Features

“വള്ളി”പോയ പോലീസ്: ‘ഇ’ വള്ളി ഇല്ല, ‘ഇളിച്ചു’കാട്ടി മെഡല്‍; അക്ഷര പിശാച് കയറിയ പോലീസ് മെഡല്‍ ?; “കേരളാ മുഖ്യമന്ത്ര യുടെ പോല സ് മെഡല്‍”

ഒരു വള്ളിയില്‍ എന്തിരിക്കുന്നു എന്നു ചോദിച്ചാല്‍ പ്രത്യേകിച്ചൊന്നുമില്ല എന്നായിരിക്കും ഉത്തരം. എന്നാല്‍, ഒരു വള്ളി നിക്കറിന്റെ വള്ളിമുറിഞ്ഞു പോയാല്‍ എന്തു സംഭവിക്കും എന്നത് ആലോചിച്ചു നോക്കൂ. അതുപോലെയാണ് കേരളാ പോലീസിന്റെ പ്രശ്‌സത സേവനത്തിനു മുഖ്യമന്ത്രി നല്‍കിയ മെഡലിന്റെയും ഇപ്പോഴത്തെ അവസ്ഥ. വള്ളിയില്ലാതെ നെഞ്ചില്‍ കയറിയ മെഡല്‍ കാരണം പോലീസിന് ഇപ്പോള്‍ പൊതുവഴിയില്‍ നഗ്നരായി നില്‍ക്കേണ്ട സ്ഥിതിയാണുണ്ടായിരിക്കുന്നത്.

‘വള്ളി’ ഇല്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന് മനസ്സിലാക്കാന്‍ ഇതുമതി. കേരള പിറവി ദിനത്തില്‍ തന്നെ പിറന്നപടി ആയി മാനംകെട്ടുപോകുന്ന അവസ്ഥയിലേക്ക് സേനയിലെ 264 പോലീസുകാരെയും നിര്‍ത്തിയതിന് ഉത്തരവാദി ആരാണ്. പോലീസ് മെഡലില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “കേരളാ മുഖ്യമന്ത്ര യുടെ പോല സ് മെഡല്‍” എന്നാണ്. ‘പ്രശസ്ത സേവനത്തിന്’ എന്നെഴുതിയതില്‍ ഭാഗ്യത്തിന് അക്ഷരത്തെറ്റില്ല എന്നതില്‍ ആശ്വസിക്കാം.’ഇ’ എന്ന അക്ഷരത്തിന് ഉപയോഗിക്കുന്ന വള്ളി(ചിഹ്നം)യാണ് വിട്ടു പോയിരിക്കുന്നത്. ‘ഇ’ വള്ളി വിട്ടുപോയതോടെ മെഡല്‍ വാങ്ങിയവരാണ് ഇളിഭ്യരായത്.

തങ്ങളുടെ പ്രശസ്തമായ സേവനത്തിനെ അപമാനിക്കുകയാണ് ചെയ്തതെന്ന് ചിന്തിച്ചാലും തെറ്റില്ല. ‘പ്രശസ്ത സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍’ എന്ന എഴുത്തും കേരളാ സര്‍ക്കാരിന്റെ ചിഹ്നവും മാത്രമാണ് മെഡലില്‍ ഉള്‍പ്പെടുത്തിയരിക്കുന്നത്. ‘പ്രശസ്ത സേവനത്തിന്’ എന്ന ഭാഗം പോലീസ് മെഡലിന്റെ താഴെ ഭാഗത്തായും, ‘ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ എന്ന് മെഡലിന്റെ മുകള്‍ ഭാഗത്തായുമാണ് എഴുതിയിരിക്കുന്നത്. മധ്യത്തില്‍ കേരള സര്‍ക്കാരിന്റെ ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്.

മെഡലില്‍ എഴുതിയിരിക്കുന്ന വാക്യത്തില്‍ ആകെ മൂന്ന് ‘ഇ’ വള്ളികള്‍ മാത്രമേയുള്ളൂ. എന്നാല്‍, പ്രശസ്ത സേവന’ത്തി’ന് എന്ന ഭഗത്തുള്ള ‘ഇ’ വള്ളി കൃത്യമായി ഇട്ടിട്ടുണ്ട്. പക്ഷെ, ‘മുഖ്യമ(ന്ത്രി)യുടെ പോ(ലീ)സ് മെഡല്‍’ എന്ന ഭാഗത്തുള്ള ‘ഇ’ വള്ളികള്‍ ആണ് വിട്ടു പോയിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രി ‘മുഖ്യമന്ത്ര’ ആയി. പോലീസ് ‘ പോലസ്’ എന്നുമായി. ഒരു പോലീസുകാരന്റെ ജീവിതത്തില്‍ മറക്കാനാവാത്തതും, തന്റെ ജോലിയില്‍ താന്‍ കാണിച്ച ആത്മാര്‍ത്ഥയും കര്‍ത്തവ്യ ബോധവും മുന്‍നിര്‍ത്തിയാണ് മെഡലുകള്‍ക്ക് അര്‍ഹനാകുന്നത്.

അത്തരം മെഡലുകള്‍ സമ്മാനിക്കുമ്പോള്‍, ആരാണോ അതിനര്‍ഹനാകുന്നത്, അയാളാണ് വലിയവനാകുന്നത്. പക്ഷെ, ഈ മെഡലുകളില്‍ അക്ഷര പിശാച് കടന്നു കൂടിയതോടെ, മെഡലുകള്‍ക്കുള്ള പരിശുദ്ധ നഷ്ടപ്പെട്ടു. ഇത് സ്വീകരിച്ച പോലീസുകാര്‍, സ്വീകരിക്കുന്ന സമയത്ത് അനുഭവിച്ച ആത്മ സന്തോഷവും അഭിമാനവുമെല്ലാം മെഡലിലെ തെറ്റു കണ്ടതോടെ മാഞ്ഞു പോയിട്ടുണ്ടാകുമെന്നുറപ്പാണ്. വളരെ സൂക്ഷ്മതയോടെയും വ്യക്തതയോടെയും ചെയ്‌തെടുക്കേണ്ട ഒന്നാണ് മെഡലുകള്‍.

അവരുടെ പരിശുദ്ധിയുടെ വിശ്വാസ്യതയും തകര്‍ക്കുന്ന രീതിയില്‍ നിര്‍മ്മിക്കപ്പെട്ടാല്‍ സംഭവിക്കാന്‍ പോകുന്നത് എന്തായിരിക്കുമെന്ന് മനസ്സിലാക്കേണ്ടതുണ്ട്. കേരളപ്പിറവി ദിനത്തിലാണ് മുഖ്യമന്ത്രി മെഡലുകള്‍ വിതരണം ചെയ്തത്. മെഡല്‍ വാങ്ങിയവരും മെഡല്‍ വിതരണം ചെയ്തവരും അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്കു മുമ്പില്‍ ഇളിഭ്യരായിക്കഴിഞ്ഞു. എവിടെ തൊട്ടാലും പ്രശ്‌നങ്ങളോ അബദ്ധങ്ങളോ മാത്രമാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസ്ഥ. പോലീസില്‍ അടുത്ത കാലത്തായി നിരവധി പ്രശ്‌നങ്ങളാണ് ഉരുണ്ടു കൂടിയിരിക്കുന്നത്.

ADGP മുതല്‍ താഴെ സി.പി.ഒ വരെ അത് പടര്‍ന്നു പിടിച്ചിട്ടുണ്ട്. പോലീസിനോടുള്ള വിശ്വാസം ജനങ്ങള്‍ക്കും നഷ്ടമായിരിക്കുന്നു. പോലീസിനെ ഭരണകൂടം കോമാളിയാക്കി മാറ്റിയോ എന്നു പോലും സംശയിക്കേണ്ട സ്ഥിതിയലായിരിക്കുന്നു. അതിന്റെ ഭാഗമാണ് മെഡലുകള്‍ പോലും ഇത്തരം പിശകുകളോടെ നല്‍കുന്നത്.

മെഡല്‍ വിതരണം നടത്തുന്നതിനു മുമ്പ് മുഖ്യമന്ത്രിയുടെ കൈയ്യില്‍ എത്തുന്ന സമയം വരെ അത് പരിശോധിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നിട്ടും, ആക്ഷര പിശകിനെ കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചില്ല എന്നതാണ്. പോലീസ് അസോസിയേഷന്‍ നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു വിതരണം ചെയ്ത മെഡലിലാണ് പേര് മാറിയതെങ്കിലോ, അക്ഷരം വിട്ടു പോയതെങ്കിലോ ഇത്രയും വലിയ വിമര്‍ശനത്തിന് കാരണമാകില്ലായിരുന്നു. ഇത് സര്‍ക്കാരിനെ സേവിച്ചതിനു നല്‍കിയ മെഡലാണ്. 264 പേര്‍ക്കാണ് മെഡല്‍ വിതരണം ചെയ്തത്.

CONTENT HIGH LIGHTS;”Valli” Poya Police: No ‘E’ Valli, ‘Ilichu’ Showed Medal; Akshara Pishak mounted police medal?; ‘Pola’s Medal of Kerala Chief Minister’