KSRTCയില്‍ ഇനി ശമ്പള കാലമാണ്. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് റെക്കോര്‍ഡ് കളക്ഷന്‍ വാരിക്കൂട്ടാനുള്ള എല്ലാ ഒരുക്കങ്ങളും KSRTC എടുക്കുമ്പോഴാണ് ശമ്പളം ഇതുവരെ കൊടുത്തിട്ടില്ല എന്ന വലിയ തടസ്സം മുമ്പില്‍ നില്‍ക്കുന്നത്. എന്നാല്‍, ഇനിയുള്ള ഏതു ദിവസവും ശമ്പളം അക്കൗണ്ടുകളില്‍ എത്തുമെന്ന പ്രതീക്ഷയുള്ളതു കൊണ്ട് തൊഴിലാളികള്‍ KSRTC മാനേജ്‌മെന്റിനെ ‘ട്രോളി’ കൊണ്ട് കലണ്ടര്‍ ഇറക്കിയിരിക്കുകയാണ്. ഈ കലണ്ടര്‍ ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലെല്ലാം വന്‍ഹിറ്റായിട്ടുണ്ട്.
നവംബര്‍ മാസത്തിലെ ഒന്നാം തീയതിയെ 16-ാം തീയതിയിലേക്കും, 16-ാം തീയതിയെ ഒന്നാം തീയതിയിലേക്കും മാറ്റിയാണ് കലണ്ടര്‍ ഇറക്കിയിരിക്കുന്നത്. അതായത്, ഒന്നാം തീയതി ശമ്പളം കിട്ടുന്ന സര്‍ക്കാര്‍ സഹായ സ്ഥാപനമായിരുന്നു പണ്ട് KSRTC. എന്നാല്‍, മാറിവന്ന സര്‍ക്കാരുകളുടെ ക്ഷേമ ഭരണത്തിലും KSRTC മാനേജ്‌മെന്റിന്റെ കെടുകാര്യസ്തതയിലും പുഷ്‌ക്കലകാലം അസല്തമിച്ചിട്ട് കാലം കുറേയായി. അന്നുതൊട്ട്, കേള്‍ക്കുന്നതാണ് ശമ്പള വിതരണത്തിലെ കാലതാമസവും, വെട്ടി മുറിച്ച് നല്‍കലും.
ഇപ്പോഴത്തെ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ വന്നശേഷമാണ് തൊഴിലാളികളുടെ കാതിന് ഇമ്പമാര്‍ന്ന ഒരു പ്രഖ്യാപനം പോലും കേട്ടത്. ശമ്പളം വെട്ടി മറിക്കാതെ ഒറ്റഗഡുവായി നല്‍കുമെന്നായിരുന്നു ഈ പ്രഖ്യാപനം. ഇത് നടപ്പാക്കുകയും ചെയ്തു. എന്നാല്‍, ശമ്പളം നല്‍കുന്നതിനുള്ള തീയതി ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. എന്നു കിട്ടും ശമ്പളം, എന്നതിന് വ്യക്തമായ മറപടി നല്‍കാന്‍ KSRTCയിലെ ആര്‍ക്കും കഴിയില്ല. ശമ്പളം തരും, അതും വെട്ടി മുറിക്കാതെ. പക്ഷെ, എന്നു തരും എന്നുള്ളതിന് ഗ്യാരന്റിയില്ല. അതാണ് അവസ്ഥ.
ഇത് തിരിച്ചറിഞ്ഞാണ് ജീവനക്കാര്‍ KSRTC മാനേജ്‌മെന്റിനെ ട്രോളിക്കൊണ്ട് കലണ്ടര്‍ ഇറക്കിയിരിക്കുന്നത്. കലണ്ടറിനൊപ്പം പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: ‘KSRTCയില്‍ ഒന്നാം തീയതി പതിനാറാം തീയതിയിലേക്കും പതിനാറാം തീയതി ഒന്നാം തീയതിയിലേക്കും മാറ്റിക്കൊണ്ട് പ്രത്യേക ഓര്‍ഡര്‍ ആയി ഇറക്കിയിരിക്കുന്നു. കാരണം ശമ്പളം കിട്ടുന്നത് അനുസരിച്ചാണ് തീയതിയില്‍ വ്യത്യാസം വരുത്തിയിരിക്കുന്നത്’. അതായത്, 15നു ശേഷം ശമ്പളം കിട്ടുമെന്നും, അതുകൊണ്ട് 16-ാം തീയതിയെ ഒന്നാം തീയതിയായി കണക്കാക്കണമെന്നുമാണ് അര്‍ത്ഥം വെക്കുന്നത്.
അതേസമയം, ഒന്നാം തീയതിക്കും അഞ്ചാം തീയതിക്കും ഇടയില്‍ ശമ്പളം ഒറ്റ തവണയായി നല്‍കാനുള്ള നീക്കങ്ങള്‍ മന്ത്രി തലത്തില്‍ സജീവമായി നില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ധനമന്ത്രി 30 കോടി KSRTCക്ക് അനുവദിക്കുകയും ചെയ്തിരുന്നു. ഇനി കണ്‍സോര്‍ഷ്യം നല്‍കേണ്ട തുക കൂടി ലഭിച്ചാല്‍ ശമ്പളം വിതരണം ചെയ്യാമെന്നാണ് കണക്കു കൂട്ടുന്നത്. പക്ഷെ, ശമ്പള വിതരണം അനന്തമായി നീളുന്നത് ജീവനക്കാരുടെ ജോലിയില്‍ ബാധിക്കുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ശമ്പളം വൈകുന്തോറും ജീവനക്കാരുടെ ബാധ്യതകളും കൂടുകയാണ് ചെയ്യുന്നത്.
കടംവാങ്ങിയും, കടം പറഞ്ഞുമൊക്കെയാണ് കുടുംബം മുന്നോട്ടു പോകുന്നതെന്നാണ് ജീവനക്കാരുടെ പരിഭവം. ശമ്പളം കിട്ടുമ്പോള്‍ കടം തീര്‍ക്കാനും, ലോണ്‍ അടയ്ക്കാനുമൊക്കെയേ കഴിയുന്നുള്ളൂ. കിട്ടുന്ന ശമ്പളം നേരത്തെ ലഭിച്ചാല്‍ സന്തോവും സമാധാനവും കിട്ടുമെന്നാണ് ഇവര്‍ പറയുന്നത്. ഇല്ലെങ്കില്‍ ടെന്‍ഷന്‍ വര്‍ദ്ധിക്കും. ഇത് ജോലിയെ ബാധിക്കുകയും ചെയ്യുന്നുണ്ട്. നിലവില്‍ KSRTCയുടെ വരുമാനത്തിലും വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മന്ത്രിതന്നെ ഇക്കാര്യം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. മിക്ക ഡിപ്പോകളും, ലാഭത്തിലോ, ലാഭമോ നഷ്ടമോ ഇല്ലാത്ത രീതിയിലേക്ക് മാറിയിട്ടുണ്ട്.
ശബരിമല തീര്‍ത്ഥാടന സമയത്ത്, കൂടുതല്‍ ബസുകള്‍ അയ്യപ്പന്‍മാരുടെ യാത്രാ സൗകര്യത്തിനായി ഇറക്കി വരുമാനം കൂട്ടാനാകുമെന്ന ചിന്തയുമുണ്ട്. അതിനുള്ള തയ്യാറെടുപ്പുകള്‍ KSRTC ചെയ്യുകയാണ്. ഇതിനിടയില്‍ ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്തില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമോ എന്നതാണ് വലിയ ആശങ്ക. നാളെ ശമ്പളം വിതരണം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ KSRTCയുടെ മൊത്തം പ്രവര്‍ത്തനത്തെയും ഇത് ബാധിച്ചേക്കുമെന്നും മാനേജ്‌മെന്റ് ഭയപ്പെടുന്നുണ്ട്.
CONTENT HIGHLIGHTS; Workers ‘trolley’ KSRTC management: Salary day in calendar is the issue; Employees say it’s right, and government officials say it’s wrong; ‘Troll Calendar’ became a big hit