Features

ശോഭാ സുരേന്ദ്രനെ ‘തേച്ച്’ കെ. സുരേന്ദ്രന്‍: ഉപതെരഞ്ഞെടുപ്പില്‍ ശോഭയ്ക്ക് ഒരിടത്തും സീറ്റില്ലാതെ പുറത്തേക്ക്; പാലക്കാട് BJPയുടെ ശോഭ കെടുമോ ?

ഉപതെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ഘട്ടത്തില്‍ എട്ടിന്റെ പണി തരുന്നവരാണ് BJP സംസ്ഥാന നേതൃത്വത്തിലുള്ളതെന്ന് മുന്‍കൂട്ടി മനസ്സിലാക്കിയാണ് ശോഭാ സുരേന്ദ്രന്റെ കൂടെയുള്ളവര്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്. ശോഭാ സുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ത്ഥി ആക്കണമെന്ന ആവശ്യമാണ് കത്തിലൂടെ ചൂണ്ടിക്കായതും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയിലേക്ക് കടന്നതോടെ ശോഭാ സുരേന്ദ്രന്‍ BJP സംസ്ഥാന ഘടകത്തിന്റെ സ്ഥാനാര്‍ത്ഥി ചിത്രത്തില്‍പ്പോലുമില്ലാതായി.

പാലക്കാട്, ജില്ലയില്‍ തന്നെയുള്ള നേതാവായ സി. കൃഷ്ണകുമാര്‍ മത്സരിക്കണമെന്ന ആവശ്യം കെ. സുരേന്ദ്രന്‍ മുന്നോട്ടു വെച്ചാണ് ശോഭാ സുരേന്ദ്രനെ വെട്ടിയത്. ശോഭാ സുരേന്ദ്രന്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന സൂചനകളും പാര്‍ട്ടിയില്‍ നിന്നും കേട്ടിരുന്നു. എന്നാല്‍, വയനാടും ശോഭാ സുരേന്ദ്രനു കൊടുക്കാതെ വയനാട്ടിലെ തന്നെ ബി.ജെ.പി പ്രവര്‍ത്തക നവ്യ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. ചേലക്കര റിസര്‍വേഷന്‍ മണ്ഡലമാണ്.

അവിടെ ശോഭയ്ക്ക് മത്സരിക്കാനുമാവില്ല. ഇതോടെ ഉപതെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം പൂര്‍ണ്ണമായി ഇല്ലാതായിരിക്കുകയാണ്. വയനാട് മണ്ഡലത്തില്‍ നവ്യ ഹരിദാസ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, സംസ്ഥാന സമിതി അംഗം സജി ശങ്കര്‍, പി.സദാനന്ദന്‍, കെ.പി.മധു, ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് മോഹനന്‍ എന്നിവര്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനെത്തി.

പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്‌സ് സ്ഥാനാര്‍ത്ഥിയായ യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയ പി. സരിണും തയ്യാറായിക്കഴിഞ്ഞു. ബി.ജെ.പിയില്‍ അനിശ്ചിതത്വം തീര്‍ന്നിട്ടില്ലെങ്കിലും ഔദ്യോഗികമായി സി. കൃഷ്ണകുമാര്‍ തന്നെയാണ് സ്ഥാനാര്‍ത്ഥി. എന്നാല്‍, അവസാന ഘട്ടത്തില്‍ എന്തെങ്കിലും അട്ടിമറി സംഭവിച്ചാല്‍ ശോഭാ സുരേന്ദ്രന്‍ മത്സരിക്കാനും സാധ്യതയുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരുണ്ട്. വോട്ടെടുപ്പിന് ഇനിയും ദിവസങ്ങള്‍ ഉള്ളതിനാലാണ് ശോഭാസുരേന്ദ്രന്‍ പക്ഷക്കാര്‍ക്ക് പ്രതീക്ഷ.

പക്ഷെ, കെ. സുരേന്ദ്രന്‍ പക്ഷം ഒരു വിധത്തിലും വഴങ്ങിക്കൊടുക്കാതെ നില്‍ക്കുകയാണ്. പാലക്കാട് മണ്ഡലത്തിലെ മത്സരം തീ പാറുമെന്നുറപ്പായ ഘട്ടത്തിലാണ് BJPക്കുള്ളില്‍ വിഭാഗീയത രൂക്ഷമാകുന്നത്. ഇത് മുന്നില്‍ക്കണ്ടാണ് ശോഭാ സുരേന്ദ്രന്‍ പക്ഷം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്. സംസ്ഥാനത്ത് ബിജെപിക്ക് ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള മണ്ഡലമാണ് പാലക്കാട്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് മുതല്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ തീപ്പൊരി വനിത നേതാവ് ശോഭ സുരേന്ദ്രനിലൂടെയായിരുന്നു ആദ്യമായി ബിജെപി ഇവിടെ വോട്ടുയര്‍ത്തിയത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ. ശ്രീധരനിലൂടെ അതിശക്തമായ മത്സരവും ബി.ജെ.പി മണ്ഡലത്തില്‍ കാഴ്ചവെച്ചു. 2021 ല്‍ കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലും ശ്രീധരനും തമ്മില്‍ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം. ഒടുവില്‍ മൂവായിരത്തോളം വോട്ടുകള്‍ക്ക് ഷാഫി വിജയിച്ചു. 54079 വോട്ടുകളാണ് ഷാഫിക്ക് ലഭിച്ചത്. 50220 വോട്ട് ശ്രീധരനും നേടി. അതായത് 35.34 ശതമാനം വോട്ട്. ഷാഫിക്ക് ലഭിച്ചത് 38.06 ശതമാനവും. ഈ കണക്ക് തന്നെയാണ് ഷാഫിയുടെ അഭാവത്തില്‍ മണ്ഡലത്തില്‍ ബിജെപിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നത്.

എന്നാല്‍, ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയസാധ്യതയ്ക്ക് കനത്ത മങ്ങലേല്‍പ്പിക്കുകയാണ് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത. ശോഭ സുരേന്ദ്രന്‍ പക്ഷവും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പക്ഷവും തമ്മിലുള്ള തുറന്ന പോര് പാര്‍ട്ടിക്ക് തലവേദന തീര്‍ക്കുകയാണ്. ഷാഫിയെ രക്ഷിച്ച ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ ആര്‍ക്കൊപ്പം എന്നതാണ് ഉയരുന്ന ചോദ്യം. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ടുയര്‍ത്തിയ നേതാവാണ് ശോഭ സുരേന്ദ്രന്‍. അതുകൊണ്ട് തന്നെ പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോള്‍ മുതല്‍ ശോഭയെ മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു.

എന്നാല്‍ സുരേന്ദ്രന്‍ പക്ഷം ഇതിനെ അതിശക്തമായി എതിര്‍ത്തു. ജില്ലയില്‍ തന്നെയുള്ള നേതാവായ സി കൃഷ്ണകുമാര്‍ മത്സരിക്കണമെന്ന ആവശ്യം സുരേന്ദ്രന്‍ പക്ഷം മുന്നോട്ട് വെച്ചു. ഒടുവില്‍ സുരേന്ദ്രന്‍ പക്ഷത്തിന്റെ ആവശ്യം ദേശീയ നേതൃത്വം അംഗീകരിക്കുകയും സി കൃഷ്ണകുമാര്‍ തന്നെ സ്ഥാനാര്‍ത്ഥിയായി എത്തുകയും ചെയ്തു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള പോര് ഇപ്പോള്‍ കൂടുതല്‍ പരസ്യമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശോഭയുടെ പേരില്‍ മണ്ഡലത്തില്‍ വെച്ചിരുന്ന ഫ്‌ളക്‌സ് തീയിട്ട സംഭവം എതിര്‍പക്ഷമാണ് ഇതിന് പിന്നിലെന്നാണ് ശോഭയെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നുണ്ട്.

അതിനിടെ ഭിന്നത കൂടുതല്‍ പ്രകടമാക്കി കഴിഞ്ഞ ദിവസം പാലക്കാട് നടന്ന കൃഷ്ണകുമാറിന്റെ റോഡ് ഷോയില്‍ നിന്നും സംസ്ഥാന ഭാരവാഹികളടക്കം വിട്ടുനിന്നു. ശോഭാ സുരേന്ദ്രന്‍ പക്ഷവും നഗരസഭയിലെ ഭൂരിഭാഗം കൗണ്‍സിലര്‍മാരുമാണ് പരിപാടി ബഹിഷ്‌ക്കരിച്ചത്. മണ്ഡലം കമ്മിറ്റി യോഗവും ശോഭ പക്ഷം ബഹിഷ്‌കരിച്ചു. 70 ഓളം നേതാക്കള്‍ പങ്കെടുക്കേണ്ട യോഗത്തില്‍ വെറും 20 പേര്‍ മാത്രമായിരുന്നു പങ്കെടുത്തത്. ഇത്തരത്തില്‍ പ്രചരണത്തിന്റെ തുടക്കത്തില്‍ തന്നെ ഇരുവിഭാഗവും തമ്മില്‍ കൊമ്പുകോര്‍ക്കുന്നത് പാര്‍ട്ടിക്ക് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലത്തിലെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നുറപ്പാണ്.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രനെ ആലപ്പുഴ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു. കെ.സി. വേണുഗോപാലുമായി നേര്‍ക്കു നേര്‍ മത്സരിച്ച് BJPയുടെ വോട്ട് ഉര്‍ത്തുകയും ചെയ്തിരുന്നു. ആലപ്പുഴയില്‍ മത്സരിപ്പിച്ചതു കൊണ്ടാണ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതെന്ന ന്യായമാണ് സുരേന്ദ്രന്‍ പക്ഷം ഉന്നയിക്കുന്നത്. എന്നാല്‍, പാലക്കാട് ശോഭാ സുരേന്ദ്രന്‍ മത്സരിച്ചാല്‍ നേമത്തിനു ശേഷം നിയമസഭ കാണുന്ന BJPയുടെ രണ്ടാമത്തെ അംഗമായിരിക്കും ശോഭാ സുരേന്ദ്രനെന്ന് പറയാനാകും. കാരണം,

പാലക്കാടില്‍ ശോഭാ സുരേന്ദ്രന് പ്രത്യേകിച്ചൊരു സ്ഥാനാര്‍ത്ഥി പരിചയം ആവശ്യമില്ല. പക്ഷെ, സുരേന്ദ്രന്‍ ഇത് അനുവദിക്കില്ല. പരസ്യ പ്രസ്താവനകള്‍ കൊണ്ട് പാര്‍ട്ടിക്ക് ക്ഷീണുണ്ടാക്കിയ നേതാവാണ് ശോഭാ സുരേന്ദ്രനെന്നാണ് സുരേന്ദ്രന്‍ വിഭാഗത്തിന്റെ പ്രധാന ആരോപണം. തമ്മില്‍ത്തല്ല് പരസ്യമായെേതാ പാലക്കാട് ബി.ജെ.പിയുടെ അവസ്ഥ പരുങ്ങലിലാണ്്. ഈ സാഹചര്യമാണെങ്കില്‍ കോണ്‍ഗ്രസിന് വീണ്ടും പാലക്കാട് നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയും പ്രകടിപ്പിക്കുന്നുണ്ട്. ഇടതുപക്ഷത്തിനും പ്രതീക്ഷയുണ്ടെന്നാണ് സൂചന. ബി.ജെ.പി വോട്ടുകള്‍ കിട്ടുമെങ്കില്‍ വിജയം ഉറപ്പിക്കാമെന്ന വിശ്വാസം ഇരു മുന്നണികള്‍ക്കുമുണ്ട്.

CONTENT HIGHLIGHTS;Shobha Surendran ‘thech’ K. Surendran: In the by-election, Shobha is out without a seat anywhere; Will Palakkad spoil the BJP?