പട്ടിണിയും പ്രാരാബ്ധവും നിറഞ്ഞ ജീവിത ചുറ്റുപാടില്‍ കൈയ്യില്‍ തടയുന്നത് എന്തായാലും അത് വിറ്റുകാശാക്കാനേ ഭൂരിഭാഗം പേരും നോക്കാറുള്ളൂ. എന്നാല്‍, പ്രാരാബ്ധം മാത്രമല്ല, ശമ്പളവും കൃത്യമായി കിട്ടാത്ത ഒരിടത്ത് ജോലി ചെയ്യുന്നവരാണെങ്കിലോ. സംശയിക്കേണ്ട കിട്ടുന്നത്, പൊന്നായാലും പൊട്ടായാലും മുക്കുമെന്നുറപ്പിക്കാം. പക്ഷെ ഉറപ്പിക്കാന്‍ വരട്ടെ, ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കിടക്കുമ്പോഴും യാത്രക്കാരുടെ വിലപിടിപ്പുള്ള ഏത് വസ്തു കിട്ടിയാലും അത് സ്വന്തമാക്കാതെ ഡിപ്പോയില്‍ ഏല്‍പ്പിക്കുന്ന ഒരു കൂട്ടരുണ്ട്.
അവരാണ് KSRTC ജീവനക്കാര്‍. അക്കാര്യത്തില്‍ അവരെ കഴിഞ്ഞേയുള്ളൂ മറ്റുള്ളവര്‍. അതിപ്പോ KSRTCയിലെ ജീവനക്കാരില്‍ കണ്ടക്ടറെന്നോ തൂപ്പുകാരിയെന്നോ വ്യത്യാസമില്ല. ആര്‍ക്കു കിട്ടിയയാലും മുക്കാതെ ഏല്‍പ്പിക്കുന്നതില്‍ മാതൃക തന്നെയാണ്. ഇക്കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ തിരുവനന്തപുരത്തെ വികാസ് ഭവന്‍ ഡിപ്പോയില്‍ ഒരു സംഭവമുണ്ടായി. ഗാന്ധി ജയന്തി ദിവസമായതിനാല്‍ ഡിപ്പോയുടെ പരിസരം ശുചിയാക്കല്‍ നടക്കുകയാണ്.
വികാസ് ഭവന്‍ യൂണിറ്റിലെ സ്വീപ്പറായ P. അശ്വതി, S. ശ്രീലത, മോഹനന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ബസ് പാര്‍ക്കിംഗ് എര്യയിലെ പുല്ലും ചെടികളും വെട്ടിമാറ്റുകയായിരുന്നു. മണ്‍വെട്ടി ഉപയോഗിച്ച് ചെത്തി വൃത്തിയാക്കിന്നതിനിടയില്‍ അശ്വതിക്ക് മണ്ണിനിടയില്‍ നിന്നും ഒരു കല്ല് വച്ച മോതിരം കിട്ടി. അശ്വതി കുടെയുള്ള സഹപ്രവര്‍ത്തകരെ ആ മോതിരം കാണിക്കുകയും സംശയം തോന്നിയതിനാല്‍ ചെളിയും മണ്ണും നീക്കി വൃത്തിയാക്കി സാര്‍ജന്റിനെ എല്‍പ്പിച്ചു.
സ്വര്‍ണ്ണ നിറത്തിലുള്ള ഏതു തരം സാധനമായാലും അത് KSRTCക്ക് ലഭിച്ചാല്‍ നടപടിക്രമങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. സ്വര്‍ണ്ണം ലഭിച്ചയാളുടെ സാന്നിധ്യത്തില്‍ സ്വര്‍ണ്ണക്കടയില്‍ എല്‍പ്പിച്ച് സ്വര്‍ണ്ണമാണെന്ന് ഉറപ്പിച്ച്, അതിലെ കല്ല് മാറ്റി സ്വര്‍ണ്ണത്തിന്റെ അളവ് തൂക്കി, അതിന്റെ മാറ്റ്, ലഭിക്കുന്ന വില എന്നിവ രേഖാമൂലം എഴുതി വാങ്ങി KSRTC യുണിറ്റ് കൗണ്ടറില്‍ അടക്കണം. അതിനുശേഷം സ്വര്‍ണ്ണമായതിനാല്‍ അത് ചീഫ് ഓഫീസിലെ ലോക്കറില്‍ സൂക്ഷിക്കണം.
അവകാശി തന്റേതാണ് എന്ന് തെളിയിക്കുന്ന രേഖകളും കൃത്യം അളവും നല്‍കിയാല്‍ KSRTC വിശദമായ അന്വേഷണം നടത്തി നിലവിലെ വിലയുടെ GST ചുമത്തി അപേക്ഷന് നല്‍കും. അര പവനില്‍ അധികമുള്ള ഈ സ്വര്‍ണ്ണത്തിന് 10 വര്‍ഷത്തിലധികം പഴക്കമുണ്ട്. നിരവധി തവണ KSRTC ബസില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണം കണ്ടക്ടര്‍, ഡ്രൈവര്‍ വിഭാഗം ജീവനക്കാര്‍ KSRTC യില്‍ അടച്ച് സത്യസന്ധത തെളിയിച്ച് മാതൃകയായ വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്.
എന്നാല്‍, 400 രൂപ മാത്രം ശമ്പളം വാങ്ങുന്ന ഒരു വനിത സ്വീപ്പര്‍ സത്യസന്ധതയുടെ പര്യായമായി മാറിയതില്‍ എല്ലാ KSRTC ജീവനക്കാര്‍ക്കും അഭിമാനിക്കാന്‍ വകയുണ്ട്. മറ്റുള്ളവരുടെ സ്വര്‍ണ്ണം കണ്ടാല്‍ മഞ്ഞളിക്കുന്നവരല്ല KSRTC ജീവനക്കാരെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഈ സംഭവം.
ഇന്നാണ് KSRTC ജീവനക്കാര്‍ക്ക് ശമ്പളം കിട്ടുന്നത്. അതും മുഴുവന്‍ ശമ്പളവും. മറ്റുള്ളവര്‍ക്ക് മാതൃകയായ അശ്വതിയെ വികാസ് ഭവന്‍ യുണിറ്റ് ഓഫീസര്‍ CP പ്രസാദ് പൊന്നാട അണിയിച്ച് ആദരിച്ചു. നെടുമങ്ങാട് വേങ്കവിള സ്വദേശിയായ അശ്വതിയുടെ ജീവിതം പ്ലാസ്റ്റിക്ക് ഷീറ്റിട്ട ഒറ്റമുറി വീട്ടിലാണ്. 3 പെണ്‍കുട്ടികളും അമ്മയോടൊപ്പമാണ് താമസം. ഓട്ടോ തൊഴിലാളിയായ ഭര്‍ത്താവ് 9 വര്‍ഷം മുമ്പ് മരണപ്പെട്ടു.
ഇതാണ് KSRTCയിലെ ഓരോ ജീവനക്കാരന്റെ വിശ്വസവും ആത്മധൈര്യവും. ശമ്പളം കിട്ടിയില്ലെങ്കിലും വണ്ടികള്‍ ഓടും. ഏത് പ്രതിസന്ധി ഘട്ടത്തിലും യാത്രക്കാരെ അവരുടെ ഡെസ്റ്റിനേഷനില്‍ എത്തിച്ചിരിക്കും. വണ്ടിക്കുള്ളിലോ ഡിപ്പോകളിലോ മറന്നുവെയ്ക്കുന്ന വില പിടിപ്പുള്ള വസ്തുക്കള്‍ അടിച്ചുമാറ്റാതെ, അത് ഡിപ്പോയില്‍ ഏല്‍പ്പിക്കും. അതാണ് KSRTCയോട് ജനങ്ങള്‍ക്കുള്ള വിശ്വാസവും.
CONTENT HIGHLIGHTS;KSRTC Da !: Just Rs 400 Salary Girl Gets Stoned Ring Weighing “Half Pawan”; Delivered to depot and modeled