മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തില്‍ ശബരിമലയില്‍ ഭക്തരുടെ വന്‍ തിരക്കാണ്. വരുമാനത്തിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. വാഴയക്ക് വെള്ളം കോരുമ്പോള്‍ ചീരയും നനയുന്നതു പോലെ KSRTCക്കും ഈ ശബരിമല സീസണ്‍ കൊയ്ത്തിന്റെ കാലമാണ്. ശബരിമലയിലെത്തുന്ന ഭക്തര്‍ ആശ്രയിക്കുന്ന കേരളത്തിന്റെ സ്വന്തം ആനവണ്ടി ലാഭമുണ്ടാക്കാന്‍ കിട്ടുന്ന അപൂര്‍വ്വ അവസരമാണിത്. പക്ഷെ, പമ്പയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് ലഭിക്കുന്ന വിവരം. പമ്പാ ബസ്റ്റാന്റില്‍ ഭക്തര്‍ക്കായി ബസിന്റെ വിവരങ്ങള്‍ പല ഭാഷകളിലും അനൗണ്‍സ്‌മെന്റ് നടത്താറുണ്ട്. ഈ മൈക്ക് പോയിന്റില്‍ നിന്നും കഴിഞ്ഞ ദിവസം ഒരു വ്യത്യസ്തമായൊരു അനൗണ്‍സ്‌മെന്റ് ഉണ്ടായി.
“രാധാകൃഷ്ണന്‍ അറിഞ്ഞോണ്ടാണോ എന്നാണ് അറിയേണ്ടത്. രാധാകൃഷ്ണന്റെ വീട്ടില്‍ നിന്നുകൊണ്ടുവന്നാണോ KSRTCയിലെ പമ്പ സ്‌പെഷ്യല്‍ സര്‍വ്വീസ് ഓടുന്ന ജീവനക്കാര്‍ക്ക് ഭക്ഷണം കൊടുക്കുന്നത്. അതോ ദേവസ്വം ബോര്‍ഡിന്റെ ഭക്ഷണം ആണോ. മുന്‍ കാലങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ ഭക്ഷണം ആയിരുന്നു എന്നാണ് നമ്മുടെ അറിവ്. ഇപ്പോ രാധാകൃഷ്ണന്റെ വീട്ടിനിന്നാക്കിയിട്ടാണോ ഒന്നേമുക്കാല്‍ വരെ ജീവനക്കാരെ ഭക്ഷണം കൊടുക്കാതെ നിര്‍ത്തുന്നത്. ആരാണെന്നാണ് നിന്റെ വിചാരം. ശബരിമലയിലെ പമ്പയില്‍ ഒരിക്കല്‍ മുദ്രാവാക്യം വിളിപ്പിക്കേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അന്ന് മുദ്രാവാക്യം വിളിപ്പിക്കുന്നതിന് അവിടുന്ന് ഊടുപാട് ഇടി കൊണ്ടിട്ടാ പോയത്. ഓര്‍മ്മയുണ്ടായിരിക്കുമല്ലോ. ഇല്ലെങ്കില്‍ മുന്‍ഗാമികളെ കുറിച്ചൊന്ന് അന്വേഷിച്ചു നോക്കിയാല്‍ മതി. ഞങ്ങള്‍ക്ക് പറയാനുള്ള നേരിട്ടങ്ങു പറയും. മേലില്‍ ഇതുക്കൂട്ട് അവിടെ ജീവനക്കാര്‍ക്ക് ഭക്ഷണം കൊടുക്കാതെ മുറി പൂട്ടിയിട്ടുള്ള നിന്റെ നാണംകെട്ട അഭ്യാസം കളിക്കരുത്. അങ്ങനെയുണ്ടെങ്കില്‍ വണ്ടി അവിടെ കിടക്കും. ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ മൊത്തത്തോടെ പോകും. അതുകൊണ്ട് നാണംകെട്ട പരിപാടി കാണിക്കരുതെന്ന് പമ്പ എസ്.ഒ. രാധാകൃഷ്ണനോട് പറയുകയാണ്.’
ഈ അനൗണ്‍സ്‌മെന്റ് കേട്ട് സാക്ഷാല്‍ ശബരിമല ശാസ്താവു വരെ ഞെട്ടിപ്പോയിട്ടുണ്ടാകാം. KSRTC പമ്പാ ബസ്റ്റാന്റിലെ സ്‌പെഷ്യല്‍ ഓഫീസര്‍ രാധാകൃഷ്ണനെതിരേയാണ് ആ അനൗണ്‍സ്‌മെന്റ് നടന്നത്. അതായത്, ഭക്തര്‍ക്കു വേണ്ടിയുള്ള അനൗണ്‍സ്‌മെന്റല്ല, മറിച്ച് KSRTC ഉദ്യോഗസ്ഥനും ജീവനക്കാരും തമ്മിലുള്ള പ്രശ്‌നം പരസ്യമായി വെളിപ്പെടുത്തിയുള്ള വെല്ലുവിളി അനൗണ്‍സ്‌മെന്റായിരുന്നു എന്നര്‍ത്ഥം. പമ്പ സ്‌പെഷ്യല്‍ ഓഫീസറുടെ അധികാരം തലയ്ക്കു പിടിച്ച ധാര്‍ഷ്ട്യത്തിന്റെ ഭാഗമായാണ് നിര്‍വാഹമില്ലാതെ ഒരു ജീവനക്കാരന്‍ അനൗണ്‍സ്‌മെന്റ് നടത്തിയതെന്നാണ് ജീവനക്കാര്‍ പറയുന്നത്. നിരവധി വിഷയങ്ങളില്‍ ജീവനക്കാരെ വെറുപ്പിച്ച് ശത്രുപക്ഷത്ത് നിര്‍ത്തി പീഡിപ്പിക്കുന്ന സ്‌പെഷ്യല്‍ ഓഫീസറുടെ പേരെടുത്തു പറഞ്ഞാണ് അനൗണ്‍സ്‌മെന്റും, KSRTC എംഡി.ക്ക് പരാതിയും നല്‍കിയിരിക്കുന്നത്. സ്‌പെഷ്യല്‍ ഓഫീസര്‍ക്കെതിരേ ജീവനക്കാര്‍ പറയുന്ന പരാതികള്‍ ഇവയാണ്.
ഒന്ന് വിശ്രമിക്കാന്‍ പോലും കഴിയാതെ നിരന്തരം ഓടുന്ന വണ്ടികളാണ് നിലയ്ക്കല്‍-പമ്പ റൂട്ടിലുള്ളത്. പമ്പയില്‍ ഒരു KSRTC ക്യാന്റീനുണ്ട്. ദേവസ്വം ബോര്‍ഡ് നല്‍കുന്ന സൗജന്യ ഭക്ഷണം ജീവനക്കാര്‍ക്ക് കഴിക്കാനുള്ള ഇടമാണത്. രാവിലെയും ഉച്ചയ്ക്കും രാത്രിയും ദേവസ്വം ബോര്‍ഡ് ഭക്ഷണം നല്‍കുന്നുണ്ട്. KSRTCക്ക് ഈ വഴിയില്‍ ചിലവ് പമ്പയില്‍ ഇല്ല. എന്നാല്‍, ബസുകളുടെ സമയക്രമം അനുസരിച്ച് ജീവനക്കാര്‍ക്ക് (കണ്ടക്ടര്‍ ഡ്രൈവര്‍) ഭക്ഷണ സമയം കൃത്യമായി പാലിക്കാനാവില്ല. ബസ് എത്തുന്ന സമയം അനുസരിച്ചായിരിക്കും ക്യാന്റീനില്‍ എത്തി ഭക്ഷണം കഴിക്കുക. ഉടനെ അടുത്ത ഷെഡ്യൂള്‍ പോവുകയും ചെയ്യും.
എന്നാല്‍, കഴിഞ്ഞ ദിവസം ഈ ക്യാന്റീന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ താഴിട്ടു പൂട്ടി. കൃത്യം 1.30ക്കു മാത്രമേ ഭക്ഷണം കഴിക്കാന്‍ ക്യാന്റീന്‍ തുറക്കൂ എന്നൊരു വാക്കാല്‍ ഉത്തരവും നല്‍കി. മുകളില്‍ നിന്നുള്ള ഓര്‍ഡര്‍ ആണെന്നാണ് സ്‌പെഷ്യല്‍ ഓഫീസര്‍ നല്‍കിയ നിര്‍ദ്ദേശം. 12 മണിക്കും, 12.30ക്കും 1 മണിക്കും സര്‍വ്വീസ് കഴിഞ്ഞെത്തിയ ജീവനക്കാര്‍ ആകെ വലഞ്ഞു. അവര്‍ ക്യാന്റീന്‍ പൂട്ടിയിട്ട വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. വിശന്നു വലഞ്ഞവര്‍ വീണ്ടും ഡ്യൂട്ടിക്കു പോകേണ്ട അവസ്ഥയുണ്ടായി.
ക്യാന്റീന്‍ പൂട്ടിയതിനു പിന്നാലെ ജീവനക്കാരുടെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാത്ത സ്‌പെഷ്യല്‍ ഓഫീസറുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹി അനൗണ്‍സ്‌മെന്റ് നടത്തിയത്. ഈ അനൗണ്‍സ്‌മെന്റും വീഡിയോ ആയി പുറത്തിറങ്ങിയിട്ടുണ്ട്.
പമ്പ-നിലയ്ക്കല്‍ ഭാഗത്ത് KSRTC ബസ് മറ്റേതെങ്കിലും വാഹനങ്ങളെ ഓവര്‍ടേക്കു ചെയ്താല്‍ ഡ്രൈവര്‍ക്ക് 500 രൂപ ഫൈന്‍ ഈടാക്കുന്നതാണ് മറ്റൊരു കൊള്ള. എന്താണ് ഇതിന്റെ മനദണ്ഡമെന്ന് ജീവനക്കാര്‍ക്കറിയില്ല. അതും എസ്.ഒക്ക് മുകളില്‍ നിന്നുള്ള ഓര്‍ഡറാണെന്നാണ് പറയുന്നത്. ഫൈനായി വാങ്ങുന്ന 500 രൂപയില്‍ 250 രൂപ ഇന്‍സ്‌പെക്ടര്‍ക്കാണ്. ഓവര്‍ടേക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത് എസ്.ഒയ്ക്ക് നല്‍കുന്ന ഇന്‍സ്‌പെക്ടര്‍ക്കാണ് പാരിതോഷികമായി 250 രൂപ നല്‍കുന്നത്. ബാക്കി 250 രൂപ KSRTC വികസന ഫണ്ടിലേക്ക് കൊടുക്കുമെന്നും സ്‌പെഷ്യല്‍ ഓഫീസറിന്റെ ഉത്തരവുണ്ട്. ഇത് അന്യായവും കൊള്ളയുമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.
പമ്പ-നിലയ്ക്കല്‍ സര്‍വ്വീസ് ടൈം ഒന്നര മണിക്കൂറാണ്. ഈ സമയത്തിനുള്ളില്‍ ബസ് ഓടിയെത്തണമെങ്കില്‍ ഓവര്‍ടേക്കിംഗും വേണ്ടിവരും. അത് അപകട രഹിതമായി നടത്തുന്നതില്‍ തെറ്റില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. റാഷ് ഡ്രൈവിംഗും നടത്താറില്ല. എന്നിട്ടും, ജീവനക്കാരെ കൊള്ളയടിക്കുകയാണ് സ്‌പെഷ്യല്‍ ഓഫീസര്‍ നടത്തുന്നത്. അങ്ങനെയെങ്കില്‍ എല്ലാ സര്‍വീസുകളുടെയും ലോഗ് ഷീറ്റ് പരിശോധിച്ചു നോക്കണം. ഏതു ബസാണ് KSRTC പറഞ്ഞിട്ടുള്ള നിലയ്ക്കല്‍-പമ്പ സര്‍വ്വീസിന് കൃത്യ സമയം പാലിച്ചിട്ടുള്ളതെന്ന് മനസ്സിലാകും. ഒരു ബസില്‍ കയറ്റാവുന്ന യയാത്രക്കാരുടെ എണ്ണം പരിശോധിക്കണം. ഇതെല്ലാം നിയമം പാലിച്ചാണോ സ്‌പെഷ്യല്‍ ഓഫീസര്‍ ചെയ്യുന്നത് എന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.
സ്‌പെഷ്യല്‍ ഓഫീസറുടെ ഈ നടപടിയും KSRTC വിജിലന്‍സിന് പരാതിയായി നല്‍കിയിച്ചുണ്ട്. പമ്പയിലെ അനനൗണ്‍സ്‌മെന്റിനെതിരേ സ്‌പെഷ്യല്‍ ഓഫീസര്‍ ജീവനക്കാരെയെല്ലാം വിളിച്ച് ഒരു യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലും സ്‌പെഷ്യല്‍ ഓഫീസര്‍ പറയുന്നുണ്ട്. പമ്പയിലെ പ്രശ്‌നങ്ങള്‍ പമ്പയില്‍ വെച്ചുതന്നെ പരിഹരിക്കണമെന്ന്. എന്നാല്‍, പ്രശ്‌നങ്ങള്‍ പറയുന്നവരോട് അദ്ദേഹം പറയുന്നത്, പരാതിയുണ്ടെങ്കില്‍ പോലീസില്‍ പറയാനെന്നാണ്. ഇതും ജീവനക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്. തിരക്കുണ്ടായാലും ബസ് വിടാതെ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിക്കുന്നുണ്ട്. ഒരു ബസില്‍ 300 യാത്രക്കാരെ കുത്തി നിറയ്ച്ചു പോകേണ്ട അവസ്ഥ ഉണ്ടാക്കുന്നതും ഉദ്യോഗസ്ഥരാണെന്നു പരാതിയുണ്ട്. ഇങ്ങനെ സംഘര്‍ഷ കലുഷിതമാണ് പമ്പ സര്‍വ്വീസും അവിടുത്തെ ഉദ്യോഗസ്ഥരും ജീവനക്കാരും തമ്മില്‍. ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടല്‍ നടത്തുകയാണ് വേണ്ടത്.
ഈ പരാതികള്‍ തീരണമെങ്കില്‍ മന്ത്രി ഗണേഷ്‌കുമാര്‍ തന്നെ നേരിട്ട് ഇടപെടണം. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി, സ്‌പെഷ്യല്‍ ഓഫീസറുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി നടപടി എടുക്കുകയോ പകരം സംവിധാനം ഒരുക്കുകയോ ചെയ്യണം. KSRTCക്ക് വരുമാനത്തില്‍ കുറച്ചെങ്കിലും ആശ്വാസം ലഭിക്കുന്ന ശബരിമല സീസണ്‍ ഇങ്ങനെ തമ്മിലടിച്ച് കൈവിട്ടു കളയാതിരിക്കാനാണ് ഈ നിര്‍ദ്ദേശം. മന്ത്രി ഇടപെട്ടാല്‍ തീരാവുന്ന പ്രശ്‌നമാണെന്നാണ് ജീവനക്കാരും പറയുന്നത്. ഇതൊരു ചെറിയ പ്രശ്‌നമായി കാണരുത്. ബസ്റ്റാന്റില്‍ നിന്നും ജീവനക്കാര്‍ ഉദ്യോഗസ്ഥര്‍കത്‌കെതിരേ വെല്ലുവിളിയുടെ അനൗണ്‍സ്‌മെന്റാണ് നടന്നിരിക്കുന്നത്.
അനൗണ്‍സ്‌മെന്റ് നടത്തിയതിനെതിരേയല്ല, അതിനുണ്ടായ കാരണം എന്താണെന്ന് കണ്ടെത്തി, പരിഹാരം കാണുകയാണ് വേണ്ടത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്ക് ഈ അനൗണ്‍സ്‌മെന്റ് എന്താണെന്ന് ആദ്യം പിടി കിട്ടിയില്ലെങ്കിലും എന്തോ പന്തികേടുണ്ടെന്ന് മനസ്സിലായിട്ടുണ്ട്. അതുണ്ടാകാന്‍ പാടില്ല. അതുകൊണ്ടാണ് മന്ത്രി ഇടപെട്ട് കാര്യങ്ങള്‍ മനസ്സിലാക്കി പരിഹാരം കാണണെന്ന് ജീവനക്കാര്‍ പറയുന്നത്.
CONTENT HIGH LIGHTS;KSRTC Minister’s Attention: Pampa Shocked Announcement Mic Challenge; The distress of the staff at the arrogance of the Special Officer; Illegal Fine for Overtaking (Exclusive)