Features

NSS ഹോസ്റ്റല്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പോ ?: അമ്മുവിന്റെ ആത്മഹത്യ കൊലപാതക സൂചനകള്‍ നല്‍കുമ്പോള്‍; പ്രതിഷേധങ്ങള്‍ തൊണ്ടയില്‍ തടഞ്ഞ രാഷ്ട്രീയം

പൂക്കോട്ടൂര്‍ വെറ്റിനറി സര്‍വ്വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ ആത്മഹത്യ മറക്കാറായിട്ടില്ല

ഒരു മാലാഖയാണ് ജീവനൊടുക്കിയത്. ആതുര സേവന രംഗത്തേക്ക് കാരുണ്യത്തിന്റെ കരസ്പര്‍ശം കാലങ്ങളോളം നല്‍കേണ്ടിയിരുന്ന മാലാഖ. അവളുടെ ജീവന്റെ വില എന്താണെന്ന് കുടുംബത്തേക്കാള്‍ ചിന്തിക്കേണ്ടത് സമൂഹമാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയക്കാരുടെ കപടതകള്‍ക്കപ്പുറം സാധാരണ ജനങ്ങള്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പും, അതിനുവേണ്ടി നടത്തുന്ന കുതിരക്കച്ചവടവുമെല്ലാം വാര്‍ത്തകള്‍ ആകേണ്ടതു തന്നെയാണ്. പക്ഷെ, അതിനേക്കാള്‍ വലിയ നഷ്ടം സംഭവിച്ചിരിക്കുന്നത് പത്തനംതിട്ടയിലെ എസ്.എം.ഇ കോളേജ് ഓഫ് നഴ്‌സിംഗിലാണ്. അമ്മു എ.സജീവന്റെ ആത്മഹത്യയിലൂടെ. പ്രണയ നൈരാശ്യങ്ങള്‍ക്കൊടുവില്‍ ആത്മഹത്യയിലേക്ക് അഭയം തേടുന്ന കുട്ടികളുണ്ട്.

എന്നാല്‍, അമ്മുവിന്റെ ആത്മഹത്യ അങ്ങനെയൊന്നല്ല. അങ്ങനെ സംഭവിക്കാന്‍ ഒരു വഴിയുമില്ലെന്ന് മാതാപിതാക്കള്‍ ആണയിട്ടു പറയുമ്പോള്‍ അവിശ്വസിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ഇന്നലെ ആരോഗ്യമന്ത്രി ആരോഗ്യ സര്‍വ്വകലാശാലയോട് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതും. മറന്നു പോകാതെ തെളിഞ്ഞു നില്‍ക്കുന്ന മറ്റൊരു ആത്മഹത്യ കൂടി പറയാതെ വയ്യ. പൂക്കോട്ട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ ആത്മഹത്യ. അതിന്റെ അന്വേഷണവും നടപടികളുമെല്ലാം എങ്ങനെയായെന്നത് ഓര്‍ക്കണം. സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ നീതിക്കുവേണ്ടി ഇപ്പോഴും അലയുന്നുണ്ട്.

തെറ്റു ചെയ്തവരും ചെയ്യാന്‍ പ്രേരിപ്പിച്ചവരുമെല്ലാം ഒരു പരിക്കുകളുമില്ലാതെ നില്‍ക്കുന്നുണ്ട്. നിയമത്തിന്റെ പഴുതുകള്‍ കണ്ടെത്തി അവരെ സംരക്ഷിക്കാന്‍ അധികാരത്തിലുള്ളവരും ഒപ്പം നില്‍ക്കുന്നുണ്ട്. ഇതേ അവസ്ഥയാണ് പത്തനം തിട്ടയിലെ അമ്മുവിന്റെ ആത്മഹത്യയുടെ പിന്നാലെയുള്ള നീക്കത്തിലും തെളിഞ്ഞു കാണുന്നത്. കോഴ്സ് തീരാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് അമ്മു ജീവനൊടുക്കുന്നത്. ഇതിന്റെ കാരണം എല്ലാവര്‍ക്കും നന്നായറിയാം. പക്ഷേ ആര്‍ക്കും പ്രതിഷേധിക്കന്‍ സമയവുമില്ല, താല്‍പ്പര്യവുമില്ല. NSS ഹോസ്റ്റലിന് മുകളില്‍ നിന്നാണ് അമ്മു വീണു മരിച്ചത്. എന്നിട്ടും ഹോസ്റ്റലുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പത്തനംതിട്ട എസ്.എം.ഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്നു അയിരൂപ്പാറ രാമപുരത്തു പൊയ്കയില്‍ ശിവം വീട്ടില്‍ സജീവിന്റെയും രാധാമണിയുടെയും മകള്‍ അമ്മു എ.സജീവ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളില്‍നിന്നു വീണു മരിച്ചത്. എന്നാല്‍, ഈ ഹോസ്റ്റല്‍ NSS ന്റെ ഉടമസ്ഥതയിലുള്ളതാണെന്നു പോലും ഒരാളും പറയുന്നില്ല. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതിയില്‍ കഴിഞ്ഞവര്‍ഷം ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തുിരുന്നു. അന്ന് വ്യാപക സമരമായിരുന്നു. കോളേജിന് സംരക്ഷണത്തിന് കോടതിയെ പോലും സമീപിക്കേണ്ടി വന്നു. എന്നാല്‍ പലാക്കാട് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ആരും അമ്മുവിന്റെ മരണത്തെ പ്രതിഷേധത്തിലൂടെ ചര്‍ച്ചയാക്കാന്‍ ആഗ്രഹിക്കുന്നില്ല.

അത് വോട്ട് കുറയ്ക്കുമോ എന്തനാണ് പേടി. കഴിഞ്ഞ ദിവസം എ.ബി.വി.പി വിഷയത്തില്‍ പ്രതിഷേധം നടത്തി. അതിന് അപ്പുറം ആരും എത്തുന്നില്ല. ഈ ഇരട്ടത്താപ്പ് തിരിച്ചറിയണം. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും രാഷ്ടട്രീയ കേരളം മൗനത്തിലാണ്. സംഭവത്തില്‍ കോളജിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മൊഴിയെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. പത്തനംതിട്ട പൊലീസാണ് മൊഴിയെടുത്തത്. അമ്മുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടതും. സഹപാഠികളില്‍ ചിലരുടെ മാനസികവും ശാരീരികവുമായ പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു.

ഒപ്പം പഠിക്കുന്ന 2 വിദ്യാര്‍ഥിനികള്‍ ഹോസ്റ്റലില്‍ വച്ച് മാനസികമായി ഉപദ്രവിച്ചിരുന്നതായി അമ്മു നേരത്തേ പിതാവ് സജീവിനോട് പറയുകയും തുടര്‍ന്ന് സജീവ് പ്രിന്‍സിപ്പലിനു പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മൊഴിയെടുപ്പില്‍ സാധാരണ ആത്മഹത്യ ആയാണ് എല്ലാവരും വിശദീകരിച്ചത്. മരിച്ച അന്നു വൈകിട്ട് 4ന് അമ്മു മാതാപിതാക്കളെയും സഹോദരന്‍ അഖിലിനെയും വിളിച്ചിരുന്നു. സംസാരത്തില്‍ അസ്വാഭാവികത ഇല്ലായിരുന്നെന്നാണ് കുടുംബം പറയുന്നത്. കോഴ്സ് തീരാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ അമ്മു ജീവനൊടുക്കാന്‍ സാധ്യതയില്ലെന്ന് വീട്ടുകാര്‍ പറയുമ്പോള്‍ അനേഷണത്തില്‍ തെളിയേണ്ടതെന്തോ ഉണ്ടെന്നാണര്‍ത്ഥം.

അമ്മുവിന് സഹപാഠികളായ മൂന്നുപേരില്‍ നിന്ന് കടുത്ത മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ക്ലാസിലും ഹോസ്റ്റലിലും നിരന്തരം ഈ വിദ്യാര്‍ത്ഥിനികള്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നും സംശയമുണ്ട്. ടൂര്‍ കോര്‍ഡിനേറ്ററായി അമ്മുവിനെ ചുമതലപ്പെടുത്തിയതും ഇവര്‍ എതിര്‍ത്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിക്കുന്നത്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് അമ്മു ചാടിയ ദിവസവും ഇവരും അമ്മുവുമായി ക്ളാസില്‍വച്ച് വഴക്കുണ്ടായതായും പൊലീസ് പറയുന്നു. ക്ളാസില്‍ നിന്ന് വന്നയുടന്‍ തന്നെ അമ്മു കെട്ടിടത്തിന്റെ മുകളില്‍ കയറി ചാടുകയായിരുന്നുവെന്നാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ പറയുന്നത്.

ഹോസ്റ്റലിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. മരണത്തില്‍ ആരോപണ വിധേയരായ മൂന്ന് വിദ്യാര്‍ത്ഥിനികളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും.എന്നാല്‍, മരണത്തില്‍ ദുരൂഹതയില്ലെന്ന നിഗമനത്തിലാണ് പോലീസ്. പക്ഷെ സന്തോഷവതിയായിരുന്ന വിദ്യാര്‍ത്ഥിനി എന്തുകൊണ്ട് ആത്മഹത്യ ചെയ്തു എന്നതാണ് പോലീസിനെ അലട്ടുന്നത്. നാല് സഹപാഠികള്‍ തമ്മില്‍ വലിയ അടുപ്പമായിരുന്നു. ഇവരില്‍ മൂന്നു പേര്‍ ഒരു ഭാഗത്തും അമ്മു മറുഭാഗത്തുമായാണ് പ്രശ്‌നം തുടങ്ങിയത്. വഴക്കടിക്കാത്ത പ്രകൃതമാണ് അമ്മുവിന്റേത് എന്നാണ് കുടുംബം പറയുന്നത്. അമ്മു താമസിച്ചിരുന്ന മുറിയില്‍ സഹപാഠികള്‍ അതിക്രമിച്ച് കയറിയതായും കുടുംബം പറയുന്നുണ്ട്.

CONTENT HIGHLIGHTS; NSS Hostel Concentration Camp?: When Ammu’s Suicide Hints at Murder; Protests are choked by politics