ആയുധം കൊണ്ടും ആള്‍ബലം കൊണ്ടും ഇന്ത്യ എന്ന രാജ്യത്തെ തോല്‍പ്പിക്കാന്‍ ഇനി ലോകത്തൊരു രാജ്യത്തിനും കഴിയില്ല. അത്രയേറെ ഇന്ത്യ മുന്നേറിക്കഴിഞ്ഞു. എന്നാല്‍, ആയുധത്തേക്കാളും യുദ്ധങ്ങളെക്കാളും മൂര്‍ച്ചയേറിയൊരു ആയുധം കൊണ്ടാണ് രാജ്യം എന്നും പൊരുതിയിരുന്നത്. സ്‌നേഹവും സഹവര്‍ത്തിത്വവും അഹിംസയും കൊണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്ക് ലോക രാജ്യങ്ങളുടെ മുമ്പില്‍ ഒരു പ്രത്യേക മതിപ്പുമുണ്ട്.
എന്നാല്‍, അതുകൊണ്ട് സൈന്യത്തിന്റെ ശാക്തീകരണവും, ആയുധ ശേഷിയിലെ വര്‍ദ്ധനവും കുറച്ചിട്ടില്ല. മറ്റു രാജ്യങ്ങളുടെ സൈനീക ശക്തിയെ വെല്ലുവിളിക്കാന്‍ പോന്നതെന്നല്ല, അതിനേക്കാളുപരി നമ്മുടെ സൈന്യം ശക്തരായിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ താവ്രവാദികളുമായി ഉണ്ടായിട്ടുള്ള ഏറ്റുമുട്ടലും, ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കത്തില്‍ ഉണ്ടായ സമവായവും, സേനാ പിന്‍മാറ്റവുമെല്ലാം ഇതിന്റെ ഭാഗമായിട്ടുണ്ടായതാണ്.
ലോകത്തെ നാലാമത്തെ സൈനിക ശക്തിയായ ഇന്ത്യ, വന്‍ മുന്നേറ്റമാണ് ആയുധ ഇറക്കുമതിയിലും പുതിയ ടെക്‌നോളജി വികസിപ്പിക്കുന്നതിലും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഒരു രാജ്‌യത്തിന്റെ സുരക്ഷയെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്. അന്താരാഷ്ട്രാ മാധ്യമമായ റഷ്യ ടുഡേയില്‍ വന്ന ഒരു ലേഖനത്തിലാണ് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യ നിലവില്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ കൈവരിച്ച രാജ്യമാണ്.
വേഗത്തില്‍ത്തന്നെ ആ സ്ഥാനം മൂന്നാമതെത്തുമെന്നും റഷ്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം റഷ്യയില്‍ നിന്നും നിരവധി സൈനിക ആയുധങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇന്ത്യ-റഷ്യ സഹകരണകരണത്തിന് പതിറ്റാണ്ടുകള്‍ നീണ്ട ബന്ധവുമുണ്ട്. റഷ്യയുടെ സഖ്യ കക്ഷി കൂടിയാണ് ഇന്ത്യ. ഇന്ത്യയിലേക്കുള്ള സൈനിക -വ്യോമയാന വിതരണത്തിന്റെ പ്രധാന കേന്ദ്രമായി ഫ്രാന്‍സും മാറിക്കഴിഞ്ഞിട്ടുണ്ട്. അമേരിക്കയെ പോലെ തന്നെ ഇസ്രയേലും ഇന്ത്യയ്ക്ക് ആയുധം നല്‍കുന്ന ഒരു പ്രധാന രാജ്യമായി മാറിയിട്ട് കാലം കുറേയായി.
ഇപാക്കിസ്ഥാന്റെ ഭീകരവാദികളുമായുള്ള പോരാട്ടത്തില്‍ ഇന്ത്യ ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഇസ്രയേലിന്റെതാണ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍ നിരയിലാണ് ഇന്ത്യ. മേയ്ക്ക് ഇന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ ലോക നിലവാരത്തിലുള്ള സൈനിക ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി പ്രത്യേക ശ്രദ്ധയാണ് രാജ്യം നല്‍കിയത്. തദ്ദേശീയമായ രൂപകല്പന, ഗവേഷണം, പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മ്മാണം, വികസനം എന്നീ മേഖലകളില്‍ ഊന്നല്‍ നല്‍കി. അതിനുള്ള ധനസഹായം വര്‍ദ്ധിപ്പിച്ചു.
ഇത് മൂലം പ്രതിരോധ നിര്‍മ്മാണ രംഗത്ത് വലിയ വളര്‍ച്ചയുണ്ടാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്നാണ് റഷ്യ ടുഡേ വിലയിരുത്തുന്നത്. ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണമായും ഹൈടെക് ആയി മാറുന്നത് ശത്രുക്കള്‍ക്കാണ് ചങ്കിടിപ്പ് ഏറ്റുന്നത്. സഫ്രാനും എച്ച്.എ.എല്ലും ചേര്‍ന്ന് 1,500 ഓളം ഹെലികോപ്റ്റര്‍ എഞ്ചിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഒരു യുദ്ധവിമാനം നിര്‍മ്മിക്കുന്നതിനുള്ള 100 ശതമാനം സാങ്കേതിക കൈമാറ്റവും സഫ്രാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
സ്വകാര്യ കമ്പനിയായ അദാനി ഗ്രൂപ്പും, ഇസ്രയേലി ആയുധ ഭീമനായ എല്‍.ബിറ്റ് സിസ്റ്റംസും തമ്മിലുള്ള സംയുക്തസംരംഭം, ആഗോള ആവശ്യങ്ങള്‍ക്കായി ഹെര്‍മിസ് യുഎവികള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനു വേണ്ടിയുള്ളതാണ്. സമാന രീതിയില്‍ എഫ്-16 വിമാനങ്ങള്‍, സി-130, അപ്പാച്ചെ, ചിനൂക്ക് ഹെലികോപ്റ്ററുകള്‍ എന്നിവയ്ക്കായുള്ള നിരവധി എയ്റോ-സ്ട്രക്ചറുകളും, ഇന്ത്യയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. Airbus, BAE, Boeing, Collins Aerospace, Dassault Aviation, Israel Aerospace Industries, Pilatus, Lockheed Martin, Raytheon, Rafael, Thales എന്നിവയെല്ലാം തന്നെ, സംയുക്ത സഹകരണം വഴി സ്ഥാപിക്കപ്പെട്ടവയാണ്.
ആഗോള തലത്തില്‍ ഇന്ത്യയ്ക്ക് ഉന്നതമായ സ്ഥാനം ഉറപ്പിക്കാന്‍, പ്രതിരോധ രംഗത്തെ ഈ സ്വദേശിവല്‍ക്കരണവും നിര്‍ണായകമായി. ഇന്ത്യന്‍ വ്യോമസേനയ്ക്ക് 42 ഫൈറ്റര്‍ സ്‌ക്വാഡ്രണുകള്‍ ആവശ്യമാണെങ്കിലും 31 എണ്ണം മാത്രമാണ് നിലവിലുള്ളത്. റഷ്യയുടെ MiG21 സ്‌ക്വാഡ്രണുകളില്‍ അവസാനത്തേത് 2025ല്‍ സേവനം അവസാനിപ്പിക്കും. ആംഗ്ലോ-ഫ്രഞ്ച് ജാഗ്വാര്‍, റഷ്യന്‍ മിഗ് -29, ഫ്രഞ്ച് നിര്‍മ്മിത മിറാഷ് 2000 എന്നിവയും സമീപഭാവിയില്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്നവയാണ്.
ഇന്ത്യയുടെ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസ് MK1A വിമാനം 2001-ലാണ് ആദ്യ പറക്കല്‍ നടത്തിയിരുന്നത്. ഏകദേശം 50 എണ്ണം മാത്രമേ രാജ്യം നിര്‍മ്മിച്ചിട്ടുള്ളൂ. മികച്ച പ്രവര്‍ത്തന ശേഷിയുള്ള 180 തേജസ് വിമാനങ്ങള്‍ വാങ്ങാന്‍ സൈന്യം പദ്ധതിയിട്ടിരുന്നെങ്കിലും, അമേരിക്കന്‍ നിര്‍മ്മിത GE-404 എഞ്ചിന്‍ വിതരണത്തില്‍ കാലതാമസം നേരിട്ടതിനാല്‍ അതും അവതാളത്തിലായ മട്ടിലാണ്. ഫ്രാന്‍സില്‍ നിന്നും റഫാല്‍ വിമാനങ്ങളുടെ അഞ്ച് സ്‌ക്വാഡ്രണുകള്‍ക്ക് പുറമെ റഫാല്‍ മള്‍ട്ടിറോള്‍ ഫൈറ്റര്‍ ജെറ്റുകളോട് സമാനമായ, 108 എല്‍സിഎ എംകെ2 വിമാനങ്ങള്‍ എത്തിക്കാനും ഇന്ത്യയ്ക്ക് നിലവില്‍ പദ്ധതിയുണ്ട്.
2026 ഓടെ ഇതില്‍ ആദ്യത്തേത് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ അഞ്ചാം തലമുറയിലെ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റിനായി, കാബിനറ്റ് കമ്മിറ്റിയുടെ അനുമതിയും ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. തുടക്കത്തില്‍ 126 വിമാനങ്ങളാണ് വ്യോമസേനയ്ക്ക് ആവശ്യമുള്ളത്. ഇത് 2035-ഓടെ പൂര്‍ത്തിയാകും. ഇന്ത്യ യുദ്ധവിമാനങ്ങളുടെ രൂപകല്പനയും വികസനവും ഉല്‍പ്പാദനവും ത്വരിതപ്പെടുത്തുന്നത് പോലെ തന്നെ കഅഎ ഇറക്കുമതിയിലൂടെയും യുദ്ധവിമാനങ്ങളുടെ കുറവുകള്‍ നികത്തേണ്ടതുണ്ടെന്നും റഷ്യ ടുഡേ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വിദേശത്ത് നിന്നും 114 മള്‍ട്ടി-റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാനുള്ള ഇന്ത്യയുടെ പദ്ധതി, ഇപ്പോഴും അനിശ്ചിതത്വത്തിലാണുള്ളത്. ഇതിനായി, ബോയിംഗ് F/A-18E/F സൂപ്പര്‍ ഹോര്‍നെറ്റ്, ബോയിംഗ് F-15EX ഈഗിള്‍ II, അമേരിക്കയിലെ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ F-21, ഫ്രഞ്ച് Dassault Rafale, യൂറോപ്പിന്റെ Eurofighter Typhoon, Swedish Saab JAS-39 Gripen E/F, കൂടാതെ റഷ്യന്‍ മിക്കോയാന്‍ മിഗ്-35, സുഖോയ് സു-35 എന്നിവരാണ് നിലവില്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.
ഇപ്പോള്‍ തീരുമാനം ഒന്നും ആയിട്ടില്ലങ്കിലും അധികം താമസിയാതെ തന്നെ, മള്‍ട്ടി-റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാനുള്ള കാര്യത്തിലും ഇന്ത്യ തീരുമാനമെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ ഇപ്പോഴും തങ്ങളുടെ പ്രതിരോധ മേഖലയിലെ വികസനത്തിനായും ആഗോള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള നൂതന സാങ്കേതിക വിദ്യകള്‍ക്കുമായും നിരന്തരം ശ്രമിച്ചു വരികയാണ്. മറ്റൊരു രാജ്യത്തിന്റെയും അനുമതി വാങ്ങാതെ തന്നെ എഞ്ചിനും അതിന്റെ വകഭേദങ്ങളും തദ്ദേശീയമായി വികസിപ്പിക്കാനും നിര്‍മ്മിക്കാനുമുള്ള ഇന്ത്യയുടെ
അവകാശം ഉയര്‍ത്തിപ്പിടിച്ചു തന്നെയാണ് സകല നീക്കങ്ങളും നടത്തുന്നത്. ചൈനയ്ക്ക് ഇപ്പോള്‍ തന്നെ 300 അഞ്ചാം തലമുറ യുദ്ധ വിമാനങ്ങള്‍ ഉണ്ട്. 2035-ഓടെ ഇത്തരത്തിലുള്ള 1,000 യുദ്ധ വിമാനങ്ങള്‍ കൂടിയാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്കായി നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നത്. 2030-ഓടെ ഏതാനും അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാന്‍ പാകിസ്ഥാന്‍ പോലും ചൈനയുമായും തുര്‍ക്കിയുമായും നിലവില്‍ ചര്‍ച്ചകള്‍ നടത്തിവരികയുമാണ്. അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റിന്റെ ആവശ്യം പരിഗണിച്ച് അത് സ്വന്തമാക്കാന്‍, ഇന്ത്യയും നിര്‍ബന്ധിതരായിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും ശക്തമായ മിസൈല്‍ പ്രതിരോധ സംവിധാനമായ റഷ്യയുടെ S-400എയര്‍ ഡിഫന്‍സ് സിസ്റ്റം ഇന്ത്യ വാങ്ങിയതിനാല്‍ നിലവില്‍ അമേരിക്കയുടെ ആധുനിക പോര്‍വിമാനമായ എഫ്-35 ലഭിക്കാന്‍ സാധ്യതയില്ല. യുക്രെയിന്‍ – റഷ്യ യുദ്ധത്തില്‍ റഷ്യന്‍ സൈന്യം വെടി വെച്ചിട്ടതോടെ എഫ് – 35 ന്റെ മാര്‍ക്കറ്റും ലോക വിപണിയില്‍ ഇടിഞ്ഞിട്ടുണ്ട്. അതേസമയം, റഷ്യയുടെ ആധുനിക പോര്‍വിമാനമായ Su-57 ‘ഫെലോണ്‍’ അഞ്ചാം തലമുറ വിമാനം ഇന്ത്യയ്ക്ക് അധികം താമസിയാതെ ലഭിക്കും.
ഇതിന്റെ ഉല്‍പ്പാദനം വേഗത്തിലാക്കി എന്നാണ് റഷ്യ ടുഡേയും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ യുദ്ധ വിമാനത്തില്‍ ഒരു രഹസ്യസ്വഭാവമുള്ള ”ലോയല്‍ വിംഗ്മാന്‍” ഡ്രോണും ഉണ്ടായിരിക്കും. റഷ്യയ്ക്ക് ഇന്ത്യയോടുള്ള പരിഗണനയുടെ മറ്റൊരു തെളിവാണിത്. റഷ്യയുമായുള്ള മിഗ്-21, മിഗ്-29 വിമാനങ്ങളുടെ വിജയകരമായ നവീകരണത്തിന് ശേഷം, ഇന്ത്യയുടെ ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്റ്റ് ലിമിറ്റഡും റഷ്യയുടെ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനും ചേര്‍ന്ന് Su-30 എംകെഐയുടെ നവീകരണത്തിനായുള്ള ചര്‍ച്ചകളും നിലവില്‍ പുരോഗമിക്കുകയാണ്.
CONTENT HIGHLIGHTS;Arms and Manpower Unpredictable: India’s Rise with World Powers; Russian media praised India