അമ്മ സംഘടനയിൽ നിന്നും തന്നെ മാറ്റി നിർത്തുകയോ താൻ മാറി നിൽക്കുകയോ ചെയ്തിട്ടില്ലെന്ന് നടൻ കുഞ്ചാക്കോ ബോബൻ. പക്ഷെ കമ്യൂണിക്കേഷന്റെ ഒരു ചെറിയ പ്രശ്നം ഉണ്ടായിട്ടുണ്ട്. അതിനപ്പുറം അമ്മ എന്ന സംഘടന എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. അവർ ചെയ്യാന്നുള്ള എല്ലാ നല്ല പ്രവൃത്തികളുടെയും കൂടെ ഞാനുണ്ടാകും. അതിൽ യാതൊരു വ്യത്യാസവുമില്ലെന്നും ചാക്കോച്ചൻ പറഞ്ഞു.
“അമ്മയുടെ നേതൃസ്ഥാനത്തേക്ക് വരുന്നതിനെ കുറിച്ച് ഇപ്പോൾ ഞാൻ ചിന്തിക്കുന്നില്ല. എനിക്ക് സ്വീകാര്യതയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. സംഘടന നോക്കി നടത്താൻ കേപ്പബിളാകണം. പൃഥ്വിരാജ്, വിജയരാഘവൻ ചേട്ടൻ എന്നിവരൊക്കെ നേതൃസ്ഥാനത്തേക്ക് വരാൻ യോഗ്യതയുള്ളവരായി തോന്നിയിട്ടുണ്ട്. ജെന്റിൽമാൻ പദവി ബാധ്യതയായി തോന്നിയിട്ടില്ല. അതെന്റെ ജീവിതത്തിന്റെ ഭാഗമാണ്. സ്വഭാവത്തിന്റെ ഭാഗമാണ്. അല്ലാതെ മനപൂർവം അതിനുള്ള ശ്രമം നടത്താറില്ലെ”ന്നാണ് നടൻ പറഞ്ഞത്.
പിന്നീട് സിനിമയിലെ സൗഹൃദങ്ങളെ കുറിച്ചാണ് താരം സംസാരിച്ചത്. മഞ്ജു, ടൊവി, പിഷാരടി തുടങ്ങിയവരൊക്കെയായി നല്ല സൗഹൃദമുണ്ട്. അടുത്തടുത്താണ് താമസമെന്നതുകൊണ്ട് മമ്മൂക്കയുമായും നല്ലൊരു സൗഹൃദമുണ്ട്. അടുത്തിടെ മമ്മൂക്ക വീട്ടിൽ വന്നിരുന്നു. ആദ്യമായാണ് അദ്ദേഹം എന്റെ പുതിയ വീട്ടിൽ വരുന്നത്.
മമ്മൂക്കയും ഡിക്യുവുമായും സിനിമയ്ക്കപ്പുറമുള്ള സൗഹൃദമുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. നടന്റെ അവധിക്കാല യാത്രകൾ കുടുംബസമേതം സുഹൃത്തുക്കൾക്കൊപ്പമാണ്. മകൻ ഇസഹാക്കിനെ കുറിച്ചും താരം സംസാരിച്ചു. ഇസഹാക്ക് വന്നശേഷമുള്ള ജീവിതം ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. ഞാൻ ചെയ്യാൻ പേടിച്ചിരുന്ന മടിച്ചിരുന്ന കഥാപാത്രങ്ങളിലേക്ക് ഫ്രീയായി ഇറങ്ങി ചെല്ലാൻ എനിക്ക് ഇസഹാക്കിന്റെ വരവിനുശേഷം സാധിക്കുന്നുണ്ട്.
കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന സമയത്തെ ചികിത്സ പ്രോസസ് അത്ര എളുപ്പമുള്ളതല്ല. ആദ്യത്തെ ശ്രമത്തിൽ വിജയിക്കണമെന്നുമില്ല. രണ്ടോ, മൂന്നോ പ്രാവശ്യം ചെയ്താൽ പോലും ഇത് വർക്കൗട്ടാകണമെന്നുമില്ല. അവിടെ തളരാതെ മുൻപോട്ട് പോയതിന്റെ തെളിവാണ് എനിക്ക് കാണിക്കാനായിട്ടുള്ളത്. എന്റെ ജീവിത്തിലുണ്ടായ സംഭവങ്ങൾ പലർക്കും ഒരു പ്രചോദനമാകുന്നുണ്ട്. ആ രീതിയിൽ നോക്കുമ്പോൾ എനിക്ക് സന്തോഷമുണ്ട്.
രണ്ടാമതൊരു കുഞ്ഞിനെ കൂടി സ്വപ്നം കാണുന്നുണ്ടോയെന്ന് ചോദിച്ചാൽ നല്ലത് സംഭവിക്കുകയാണെങ്കിൽ സംഭവിക്കട്ടെ. ഇസഹാക്കിന് സിനിമ ഇഷ്ടമാണ്. ആക്ഷൻ മൂവീസ് ഇഷ്ടമാണ്. കരാട്ടെ പഠിക്കാനാണ് അവന് താൽപര്യം. ഡാൻസിനോടും താൽപര്യമുണ്ട് അവന്. ഇപ്പോൾ യുകെജിയിൽ പഠിക്കുകയാണ്. അടുത്ത ഏപ്രിലിൽ ആറ് വയസാകും. അവൻ പെട്ടന്ന് വളരുന്നുവെന്നുള്ള ചെറിയ വിഷമമുണ്ടെന്നും നടൻ പറഞ്ഞു.
content highlight: kunchacko-boban-open-up