എന്തൊക്കെ പറഞ്ഞാലും KSRTC ബസിലെ ദീര്‍ഘദൂര യാത്രകള്‍ വെറുപ്പോടെ ഒഴിവാക്കുന്നതിന് പ്രധാന കാരണം, പ്രഭാത ഭക്ഷണവും, ഉച്ച ഊണും, വൈകിട്ടത്തെ ചായയും, അത്താഴവും കഴിക്കാന്‍ നിര്‍ത്തുന്ന ഹോട്ടലുകളെ കുറിച്ചുള്ള ചിന്തകൊണ്ടാണ്. വൃത്തിയില്ലാത്ത, ഈച്ചയും പൂച്ചയും പാറ്റയും പഴുതാരയുമൊക്കെ ഓടി നടക്കുന്ന ഹോട്ടലുകളുടെ മുമ്പിലായിരിക്കും KSRTC ബസ് നിര്‍ത്തുക. കടയുടെ മുന്‍വശം കണ്ടാല്‍ത്തന്നെ വെള്ളംകുടിക്കാന്‍ തോന്നില്ല. വിശപ്പും ദാഹവും പിന്നെ മൂത്രശങ്കയുമെല്ലാം കലശലായി ഉള്ളതു കൊണ്ടുമാത്രം യാത്രക്കാര്‍ അവിടെ കയറും. ഗതികേടിന്റെ അങ്ങേയറ്റത്താണ് യാത്രക്കാര്‍ ഈ തീരുമാനത്തിലെത്തുന്നതെന്ന് ഓര്‍ക്കണം.
മൂത്രമൊഴിക്കാന്‍ പോയിട്ട്, ആ ഭാഗത്തേക്ക് എത്തി നോക്കാന്‍ പോലും കഴിയാത്തത്ര മോശമായിട്ടാണ് ഇത്തരം ഹോട്ടലുകളിലെ ശുചിമുറികള്‍. പൈപ്പുമില്ല, ബക്കറ്റുമില്ലാത്ത ഇടങ്ങള്‍. വെട്ടവും വെളിച്ചവുമില്ലാത്ത കുടുസു മുറികള്‍. പൊട്ടിപ്പൊളിഞ്ഞ വാതിലുകള്‍. എക്‌സോസ്റ്റര്‍ ഫാന്‍ കറങ്ങില്ല. രൂക്ഷഗന്ധം നിറഞ്ഞു നില്‍ക്കുന്ന ഈ ടോയ്‌ലെറ്റാണ് യാത്രക്കാര്‍ക്കായി തുറന്നിട്ടിരിക്കുന്നത്. ഹോട്ടലില്‍ കഴിക്കാനിരിക്കുന്ന ടേബിള്‍ നിറയെ ഈച്ച പറ്റി ഇരിക്കുന്നുണ്ടാകും. വിരലിട്ടു പിടിച്ച ചായയും (വെയിറ്റര്‍ ചായഗ്ലാസില്‍ മുക്കിപ്പിടിക്കും) പാതിവെന്ത ചോറും, വെള്ളംപോലൊഴുകുന്ന സാമ്പാറുമൊക്കെയാണ്. പൊട്ടിയൊലിക്കുന്ന ടോയ്‌ലെറ്റ് പരിസരത്തു നിന്നുള്ള രൂക്ഷഗന്ധവും ഹോട്ടലില്‍ തങ്ങി നില്‍ക്കും.
ഇവിടെ ഇരുന്നുവേണം ഭക്ഷണം കഴിക്കാന്‍. ഈ ഒരൊറ്റ കാരണംകൊണ്ട്, യാത്രക്കാര്‍ KSRTCയിലെ ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കാറുണ്ട്. ഇതിനാണ് പുതിയ സംവിധാനം കൊണ്ടുവരാന്‍ മന്ത്രിയും സംഘവും നിതാന്ത ശ്രമം നടത്തി വിജയിച്ചിരിക്കുന്നത്. ഇനി പേടികൂടാതെ ഭക്ഷണം കഴിക്കാന്‍ റെഡി ആയിക്കോളൂ എന്നാണ് യാത്രക്കാരോട് KSRTC മാനേജ്‌മെന്റ് പറയുന്നത്. കെഎസ്ആര്‍ടിസി ബസ്സുകളില്‍ യാത്ര ചെയ്യുമ്പോള്‍ മോശം ഭക്ഷണം കഴിച്ച് വയര്‍ കേടാകുമെന്ന പേടി ഇനി വേണ്ട.
ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി. 24 സ്ഥലങ്ങളിലെ ഭക്ഷണശാലകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് പട്ടിക. ഭക്ഷണം കഴിക്കാന്‍ ബസുകള്‍ വൃത്തിഹീനമായ ഹോട്ടലുകളില്‍ നിര്‍ത്തുന്നു എന്ന് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ ഈ നീക്കം. പുതിയ 24 ഫുഡ് സ്‌പോട്ടുകള്‍ കണ്ടെത്തിക്കഴിഞ്ഞു. KSRTC മുന്നോട്ടു വെച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയ ഹോട്ടലുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.
ശുചിത്വം തൊട്ട് മറ്റെല്ലാ ഘടകങ്ങളും ഇതില്‍പ്പെടും. നല്ല ഭക്ഷണവും, ടോയ്‌ലെറ്റ് സംവിധാനങ്ങളും ഇതില്‍ ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുകയാണ് KSRTC. ദേശീയ, സംസ്ഥാന, അന്തര്‍ സംസ്ഥാന പാതകളുടെയും എംസി റോഡിന്റെയും വശങ്ങളിലെ ഹോട്ടലുകളുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. ലിസ്റ്റില്‍ ഉള്‍പ്പെടാത്തതും വൃത്തിഹീനവുമായ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ ബസ് നിര്‍ത്താന്‍ പാടില്ലെന്നും ഉത്തരവിറക്കിയിട്ടുണ്ട്. KSRTC ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്ററാണ് ഭക്ഷണശാലകളുടെ പട്ടിക തയ്യാറാക്കി ഉത്തരവിറക്കിയത്. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ നിന്നും താത്പര്യ പത്രം ക്ഷണിച്ചിരുന്നു.
അതിനു ശേഷമാണ് അന്തിമ പട്ടിക തയാറാക്കിയത്. അതത് ബസ് സ്റ്റാന്‍ഡുകളിലെ കാന്റീനുകള്‍ക്കു പുറമേ യാത്രാമധ്യേ നിര്‍ത്തേണ്ട ഹോട്ടലുകളുടെ പട്ടികയാണ് തയാറാക്കിയത്. രാവിലെ 07.30 മുതല്‍ 9.30 വരെ പ്രഭാത ഭക്ഷണത്തിനും 12.30 മുതല്‍ 2 മണി വരെ ഉച്ച ഭക്ഷണത്തിനും വൈകിട്ട് 4 മുതല്‍ 6 വരെ ചായ, ലഘു ഭക്ഷണത്തിനുമായി ബസ് നിര്‍ത്തണം. രാത്രി ഭക്ഷണം രാത്രി 8 മണി മുതല്‍ 11 വരെയാണ്.
KSRTC ഫുഡ് സ്‌പോട്ടുകള്‍ ഇവയാണ്:
- ലേ അറേബ്യ– (കുറ്റിവട്ടം) ദേശീയ പാത. കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയില്‍
- പണ്ടോറ – (വവ്വാക്കാവ്) ദേശീയ പാത. കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയില്‍
- ആദിത്യ ഹോട്ടല്‍– (നങ്ങ്യാര്‍കുളങ്ങര) ദേശീയ പാത. ഹരിപ്പാടിനും കായംകുളത്തിനും ഇടയില്‍
- ആവീസ് പുട്ട് ഹൗസ്– (പുന്നപ്ര) ദേശീയ പാത ആലപ്പുഴയ്ക്കും ഹരിപ്പാടിനും ഇടയില്‍
- റോയല്‍ 66– (കരുവാറ്റ) ദേശീയ പാത ആലപ്പുഴയ്ക്കും ഹരിപ്പാടിനും ഇടയില്‍
- ഇസ്താംബുള്‍– (തിരുവമ്പാടി) ദേശീയ പാത. ആലപ്പുഴയ്ക്കും ഹരിപ്പാടിനും ഇടയില്‍
- ആര്‍ ആര്‍ റെസ്റ്ററന്റ്– (മതിലകം) ദേശീയ പാത എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയില്‍
- റോയല്‍ സിറ്റി– (മാനൂര്‍) ദേശീയ പാത. എടപ്പാളിനും കുറ്റിപ്പുറത്തിനും ഇടയില്‍
- ഖൈമ റെസ്റ്ററന്റ്– (തലപ്പാറ) ദേശീയ പാത തിരൂരങ്ങാടിക്കും രാമനാട്ടുകരയ്ക്കും ഇടയില്‍
- ഏകം– (നാട്ടുകാല്‍) സംസ്ഥാന പാത. പാലക്കാടിനും മണ്ണാര്‍ക്കാടിനും ഇടയില്‍
- ലേസഫയര്‍– ദേശീയ പാത.സുല്‍ത്താന്‍ബത്തേരിക്കും മാനന്തവാടിക്കും ഇടയില്‍
- ക്ലാസിയോ – (താന്നിപ്പുഴ) എം സി റോഡ്. അങ്കമാലിക്കും പെരുമ്പാവൂരിനും ഇടയില്‍
- കേരള ഫുഡ് കോര്‍ട്ട്– (കാലടി)എം സി റോഡ്. അങ്കമാലിക്കും പെരുമ്പാവൂരിനും ഇടയില്‍
- പുലരി റെസ്റ്ററന്റ്– എം സി റോഡ്. കൂത്താട്ടുകുളത്തിനും കോട്ടയത്തിനും ഇടയില്‍
- ശ്രീ ആനന്ദ ഭവന്‍– എം സി റോഡ്. കോട്ടയം. കുമാരനല്ലൂരിനും എസ് എച്ച് മൗണ്ടിനും ഇടയില്‍
- അമ്മ വീട്– (വയക്കല്‍) എം സി റോഡ്. ആയൂരിനും വാളകത്തിനും ഇടയില്‍
- ശരവണഭവന്‍ (പേരാമ്പ്ര) ദേശീയ പാത.ചാലക്കുടിക്കും അങ്കമാലിക്കും ഇടയില്‍
- ആനന്ദ് ഭവന്‍ -(പാലപ്പുഴ) എം സി റോഡ്. മൂവാറ്റുപുഴയ്ക്കും കൂത്താട്ടുകുളത്തിനും ഇടയില്‍
- ഹോട്ടല്‍ പൂര്‍ണപ്രകാശ് –എം സി റോഡ്. ഏനാത്തിനും കൊട്ടാരക്കരയ്ക്കും ഇടയില്‍
- മലബാര്‍ വൈറ്റ് ഹൗസ് -(ഇരട്ടക്കുളം) സംസ്ഥാന പാത തൃശൂരിനും ആലത്തൂരിനും ഇടയില്‍
- കെടിഡിസി ആഹാര്‍ –ദേശീയ പാത. ഓച്ചിറയ്ക്കും കായംകുളത്തിനും ഇടയില്‍
- എ ടി ഹോട്ടല്‍– സംസ്ഥാന പാത.കൊടുങ്ങല്ലൂരിനും ഗുരുവായൂരിനും ഇടയില്‍
- ലഞ്ചിയന്‍ ഹോട്ടല്‍, അടിവാരം. കോഴിക്കോടിനും മാനന്തവാടിക്കും ഇടയില്‍.
- ഹോട്ടല്‍ നടുവത്ത്, മേപ്പാടി,കോഴിക്കോടിനും മാനന്തവാടിക്കും ഇടയില്‍
ഈ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ മാത്രമേ ഇനി മുതല്‍ KSRTC ദീര്‍ഘദൂര ബസുകള്‍ ഭക്ഷണം കതഴിക്കാന്‍ നിര്‍ത്തൂ. മറിച്ചാണ് ചെയ്യുന്നതെങ്കില്‍ യാത്രക്കാര്‍ക്ക് പരാതി സ്‌പോട്ടില്‍ പറയാം. മാത്രമല്ല, വൃത്തിഹീനമായ ചുറ്റുപാടാണ് ഹോട്ടലുകളില്‍ ഉള്ളതെങ്കില്‍ അതും പരാതിയായി ഉന്നയിക്കാം.
CONTENT HIGHLIGHTS;KSRTC’s new ‘Food Spots’ are known: Eat food now instead of standing around with your nose covered; Get ready for a long bus ride