Features

ഡല്‍ഹിയില്‍ അപ്രതീക്ഷിത നീക്കവുമായി ആം ആദ്മി പാര്‍ട്ടി; തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുന്‍പേ 11 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പാര്‍ട്ടി ചരിത്രം കുറിക്കുന്നു

2025ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 11 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി രാജ്യ തലസ്ഥാനത്തെ ഞെട്ടിപ്പിച്ച് ആം ആദ്മി പാര്‍ട്ടി. ഒരു പക്ഷേ ഈയടുത്ത കാലത്തൊന്നും കേട്ടിട്ടില്ലാത്ത വലിയൊരു പരീക്ഷണമാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി നടപ്പാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ വന്നതിനുശേഷം ഏകദേശം ഒന്നര മാസത്തിനടുത്തായിരിക്കും ഒട്ടു മിക്ക രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ പുതിയ നീക്കത്തില്‍ അമ്പരിന്നിരിക്കുകയാണ് ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍. രാജ്യതലസ്ഥാനം ഉള്‍ക്കൊള്ളുന്ന ഡല്‍ഹി സംസ്ഥാനം പിടിച്ചടക്കുകയെന്നത് ബിജെപിയുടെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്ന ഡല്‍ഹി നിറഞ്ഞ് കളിക്കുന്ന അരവിന്ദ് കെജ്രിവാളിനെ പിടികൂടി പൂട്ടിടാന്‍ ഇതുവരെ കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. കോണ്‍ഗ്രസിനും ഡല്‍ഹിയെന്നാല്‍ അഭിമാന പോരാട്ടമാണ്. 1998 മുതലുള്ള മൂന്ന് ടേമടങ്ങുന്ന 15 വര്‍ഷം ഭരിച്ചിരുന്ന കോണ്‍ഗ്രസില്‍ നിന്നുമാണ് ആം ആദമി മുഴുവന്‍ സീറ്റും പിടിച്ചെടുത്തത്. ഇന്ത്യ സഖ്യ കക്ഷികളാണ് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമെങ്കിലും കേരളത്തെ പോലെ വേറിട്ട് മത്സരിക്കാനാണ് സാധ്യത കൂടുതല്‍.

ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുന്‍ നേതാക്കളായ ബ്രഹ്‌മ് സിങ് തന്‍വാര്‍, അനില്‍ ഝാ, ബിബി ത്യാഗി, മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ചൗധരി സുബൈര്‍ അഹമ്മദ്, വീര്‍ ദിങ്കന്‍, സുമേഷ് ഷോക്കീന്‍ എന്നിവര്‍ അടുത്തിടെ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന ആറു പേര്‍ ഉള്‍പ്പടെയുള്ള പട്ടികയാണ് പ്രസിന്ധീകരിച്ചിരിക്കുന്നത്.
എഎപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക
സ്ഥാനാര്‍ത്ഥികള്‍ – മണ്ഡലം

ബ്രഹ്‌മ സിംഗ് തന്‍വാര്‍ – ഛത്തര്‍പൂര്‍
അനില്‍ ഝാ – കിരാരി
ദീപക് സിംഗ്ല – വിശ്വാസ് നഗര്‍
സരിതാ സിംഗ് – റോഹ്താസ് നഗര്‍
ബിബി ത്യാഗി – ലക്ഷ്മി നഗര്‍
രാം സിംഗ് നേതാജി – ബദര്‍പൂര്‍
ചൗധരി സുബൈര്‍ അഹമ്മദ് – സീലംപൂര്‍
വീര്‍ സിംഗ് ദിംഗന്‍ – സീമാപുരി
ഗൗരവ് ശര്‍മ്മ – ഘോണ്ട
മനോജ് ത്യാഗി – കാരവാല്‍ നഗര്‍
സുമേഷ് ഷോക്കീന്‍ – മതിയാല

അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവരുടെ പ്രധാന അംഗമായ കൈലാഷ് ഗഹ്ലോട്ട് രാജിവച്ച് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ഉണ്ടായിരിക്കുന്നത്. എഎപി മന്ത്രിസഭയില്‍ മന്ത്രി കൂടിയായിരുന്ന ഗഹ്ലോട്ട് 2025 ഫെബ്രുവരിയിലെ ഡല്‍ഹി തിരഞ്ഞെടുപ്പിന് മുമ്പുള്ള തന്റെ സ്ഥാനവും പാര്‍ട്ടിയും രാജിവച്ചു. രാജി കാരണമായി നിരവധി കാര്യങ്ങളാണ് കൈലാഷ് ഗഹ്ലോട്ട് പറഞ്ഞത്. പാര്‍ട്ടി ഉള്ളില്‍ നിന്ന് അഭിമുഖീകരിക്കുന്ന ഗുരുതരമായ വെല്ലുവിളികള്‍, ലജ്ജാകരമായ വിവാദങ്ങള്‍, ഡല്‍ഹി പൗരന്മാര്‍ക്ക് നടത്താത്ത വാഗ്ദാനങ്ങള്‍ എന്നിവയാണ് എഎപിയുടെ തട്ടിപ്പുകളെന്ന് ഗഹ്ലോട്ട് ഉദ്ധരിച്ചു.

ഞായറാഴ്ച, ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനും ധര്‍മ്മയുദ്ധത്തിനും (നീതിപരമായ യുദ്ധം) സമാനതകള്‍ കാണിച്ചു, വ്യക്തിഗത സ്ഥാനാര്‍ത്ഥികളെ നോക്കാതെ എല്ലാവരില്‍ നിന്നും താന്‍ മത്സരിക്കുന്നതുപോലെ പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. ഡല്‍ഹിയില്‍ 70 സീറ്റുകളിലേക്കാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ദേശീയ തലസ്ഥാനത്തെ ജനങ്ങളെ സേവിക്കാനുള്ള ഇച്ഛാശക്തി ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഇല്ലെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും അവകാശപ്പെട്ടിരുന്നു. ‘ഞങ്ങള്‍ പരിമിതമായ വിഭവങ്ങളുള്ള ഒരു ചെറിയ പാര്‍ട്ടിയാണ്, ബിജെപിക്ക് ധാരാളം ഫണ്ടുകളും അധികാരവുമുണ്ട്, പക്ഷേ അവര്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല, കാരണം അവര്‍ക്ക് സേവിക്കാനുള്ള ഇച്ഛാശക്തി കുറവാണ്. ടിക്കറ്റ് കിട്ടുന്ന സ്ഥാനാര്‍ത്ഥിയെ നോക്കരുത്. 70 സീറ്റുകളിലും (ഡല്‍ഹിയില്‍) മത്സരിക്കുന്നതുപോലെ നിങ്ങള്‍ പ്രവര്‍ത്തിക്കണം,’ എഎപി മേധാവി പറഞ്ഞു. ഡല്‍ഹിയിലേക്കുള്ള തന്റെ പാര്‍ട്ടിയുടെ ആറ് സൗജന്യ പുനരവലോകനം, വൈദ്യുതി, വെള്ളം, വിദ്യാഭ്യാസം, ആരോഗ്യ തീര്‍ത്ഥാടനം, സ്ത്രീകള്‍ക്ക് ബസ് യാത്ര എന്നിവ തുടരുമെന്ന് കെജ്രിവാള്‍ ആവര്‍ത്തിച്ചു. ”ബിജെപി എന്തുവിലകൊടുത്തും ഡല്‍ഹിയുടെ അധികാരം ആഗ്രഹിക്കുന്നു, കാരണം പൊതുജനങ്ങള്‍ക്ക് നല്‍കുന്ന ഈ കാര്യങ്ങള്‍ നിര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2025ലെ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ എഎപിയെ പരാജയപ്പെടുത്താന്‍ ബിജെപി എന്തും ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എക്സൈസ് നയ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം നേടിയ ശേഷം രാജിവച്ച കെജ്രിവാള്‍, ഒരു ദിവസം ഡല്‍ഹിയിലെ എല്ലാ ജനങ്ങളും ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകരാകുമെന്നത് തന്റെ സ്വപ്നമാണെന്ന് പറഞ്ഞു. അതേസമയം, തങ്ങളുടെ സര്‍ക്കാരിനെതിരായ അഴിമതിയാരോപണങ്ങള്‍ കാരണം എഎപി തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ബിജെപി കെജ്രിവാളിനെതിരെ പ്രതികരിച്ചു.

എഎപി കരുത്തിൽ ഡൽഹി

ഡല്‍ഹി നിയമസഭയിലേക്കുള്ള എട്ടാമത്തെ മന്ത്രിസഭയാണ് അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരമേല്‍ക്കുക. കഴിഞ്ഞ മൂന്ന് നിയമസഭകളിലെ പ്രകടനം അതുപോലെ തുടരാന്‍ കൃത്യമായ പ്ലാനിങുമായാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി മുന്നില്‍ വരുന്നത്. അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെ അതിഷി മര്‍ലനേയാണ് ഇപ്പോള്‍ ഡല്‍ഹിയിലെ മുഖ്യമന്ത്രി. അരവിന്ദ കെജ്രിവാള്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. തത്ക്കാലം തന്റെ കള്ള മദ്യനയ കേസ് അവസാനിപ്പിച്ചിട്ടേ മുഖ്യമന്ത്രി കസേരയില്‍ തിരകെയെത്തുകയുള്ളവെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു.

1993 ല്‍ സംസ്ഥാന പദവി വീണ്ടും നേടിയെടുത്ത ഡല്‍ഹിയില്‍, മദന്‍ ലാല്‍ ഖുറാനയുടെ നേതൃത്വത്തില്‍ ബിജെപി മന്ത്രിസഭ ഒന്നാം അസംബ്ലി രൂപീകരിച്ചു. തുടര്‍ന്നുള്ള അഞ്ചു വര്‍ഷക്കാലം ഷഹീബ് സിംഗ് വര്‍മ്മ, സുഷമ സ്വരാജ് എന്നിവര്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നു. 1998 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഷീല ദീക്ഷിത് മുഖ്യമന്ത്രിയായി വിജയിച്ചെത്തിയതോടെ രാജ്യ തലസ്ഥാനത്തിന് പുതിയ മാനം കൈവന്നു. മൂന്ന ടേമുകളിലായി 15 വര്‍ഷക്കാലമാണ് ഷീല ദീക്ഷിത് ഡല്‍ഹിയുടെ മുഖ്യമന്ത്രിയായത്. 2013 ആം ആദ്മി എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് മത്സരിച്ച വിജയിച്ച അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി വിജയിച്ചു കയറി. ഒട്ടും രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ഒരു പാര്‍ട്ടിയും മുഖ്യമന്ത്രിയും അങ്ങനെ രാജ്യ തലസ്ഥാനത്തെ ഭരിക്കാന്‍ തയ്യാറായി എത്തി. 2013 ല്‍ ബിജെപി ജയിച്ച് 32 സീറ്റ് നേടിയെങ്കിലും എട്ട് സീറ്റ് നേടിയ കോണ്‍ഗ്രസ് 28 സീറ്റ് നേടിയ ആം ആദ്മിയെ പിന്തുണയ്ക്കുകയായിരുന്നു. ആ പിന്തുണ പിന്‍വലിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നേരിട്ട ആം ആദ്മി 70 ല്‍ 67 സീറ്റ് നേടി ചരിത്ര ഭൂരിപക്ഷത്തോടെ ഭരണത്തിലേറി. 2015 വീണ്ടും മത്സരിച്ച് ചരിത്രം കുറിച്ച എഎപിക്ക് ഒരു നല്ല പ്രതിപക്ഷത്തെ നല്‍കാന്‍ പോലും ഡല്‍ഹി ജനത സമ്മതിച്ചില്ല. അവര്‍ 55ശതമാനം വോട്ടും ആം ആദ്മിക്കു തന്നെ നല്‍കി. 10 ശതമാനം സീറ്റില്ലാത്തതിനാല്‍ പ്രതിപക്ഷം ആ തവണയില്ലായിരുന്നു ഡല്‍ഹിയില്‍. 2020 നടന്ന തെരഞ്ഞെടുപ്പിലും ആം ആദ്മി വ്യക്തമായ മുന്നേറ്റം തന്നെയാണ് നടത്തിയത്. 70ല്‍ 62 സീറ്റ് നേടി വീണ്ടും ഡല്‍ഹിയില്‍ അനിഷേധ്യ സാന്നിധ്യമായി മാറി. ആം ആദ്മി ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെങ്കിലും ഡല്‍ഹിയില്‍ വേറിട്ടാണ് മത്സരിക്കുന്നത്.