ഗതാഗതമന്ത്രി ഗണേഷ്‌കുമാര്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. പ്രത്യേകിച്ച് KSRTCയുടെ കാര്യങ്ങള്‍ അറിയിക്കാന്‍. ഗുണപരമായ മാറ്റങ്ങള്‍ വരുന്നതും, വരുത്തുന്നതുമായ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയേക്കാള്‍ വലിയ മാധ്യമമൊന്നും നിലവില്‍ ഇല്ലെന്ന ബോധ്യം കൂടി മന്ത്രിക്കുണ്ട്. അതുകൊണ്ടാണ് മന്ത്രിയുടെ പുതിയ പോസ്റ്റ് ഇത്രയേറെ അഭിനന്ദനങ്ങള്‍ വാരിക്കൂട്ടിയതും. ‘മകന്‍ സാരഥി, ചാരിതാര്‍ത്ഥ്യത്തോടെ കണ്ടക്ടര്‍ അമ്മ: കെ.എസ്.ആര്‍.ടി.സിക്ക് ഇത് പുതുചരിത്രം’ എന്ന തലക്കെട്ടോടെ KSRTCയിലെ ഒരു അപൂര്‍വ്വ കഥയുടെ ‘വണ്‍ലൈന്‍’ മന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്.
സംഗതി ഒരു അമ്മയുടെയും മകന്റെയും കഥയാണ്. പക്ഷെ, അവര്‍ ഇരുവരും ജോലി ചെയ്യുന്നത്, മന്ത്രി ഗണേഷ്‌കുമാറിന്റെ കീഴിലുള്ള KSRTCയിലാണ് എന്നതാണ് കഥയുടെ പ്രത്യേകത. അതു മാത്രമല്ല, ഇരുവരും ഒരു ബസിലെ ഡ്രൈവറും കണ്ടക്ടറുമാണ് എന്നതും അപൂര്‍വ്വതയായി മാറി. KSRTCയുടെ ഒരു ബസ് കുടുംബ, ബസ് പോലെ നോക്കുന്ന ഇവരെക്കുറിച്ചാല്ലാതെ വകുപ്പുമന്ത്രി മറ്റെന്താണ് പ്രചരിപ്പിക്കേണ്ടത്. അതുകൊണ്ടുതന്നെ ഈ അപൂവ്വതയെ പ്രെമോട്ടു ചെയ്യാന്‍ മന്ത്രി തീരുമാനിക്കുകയായിരുന്നു.
വകുപ്പിന്റെ ‘തല’ എന്നു തന്നെ വിശേഷിപ്പിക്കാനാവുന്ന ഗണേഷ്‌കുമറിന്റെ പരിഷ്‌ക്കാരങ്ങളില്‍ ഭൂരിഭാഗവും ഫലംകാണുന്നുണ്ടെന്ന് ജീവനക്കാര്‍ക്കും അഭിപ്രായമുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജുകളില്‍ വരുന്ന പോസ്റ്റുകള്‍ കൂട്ടത്തോടെ ഷെയര്‍ ചെയ്യുന്നതും ലൈക്കടിക്കുന്നതും KSRTCയിലെ ജീവനക്കാരാണ്. ‘മകന്‍ സാരഥി, ചാരിതാര്‍ത്ഥ്യത്തോടെ കണ്ടക്ടര്‍ അമ്മ: കെ.എസ്.ആര്‍.ടി.സിക്ക് ഇത് പുതുചരിത്രം’ എന്ന തലക്കെട്ടിനു താഴെയായി ഒരു ഹൃദയഹാരിയായ ഒരു ലഘു വിവരണവും എഴുതിയിട്ടുണ്ട്. അത് ഇങ്ങനെയാണ്:
” 03.11.2024 ഞായറാഴ്ച കെ എസ് ആര്‍.ടി.സി സിറ്റി ഡിപ്പോയിലെ കണ്ണമ്മൂല – മെഡിക്കല്‍ കോളേജ് സ്വിഫ്റ്റ് ബസില്‍ സാരഥികള്‍ അമ്മയും മകനുമായിരുന്നു. ആര്യനാട് സ്വദേശിയും സ്വിഫ്റ്റ് സര്‍വ്വീസിലെ ആദ്യ വനിതാ ജീവനക്കാരിയുമായ യമുനയായിരുന്നു കണ്ടക്ടര്‍. 2009 മുതല്‍ കെ.എസ്.ആര്‍.ടി.സി. ആര്യനാട് ഡിപ്പോയിലെ ബദലി കണ്ടക്ടറായിരുന്ന യമുനക്ക് 2022 മുതല്‍ സ്വിഫ്റ്റിലാണ് ജോലി. മുഖ്യമന്ത്രിയില്‍ നിന്ന് ആദ്യ ദിനം റാക്ക്‌വാങ്ങി ജോലിയില്‍ പ്രവേശിച്ച യമുനയുടെ ചിരകാലസ്വപ്നമായിരുന്നു മകന്റെ ജോലി. ഡ്രൈവിംഗില്‍ കമ്പമുള്ള മകന്‍ ശ്രീരാഗിന് കഴിഞ്ഞ ആഴ്ചയാണ് കെ-സ്വിഫ്റ്റില്‍ നിയമനം ലഭിച്ചത്. അമ്മക്കൊപ്പം ആദ്യ ഡ്യൂട്ടി ചെയ്യണമെന്ന ശ്രീരാഗിന്റെ ആവശ്യം കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ഇടപെട്ട് സാക്ഷാത്കരിച്ചു.
ഞായറാഴ്ച ഇരുവരും ഒരുമിച്ച് സസന്തോഷം ഡ്യൂട്ടി ചെയ്തു. വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം ഒരുമിച്ച് പങ്കിട്ട് കഴിച്ചതും, ഏറെ ശ്രദ്ധാപൂര്‍വ്വം മകന്‍ ബസ് ഓടിച്ചതും അമ്മ യമുനക്ക് മനം നിറയെ ആഹ്ലാദം നല്‍കി. ഇരുപത്തി ഏഴ് വയസുകാരനായ ശ്രീരാഗ് വനം വകുപ്പിലെ താല്‍ക്കാലിക ഡ്രൈവറായിരുന്നു. കണ്ടക്ടര്‍ ലൈസന്‍സുള്ള ശ്രീരാഗിന് ഡ്രൈവറായി ജോലി ചെയ്യാനാണ് ഏറെ ഇഷ്ടം. അമ്മക്കൊപ്പമുള്ള ജോലിയും ആനവണ്ടി പ്രേമവും ശ്രീരാഗിനെ സ്വിഫ്റ്റ് ഉദ്യോഗത്തില്‍ എത്തിച്ചു. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ഭര്‍ത്താവ് രാജേന്ദ്രന്‍ ആശാരി, മുട്ടത്തറ എന്‍ജിനീയറിംഗ് കോളേജിലെ താല്‍ക്കാലിക ജീവനക്കാരനായ ഇളയ മകന്‍ സിദ്ധാര്‍ത്ഥ് എന്നിവര്‍ക്കൊപ്പം ആര്യനാട് ശ്രീരാഗ്ഭവനിലാണ് യമുനയും ശ്രീരാഗും താമസിക്കുന്നത്. അമ്മക്കും മകനും ഒപ്പമുള്ള സ്‌നേഹം നിറഞ്ഞ യാത്രകളുടെ മധുരത്തിലാണ് റൂട്ടിലെ യാത്രക്കാരും.”
എത്ര മനോഹരമായ കഥയാണ് മന്ത്രി ലോകത്തെ അറിയിച്ചത്. മാധ്യമങ്ങള്‍ കാണാതെ പോകുന്ന ഇത്തരം ചെറിയതും, എന്നാല്‍ ഏറെ മനസുഖം തരുന്നതുമായ വാര്‍ത്തകളും ജനങ്ങളിലെത്തിക്കണം. KSRTCയെ നെഗറ്റീവ് ക്രിയേറ്ററായി മാത്രം കാണുന്നവര്‍ക്കൊപ്പം മാധ്യമങ്ങളും മാറരുത്. ജോലിഭാരം കൊണ്ടും, മാനസിക സമ്മര്‍ദ്ദങ്ങള്‍ കൊണ്ടുമെല്ലാം തകര്‍ന്നു തളര്‍ന്നിരിക്കുന്ന KSRTCയിലെ നല്ല ജീവനക്കാര്‍ക്കെല്ലാം ഇത്തരം ചെറിയ ചെറിയ സന്തോഷങ്ങള്‍ വലിയ പ്രചോദനങ്ങളായി മാറും.
ആ അമ്മയും മകനും KSRTCയിലെ നല്ലകഥകളില്‍ ഒന്നു മാത്രമാണ്. നിരവധി കഥകള്‍ പുറംലോകമറിയാതെ ആനവണ്ടിയിലേറി കേരളം ചുറ്റി നടക്കുന്നുണ്ട്. അതെല്ലാം കണ്ടെത്തി പങ്കുവെയ്ക്കുേേമ്പാള്‍ ജീവനക്കാര്‍ക്കൊപ്പം KSRTCയും സമൂഹവും ഉണ്ടെന്ന വിശ്വാസം കൂടെയാണ് ബലപ്പെടുന്നത്. ജീവനക്കാരെ നിരീക്ഷിക്കുന്നതില്‍ വകുപ്പുമന്ത്രി ഗണേഷ്‌കുമാറിന്റെ പാഠവം അഭിനന്ദിച്ചേ മതിയാകൂ. മറ്റൊരാളും കണ്ടെത്താത്ത, മറ്റൊരാളും പറയാത്ത ഇത്തരം കഥകളിലേക്ക് കണ്ണും കാതും എത്തിക്കാന്‍ ശ്രമിക്കുന്ന മന്ത്രി,
അവര്‍ക്ക് കൃത്യ സമയത്ത് ശമ്പലം കൊടുക്കാന്‍ കൂടെ ശ്രമിക്കണമെന്നാണ് പറയാനുള്ളത്. അതിനുള്ള ശ്രമം നത്തുന്നില്ല, എന്നല്ല ഉദ്ദേശിച്ചത്. വേഗത്തില്‍ അതിലേക്കെത്താന്‍ കഴിയണമെന്നു പറഞ്ഞതാണ്. അമ്മയും മകനും ഒരു ബസിലെ ജീവനക്കാരായി ജോലി ചെയ്യുന്ന കഥ പറയുമ്പോള്‍, അവര്‍ക്ക് ശമ്പളം കിട്ടാതെ വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടിനെ മറച്ചു വെയ്ക്കുന്നുണ്ടെന്നു കൂടി മനസ്സിലാക്കണം.
CONTENT HIGHLIGHTS; double bells mother, son drives bus: Driver and conductor in rare KSRTC story hits big; Promotion sponsored by Minister Ganesh Kumar (Special Story)