ശബരമിലയില്‍ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തിരിതെളിഞ്ഞതിനു പിന്നാലെ വിവാദങ്ങളും കെട്ടെടുക്കുകയാണ്. ശബരിമല മേല്‍ശാന്തി സമാജം എന്ന പേരില്‍ വിദേശങ്ങളില്‍ നിന്നടക്കം കോടികളുടെ അനധികൃത പിരിവ് നടക്കുന്നുണ്ടെന്നാണ് വിവാദം. മേല്‍ശാന്തി സമാജത്തിന് കാലടിയില്‍ ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ എന്ന പേരിലാണ് മലേഷ്യ അടക്കം വിദേശ രാജ്യങ്ങളിലെ അയ്യപ്പ ഭക്തരില്‍നിന്നും കോടികള്‍ സംഭാവന പിരിക്കുന്നത്. ആലുവ സ്വദേശി കെ.അയ്യപ്പദാസാണ് അഖില ഭാരതീയ അയ്യപ്പ ധര്‍മ പ്രചാരസഭ എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് കോടികള്‍ പിരിക്കുന്നത്.
2006ല്‍ പുണ്യദര്‍ശനം മാസികയുടെ ചീഫ് എഡിറ്ററായ മധു മണിമലയുടെ ആഭിമുഖ്യത്തില്‍ തുടങ്ങിയ അഖില ഭാരതീയ അയ്യപ്പധര്‍മ്മ പ്രചാര സഭ എന്ന സംഘടനയുടെ അതേ പേരും ലോഗോയും വ്യാജമായി ഉണ്ടാക്കി ഉപയോഗിച്ചാണ് 2010- ഡിസംബര്‍ 14 – ന് അയ്യപ്പദാസ് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ കേന്ദ്രമാക്കി സ്വകാര്യ ട്രസ്റ്റ് ഉണ്ടാക്കിയത്. ഇതിനോടകം 100 കോടിക്കുമേല്‍ പണം ഈ ട്രസ്റ്റിന്റെ പേരുപയോഗിച്ച് തട്ടിയെടുത്തുവെന്നാണ് ആരോപണം. ശബരിമല തീര്‍ത്ഥാടനകാലം ആരംഭിച്ചതോടെ തട്ടിപ്പിന്റെ വ്യാപ്തി കൂടി.
സംഭവത്തില്‍ തട്ടിപ്പിന് ഇരയായ അന്യസംസ്ഥാനത്തെ ഒരു ഗുരുസ്വാമി ദേവസ്വം വിജിലന്‍സിന് പരാതി നല്‍കിയിരിക്കുകയാണ്. അയ്യപ്പദാസിന്റെ നേതൃത്വത്തില്‍ നാറാണംതോട് കേന്ദ്രീകരിച്ച് പുതിയ അയ്യപ്പ ക്ഷേത്രം നിര്‍മ്മിക്കാനും നീക്കമുണ്ട്. സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് നേരത്തെ എല്‍.ഐ.സി ഡവലപ്പ്‌മെന്റ് ഓഫീസര്‍ സ്ഥാനത്തുനിന്നും ഇയാളെ പിരിച്ചുവിട്ടിരുന്നു. തഞ്ചാവൂരില്‍ റോട്ടറി ക്ലബ് ഭാരവാഹിയായിരിക്കെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് പിടിയിലായിട്ടുണ്ട്.
അന്ന് അയ്യപ്പ ദാസിന്റെ അച്ഛന്‍ പതിമൂന്നര ലക്ഷംരൂപ നല്‍കിയാണ് മോചിപ്പിച്ചത്. അയ്യപ്പദാസും അച്ഛനും മകനും അമ്മാവനും അളിയനും അനിയനും മാത്രം അടങ്ങുന്നതാണ് ഈ ട്രസ്റ്റ്. ശബരിമലയില്‍ മേല്‍ശാന്തിമാരായി പ്രവര്‍ത്തിച്ച, ഇന്നു ജീവിച്ചിരിക്കുന്ന എല്ലാവരേയും ചേര്‍ത്താണ് അടുത്തിടെ ശബരിമല മേല്‍ശാന്തി സമാജം എന്ന പേരില്‍ സംഘടന രൂപീകരിച്ചത്. ശബരിമലയിലെ മുന്‍ മേല്‍ശാന്തിമാരായ എഴിക്കോട് ശശി നമ്പൂതിരി, ദാമോദരന്‍ പോറ്റി, റെജികുമാര്‍ നമ്പൂതിരി എന്നിവരെയാണ് ഭാരവാഹികളാക്കിയത്.
ഇവരെ മുന്‍നിര്‍ത്തിയാണ് അനധികൃതമായി കോടികള്‍ പിരിക്കുന്നത്. മേല്‍ശാന്തി സമാജത്തിന് കാലടിയില്‍ സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിക്കാനെന്ന പേരിലാണ് ധനാഢ്യരായ അയ്യപ്പഭക്തരില്‍ നിന്നും വന്‍തുകകള്‍ തട്ടിയെടുക്കുന്നത്. സാമ്പത്തിക തട്ടിപ്പിനിരയായ ഒരു ഗുരുസ്വാമി ദേവസ്വം വിജിലന്‍സിനു സംസ്ഥാന വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്. അന്യ സംസ്ഥാനത്തുള്ള ഒരു മുതിര്‍ന്ന അയ്യപ്പഭക്തനും പരാതി നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചതോടെ ദേവസ്വം വിജിലന്‍സ് സമഗ്ര അന്വേഷണത്തിന് തയ്യറെടുക്കുന്നു എന്നാണ് സൂചന.
ചില മുന്‍ മേല്‍ശാന്തിമാര്‍ സ്വന്തം കാര്യലാഭത്തിനായും മാര്‍ക്കറ്റിങ്ങിനായും ശബരിമല മേല്‍ശാന്തി എന്ന പദവി ദുരുപയോഗം ചെയ്യുന്നതായും ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇതിലും ഉടന്‍ അന്വേഷണം ഉണ്ടാകും. ശബരിമല മേല്‍ശാന്തിസമാജം വന്നാല്‍ അതിനുപിന്നാലെ കീഴ്ശാന്തി സമാജവും, മാളികപ്പുറം മേല്‍ശാന്തി സമാജവും, പമ്പാ മേല്‍ശാന്തി സമാജവും ഒക്കെ ഉണ്ടായേക്കാം എന്ന ചര്‍ച്ചയും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയും പരാതി ലഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ ഇതേക്കുറിച്ച് സമഗ്ര അന്വേഷണങ്ങള്‍ നടത്തുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
പണം പിരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: എഴിക്കോട് ശശി നമ്പൂതിരി
ശബരിമല മേല്‍ശാന്തി സമാജത്തിനു വേണ്ടി ധനസമാഹരണം നടത്താന്‍ സംഘടന ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്ന് പ്രസിഡന്റ് എഴിക്കോട് ശശി നമ്പൂതിരി. തങ്ങള്‍ അറിയാതെ ആരെങ്കിലും പണം പിരിക്കുന്നുണ്ടെങ്കില്‍ അതേപ്പറ്റി അന്വേഷണം നടത്തി ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ശശി നമ്പൂതിരി അറിയിച്ചു.
CONTENT HIGHLIGHTS;Illegal collection in the name of Sabarimala Melshanti Samajam: Collection of crores crossed the sea; Fraud, in the name of buying land for the society to construct a building