കഴിഞ്ഞ ആഴ്ചയാണ് കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡെല്‍ഹിയിലുള്ള കെ.വി തോമസ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമിനെ കണ്ടത്. കണ്ടതുകൊണ്ട് വലിയ ഗുണമൊന്നുമുണ്ടായില്ലെങ്കിലും കണ്ടു, എന്നത് വലിയ കാര്യമായാണ് കേരളം കാണുന്നത്. കാരണം, കേരളത്തിന്റെ പ്രത്യേക പ്രതിനിധി ഡെല്‍ഹിയിലുണ്ടെന്ന് ആരെങ്കിലും ചോദിച്ചാല്‍ പറയാമല്ലോ. എന്നാല്‍, കെ.വി തോമസിന്റെ ഇടപെടല്‍ കൊണ്ട് എന്തുണ്ടായി എന്നാരും ചോദിക്കരുത്.
അങ്ങനെയൊരു ഫലം ഇതുവരെ ഉണ്ടായിട്ടില്ല, എന്നതു മാത്രമല്ല, കേരളത്തില്‍ നിന്നും അടിക്കടി മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രത്തില്‍ പോയി കാര്യങ്ങള്‍ വിശദീകരിക്കുകയോ, മെമ്മോറാണ്ടം നല്‍കുകയോ ചെയ്യുന്നുമുണ്ട്. അപ്പോള്‍ കേന്ദ്രത്തിലെ കേരളാ പ്രതിനിധിയുടെ ആവശ്യം പ്രതിനിധിക്കും കുടുംബത്തിനും, പിന്നെ പ്രതിനിധിയെ നിയോഗിച്ചിരിക്കുന്ന സര്‍ക്കാരിനും മാത്രമാണ് ഗുണം ചെയ്യുക. വയനാട് ചൂരല്‍മയില്‍ ഉണ്ടായ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തെ കുറിച്ചുള്ള ചര്‍ച്ച നിയമസഭയില്‍ നടക്കുമ്പോള്‍ ഇതും പരാമര്‍ശിക്കപ്പെടുമെന്നുറപ്പാണ്.
കേന്ദ്രം എന്തു തന്നു എന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി പറയുമ്പോള്‍, കേരളത്തിന്റെ പ്രതിനിധി എന്തു ചെയ്തു എന്ന് പ്രതിപക്ഷവും ചോദിക്കുമെന്നുറപ്പിക്കാം. കോണ്‍ഗ്രസില്‍ നിന്നും സി.പി.എമ്മിലേക്കു ചേക്കേറിയ കെ.വി തോമസിന്റെ ഇടപെടലുകള്‍ എങ്ങനെയൊക്കെയാണെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. കേന്ദ്രത്തില്‍ വേണ്ടത്ര ഇടപെടല്‍ നടത്തുന്നുണ്ടോ എന്നു പോലും സംശയമുണ്ട്. കെ.വിതോമസിനു മുമ്പ് കേന്ദ്രത്തില്‍ ഇടപെടാന്‍ നിയോഗിച്ചിരുന്നത്, മുന്‍ എം.പി എ സമ്പത്തിനെയാണ്.
അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഫലപ്രദമല്ലെന്നു കണ്ടാണ് കെവി. തോമസിനെ ഇടപെടാന്‍ നിയോഗിച്ചത്. എ. സമ്പത്തിനെ കേരളത്തിലേക്കെത്തിച്ച്, ഇപ്പോഴത്തെ എം.പി കെ രാധാകൃഷ്ണന്‍ മന്ത്രിയായിരുന്നപ്പോള്‍, ആ വകുപ്പിനെ നോക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു. കെ.വി തോമസിന് ഇരിപ്പിടം കൊടുക്കാനാണ് എ. സമ്പത്തിനെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന ആക്ഷേപം അന്ന് ഉണ്ടായിരുന്നു.
എന്നാല്‍, കെ.വി തോമസ് യു.പി.എ സര്‍ക്കാരില്‍ ഭക്ഷ്യമന്ത്രിയായിരുന്നിട്ടുള്ളതു കൊണ്ടും, നിരവധി തവണ എംപിയായിരുന്നിട്ടുള്ളതിന്റെ പരിചയവും, കേന്ദ്രത്തിലെ ഇടപാടുകള്‍ക്ക് വേഗതയുണ്ടാകുമെന്ന് കേരളാ സര്‍ക്കാര്‍ വിലയിരുത്തി. ഇതാണ് കെ.വി തോമസിന്റെ പ്രത്യേക പ്രതിനിധിക്കുള്ള ക്വാളിഫിക്കേഷന്‍. എന്നാല്‍, കേന്ദ്രം കേരളത്തിന്റെ ഫെഡറല്‍ സംവിധാനത്തിനു പോലും ഭീഷണിയാകുന്നുണ്ടെന്ന വിലവിളിക്ക് കുറവൊന്നുമണ്ടായിട്ടില്ല.
കെ.വി തോമസിന്റെ ഇടപെടലുകള്‍ക്ക് അത്ര ഉറപ്പുണ്ടോ എന്നതാണ് ഇപ്പോഴത്തെ സംശയം. ഭാരിച്ച ശമ്പളവുും നല്‍കി, നിയമിക്കപ്പെട്ട കെ.വി തോമസ് എന്താണ് ചെയ്യുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ചോദിക്കുന്നുണ്ട്. ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസിന് ഓണറേറിയമായും മറ്റ് ഇനങ്ങളിലും പ്രതിഫലമായി ഇതുവരെ നല്‍കിയത് 19.38 ലക്ഷം രൂപയാണ്. അദ്ദേഹത്തിന്റെ ഓഫിസിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവും മറ്റ് അലവന്‍സുകളുമായി 29.75 ലക്ഷംരൂപയും നല്‍കിയിട്ടുണ്ട്.
57,41,897 രൂപയാണ് പ്രത്യേക പ്രതിനിധിയുടെ ഓഫിസിനായി ഇതുവരെ സര്‍ക്കാര്‍ ചെലവഴിച്ച തുക. അദ്ദേഹത്തിന്റെ വിമാനയാത്രയ്ക്കായി 7,18,460 രൂപയും ഇന്ധന ചെലവ് ഇനത്തില്‍ 95,206 രൂപയും ചെലവാക്കിയിട്ടുണ്ട്. വാഹന ഇന്‍ഷുറന്‍സിന് 13,431രൂപ. ഓഫിസ് ചെലവായി 1000 രൂപ. കേരളത്തിന്റെ താല്‍പര്യങ്ങള്‍ ദേശീയ തലത്തില്‍ സംരക്ഷിക്കുന്നതിനും കേന്ദ്രസര്‍ക്കാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി പ്രധാന വിഷയങ്ങളില്‍ ഇടപെടുന്നതിനുമാണ് പ്രത്യേക പ്രതിനിധിയെ നിയോഗിച്ചിരിക്കുന്നത്.
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മുന്‍ കേന്ദ്രമന്ത്രി കെ.വി.തോമസിനെ 2023 ജനുവരി 19നാണ് കാബിനറ്റ് പദവിയോടെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. തൃക്കാക്കരയിലെ എല്‍.ഡി.എഫ് പ്രചാരണ കണ്‍വെന്‍ഷനില്‍ പങ്കെടുത്തതോടെയാണ് കോണ്‍ഗ്രസില്‍ നിന്ന് കെ.വി. തോമസിനെ പുറത്താക്കിയത്.
CONTENT HIGHLIGHTS;’Intervention’ on the highway?: Special Representative costs huge; Why is KV Thomas staying in Delhi?