Investigation

KSRTCയില്‍ DTOമാരുടെ കൊള്ളയടി: എം. പാനലുകാരെ ജോലിക്ക് എടുക്കുന്നതിന്റെ പേരില്‍ 5000 മുതല്‍ പതിനായിരം വരെ പിരിവ്; സര്‍ക്കാരോ മാനേജ്‌മെന്റോ പിരിവിന് ഉത്തരവിറക്കിയിട്ടില്ലെന്ന് ആക്ഷേപം (എക്‌സ്‌ക്ലൂസീവ്)

ഒരിടവേളയ്ക്കു ശേഷം വരുമാനം കൂട്ടാനുള്ള വിദ്യകളില്‍ ഒന്നായ സര്‍വീസുകള്‍ കൂടുതല്‍ ഓടിക്കാനായി KSRTC തയ്യാറെടുക്കുമ്പോള്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ എം. പാനല്‍ ജീവനക്കാരെ കയറ്റുകയാണ്. എന്നാല്‍, ഇങ്ങനെ പുതുതായി എടുക്കുന്ന താല്‍കാലിക കണ്ടക്ടര്‍മാരില്‍ നിന്ന് പണപ്പിരിവ് നടത്തുന്നുണ്ടെന്ന വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. പകല്‍ കൊള്ളയ്ക്കു സമാനമായാണ് ഈ പണപ്പിരിവ് നടക്കുന്നത്. 5000 മുതല്‍ 10,000 രൂപ വരെയാണ് DTO മാര്‍ വാങ്ങുന്നത്. ഇത് ഏത് കണക്കില്‍പ്പെടുത്തിയാണ് KSRTC പണം പിരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. ഇങ്ങനെയൊരു ഉത്തരവ് കോര്‍പ്പറേഷനോ, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പോ മന്ത്രിയോ ഇതുവരെ ഇറക്കിയിട്ടുമില്ല.

എം. പാനല്‍ ജീവനക്കാര്‍ കോഷന്‍ ഡിപ്പോസിറ്റ് എന്ന നിലയില്‍ 5000 രൂപ കെട്ടി വെച്ചിട്ടാണ് നേരത്തെ ജോലിക്ക് കയറിയിരുന്നത്. ഇത് ജോലി നഷ്ടപ്പെടുമ്പോള്‍ തിരിച്ചു കൊടുക്കേണ്ടതുമാണ്. എന്നാല്‍, എം. പാനലുകാരെ പിരിച്ചു വിട്ടപ്പോള്‍ കോഷന്‍ ഡിപ്പോസിറ്റായി വാങ്ങിയ തുക തിരിച്ചു കൊടുത്തിരുന്നില്ല. എന്നെങ്കിലും തിരിച്ച് ജോലിയില്‍ കയറാനാകുമെന്ന പ്രതീക്ഷയില്‍ ആ പണം തിരുച്ചു വാങ്ങാന്‍ എം. പാനലുകാരും തയ്യാറായില്ല. വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും KSRTC വിളിച്ചപ്പോള്‍ എം. പാനലുകാര്‍ ജോലിക്കു കയറാന്‍ ചെന്നപ്പോഴാണ് വീണ്ടും പണം കെട്ടിവെയ്ക്കണമെന്ന ഇടിത്തീ DTOമാരില്‍ നിന്നും വന്നിരിക്കുന്നത്.

സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ ഇന്നു ജോലിക്കു പോയവരോട് 5000 രൂപ ആവശ്യപ്പെട്ടു. കൊല്ലം ജില്ലയിലെ വിവിധ ഡിപ്പോകളില്‍ 5000 രൂപവെച്ച് പിരിവെടുത്തിട്ടുണ്ട്. കല്‍പ്പറ്റയില്‍ 11 പേരെ എടുത്തു. അവരില്‍ നിന്നും 5000 രൂപവെച്ച് വാങ്ങി. ഇവരെല്ലാം നേരത്തെ 5000 രൂപ അടച്ചവരാണ്. വെള്ളനാട് ഡിപ്പോയില്‍ നാല് പേരില്‍ നിന്നും പണം വാങ്ങി. അതേസമയം, ഇടുക്കിയില്‍ 16 പേരെ എടുത്തു. ഇവരില്‍ നിന്നും 10,000 രൂപവെച്ച് വാങ്ങിയിട്ടുണ്ട്.

ഇങ്ങനെ തോന്നിയതു പോലെ പണം പിരിക്കുന്ന ഏര്‍പ്പാടിന് മന്ത്രിയോ, വകുപ്പോ, കോര്‍പ്പറേഷനോ അനുമതി നല്‍കിയിട്ടുണ്ടോ എന്നാണറിയേണ്ടത്. എം.പാനല്‍ കൂട്ടായ്മയുടെ സംസ്ഥാന കമ്മിറ്റിയും ഇതേ തുടര്‍ന്ന് ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. പിച്ചച്ചട്ടിയില്‍ കൈയ്യിട്ടു വാരുന്ന സമീപനമാണ് KSRTC ചെയ്യുന്നതെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, പാലക്കാട് ഡിപ്പോയില്‍ ഈ പിരിവ് നടത്തിയിട്ടില്ല. ഔദ്യേഗികമായി ഉത്തരവോ, നിര്‍ദ്ദേശമോ കിട്ടാതെ ആരും പണം കൊടുക്കേണ്ടതില്ലെന്ന നിലപാടാണ് ഇവിടെയുള്ള ഉദ്യോഗസ്ഥര്‍ എടുത്തിരിക്കുന്നത്.

ഇതു സംബന്ധിച്ച് എം. പാനല്‍ കൂട്ടായ്മ സംസ്ഥാന ഭാരവാഹികള്‍ പറയുന്നത് ഇങ്ങനെ:

നേരത്തെ നല്‍കിയ 5000 രുപക്ക് പുറമെ 5000 രുപ കൂടി വാങ്ങിക്കാന്‍ പറഞ്ഞ് ഇതു വരെ കോര്‍പ്പറേഷന്‍ ഉത്തരവുകളൊന്നും തന്നെ ഇറക്കിയിട്ടില്ല. ഇപ്പോള്‍ ചില യൂണിറ്റുകളിലും ജില്ലകളിലും ഇത്തരം ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 5000 രുപ അധികമായി വാങ്ങിക്കുന്നത്. ഈ യൂണിറ്റുകളിലെ മേലുദ്യോഗസ്ഥരുടെ മാത്രം തീരുമാനമാണ്. ഇക്കാര്യത്തില്‍ കോര്‍പ്പറേഷന്‍ ഉത്തരവില്ലാതെ പണം കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥരെ നിലക്കു നിര്‍ത്താന്‍ കോര്‍പ്പറേഷന്‍ അധികാരികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരായ നിയമ നടപടി സ്വീകരിക്കുക തന്നെ ചെയ്യും.

ഒരു ലിസ്റ്റിലെ കുറച്ച് പേരെ എടുക്കുമ്പോള്‍ ഒരു നിയമവും അതിലെ മറ്റ് കുറച്ച് പേരെ എടുക്കുമ്പോള്‍ മറ്റൊരു നിയമവുമെന്ന തുഗ്ലക്കിനെ വെല്ലുന്ന കോമാളിത്തരം കോര്‍പ്പറേഷന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം ഈ തൊഴിലാളി വിരുദ്ധതക്ക് വെളിച്ചം വീശുന്ന തൊഴിലാളി യൂണിയനുകളോടുള്ള സഹതാപവും രേഖപ്പെടുത്തുന്നു. ഈ നെറിക്കേട് തിരുത്താന്‍ മന്ത്രിയും CMD യുംഅടിയന്തിരമായി വിഷയത്തില്‍ ഇപെടണമെന്ന് കൂട്ടായ്മ സംസ്ഥാന കമ്മറ്റി അഭ്യര്‍ത്ഥിക്കുന്നു.

CONTENT HIGHLIGHTS; Looting by DTOs in KSRTC: M. 5,000 to 10,000 collection for hiring panelists; Allegation that neither the government nor the management has issued an order for collection (Exclusive)

Latest News