ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ തൊഴിലെടുക്കുന്ന അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരുടെ അവസ്ഥ വളരെ പരിതാപകരമായി തുടരുകയാണ്. നിരവധി പ്രശ്‌നങ്ങള്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 2023 മാര്‍ച്ച് വരെ പ്രതിമാസം 25 തൊഴില്‍ ദിനങ്ങളുണ്ടായിരുന്ന സാഹചര്യം മാറി തൊട്ടടുത്ത മാസം മുതല്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറച്ചു.
ഫിഷറീസ് വകുപ്പിന്റെ ഈ നടപടി പാവപ്പെട്ടവരെ തീരാ ദുരിതത്തിലേക്കാണ് തള്ളി വിട്ടത്. ദിവസവേതനക്കാരെ ചൂഷണം ചെയ്യുന്ന സമീപനമാണ് ഫിഷറീസ് വകുപ്പ് സ്വീകരിച്ചത്. ആദ്യം 21 ദിവസമായി ക്രമപ്പെടുത്തിയ തൊഴില്‍ ദിനങ്ങള്‍ ഈ മേഖലയില്‍ ഇപ്പോള്‍ ലഭിക്കുന്നത് പ്രതിമാസം 18 ദിവസമാണ്. ഒരു മുന്നറിയിപ്പോ ഉത്തരവോ നല്‍കാതെ മാസം മുഴുവനും പണിയെടുപ്പിച്ചിട്ട് പണിയെടുത്ത ദിവസങ്ങളിലെ കൂലി നല്‍കാത്തത് ഇടതുപക്ഷ സര്‍ക്കാരിലെ വകുപ്പുകള്‍ക്ക് ചേര്‍ന്നതല്ലെന്നാണ് ഇവര്‍ ഉന്നയിക്കുന്ന പരാതി.
ഇത് തീര്‍ത്തും തൊഴിലാളി വിരുദ്ധമാണെന്നും ഇവകര്‍ ആരോപിക്കുന്നുണ്ട്. ധനകാര്യവകുപ്പ് തുക അനുവദിക്കുന്ന പക്ഷം വെട്ടിക്കുറച്ച വേതനം ലഭ്യമാക്കുമെന്നു പറഞ്ഞ വകുപ്പധികാരികള്‍ ഇപ്പോള്‍ പറയുന്നത് പ്രതിവര്‍ഷം 273 തൊഴില്‍ ദിനങ്ങള്‍ മാത്രമേ നല്‍കാനാകൂ എന്നാണ്. ഈ തൊഴില്‍ ദിനങ്ങള്‍ മുഴുവന്‍ ജില്ലകളിലെയും ദിവസ വേതനക്കാരായ ജീവനക്കാര്‍ക്ക് കൊടുത്തുവെന്നാണ് ഫിഷറീസ് വകുപ്പ് അവകാശപ്പെടുന്നത്.
എന്നാല്‍ ഒരു ജില്ലയിലും 273 ദിവസത്തെ വേതനം നല്‍കിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 300 തൊഴില്‍ ദിനങ്ങളിലും പണിയെടുത്തവരാണ് പ്രമോട്ടര്‍മാര്‍. അഞ്ചുമാസത്തെ ശമ്പള കുടിശ്ശിക നിലനില്‍ക്കെ ഓണത്തിന് കുടിശ്ശിക തീര്‍ത്ത് ശമ്പളം നല്‍കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടതിന്റെയും സമരം ചെയ്തതിന്റെയും ഭാഗമായി 54 ദിവസത്തെ വേതനം മാത്രമാണ് അനുവദിച്ചു തന്നത്. ഇതൊരു ആശ്വാസമായിരുന്നു.
എന്നാല്‍ സെപ്തംബര്‍ 24ന് ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസര്‍മാര്‍ക്ക് വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി ഡയറക്ടറേറ്റില്‍ നിന്നും ഒരു സന്ദേശം ലഭിച്ചു. സെപ്തംബര്‍ 25 മുതല്‍ താല്ക്കാലിക അടിസ്ഥാനത്തില്‍ തൊഴിലെടുക്കുന്ന പ്രെമോട്ടര്‍മാരെ സാമ്പത്തിക പ്രതിസന്ധി മൂലം പിരിച്ച് വിട്ടിട്ടുള്ളതായും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ആരും ജോലിയില്‍ പ്രവേശിക്കേണ്ടതില്ലായെന്നും അറിയിപ്പ് ലഭിക്കുകയുണ്ടായി. ഈ മേഖലയാകെ വലിയ ആശങ്കയാണ് ഈ വാട്‌സ്ആപ്പ് സന്ദേശം സൃഷ്ടിച്ചത്.
തുടര്‍ന്ന് ഫിഷറീസ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തില്‍ ലഭിച്ച അറിയിപ്പ് മരവിപ്പിച്ചിരിക്കുന്നതായും അറിയിച്ചിരുന്നു. എന്നാല്‍ ജനകീയ മത്സ്യകൃഷി പദ്ധതിക്ക് പ്ലാനിംഗ് ബോര്‍ഡും ധനകാര്യവകുപ്പും അംഗീകാരം നല്‍കാത്തതു മൂലവും, പദ്ധതി നടപ്പില്‍ ഇല്ലാത്തതിനാലും ഉടന്‍തന്നെ പ്രമോട്ടര്‍മാരെയും കോഡിനേറ്റര്‍മാരെയും പിരിച്ചുവിടുമെന്ന അറിയിപ്പാണ് ഫിഷറീസ് വകുപ്പില്‍ നിന്നും ലഭിച്ചത്.
നാട്ടിലെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, ശുദ്ധവും വിഷരഹിതവുമായ മത്സ്യം കൃഷിചെയ്ത് ഉത്പാദിപ്പിക്കുക, അത് വിതരണം ചെയ്തു ജനങ്ങളിലേക്ക് എത്തിക്കുക എന്നീ പ്രധാനപ്പെട്ട ദൗത്യം നിര്‍വഹിക്കുന്ന പദ്ധതിയാണിത്. സാമ്പത്തിക പ്രതിസന്ധി മൂലം ഏപ്രിലില്‍ നടപ്പില്‍ വരേണ്ട പദ്ധതി ഈ സമയം വരെയും അംഗീകാരം കിട്ടാതെ അലയുകയാണ്. സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും അത്യന്താപേക്ഷിതമായി നടപ്പിലാക്കേണ്ട പദ്ധതിയാണിത്.
പ്ലാനിങ് ബോര്‍ഡും ധനകാര്യവകുപ്പും പറയുന്നത് പദ്ധതിക്ക് അംഗീകാരം നല്‍കണമെങ്കില്‍ 50 ശതമാനം പദ്ധതി വെട്ടി കുറക്കണമെന്നാണ്. ഈ തീരുമാനത്തിന് മുമ്പില്‍ ഫിഷറീസ് വകുപ്പും നിര്‍ബന്ധിതരാവുകയാണ്. വലിയ തൊഴില്‍ ഇല്ലായ്മ നേരിടുന്ന ഈ ചരിത്രസന്ദര്‍ഭത്തില്‍ പുതുതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നമ്മുടെ സര്‍ക്കാരില്‍ നിന്നുതന്നെ സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കുന്ന സമീപനമുണ്ടാവാന്‍ പാടില്ലാത്തതാണ്.
ഈ മേഖലയില്‍ പ്രമോട്ടര്‍മാരായി 10ഉം, 14ഉം വര്‍ഷമായി തൊഴിലെടുക്കുന്നവരുണ്ട്. നിരവധി വിധവകളുണ്ട്. പുരുഷ സഹായമില്ലാതെ ഈ തൊഴിലെടുത്ത് കുടുംബത്തെ പോറ്റുന്നവരുണ്ട്. ഒരു മനുഷ്യായുസിന്റെ നല്ല പാതി ഈ മേഖലയില്‍ സമര്‍പ്പിച്ച ഈ പ്രമോട്ടര്‍മാര്‍ക്ക് മറ്റൊരു തൊഴില്‍ ലഭിക്കില്ല എന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. തൊഴിലില്ലായ്മ 500 കുടുംബങ്ങളെ സാരമായി ബാധിക്കും.
ഈ വിഷയത്തില്‍ ധനകാര്യ വകുപ്പും – ഫിഷറീസ് വകുപ്പും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപ്പെട്ട് കേരളത്തിലെ ഉള്‍നാടന്‍ മത്സ്യകൃഷിക്ക് ഉണര്‍വേകുന്ന ജനകീയ മത്സ്യകൃഷിക്ക് ( JMK ) അംഗീകാരവും അതിലൂടെ പ്രൊമോട്ടര്‍മാര്‍ക്ക് തൊഴില്‍ സംരക്ഷണം നല്‍കണമെന്നുമാണ് ഇവരുടെ യൂണിയന്‍ ആവശ്യമുന്നയിക്കുന്നത്. ജനകീയ മത്സ്യകൃഷിക്ക് അംഗീകാരം നല്‍കുക – ജോലി ചെയ്ത തൊഴില്‍ ദിനങ്ങളുടെ വേതനവും വെട്ടികുറച്ചതൊഴില്‍ ദിനങ്ങളുടെ കുടിശികയും അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഓള്‍ കേരള അക്വാകള്‍ച്ചര്‍ പ്രമോട്ടേഴ്‌സ് യൂണിയന്‍ ഇന്നു മുതല്‍ അനിശ്ചിതകാല സെക്രട്ടറിയേറ്റ് സമരം നത്തുകയാണ്.
CONTENT HIGHLIGHTS;Distressed Life of Aquaculture Promoters: Will the Blind Finance Department Allow Funds?; Indefinite struggle for recognition of popular fish farming