്രേക്ക് പിടിക്കാന്‍ കഴിയാതെ മുന്നില്‍ ഓടുന്ന വാഹനങ്ങളില്‍ പോയി ഇടിക്കുന്നുണ്ട്. കൃത്യമായ ബ്രേക്ക് പണിയല്‍ വര്‍ക്ക് ഷോപ്പുകളില്‍ ഇല്ല. സ്ലാക്കര്‍ എന്ന ബ്രേക്കിന്റെ പ്രധാന സംവിധാനം KSRTCയില്‍ കംപ്ലെയിന്റാണ്. ഏറ്റവും മോശപ്പെട്ട സ്ലാക്കറും ലൈനറുമാണ് KSRTC വാങ്ങിക്കുന്നത്. ഉയര്‍ന്ന പണം ഇതിനു കൊടുക്കുന്നുണ്ട്. ഇത് കമ്മിഷന്‍ വെട്ടിപ്പിനാണോ എന്ന് സംശമുണ്ടെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. സുരക്ഷിതമായ ഡ്രൈവിംഗിനു വേണ്ടുന്ന സുപ്രധാന ഘടകമാണ് ബ്രേക്ക്.
എന്നാല്‍, അത് നല്ലപോലെ വര്‍ക്ക് ചെയ്യാത്ത വണ്ടികളാണ് KSRTCക്കുള്ളത്.

ഡ്രൈവര്‍മാര്‍ ബ്രേക്ക് ഇല്ലെന്നു കാണുമ്പോള്‍ ഏതെങ്കിലും ഡിപ്പോകളില്‍ ബസ് കയറ്റി ബ്രേക്ക് ശരിയാക്കും. എന്നാല്‍, കുറച്ചു ദൂരം ഓടിക്കഴിഞ്ഞാല്‍ വീണ്ടും ബ്രേക്ക് കിട്ടാത്ത അവസ്ഥയാകും. ഹൈറേഞ്ച് മേഖലയിലൊക്കെ കൊടുത്തു വിടുന്ന വാഹനങ്ങളിലെല്ലാം ഇങ്ങനെയാണ്.  ബ്രേക്കിന്റെ അവസ്ഥ. 90 ശതമാനം ആക്‌സിഡന്റുകള്‍ നടക്കുന്നതും ബ്രേക്കു പിടിച്ചിട്ട് നില്‍ക്കാത്തതു കൊണ്ടാണ്. ഡ്രൈവര്‍മാര്‍ പേടിച്ചാണ് ബസ് ഓടിക്കുന്നത്. ആ മാനസികാവസ്ഥ KSRTCയിലെ മറ്റൊരു ജീവനക്കാരനുമുണ്ടാകില്ല. എന്തു വന്നാലും വണ്ടി ഓടിക്കേണ്ട സ്ഥിതിയാണ്. കാരണം, 16 ഫിസിക്കല്‍ ഡ്യൂട്ടി ഇല്ലെങ്കില്‍ ഡ്രൈവര്‍മാര്‍ക്ക് ശമ്പളം എഴുതില്ല. അതുകൊണ്ട് ബെല്ലില്ലെങ്കിലും ബ്രേക്കില്ലെങ്കിലും വണ്ടി കൊണ്ടുപോകും.

എറണാകുളത്തു നിന്നും ദീര്‍ഘദൂരം ഓടുന്ന ഒരു KSRTC ബസിന് ബ്രേക്ക് കംപ്ലെയിന്റാണെന്ന് പരാതി എഴുതിയിട്ടിട്ടും തിരിഞ്ഞു നോക്കിയില്ല. നിരവധി തവണ പരാതി നല്‍കിയിട്ടും പരിഹാരം കണ്ടില്ല. ഒടുവില്‍ വണ്ടിയുടെ വീല്‍ഡ്രം ഓട്ടത്തിനിടയില്‍ ചൂടായി പൊട്ടിത്തെറിച്ചു. കട്ടപ്പനയില്‍ നിന്നും എറണാകുളത്തേക്കു വന്ന മറ്റൊരു KSRTC ബസ് ഒരു കാറിന്റെ പുറകില്‍ ഇടിച്ചതും ബ്രേക്കില്ലാത്തതു കൊണ്ടായിരുന്നുവെന്ന് ഡ്രൈവര്‍ പറയുന്നു. ആ കാറുകാരനോട് നിരുപാധികം മാപ്പു പറഞ്ഞതുകൊണ്ടും, കാറുകാരന്‍ മാന്യനായതു കൊണ്ടും തല്ലു കൊണ്ടില്ല. കാറില്‍ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ എണീറ്റു നിന്ന് ബ്രേക്കില്‍ ചവിട്ടിയെങ്കിലും ബ്രേക്ക് കിട്ടിയില്ല. ചവിട്ടിയാല്‍ നില്‍ക്കാത്ത ബ്രേക്കുള്ള വണ്ടികളാണ് KSRTC ബസില്‍ ഉള്ളതെങ്കില്‍, അത് എപ്പോള്‍ വേണമെങ്കിലും ദുരന്തമാകും.

അങ്ങനെ ഒരു ദിവസം നിരവധി ആക്‌സിഡന്റുകള്‍ സംഭവിക്കുന്നുണ്ട്. പക്ഷെ, ഇതൊക്കെ കേസോ വഴക്കോ ആകാത്തതു കൊണ്ടാണ് ആരും അറിയാതെ പോകുന്നത്. എന്നാല്‍, അവിടെയൊക്കെ ഡ്രൈവര്‍മാര്‍ കാലു പിടിച്ചും, ക്ഷമ ചോദിച്ചും, നാട്ടുകാരുടെ തല്ലു വാങ്ങിയും, തെറി കേട്ടുമൊക്കെ കേസ് ആകാതെ പോവുകയാണ് ചെയ്യുന്നത്. വണ്ടിക്ക് ബ്രേക്ക് ഇല്ലെന്നു പരാതി പറഞ്ഞാല്‍, KSRTC മെക്കാനിക്കുകള്‍ പറയുന്നത്, നിങ്ങളുടെ വണ്ടിക്കു മാത്രമാണല്ലോ പ്രശ്‌നം. ബാക്കി ആര്‍ക്കും ഒരു കുഴപ്പവുമില്ലല്ലോ എന്നാണ്. പരാതി പറയാന്‍ ചെന്നാല്‍, പരാതി ചുരുട്ടിക്കൂട്ടി കീറിക്കളയും. പരാതിക്കാരനെ നശിപ്പിക്കുന്ന രീതിയാണ് വര്‍ക്ക്‌ഷോപ്പുകളിലും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകുന്നത്. ബ്രേക്ക് ചവിട്ടിയിട്ട് നില്‍ക്കുന്നില്ല. പെടല്‍ മറിഞ്ഞു പോകുന്നു. അപകട സാധ്യതയുണ്ട് എന്നാണ് പരാതി എഴുതി ഇടുന്നത്. എന്നാലും പരിഹരിക്കില്ലെന്നത് വ്രതമാണ്.

KSRTC ബസിന് ബ്രേക്ക് ഇല്ലാത്തതിന്റെ കാരണങ്ങള്‍ ?

  • വണ്ടിയുടെ കാലപ്പഴക്കം പ്രധാന പ്രശ്‌നമാണ്. വീല്‍ഡ്രം ഒരിക്കലും നന്നാക്കില്ല. അതിന് കംപ്ലെയിന്റ് ഉണ്ടെങ്കില്‍ ലെയ്ത്തില്‍ കൊടുത്ത് കട്ട് ചെയ്ത് ലെവല്‍ ചെയ്യണം. അതൊന്നും ചെയ്യാറുപോലുമില്ല. ഏറ്റവും മോശപ്പെട്ട ലൈനറാണ് ഉപയോഗിക്കുന്നത്. KSRTC വാങ്ങുന്നതു പോലും മോശം ലൈനറുകളാണ്. ആ കച്ചവടത്തില്‍ എന്തോ തരികിടയുണ്ടെന്ന് ഉറപ്പാണ്.
  • മറ്റൊരു ബ്രേക്ക് സംബന്ധമായ കാര്യമാണ് എയര്‍ കംപ്ലെയിന്റ്. ഇറക്കം ഇറങ്ങുന്ന വണ്ടിക്ക് ഒന്നോ രണ്ടോ തവണ ബ്രേക്കില്‍ കാല് വെയ്ക്കുമ്പോള്‍ എയര്‍ പൂര്‍ണ്ണമായി ഇറങ്ങിപ്പോകും. എയര്‍ ഇല്ലാതെ ബ്രേക്ക് ചവിട്ടിയാല്‍ വണ്ടി നില്‍ക്കില്ല. എയര്‍ കറക്ടായിട്ട് ചെക്ക് ചെയ്യാറില്ലെന്നതാണ് ഇതിനു കാരണം. ഒന്നോ രണ്ടോ തവണ ബ്രേക്ക് ചെയ്യുമ്പോള്‍ എയര്‍ പൂര്‍ണ്ണമായി പോകാന്‍ പാടില്ല. കൃത്യമായി എയര്‍ ഇനിതിനകത്ത് കയറുന്നുമില്ല. ഒരു വണ്ടി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ എഞ്ചിന്റെ കറക്കത്തിനനുസരിച്ച് എയര്‍ ഈ ടാങ്കില്‍ ഫുള്‍ ആയി ഔട്ട് എയര്‍ തള്ളിപ്പോകണം. ഇത് അങ്ങനെ ചെയ്യാറില്ല. പക്ഷെ, ഇതിന് മെക്കാനിക്കുകള്‍ പറയുന്നത്, ഔട്ട് എയര്‍ തള്ളിപ്പോകുന്നത് വെള്ളം ഉള്‍പ്പെടെയാണ്. ആ സിസ്റ്റമാണ് ഇപ്പോള്‍ എല്ലാ വണ്ടിയിലുമുള്ളത് എന്നാണ്. എന്നാല്‍, ചില വണ്ടികള്‍ക്ക് ടാങ്കിലെ വെള്ളവും ഓയിലും ചേര്‍ന്ന് കിടക്കും. അത് ക്ലീന്‍ ചെയ്യില്ല.
  • ബ്രേക്കില്‍ ലൈനര്‍ അടിക്കുമ്പോള്‍, മുന്‍വശത്താണ് ലൈനര്‍ അടിക്കുന്നതെങ്കില്‍ ഒരുപോലെ ലൈനര്‍ അടിക്കണം. പക്ഷെ, KSRTCയില്‍ അങ്ങനെ ചെയ്യില്ല. ചെയ്യുന്നത്, ഒരു ലൈനര്‍(തേഞ്ഞിട്ടില്ലെങ്കില്‍) പഴയതും, മറ്റേത് പുതിയതുമായാണ് അടിക്കുന്നത്. അത് ശരിയല്ല. ഇങ്ങനെ ചെയ്താലും ബ്രേക്ക് കിട്ടണമെന്നില്ല. ഇത് ലാഭം നോക്കിയാണ് ചെയ്യുന്നത്. പക്ഷെ അത് കൊണ്ടു പോകുന്ന ഡ്രൈവറുടെ മാനസികാവസ്ഥ എന്തായിരിക്കും. വളരെ മോശമാണ്. ഇത് വര്‍ഷങ്ങളായി KSRTCയില്‍ നടക്കുന്നുണ്ട്.
  • ബ്രേക്ക് ലൈനര്‍ ഫിറ്റ്‌ചെയ്യുന്നതിലും പ്രശ്‌നമുണ്ട്. വണ്ടിയുടെ ഒരു വീലില്‍ മുകളിലും താഴത്തും രണ്ടു ലൈനറുകളാണ് വരുന്നത്. രണ്ടും വ്യത്യസ്ത അളവുകള്‍ ഉള്ളതും. അതില്‍ മുകളില്‍ ഫിറ്റു ചെയ്യേണ്ട ലൈനര്‍ മുകളില്‍ തന്നെ ഫിറ്റ് ചെയ്യണം. താഴത്തു ഫിറ്റ് ചെയ്യേണ്ടത് താഴത്തും. പ്രൈവറ്റ് ബസുകാരാണെങ്കില്‍ അത് മാര്‍ക്ക് ചെയ്യുക പതിവാണ്. എന്നാല്‍, KSRTCയില്‍ മുകളില്‍ വെയ്‌ക്കേണ്ടത് താഴത്തും, താഴത്തു വെയ്‌ക്കേണ്ടത് മുകളിലും ഫിറ്റ് ചെയ്യാറുണ്ട്. വണ്ടിക്ക് ബ്രേക്ക് കിട്ടാതെ പോകുന്നതിന് ഇതും കാരണമാകും. കൃത്യമായി മെയിന്റനന്‍സ് വണ്ടികള്‍ക്കു കിട്ടുന്നില്ല എന്നര്‍ത്ഥം.
  • KSRTCയിലെ ഉദ്യോഗസ്ഥര്‍ വണ്ടി പരിശോധിക്കുമ്പോള്‍ ബ്രേക്ക് കിട്ടും. പക്ഷെ, വണ്ടി കിലോമീറ്ററുകള്‍ ഓടി ചൂടായി വരുമ്പോള്‍ ബ്രേക്ക് ചവിട്ടിയാല്‍ പെടല്‍ മറിഞ്ഞു പോകും. യാത്രക്കാരുമായി പോകുന്ന വണ്ടി കിലോമീറ്ററുകള്‍ ഓടിയ ശേഷം ബ്രേക്ക് പരിശോധിച്ചാലേ യഥാര്‍ഥ അഴസ്ഥ മനസ്സിലാക്കാന്‍ കഴിയൂ. വര്‍ക്ക് ഷോപ്പില്‍ വെച്ച് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചവിട്ടി നോക്കുമ്പോള്‍ വണ്ടിക്ക് ബ്രേക്ക് ഉണ്ടാകും. അങ്ങനെയല്ല, ബ്രേക്ക് പരിശോധിക്കേണ്ടത്. ശരിക്കും ഈ വണ്ടി പത്തു മുപ്പത് കിലോമീറ്റര്‍ ഓടിച്ചു നോക്കിയിട്ട് ചവിട്ടി നോക്കണം. വണ്ടി ചൂടായി അതിന്റെ രീതിയില്‍ നോക്കിയാല്‍ മനസ്സിലാകും വണ്ടിയുടെ സ്ലാക്കറിനും ലൈനറിനും കംപ്ലെയിന്റ് ഉണ്ടെന്ന്. അല്ലാതെ ചൂടാകാതെ നിക്കുമ്പോള്‍ ബ്രേക്ക് ചവിട്ടി നോക്കിയാല്‍ ബ്രേക്കുണ്ടാകും.
  • റണ്ണിംഗില്‍ ബ്രേക്ക് പെടല് മറിഞ്ഞു പോകുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. വണ്ടി നിര്‍ത്തിയിട്ട് ബ്രേക്ക് കാലുകൊണ്ട് അമര്‍ത്തിച്ചവിട്ടിപ്പിടിച്ചിട്ട് നോക്കിയാല്‍ ഒരു ഘട്ടം എത്തുമ്പോള്‍ പെടല് താഴത്തേക്കു പോകും. അങ്ങനത്തെ വണ്ടികളുമുണ്ട്. ഇതൊക്കെ മോക്കിംഗ് കുറവുണ്ടോ എന്ന് പരിശോധിക്കേണ്ട മാര്‍ഗം KSRTCയില്‍ ഇല്ല.
  • ഗുണനിലവാരമില്ലാത്ത സ്ലാക്കറുകളും ലൈനറുകളും വ്യാപകമായി KSRTC ബസുകളില്‍ ഫിറ്റ് ചെയ്യുന്നുണ്ട്. റീജ്യണല്‍ വര്‍ക്ക് ഷോപ്പുകളില്‍ ലൈനറുകള്‍ കൂട്ടി ഇട്ടിരിക്കുകയാണെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. അതും മോശപ്പെട്ട ബ്രേക്കുകള്‍, മഴനനഞ്ഞുമൊക്കെ കിടക്കുന്നതാണ് വണ്ടികളില്‍ മാറ്റിയിടുന്നത്. സ്ലാക്കറിന്റെയും ലൈനറിന്റെയും ഗുണനിലവാരം പരിശോധിക്കാന്‍ KSRTCയില്‍ ഒരു മാര്‍ഗവുമില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കറിയാം, ഇത് കൊള്ളാത്ത സാധനമാണ് ഫിറ്റ് ചെയ്യുന്നതെന്ന്. ഡ്രൈവര്‍മാര്‍ എങ്ങനെയെങ്കിലും വണ്ടി കൊണ്ടു പോകുമെന്നുമറിയാം. എന്തു വന്നാലും അത് ഡ്രൈവറുടെ തലയില്‍ കെട്ടിവെച്ച് എല്ലാവരും രക്ഷപ്പെടുകയും ചെയ്യും.
  • നല്ല കമ്പനിയുടെ സാധനങ്ങള്‍ വാങ്ങി ഇട്ടാല്‍ വണ്ടിക്ക് ബ്രേക്കുണ്ടാകും. വീല്‍ഡ്രമ്മും മോശമാകുമ്പോള്‍ മാറ്റി ഇടുകയോ, ലെയ്ത്തില്‍ കൊടുത്ത് ശരിയാക്കുകയോ ചെയ്യാറില്ല. KSRTCയുടെ ബ്രേക്ക് സിസ്റ്റം നല്ല രീതിയില്‍ ആക്കേണ്ട കാലം കഴിഞ്ഞു. എന്നാല്‍, കോര്‍പ്പറേഷനിലെ ആരും ഇത് ചെയ്യില്ല. എല്ലാവര്‍ക്കും ശമ്പളം വാങ്ങണം. വണ്ടി കൊണ്ടു പോകുന്ന ഡ്രൈവര്‍ ആരുടെയെങ്കിലും മുതുകില്‍ കയറ്റി അനുഭവിച്ചോണം. പറയുന്നവന്‍ കൊള്ളരുതാത്തവന്‍.

നിരത്തുകളില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്കുള്ള മുന്നറിയിപ്പ് ?

നിരത്തില്‍ ഓടുന്ന മറ്റു വാഹനയാത്രക്കാര്‍ ഒരിക്കലും KSRTC ബസിന്റെ മുമ്പില്‍ പോകരുത്. ബസിനെ കയറ്റി വിടാന്‍ ശ്രമിക്കുകയോ, ഒതുങ്ങി കൊടുക്കുകയോ ചെയ്യണം. ബ്രേക്കില്ലാതെയോ, അല്ലെങ്കില്‍ ബ്രേക്ക് കംപ്ലെയിന്റ് ഉള്ള വണ്ടികളോ ആയിരിക്കാം. ചവിട്ടിയാല്‍ നില്‍ക്കില്ല എന്നു പറയുന്നത് KSRTCയിലെ ഡ്രൈവര്‍മാരാണ്. അതുകൊണ്ട് വളരെ സൂക്ഷിച്ചു മാത്രമേ KSRTC ബസുകള്‍ക്കു മുന്നില്‍ യാത്ര ചെയ്യാവൂ. സമാന രീതിയിലാണ് KSRTC ബസ് യാത്രക്കാരോടും പറയാനുള്ളത്. യാതൊരു കാരണ വശാലും ഉറങ്ങരുത്. ബസിന്റെ ബ്രേക്ക് കണ്ടീഷന്‍ എങ്ങനെയാണെന്ന് ബസിലെ ജീവനക്കാര്‍ക്ക് പറയാനാകില്ല. ഗുണനിലവാരമില്ലാത്ത സ്ലാക്കറും ലൈനറും ഇട്ടിട്ടുണ്ടെന്ന് KSRTCയിലെ ജീവനക്കാര്‍ തന്നെ പറയുമ്പോള്‍ സുരക്ഷിതത്വമായി ഇരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമായി മാറുകയാണ്. അതുകൊണ്ട് KSRTC ബസ് യാത്രകള്‍ കൂടുതല്‍ ജാഗ്രതയോടെ വേണം.

മന്ത്രിയും ബ്രേക്കില്ലാത്ത KSRTC ബസുകളെ കാണണം ?

മന്ത്രിയുടെ പ്രഘോഷണങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി കാണാറുണ്ട്. അതിലൊന്നും ബസുകളുടെ ബ്രേക്ക് സിസ്റ്റത്തിന്റെ ഗുണ നിലവാരത്തെ കുറിച്ച് പറഞ്ഞു കേട്ടിട്ടില്ല. പക്ഷെ, KSRTC കംപ്ലെയിന്റ് ബോക്‌സ് ഡ്രൈവര്‍മാരുടെ പരാതികള്‍ കൊണ്ട് നിറഞ്ഞിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ഈ പരാതികളൊന്നും മന്ത്രി പരിഹരിക്കേണ്ടതല്ല. പക്ഷെ, മാനേജ്‌മെന്റില്‍ കൊള്ളാവുന്ന ഒരു ഉദ്യോഗസ്ഥനെ പോലും എടുക്കാനില്ലാതെ വരുമ്പോള്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രി തന്നെയാണ് ശരണം. വോട്ടു ചെയ്ത ജനങ്ങള്‍ക്ക് സൈ്വരമായി നിരത്തുകളില്‍ യാത്ര ചെയ്യാന്‍ വേണ്ടിയാണിത്. ഡ്രൈവര്‍മാര്‍ പറയുന്ന പരാതികള്‍ പരിഹരിക്കപ്പെടുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. ഡ്രൈവര്‍മാര്‍ പറയുന്ന പരാതികള്‍ പരിഹരിച്ചില്ലെങ്കില്‍ അത് ജനങ്ങളുടെ മരണത്തിന് ഇടയാക്കും. പുല്ലൂരാം പാറയിലും, ആലപ്പുഴയിലും നടന്നതു പോലെ നിരവധി ആക്‌സിഡന്റുകള്‍ ഇനിയും ഉണ്ടാകും.

അതൊഴിവാക്കാന്‍ KSRTC ബസുകളിലെ ബ്രേക്ക് സിസ്റ്റം നല്ലതാക്കുകയേ വഴിയുള്ളൂ. ഇത് മന്ത്രി ഇടപെട്ടു ചെയ്യേണ്ട കാര്യമാണെന്ന ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ് ഡ്രൈവര്‍മാര്‍ പരാതിയും പരിഭവങ്ങളും വേദനയായി പങ്കുവെയ്ക്കുന്നത്. KSRTC ബസുകളിലെ ബ്രേക്ക് സിസ്റ്റം വളരെ വളരെ മോശമാണ്. ബ്രേക്ക് ഇല്ലെന്നു തന്നെ പറയാം. എപ്പോള്‍ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പറയാനാകില്ല. ഗതാഗതമന്ത്രി ഗണേഷ്‌കുമാര്‍ അറിയണം. വണ്ടിയുടെ ബ്രേക്കിന്റെ പ്രധാന ഭാഗങ്ങളായ സ്ലാക്കറും ലൈനറും വാങ്ങുന്നതില്‍ അഴിമതിയുണ്ടോ എന്നു പരിശോധിക്കണം. സ്ലാക്കറിന്റെയും ലൈനറിന്റെയും ഗുണ നിലവാരം പരിശോധിക്കണം. മാത്രമല്ല, ഈ സ്ലാക്കറും ലൈനറും ഫിറ്റ് ചെയ്യുന്നതിലും പ്രശ്‌നങ്ങളുണ്ട്. അങ്ങനെ ഉണ്ടായാലും ബ്രേക്ക് കിട്ടാതെ വരും. ഓര്‍മ്മയുണ്ടോ കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് ഒരു ഡ്രൈവര്‍ KSRTC ഡിപ്പോ സൂപ്രണ്ടിന് എഴുതിയ കത്ത്. അതും ബ്രേക്ക് മാറ്റുന്നതിന് സ്വന്തം ശമ്പളം എടുത്തോളാനായിരുന്നു കത്ത്. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

CONTENT HIGHLIGHTS;KSRTC ‘Brake System’ Bad: Drivers Are Murderers?; Drivers Talk of Helplessness, Pains and Grievances (Exclusive)

Latest News