അപ്പോ എങ്ങനാ, പിരിച്ചെടുത്തവരെ പറഞ്ഞു വിടുകയല്ലേ DTO മാരേ ?. ഒരിക്കല്‍ പിരിച്ചു വിട്ടവരെ ശബരിമല സ്‌പെഷ്യല്‍ ഡ്യൂട്ടിയുടെ പേരില്‍ വീണ്ടും തിരിച്ചെടുക്കാന്‍ പിരിവു നടത്തി ജീവനക്കാരെ ജോലിക്കെടുത്തത് അനധികൃതമാണെന്ന് കണ്ടെത്തി. 5000 രൂപയും പതിനായിരം രൂപയും വാങ്ങി ഓരോ ജില്ലയിലും തോന്നിയ പോലെ നിയമനം നടത്തിയ DTO മാരുടെ നിയമനമെല്ലാം ഗതാഗതമന്ത്രി റദ്ദു ചെയ്തു. പിരിവെടുത്തു തിരിച്ചെടുത്തവരെ എല്ലാം പറഞ്ഞു വിടാന്‍ മന്ത്രി ഗേണേഷ്‌കുമാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. KSRTC നിഷ്‌ക്കര്‍ഷിച്ച രീതിയില്‍ ജീവനക്കാരെ സീനിയോരിട്ടി അടിസ്ഥാനത്തില്‍ കയറ്റിയില്ലെന്നു മാത്രമല്ല, പണപ്പിരിവിനെ കുറിച്ച് മന്ത്രിക്കോ KSRTC എം.ഡിക്കോ ഒരറിവും ഇല്ല.
അങ്ങനെ ഒരു ഓര്‍ഡര്‍ കോര്‍പ്പറേഷന്‍ ഇറക്കിയിട്ടുമില്ല. സീനിയോരിട്ടി മറികടന്ന്, പണം നല്‍കുന്നവരെ (പിരിവ്-5000, 10,000) റസീപ്റ്റും കൊടുത്ത് നിര്‍ബാധം ജോലിക്ക് നിയോഗിക്കുന്ന നടപടി ചോദ്യം ചെയ്ത്, ജോലി ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ മന്ത്രിയെ നേരിട്ടുകണ്ട് പരാതി നല്‍കി. ഇതോടെ മന്ത്രി അറിയാതെ, എംഡി. അറിയാതെ ഒരു പണപ്പിരിവ് നടക്കുന്നുണ്ടെന്നും, നിയമനം നടക്കുന്നുണ്ടെന്നും മനസ്സിലായത്. കഴിഞ്ഞ 16ന് KSRTC ഇറക്കിയ ഒരു ഉത്തരവിന്റെ മറവിലായിരുന്നു നിയമനം നടന്നിരിക്കുന്നത്. ഈ അനധികൃത നിയമനങ്ങളെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ റദ്ദു ചെയ്ത് പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
KSRTCയിലെ DTOമാരുടെ അനധികൃത പണപ്പിരിവും നിയമനവും അന്വേഷണം ന്യൂസാണ് പുറത്തു കൊണ്ടുവന്നത്. നവംബര്‍ 25ന് ‘KSRTCയില്‍ DTOമാരുടെ കൊള്ളയടി: എം.പാനലുകാരെ ജോലിക്ക് എടുക്കുന്നതിന്റെ പേരില്‍ 5000 മുതല്‍ പതിനായിരം വരെ പിരിവ്; സര്‍ക്കാരോ മാനേജ്‌മെന്റോ പിരിവിന് ഉത്തരവിറക്കിയിട്ടില്ലെന്ന് ആക്ഷേപം’ എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശമുണ്ടായതെന്ന വാദമല്ല മുന്നോട്ടു വെയ്ക്കുന്നത്. പക്ഷെ, ഈ വാര്‍ത്ത വന്നതിനു ശേഷമാണ് അര്‍ഹതയുള്ള ജീവനക്കാര്‍ മന്ത്രിയെ കണ്ടതും നടപടി എടുക്കാന്‍ കാരണമായതും.
KSRTCയില്‍ ഇത്തരത്തില്‍ നിരവധി അനധികൃതമോ, രഹസ്യാത്മകമോ ആയ പ്രവൃത്തികള്‍ നടക്കുന്നുണ്ട് (KSRTCയില്‍ മാത്രമല്ല, എല്ലാ വകുപ്പുകളിലുമുണ്ട് എന്നു മറക്കുന്നില്ല). അതെല്ലാം കണ്ടെത്താനോ നേരെയാക്കാനോ മന്ത്രിക്കും എം.ഡി.ക്കും കഴിഞ്ഞെന്നു വരില്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഒരു വാര്‍ത്തയുടെ വില അറിയുന്നത്. ശരിയല്ലാത്ത ഒരു നടപടി മന്ത്രിയുടെയോ ജീവനക്കാരുടെയോ ശ്രദ്ധയില്‍പ്പെടുത്താന്‍ ഇത് ഉപകരിക്കും. അതാണ് സംഭവിച്ചത്. എന്തായാലും തെറ്റിനെ ശറിയാക്കാനുള്ള നടപടിക്ക് ഉത്തരവിട്ട മന്ത്രി ശരിയോടൊപ്പമാണെന്ന് പറയാതെ വയ്യ.
KSRTC കഴിഞ്ഞ 16ന് ഇറക്കിയ ഉത്തരവ്
AO അഡ്മിനിസ്‌ട്രേഷനില്‍ നിന്നും ലഭ്യമായ കണ്ടക്ടര്‍മാരുടെ ഷോര്‍ട്ടേജ് ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. യൂണിറ്റുകളില്‍ ലഭ്യമായ ബദലി കണ്ടക്ടര്‍ അപേക്ഷകരെ വിവരം അറിയിച്ചു, ഹാജരാകുന്നതിന്റെ അടിസ്ഥാനത്തില്‍ ടോക്കണ്‍ നല്‍കി ഓരോ യൂണിറ്റുകളില്‍ അനുവദിച്ചിട്ടുള്ള കണ്ടക്ടര്‍മാരെ നിയോഗിക്കേണ്ടതും നിയോഗിക്കുന്ന ജീവനക്കാരുടെ വിവരവും, ഇനിയും ഷോര്‍ട്ടേജ് ഉണ്ടെങ്കില്‍ ഈ വിവരവും ഹെഡ് ക്വാര്‍ട്ടേഴ്‌സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, തിരുവനന്തപുരം സെന്‍ട്രലിന് ഇ മെയില്‍ അയയ്‌ക്കേണ്ടതാണ്. തിരുവനന്തപുരം ജില്ലയില്‍ സെലക്ഷന്‍ നടത്തി തെരഞ്ഞെടുക്കപ്പെട്ടിരുന്നവരുടെ 773 പേരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകരും മുന്‍പ് താത്ക്കാലില അടിസ്ഥാനത്തില്‍ ജോലി നോക്കിയിരുന്ന കണ്ടക്ടര്‍മാരും സെക്യൂരിട്ടി ഡെപ്പോസിറ്റ് അടച്ചിട്ടുള്ള ഒറിജിനല്‍ ക്യാഷ് റെസീപ്റ്റ് ഹാജരാക്കുകയാണെങ്കില്‍ ഈ അപേക്ഷകരെ ജോലിയ്ക്ക് നിയോഗിക്കാവുന്നതാണ്.
KSRTCയില്‍ നടന്നത് എന്താണ് ?
ഈ ഉത്തരവിന്റെ മറവിലാണ് പഴയ സെക്യൂരിട്ടി ഡെപ്പോസിറ്റ് അടച്ച ഒറിജിനല്‍ ക്യാഷ് റെസീപ്റ്റ് ഇല്ലാത്തവര്‍ക്ക് പുതിയ ക്യാഷ് റെസീപ്റ്റ് നല്‍കി 5000 രൂപ വീണ്ടും വാങ്ങി. ചില യൂണിറ്റുകളില്‍ 10,000 രൂപയാണ് വാങ്ങിയത്. ഒരിക്കല്‍ പണമടച്ച് KSRTCയില്‍ ജോലി ചെയ്തവരാണ് ഇവരെല്ലാം. അവരെ വീണ്ടും ജോലിക്കെടുക്കുമ്പോള്‍ വീണ്ടും സെക്യൂരിട്ടി ഡെപ്പോസിറ്റ് കൊടുക്കണമെന്നു പറയുന്നതു തന്നെ പിച്ച ചട്ടിയില്‍ കൈയ്യിട്ടു വാരുന്ന നടപടിയാണ്. ഇതിനു പുറമേയാണ്, സീനിയോരിട്ടി ലിസ്റ്റ് മറി കടന്നുള്ള നിയമനം. ആരാണോ പണം തരാന്‍ തയ്യാറാകുന്നത്, അവര്‍ക്ക് സീനിയോരിട്ടി മറികടന്ന് നിയമനം നല്‍കുകയും ചെയ്തതോടെ, സീനിയോരിട്ടിയുള്ള ജീവനക്കാര്‍ പ്രശ്‌നമുണ്ടാക്കി. തുടര്‍ന്നാണ് മന്ത്രി ഇടപെട്ടതും നിയമനം റദ്ദു ചെയ്തതും.
പിരിവു നടത്താന്‍ സീല്‍ ഇല്ലാത്ത റസീപ്റ്റുകളും
പിരിവെന്നു പറഞ്ഞാല്‍, വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാത്ത പിരിവാണ് നടത്തിയതിരുന്നത്. പല യൂണിറ്റുകളിലും റെസീപ്റ്റ് കുറ്റിയുണ്ട്. പക്ഷെ, ചിലയിടങ്ങളില്‍ സീല്‍ ഇല്ല. ചിലയിടങ്ങളില്‍ റെസീപ്റ്റ് കുറ്റിയില്‍ KSRTC യുടെ ഹെഡ് ഇല്ല. ചിലയിടത്ത് 5000 രൂപ വാങ്ങും. ചിലയിടത്ത് 10,000 രൂപ വാങ്ങുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ ജോലിക്കു പോയവരോട് 5000 രൂപ വെച്ചു വാങ്ങി. കൊല്ലം ജില്ലയിലെ വിവിധ ഡിപ്പോകളില്‍ 5000 രൂപവെച്ച് പിരിവെടുത്തിട്ടുണ്ട്. കല്‍പ്പറ്റയില്‍ 11 പേരെ എടുത്തു. അവരില്‍ നിന്നും 5000 രൂപവെച്ച് വാങ്ങി. വെള്ളനാട് ഡിപ്പോയില്‍ നാല് പേരില്‍ നിന്നും പണം വാങ്ങി. അതേസമയം, ഇടുക്കിയില്‍ 16 പേരെ എടുത്തു. ഇവരില്‍ നിന്നും 10,000 രൂപവെച്ച് വാങ്ങിയിട്ടുണ്ട്.
വിഷയത്തില്‍ എം.പാനല്‍ കൂട്ടായ്മയുടെ പ്രതികരണം
ബഹുമാനപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രീ, അങ്ങയുടെ വകുപ്പിലെ കഴിവുകെട്ട ഉദ്യോഗസ്ഥര്‍ കാരണം നാളെ വഴിയാധാരമാകുന്ന തൊഴിലാളികളേയും അവരുടെ കുടുംബങ്ങളേയും അങ്ങ് കാണാതെ പോകരുത്. ഈ ഗവണ്‍മെന്റിന്റെ സമാനതകളില്ലാത്ത തൊഴിലാളി പീഡനംകൊണ്ട് വഴിയാധാരമായ തൊഴിലാളികള്‍ ഉപജീവനമാര്‍ഗ്ഗത്തിനായി പലവിധ ജോലികളില്‍ ഏര്‍പ്പെട്ട് കഷ്ടിച്ച് ജീവിച്ച് പോരുമ്പോഴാണ് കോര്‍പ്പറേഷന്‍ CMD പോലും അറിയാതെ ഈ ഉദ്യോഗസ്ഥര്‍ വീണ്ടും KSRTC യില്‍ അവസരമുണ്ടെന്നും വന്ന് ജോലിക്ക് കയറണമെന്നും തൊഴിലാളികളെ അറിയിച്ചത്. ആ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍, ഉള്ളജോലിയും കളഞ്ഞ് വീണ്ടും KSRTCയില്‍ വന്ന് കയറിയവര്‍ക്ക് എതിരെയാണ് നാളെമുതല്‍ ജോലിക്ക് വരേണ്ട എന്ന തീരുമാനം അങ്ങ് എടുത്തിരിക്കുന്നത്.
അങ്ങയുടെ മുന്നില്‍ വന്ന പരാതി തികച്ചും ന്യായവും പരിഹരിക്കപ്പെടേണ്ടതുമാണ്. അത് ശരിയായ രീതിയില്‍ പരിഹരിച്ച് ബാക്കിയുള്ള തൊഴിലാളികളെ കൂടി ജോലിക്കെടുക്കുകയാണ് വേണ്ടത്. അങ്ങ് കൊടുത്ത ഉത്തരവ് സാമൂഹ്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് തിരിച്ചറിയുക. അങ്ങേക്ക് കീഴിലുള്ള ഉദ്യോഗസ്ഥ ദുര്‍ഭൂതങ്ങളെ നിലക്ക് നിര്‍ത്തേണ്ടത് അങ്ങയുടെ കടമയാണ്. അതല്ലാതെ പാവപ്പെട്ട തൊഴിലാളികളെ മനസിലാക്കാതെ എടുക്കുന്ന ഈ തീരുമാനം അങ്ങയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി എന്നും നിലനില്‍ക്കും. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന കുത്തഴിഞ്ഞ നിയമനമാണ് ബദലി നിയമനം.
അധികാരത്തിന്റെ ഹുങ്കില്‍ അവര്‍ക്ക് ജന്മം തീറെഴുതിയ വാലാട്ടി പട്ടികളുണ്ടാക്കിയ ബദലി ലിസ്റ്റ് ചങ്കൂറ്റമുള്ള ഒരു നേതാവോ മന്ത്രിയോ ഉണ്ടായിരുന്നെങ്കില്‍ അന്നേ തടഞ്ഞിരുന്നേനെ. ആ അപാകതയുടെ കൂടി ആകെ തുകയാണ് ഇന്ന് ആയിരകണക്കിന് തൊഴിലാളികളെ വീണ്ടും വഴിയാധാരമാക്കുന്ന തീരുമാനത്തിലേക്ക് അങ്ങയെ എത്തിച്ചതെന്ന് ഓര്‍മ്മപ്പെടുത്തുന്നു. കുറ്റമറ്റതും പരാതികളില്ലാത്തതുമായ എംപാനല്‍ പുനര്‍ നിയമനം അങ്ങ് മുന്‍കൈയ്യെടുത്ത് നടത്തി മുഴുവന്‍ തൊഴിലാളികളേയും KSRTC യില്‍ തിരിച്ചടുക്കണം എന്ന് ഓര്‍മ്മപ്പെടുത്തുന്നു.
CONTENT HIGHLIGHTS; Those who were “collected” were “told” and left: work is coming, DTO collectors; Minister’s proposal to prepare a new list to cancel illegal appointments; Investigate News Impact