Features

സ്ത്രീ ആയതു കൊണ്ട് പോലീസ് ഡി.ജി.പി ആക്കാണമായിരുന്നു: ഒരുപാട് ആഗ്രഹിച്ചതാണ്, മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി വാഗ്ദാനം ചെയ്തിരുന്നു; മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ

താനൊരു വനിതയായതു കൊണ്ട് പോലീസ് ഡി.ജി.പി ആക്കണമായിരുന്നു. ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്. ഡി.ജി.പി ആക്കാമെന്ന് വാദ്ഗാനവും ചെയ്തുരുന്നുവെന്ന് മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ഐ.പി.എസ്. എനിക്ക് അര്‍ഹത ഉണ്ടായിരുന്നിട്ടു പോലും. പോലീസ് ഡി.ജി.പി ആക്കിയിട്ടില്ല. അത് വലിയ വിഷമം ഉണ്ടാക്കി. സ്ത്രീ ആയതു കൊണ്ടുമാത്രമല്ല, എന്നേക്കാള്‍ അഞ്ചു മാസം പ്രായംകുറഞ്ഞ ആളാണ് അപ്പോള്‍ പദവിലിരുന്നത്. സര്‍വ്വീസില്‍ അദ്ദേഹം സീനിയര്‍ ആയിരുന്നു. അദ്ദേഹം സെന്‍ട്രല്‍ സര്‍വ്വീസില്‍ ഡെപ്യൂട്ടേഷനു പോകുമ്പോള്‍ അടുത്ത ചാന്‍സ് തരാമെന്ന് മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി വാഗ്ദാനം ചെയ്തിരുന്നു. പോലീസിലെ ഉപദേഷ്ടാവും ഇതേ വാദ്ഗാനം നല്‍കിയിരുന്നു.

സ്ത്രീ ആയതു കൊണ്ട് തരണമായിരുന്നു എന്നാണ് പറയാനുള്ളത്. എന്നാല്‍, അന്നത്തെ ഡി.ജി.പിയുടെ ഡെപ്യൂട്ടേഷന്‍ ശരിയായില്ല. അദ്ദേഹം പോയതുമില്ല, എനിക്ക് ഡി.ജി.പി ആകാനും പറ്റിയില്ല. ഞാന്‍ റിട്ടയേര്‍ഡ് ആയതിനു ശേഷമാണ് അദ്ദേഹം റിട്ടയേര്‍ഡ് ആയതെന്നും ശ്രീലേഖ മനസ്സു തുറക്കുന്നു. ഷാര്‍ജ പുസ്തകോത്സവവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കേരളത്തിലെ ആദ്യ വനിതാ ജയില്‍ ഡി.ജി.പി മനസ്സു തുറന്നത്. സര്‍വ്വീസില്‍ നിന്നും പിരിഞ്ഞതിനു ശേഷം ശ്രീലേഖ കെ.എസ്.ഇ.ബിയുമായി സോഷ്യല്‍ മീഡിയയില്‍ പോരാട്ടം നടത്തിയാണ് വീണ്ടും ജനശ്രദ്ധ പിടിച്ചു പറ്റിയത്. തുടര്‍ന്ന് ബി.ജെ.പി അംഗത്വമെടുക്കുകയും ചെയ്തതോടെ പിന്നെയും വാര്‍ത്തകള്‍ക്കു കാരണമായി.

ഇപ്പോഴിതാ ഡി.ജി.പി സ്ഥാനം കിട്ടാത്തതിന്റെ കാരണം, വെളിപ്പെടുത്തിയാണ് ശ്രീലേഖ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ബി.ജെ.പിയില്‍ ചേര്‍ന്നതിനും, പൂരം കലക്കലുമായി ബന്ധപ്പെട്ടും, കേരളത്തിലെ ഇടതു വലതു പാര്‍ട്ടികളുടെ രാഷ്ട്രീയവുമെല്ലാം ശ്രീലേഖ പറയുന്നുണ്ട്. പോലീസിന് വലിയ അധികാരമാണുള്ളത്. പൂരം കലക്കാന്‍ മാത്രമല്ല, എന്തും കലക്കാനാകും. പോലീസിന്റെ പവര്‍ എന്നത്, വളരെ വലുതാണ്. അധികാരം ഉപയോഗിച്ച് എന്തും ചെയ്യാം. നല്ലതു ചെയ്യാന്‍ വേണ്ടിയാണ് അധികാരം കൊടുക്കുന്നതെങ്കിലും ഭൂരിഭാഗം ഉദ്യോഗസ്ഥരും മോശം കാര്യങ്ങള്‍ക്കാണ് അദികാരം ഉപയോഗിക്കുന്നത്. എം.ആര്‍. അജിത്കുമാറിനെ നല്ല ഉദ്യോഗസ്ഥനായാണ് മനസ്സിലാക്കിയിരുന്നത്.

 

വ്യക്തിപരമായ എന്തെങ്കിലും കാര്യം കൊണ്ടാണെന്ന് വിശ്വസിക്കുന്നില്ല. എന്നാല്‍, ആ വിഷയത്തില്‍ ഇടപെടുമ്പോള്‍ മനസ്സിലാകും, അതിന്റെ പിന്നില്‍ ആരാണ് ചരടു വലിക്കുന്നതെന്ന്. കൃത്യമായിട്ട് അറിയില്ലെങ്കിലും പഴയ സംഭവങ്ങള്‍ വെച്ച് നോക്കിയാല്‍ അതിനു പിന്നില്‍ ആളുണ്ടായിരുന്നിരിക്കാം. തൃശൂരില്‍ ഇലക്ഷന്‍ സമയമായിരുന്നു. ആ ഇലക്ഷനില്‍ ആരാണ് ജയിച്ചതെന്നും അറിയാമല്ലോ. പോലീസ് തലപ്പത്ത് ഡി.ജി.പിയെ നിയന്ത്രിക്കുന്നതാരാണോ അവരുടെ രാഷ്ട്രീയമാകും പോലീസ് സേനയ്ക്കുണ്ടാവുക. രാഷ്ട്രീയ മേല്‍ക്കോയ്മ പോലീസില്‍ ഉണ്ടാകും. അത് പോലീസ് സേനയെ ബാധിക്കും. പോലീസിനെ രാഷ്ട്രീയ വത്ക്കരിക്കാന്‍ പാടില്ല. കേരളത്തില്‍ മാത്രമാണ് പോലീസ് അസോസിയേഷന്‍ എന്ന സംഘടന ഉള്ളത്. അത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നതു തന്നെ വലിയ പ്രശ്‌നമാണ്.

സര്‍ക്കാരില്‍ നിന്നും ഒരു പരിഗണനയും കിട്ടിയിട്ടില്ല. ഞാന്‍ ചോദിച്ചിട്ടുമില്ല. പക്ഷെ ജനങ്ങളില്‍ നിന്നും നല്ല പരിഗണ കിട്ടിയിട്ടുണ്ട്. എന്നെ ആദ്യത്തെ വനിതാ ഡി.ജി.പി എന്നു പറഞ്ഞത് മാധ്യമങ്ങളാണ്. നന്ദിയുണ്ട്. പാര്‍ട്ടി നോക്കിയല്ല ജോലി ചെയ്തിരുന്നത്. സുരേഷ്‌ഗോപിയെ വ്യക്തപരമായി ഇഷ്ടമാണ്. ജനങ്ങള്‍ തെരഞ്ഞെടുത്തത് അദ്ദേഹത്തെയല്ലേ. അദ്ദേഹം നല്ല പൊളിറ്റീഷ്യനാണ്. അദ്ദേഹം നല്ല നടനാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം നല്ലതാണ്. ബി.ജെ.പിയില്‍ നിന്നും മത്സരിക്കാന്‍ ഓഫര്‍ വന്നാല്‍ നിരസിക്കും. എനിക്ക് പൊളിട്ടിക്‌സ് ചേരില്ല. അത്രയ്ക്ക് തൊലിക്കട്ടിയില്ല. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ നല്ലപോലെ തൊലിക്കട്ടി വേണം. പോലീസിനേക്കാള്‍ തൊലിക്കട്ടി വേണം. പോലീസിന് അത്രയ്ക്കും തൊലിക്കട്ടി വേണ്ട. മൃദുഭാവേ ദൃഢഗാത്രേ എന്നാണ്.

ഞാന്‍ നല്ലൊരു പോലീസ് ഓഫീസറായിരുന്നു എന്നാണ് എനിക്കു വിശ്വാസം. സി.ബി.ഐയില്‍ പോയിരുന്നു. അവിടെ നല്ലതു പോലെ ജോലി ചെയ്തു. പാര്‍ട്ടി നല്‍കുന്ന ഒരു പൊസിഷനെ കുറിച്ച് ചിന്തിച്ചിട്ടില്ല. അഭിപ്രായം ഇരുമ്പുലക്കയല്ല. അതുകൊണ്ട് അഭിപ്രായം പറയും. മെമ്പര്‍ഷിപ്പ് എടുത്തത് ഒരു സന്ദേശമാണ്. ബി.ജെ.പി എന്നാല്‍, മാറ്റി നിര്‍ത്തപ്പെടേണ്ട ഒന്നല്ല. ചിന്തിക്കുന്നവര്‍ക്ക് വരാനാകും. മറ്റു രണ്ടു പാര്‍ട്ടിയുമായി പ്രവര്‍ത്തിക്കാനായില്ലെങ്കിലും പോലീസില്‍ ഇരിക്കുമ്പോള്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. രണ്ടു പാര്‍ട്ടികളും ഒന്നാണ്. ഇരുവരും കാണിക്കുന്നത്, ചക്കളത്തിപ്പോരാണ്. ഇ.ഡി. പേടി കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നാണ് വാര്‍ത്ത വന്നത്. എന്നാല്‍, അതിന് ഒരു തെളിവ് തരാനാകുമോ. ചില വിഡ്ഢികള്‍ അങ്ങനെ ചേര്‍ന്നിട്ടുണ്ടാകും.

ബി.ജെ.പിയില്‍ ചേര്‍ന്നത്, രാഷ്ട്രീയ ആശയപരമായിട്ടുള്ള യോജിപ്പാണ്. അതേ പ്രകടിപ്പിച്ചുള്ളൂ. മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍ നടക്കുമ്പോള്‍ എന്നോടു ചോദിച്ചപ്പോള്‍ മെമ്പര്‍ഷിപ്പെടുത്തു. കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ഭാരതം നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അഭിമാനം നല്‍കുന്നു. എന്നാല്‍, കേരളം ചുരുങ്ങിപ്പോകുന്നു. മറ്റു സംസ്ഥാനങ്ങളില്‍ വികസനം വലുതാണ്. കോസ്റ്റ് ഓഫ് ലിവിംങ് വളരെ കുറവും. കേരളത്തില്‍ വളരെ കഷ്ടം. കാരണം, കേരളത്തില്‍ കമ്യൂണിസ്റ്റും കോണ്‍ഗ്രസും മാത്രമേയുള്ളൂ. ബി.ജെ.പിയില്ല. കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിയെ കൈനീട്ടി സ്വീകരിക്കുന്നില്ല. അതിനു കാരണം, കേരളം രൂപീകരിക്കപ്പെട്ട നാള്‍മുതല്‍ കമ്യൂണിസ്റ്റ് കേരളമാണ്. ആദ്യ സര്‍ക്കാര്‍ കമ്യൂണിസ്റ്റായിരുന്നു.

എല്ലാ സാഹിത്യവും കമ്യൂണിസത്തെ ബന്ധപ്പെടുത്തിയാണ്. നാടകം കമ്യൂണിസ്റ്റാണ്. സിനിമ കമ്യൂണിസ്റ്റാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുപിടിച്ച് നില്‍ക്കുകയാണ്. മറു ഭാഗത്ത് ഗാന്ധിജിയുടെ കോണ്‍ഗ്രസ് പിടിമുറുക്കി നില്‍ക്കുന്നു. ഇതിനകത്ത് മൂന്നാമതൊരു പാര്‍ട്ടി വളര്‍ന്നുവരാന്‍ വലിയ പാടാണ്. അഛ്ഛനമ്മമാര്‍ പറഞ്ഞു കൊടുക്കുന്നതാണ് മക്കള്‍ പഠിക്കുന്നത്. ഇവിടുത്തെ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ സംഘത്തെ കുറിച്ചോ ശാഖയെ കുറിച്ചോ ഒന്നും പറഞ്ഞു കൊടുക്കുന്നില്ല. കേരളത്തിലെ ഭൂരിഭാഗം ഹിന്ദുക്കളും കമ്യൂണിസ്റ്റുകാരാണ്. വിദ്യാഭ്യാസം രാഷ്ട്രീയത്തിന് ഒരു മാനദണ്ഡമേയല്ല. വിദ്യാഭ്യാസം രാഷ്ട്രീയത്തിന് ഒരു ക്രൈറ്റീയ അല്ലേയല്ല. വിദ്യാസമ്പന്നരായ ജനത ചെയ്യുന്ന ഏറ്റവും വലിയ വിപത്താണ് മാധ്യമങ്ങള്‍ പറയുന്നത് വിശ്വസിക്കുന്നു എന്നത്.

സ്വതന്ത്രമായി ചിന്തിക്കുന്നില്ല. അങ്ങനെ ചിന്തിക്കണമെങ്കില്‍ മറ്റുള്ളവര്‍ തരുന്ന ആശയങ്ങളെ വിശകലനം ചെയ്യണം. വര്‍ഗീയ ധ്രുവീകരണം നടന്നിട്ടുണ്ട് എന്നു പറയുന്ന കാര്യത്തിന് ഒരു തെളിവ് തരാമോ കേരളത്തില്‍ നടന്നിട്ടുള്ള ഒരു തെളിവ്. മറ്റിടങ്ങളില്‍ നടക്കുന്ന കാര്യങ്ങളെ ഇവിടെ പെരുപ്പിച്ച് കാണിക്കുന്നു. എന്നിട്ട്, വര്‍ഗീയ ധ്രൂവീകരണമെന്നു പറയുന്നുവെന്നും ശ്രീലേഖ പറഞ്ഞു.

CONTENT HIGHLIGHTS; She should have been made DGP of Police because she was a woman: Achhat wanted it, the Political Secretary to the Chief Minister had promised; Former D.G.P.R. Srilekha