നിലവിൽ പ്രൊഡ്യൂസേർസ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് സാന്ദ്രയുള്ളത്. സംഘടനുമായി പ്രശ്നമുണ്ടെങ്കിലും ബദൽ സംഘടനയുണ്ടാക്കുന്നത് ഇതിന് പരിഹാരമല്ലെന്ന് കഴിഞ്ഞ ദിവസം സാന്ദ്ര തോമസ് വ്യക്തമാക്കി. പ്രൊഡ്യൂസേർസ് അസോസിയേഷന്റെ നേതൃനിരയിലുള്ളവർ ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന് സാന്ദ്ര പരാതിപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് സാന്ദ്രയെ പുറത്താക്കിയത്. ഒരു നിർമാതാവായ തനിക്ക് ഇങ്ങനെയൊരു സാഹചര്യമുണ്ടായെങ്കിൽ സാധാരണ ആർട്ടിസ്റ്റുകളുടെയും ടെക്നീഷ്യൻസിന്റെയും അവസ്ഥ എന്തായിരിക്കുമെന്നും കഴിഞ്ഞ ദിവസം സാന്ദ്ര തോമസ് ചോദിച്ചു. സംഘടനയുടെ നേതൃത്വത്തിലുള്ള നിർമാതാവ് സുരേഷ് കുമാറിന്റെ പെരുമാറ്റം കിം ജോങ് ഉന്നിനെ പോലെയാണെന്നും സാന്ദ്ര വിമർശിച്ചു.
നേതൃനിരയിലെ മറ്റൊരു നിർമാതാവിനെതിരെ പരോക്ഷ വിമർശനവും നടത്തി. ഡ്രെെവറായിരുന്നവരും പ്രൊഡക്ഷൻ കൺട്രോളറായിരുന്നവരുമാണ് ഇന്ന് പ്രൊഡ്യസേർസ് അസോസിയേഷന്റെ തലപ്പത്ത്. അവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷണിക്കണമെന്ന് സാന്ദ്ര തുറന്നടിച്ചു. ഈ പരാമർശത്തിൽ പല വ്യാഖ്യാനങ്ങളും വന്നു. ആന്റണി പെരുമ്പാവൂരിനെയാണ് സാന്ദ്ര ഉദ്ദേശിച്ചതെന്ന് വാദം വന്നു. ഡ്രെെവർമാർക്ക് പ്രൊഡ്യൂസർമാരായിക്കൂടേയെന്നും ചോദ്യങ്ങൾ ഉയർന്നു. ഇപ്പോഴിതാ തന്റെ പരാമർശത്തിൽ വിശദീകരണം നൽകുകയാണ് സാന്ദ്ര തോമസ്.
ഡ്രെെവറായി വരുന്നവർക്ക് നിർമാതാക്കളായി വരുന്നതിൽ ഒരു കുഴപ്പവുമില്ല. തന്റെ പരാമർശം ആ അർത്ഥത്തിൽ അല്ലെന്ന് സാന്ദ്ര പറയുന്നു. സമയം മലയാളത്തോടാണ് പ്രതികരണം. ഞാൻ ആരെയും വേർതിരിച്ച് കണ്ടിട്ടില്ല. ഓരോരുത്തരെയും വ്യക്തികളായാണ് കാണാറ്. അവരുടെ ജോലി നോക്കിയല്ല. എല്ലാവർക്കും ഒരേ ബഹുമാനം കൊടുക്കുന്ന ആളാണ്. ഡ്രെെവർമാർ പ്രൊഡ്യൂസർ അസോസിയേഷന്റെ തലപ്പത്തെത്തി എന്ന് പറഞ്ഞത് കാരണമുണ്ടെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.
ആന്റണി ചേട്ടനെയാണ് (ആന്റണി പെരുമ്പാവൂർ) ഞാൻ പറഞ്ഞതെന്ന് പലരും പറയുന്നു. ഞാൻ അത് ആലോചിച്ചിട്ട് പോലുമില്ല. ഞാൻ പറഞ്ഞത് ആന്റോ ജോസഫിനെക്കുറിച്ചാണ്. ആന്റോ ചേട്ടൻ ഒരു നടന്റെ ഡ്രെെവറായാണ് ആദ്യം ഇൻഡസ്ട്രിയിലേക്ക് വരുന്നത്. അതിന് ശേഷമാണ് പ്രൊഡക്ഷൻ കൺട്രോളറാകുന്നത്. അദ്ദേഹത്തിന്റെ സാമ്പത്തിത ശ്രോതസ്സ് പരിശോധിക്കണം എന്ന് തന്നെയാണ് ഞാൻ പറഞ്ഞത്.
ഈ സമയത്ത് എന്തിന് പുള്ളി കേരളം വിട്ട് പോകാൻ ശ്രമിക്കണം. ആളെ പറയാതിരുന്നത് കൊണ്ട് തെറ്റിദ്ധാരണ വേണ്ടെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. പ്രൊഡ്യൂസേർസ് അസോസിയേഷനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് സാന്ദ്ര തോമസിന്റെ തീരുമാനം.
പുറത്താക്കിയ നടപടി റദ്ദാക്കണമെന്നും തീരുമാനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് സാന്ദ്ര കോടതിയെ സമീപിച്ചിട്ടുണ്ട്യ
താൻ ലൈംഗിക അധിക്ഷേപത്തിനെതിരെ പരാതിപ്പെട്ടതിന്റെ പ്രതികാര നടപടിയാണിതെന്നാണ് സാന്ദ്രയുടെ വാദം.
ആന്റോ ജോസഫ് തന്നെ വളരെയേറെ ബുദ്ധിമുട്ടിച്ചെന്നും ഇവരെ പോലുള്ളവരെ രാജാക്കൻമാരായി വാഴിക്കുകയാണെന്നും നേരത്തെ സാന്ദ്ര ആരോപിച്ചിട്ടുണ്ട്.
content highlight: sandra thomas against producers