മലയാള സിനിമയിലെ മിന്നും താരമാണ് സലീം കുമാര്‍. മിമിക്രി വേദികളിലൂടെയായിരുന്നു താരം സിനിമയിലേക്ക് കടന്നുവരുന്നത്. കോമഡിയായിരുന്നു സലിം കുമാറിനെ ജനപ്രിയനാക്കിയത്. മലയാളികളെ എന്നും ചിരിപ്പിച്ച താരം. മണവാളനും പ്യാരിയുമൊക്കെ ഐക്കോണിക് കഥാപാത്രങ്ങളായി എന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കും. പിന്നീട് നായകനായി കയ്യടി നേടിയ സലീം കുമാറിനെ തേടി മികച്ച നടനുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുമെത്തി. അഭിനയത്തിന് പുറമെ സംവിധായകന്‍, തിരക്കഥാകൃത്തായും കയ്യടി നേടി.
നടന്‍ ദിലീപടക്കമുള്ള സുഹൃത്തുക്കളിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. സിനിമയ്ക്ക് അകത്തും പുറത്തും വ്യക്തിജീവിതത്തിലുമൊക്കെ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് ദിലീപും സലിം കുമാറും.
ഇടക്കാലത്ത് ദിലീപ് വലിയ പ്രതിസന്ധിയിലായ സമയത്തും പിന്തുണച്ച് കൂടെ നിന്നവരില്‍ പ്രധാനി സലിം കുമാര്‍ ആയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലും ദിലീപിനെ പിന്തുണച്ചു കൊണ്ടാണ് നടന്‍ എത്തിയത്. ഇതിന്റെ പേരില്‍ സലിം കുമാര്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.
അന്ന് പറഞ്ഞ അതേ നിലപാടില്‍ ഇന്നും ഉറച്ചു നില്‍ക്കുകയാണെന്നാണ് നടനിപ്പോഴും പറയുന്നത്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് മക്കളെ പിടിച്ചാണ് സത്യം ചെയ്തതെന്നും ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ നടന്‍ സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.
‘ദിലീപ് ചെയ്ത കാര്യങ്ങളൊക്കെ ശരിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അയാളെ വിധിക്കേണ്ട ആളുകള്‍ നമ്മള്‍ അല്ലെന്നാണ് പറഞ്ഞത്. വിധി നടപ്പിലാക്കേണ്ടത് നമ്മളോ മാധ്യമങ്ങളോ അല്ല, കോടതിയാണ്. അത്ര മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. ശരിയാണോ തെറ്റാണോ എന്നൊന്നും പറഞ്ഞിട്ടില്ല. അതിന്റെ പേരില്‍ അനുഭവിക്കാനുള്ളതൊക്കെ അനുഭവിക്കുന്നുണ്ട്. അതില്‍ എനിക്ക് കുഴപ്പവുമില്ല.
അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് പിന്നീട് ഒരിക്കലും തോന്നിയിട്ടില്ല. കാരണം നമ്മള്‍ തെറ്റ് ആണെന്നോ ശരിയാണെന്നോ പറഞ്ഞിട്ടില്ല. അവനത് ചെയ്തിട്ടുണ്ടെങ്കില്‍ ശരിയാണെന്ന് ഞാന്‍ പറഞ്ഞില്ല. ജഡ്ജ് ചെയ്യാന്‍ നമ്മള്‍ ആരുമല്ല. ചിലപ്പോള്‍ അയാള്‍ തെറ്റുകാരന്‍ അല്ലെങ്കിലോ? കോടതിയുടെ മുന്നിലിരിക്കുന്ന കാര്യമാണ്. ഇനി അഥവാ അയാള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ എവിടെ കൊണ്ടുപോയി നമ്മള്‍ അത് തീര്‍ക്കുമെന്ന്’, സലിം കുമാര്‍ ചോദിക്കുന്നു…
ഞാന്‍ ഇതിനെപ്പറ്റി ദിലീപിനോട് ചോദിച്ചിരുന്നു. തെറ്റുകാരനല്ലെന്നും ഒന്നും ചെയ്തിട്ടില്ലെന്നുമാണ് പുള്ളി പറഞ്ഞത്. നീയത് ചെയ്തിട്ടുണ്ടോ സത്യം പറയാന്‍ പറഞ്ഞപ്പോള്‍ മക്കളെ പിടിച്ചാണ് ദിലീപ് സത്യം ചെയ്തത്. ചെയ്തിട്ടില്ലെന്നു തന്നെ പറഞ്ഞു. ഞാന്‍ ആലോചിച്ചപ്പോള്‍ ഒരു മനുഷ്യന് അങ്ങനൊരു കൃത്യം ചെയ്യാന്‍ പറ്റില്ല. ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടാവില്ലെന്ന് വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം. അതെന്റെ വിശ്വാസം കൂടിയാണ്. അത് ചിലപ്പോള്‍ ശരിയാവാം അതല്ലെങ്കില്‍ തെറ്റുമായിരിക്കാം. എന്തായാലും കോടതിക്ക് മുന്നിലിരിക്കുന്ന കാര്യമാണല്ലോ എന്നും സലിംകുമാര്‍ പറയുന്നു. ദിലീപിനെതിരെ അതിനുമുന്‍പും ശേഷവും ശക്തമായ ലോബി ഉണ്ടായിരുന്നു എന്നതിനെക്കുറിച്ചൊന്നും എനിക്കറിയില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു..
തന്റെ തിരിച്ച് വരവിനെ കുറിച്ചും അഭിമുഖത്തില്‍ സലിം കുമാര്‍ സംസാരിച്ചിരുന്നു. ‘സിനിമയിലേക്ക് ഇനിയും തിരിച്ചുവരുമെന്ന് തന്നെയാണ് വിചാരിക്കുന്നത്. അഭിനയിക്കാന്‍ വന്നില്ലെങ്കിലും ഇതുപോലെ എങ്കിലും മുന്നോട്ടു പോയാലും മതി. ഞാന്‍ ഒന്നും പ്ലാന്‍ ചെയ്തു വന്നിട്ടുള്ള ആളല്ല. അങ്ങനെയങ്ങ് ആയിപ്പോയതാണ്. നമ്മള് എന്തൊക്കെ പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെ ആയി തീരണമെന്ന് ഒരു വിധി ഉണ്ടായിരിക്കും. നമുക്കൊരു ഗതിയുണ്ട്, അതിനനുസരിച്ച് പോവുകയാണ് വേണ്ടതെന്നും’ നടന്‍ കൂട്ടിച്ചേര്‍ത്തു.
content highlight: salim-kumars-reveals-why-he-support-actor-dileep