KSRTC മന്ത്രിയുടെ കടും പിടുത്തം കൊണ്ടാണ് ദീര്‍ഘദൂര ബസുകള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന ഇടങ്ങള്‍ വൃത്തിയും വെടിപ്പുമായി മാറിയിരിക്കുന്നത്. നല്ല ഭക്ഷണവും വെള്ളവും ടോയ്‌ലെറ്റ് സൗകര്യവും കിട്ടിയതോടെ യാത്രക്കാര്‍ മാനസികമായും ശാരീരികമായും ഹാപ്പിയാണ്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സന്തോഷിക്കാന്‍ വകയുള്ള കാര്യമാണിത്. കാരണം, ഇവര്‍ക്ക് ഭക്ഷണം ‘ഫ്രീ’ ആയി നല്‍കാന്‍ മന്ത്രിതന്നെ ഫുഡ് സ്‌പോട്ടുകാരോട് പറഞ്ഞിട്ടുണ്ട്. KSRTC കണ്ടെത്തിയ ഫുഡ് സ്‌പോട്ടുകളില്‍ നല്ല ഭക്ഷണം കിട്ടിയില്ലെങ്കില്‍ ആ സ്‌പോട്ട് മാറ്റി പുതിയ സ്‌പോട്ട് കണ്ടെത്തുമെന്നും മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
ഇങ്ങനെ KSRTCയിലെ ചെറുതും എന്നാല്‍, വലിയ മാറ്റങ്ങള്‍ക്കു കാരണവുമാകുന്ന വിഷയങ്ങളില്‍ നേരിട്ട് ഇടപെട്ടാണ് ഗണേഷ്‌കുമാര്‍ മുന്നോട്ടു പോകുന്നത്. പക്ഷെ, ചില ഭക്ഷണപ്രിയരായ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും മന്ത്രിയുടെ പുതിയ ഫുഡ് സ്‌പോട്ടുകള്‍ അത്രയ്ക്കങ്ങ് പിടിച്ചിട്ടില്ല. പഴയ വൃത്തിഹീനമായ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു കഴിച്ച് ശീലിച്ചു പോയ ഇത്തരക്കാര്‍ പുതിയ ഫുഡ് സ്‌പോട്ടുകളില്‍ കയറി ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്നുണ്ട്. പഴയ ഹോട്ടലുകാര്‍ ഡ്രൈവറെയും കണ്ടക്ടറെയും രാജാവായാണ് കാണുന്നത്. കാരണം, എന്നും ഒരു ലോഡ് യാത്രക്കാരെയല്ലേ ഹോട്ടലില്‍ എത്തിക്കുന്നത്.
ഡ്രൈവറെയും കണ്ടക്ടറെയും വിശ്വസിച്ച് ഉച്ചയൂണിന് അരിയിടുന്ന ഹോട്ടലുകാരും പണ്ടുണ്ടായിരുന്നു. യാത്രക്കാരെ കൃത്യമായി എത്തിച്ച് ഭക്ഷണം കഴിപ്പിക്കുന്ന ഇത്തരം ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഉച്ചയൂണും അതിന്റെ കൂടെ ഹോട്ടലിലുള്ള എല്ലാ സ്‌പെഷ്യലും, പിന്നെ, പോകുമ്പോള്‍ രണ്ടുകുപ്പി വെള്ളവും അതിനൊപ്പം കൈമടക്കും നല്‍കിയിരുന്നുവെന്നാണ് രഹസ്യ വിവരം. ഹോട്ടലുകാര്‍ക്ക് ഒറ്റയടിക്ക് ഇത്രയും കസ്റ്റമേഴ്‌സിനെ എത്തിക്കാന്‍ KSRTC ബസിനല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക. അതുവഴി ഹോട്ടലുകാര്‍ക്ക് എല്ലാ ദിവസവും കിട്ടുന്ന ബിസിനസ്സ് ചെറുതല്ല.
ഇങ്ങനെ കൊടുത്തും വാങ്ങിയും വര്‍ഷങ്ങളായി നിലനിര്‍ത്തിയിരുന്ന ഹോട്ടല്‍-KSRTC ബന്ധമല്ലേ, ഗണേഷ്‌കുമാര്‍ മന്ത്രി നിഷ്‌ക്കരുണം നശിപ്പിച്ചത്. പുതിയ ഫുഡ് സ്‌പോട്ടുകളില്‍ കയറുന്ന ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സാധാരണ ഊണ്(സ്‌പെഷ്യല്‍ ഇല്ലാതെ) ഫ്രീ ആയി കൊടുക്കാനാണ് മന്ത്രി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. എന്നാല്‍, ജീവനക്കാര്‍ക്ക് പഴയ ഹോട്ടലുകാര്‍ നല്‍കിയിരുന്ന അതേ സംവിധാനങ്ങള്‍ വേണമെന്നാണ് വാശി. ഊണും, ഊണിന്റെ കൂടെ സ്‌പെഷ്യലും(പൊരിച്ചതും, കരിച്ചതുമെല്ലാം) ഉണ്ടെങ്കിലേ ചോറ് ഇറങ്ങൂ എന്ന്.
കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നും ബംഗളൂരു സര്‍വ്വീസ് നടത്തുന്ന ഡീലക്‌സ് ബസിന്റെ കണ്ടക്ടറുടെ ഒരു പരാതി വന്നിരുന്നു. ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഹോട്ടലിനെ കുറിച്ചുള്ള പരാതി പറയുന്ന വോയിസ് ക്ലിപ്പാണ് വന്നത്. ഹോട്ടലില്‍ കഴിക്കാന്‍ കയറിയ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും ഉണ്ടായ അനുഭവമായിരുന്നു KSRTC കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പറയുന്നത്.
വോയിസ് ക്ലിപ്പില്‍ പറയുന്നത് ഇങ്ങനെ:
‘സര്‍ ഞാന്‍ എറണാകുളത്തു 6.45ന് ബംഗളൂരു സര്‍വ്വീസ് നടത്തുന്ന ഡീലക്‌സ് ബസിന്റെ കണ്ടക്ടറാണ്. ഞാന്‍ വിളിച്ചത്, നമുക്ക് ഇപ്പോള്‍ ഫുഡ് കഴിക്കാനായിട്ട് പുതിയ ഓരോ സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടായിരകുന്നു മാനേജിംഗ് ഡയറക്ടര്‍. അപ്പോള്‍ പാലക്കാട് റൂട്ടിലെ മലബാര്‍ വൈറ്റ് ഹൗസ് എന്ന ഹോട്ടലാണ് പറഞ്ഞിരുന്നത്. ഇവിടെ യാത്രക്കാരൊക്കെ ഇറങ്ങി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍, ഞങ്ങളോട് അവര്‍ പറഞ്ഞു 200 രൂപ തരണമെന്ന്. ഡ്രൈവറും കണ്ടക്ടറും. എന്നാലേ ഫുഡ് തരുള്ളൂന്ന് പറഞ്ഞു. കൈയ്യില്‍ ഒരു രൂപ പോലുമില്ല. ഞങ്ങള്‍ക്ക് നേരത്തെ വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ (പഴയ ഹോട്ടലില്‍) ഫുഡ് ഫ്രീ തന്നുകൊണ്ടിരുന്നതാണ്. ഫ്രീ ഫുഡും തരും, രണ്ടുകുപ്പി വെള്ളവും തരുമായിരുന്നു. ഞങ്ങള്‍ കയറിയിട്ട് ഇറങ്ങിപ്പോരുകയായിരുന്നു. പൈസ ഇല്ലാത്തതു കാരണം. ആഹാരം കഴിക്കാന്‍ എന്തു ചെയ്യണം സാറേ, ഫ്രീ കിട്ടിക്കൊണ്ടിരുന്ന സ്ഥലത്തു നിന്നും പുതിയ സ്ഥലത്ത് കൊണ്ടുവന്നിട്ട് 200 രൂപ കൊടുക്കണമെന്നു പറഞ്ഞാല്‍, ശമ്പളം കിട്ടിയിട്ടില്ല ഇതുവരെ. പട്ടിണി ഇരുന്ന് ബംഗളൂരുവരെ പോയിട്ടു വരാന്‍ പറ്റില്ലല്ലോ. അതിന്റെ സജഷന്‍ അറിയാനാണ് കണ്‍ട്രോള്‍ രൂമില്‍ വിളിച്ചത്. കണ്‍ട്രോള്‍ റൂമെന്നു പറയുന്നത്, നമുക്കെന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമ്പോള്‍ വിളിച്ചു പറയാനുള്ളതല്ലേ. അതിന്റെ തീരുമാനം പറയാന്‍ വേണ്ടിയുള്ളതല്ലേ. ഇന്ന് നമ്മള്‍ ഭക്ഷണം കഴിക്കാന്‍ എന്തു ചെയ്യണമെന്നറിഞ്ഞാല്‍ കൊള്ളാം. പട്ടിണിയിരുന്ന് ബംഗളൂരു വരെ പോകാന്‍ പറ്റില്ല.’
ഇതാണ് കണ്ടക്ടര്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പറഞ്ഞത്. ഈ കണ്ടക്ടറുടെ വോയിസ് കേട്ടാല്‍ പെട്ടെന്നു തോന്നുക, ഹോട്ടലുകാര്‍ ഫ്രീ ആയി ഫുഡ് കൊടുക്കാന്‍ തയ്യാറായില്ല എന്നായിരിക്കും. ഹോട്ടലുകാരുടെ അഹങ്കാരം കൊണ്ട് ജീവനക്കാര്‍ പട്ടിണിയിരിക്കേണ്ട അവസ്ഥ. മാത്രമല്ല, പട്ടിണിയില്‍ ബംഗലൂരു വരെ വണ്ടിയോടിക്കുകയും വേണം. എത്ര ക്രൂരതയാണ് കാണിക്കുന്നത്. നേരത്തെ കഴിച്ചു കൊണ്ടിരുന്നയിടത്ത് മൃഷ്ടാന്നഭോജനം നടത്തിയ ഇടത്താണ് ഇപ്പോള്‍ പട്ടിണി ഇരിക്കേണ്ടി വരുന്നതെന്ന് ചിന്തിച്ചു പോകും. ശമ്പളം പോലും കിട്ടാത്ത ജീവനക്കാരോട് ഹോട്ടലുകാര്‍ കാണിച്ച ക്രൂരത അംഗീകരിക്കാനാവില്ല.
പക്ഷെ, അവിടെ നടന്നത് മറ്റൊന്നായിരുന്നു. പാലക്കാട് റൂട്ടിലെ മലബാര്‍ വൈറ്റ് ഹൗസ് ഹോട്ടലില്‍ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും ഫുഡ് ഫ്രീ ആയി നല്‍കാമെന്ന് അധികൃതര്‍ പറഞ്ഞതാണ്. എന്നാല്‍, ഊണിനൊപ്പം 450 രൂപയുടെ സ്‌പെഷ്യല്‍ വറുത്ത മീന്‍ വേണമെന്ന് ജീവനക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഹോട്ടലുകാര്‍, സ്‌പെഷ്യലിന് 200 രൂപ നല്‍കണമെന്നു പറഞ്ഞു. എന്നാല്‍, ബസ് ജീവനക്കാരന്റെ കൈയ്യില്‍ പണമില്ലാത്തു കൊണ്ട് സ്‌പെഷ്യല്‍ വാങ്ങാന്‍ പറ്റാത്ത അവസ്ഥയായി. സ്‌പെഷ്യല്‍ ഫ്രീ ആയിട്ട് കിട്ടാത്തതിന്റെ ദേഷ്യത്തില്‍ ‘ഫ്രീ’ ഫുഡും അദ്ദേഹം ഉപേക്ഷിച്ചു. നേരത്തെ കഴിച്ചിരുന്ന ഹോട്ടലുകാര്‍ ഫ്രീ ഫുഡും വെള്ളവും 500 രൂപയും നല്‍കിയിരുന്നെന്നും ജീവനക്കാരന്‍ പറഞ്ഞതായാണ് വിവരം. ഇതിന്റെ കൂടെ ശമ്പളം കിട്ടാത്തതിന്റെ ദേഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നു.
ഇങ്ങനെ ഓരോ കാര്യത്തിലും ജീവനക്കാര്‍ ആവശ്യമില്ലാത്ത പ്രശ്‌നങ്ങളുണ്ടാക്കി KSRTCക്ക് ചീത്തപ്പേര് സമ്പാദിച്ചു കൊടുക്കുന്നുണ്ട്. അതുകൊണ്ടാണ് ജനങ്ങള്‍ പോലും KSRTC തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ സഹതപിക്കാനോ സഹായിക്കാനോ തയ്യാറാകാത്തത്. ടിക്കറ്റെടുത്താല്‍ ബാക്കി 50 പൈസ ആയാലും, ഒരു രൂപ ആയാലും തിരികെ കൊടുക്കാത്ത എത്രയോ കണ്ടക്ടര്‍മാരുണ്ട്. യാത്രക്കാരോട് മാന്യമായി പെരുമാറാത്ത ജീവനക്കാരുണ്ട് ഇപ്പോഴും. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്ന രീതിയില്‍ KSRTCയെ കാണുന്നവരും കുറവല്ല.
യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ഗുണഫലം അനുഭവിക്കാന്‍ കഴിയുന്ന ഒരു പദ്ധതിയാണ് പുതിയ ഹോട്ടലുകള്‍. നല്ല ഭക്ഷണത്തിന് വിലയുണ്ടാകും. വൃത്തിയും ശുചിത്വവുമുള്ള ഹോട്ടലുകളില്‍ യാത്രക്കാര്‍ക്ക് കുറച്ചു നേരം വിശ്വമിക്കാന്‍ തന്നെ തോന്നും. അതുണ്ടാക്കി എടുത്ത മന്ത്രിക്ക് കയ്യടി കൊടുക്കണ്ട, പക്ഷെ അദ്ദേഹത്തിന്റെ പദ്ധതിയെ മോശമാക്കി ഇല്ലാതാക്കാന്‍ നോക്കരുത്.
CONTENT HIGHLIGHTS;Is food ‘free’ and can’t be eaten: Change the mindset of some KSRTC stalwarts, don’t get dirty