Investigation

എക്‌സൈസ് വകുപ്പില്‍ വനിതാ ഉദ്യോഗസ്ഥര്‍ തമ്മില്‍ ചക്കളത്തിപ്പോര് രൂക്ഷം: പരാതി പരിഹരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥ തസ്തികയില്‍ വനിത ഓഫീസര്‍മാരില്ല; വെളിച്ചം കാണാത്ത പരാതികളും നിരവധി

എക്‌സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചക്കളത്തിപ്പോര് രൂക്ഷമാകുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച തമ്മിലടിയും പരദൂഷണം പറച്ചിലും അതിരു കടന്നതോടെ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ വകുപ്പില്‍ ഉണ്ടായിരിക്കുന്നത്. വകുപ്പിനുള്ളില്‍ നടക്കുന്ന വിഷയങ്ങളില്‍ പുരുഷ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുണ്ടെന്നാണ് ലഭിക്കുന്ന രഹസ്യ വിവരം. വകുപ്പിന് അകത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പുറത്തറിയിക്കുകയോ, മേലധികാരികളോട് റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍, റിപ്പോര്‍ട്ട് ചെയ്യുന്ന വനിതാ ഉദ്യോഗസ്ഥര്‍ക്ക് വകുപ്പുതല നടപടികളും ട്രാന്‍സ്ഫറും ഉറപ്പ്.

ഇതു ഭയന്ന് എക്‌സൈസ് വകുപ്പിലെ വനിതാ ജീവനക്കാര്‍ വീട്ടുകാരോടു പോലും തങ്ങള്‍ അനുഭവിക്കുന്ന മനാസികവും ശാരീരകവുമായ പ്രശ്‌നങ്ങള്‍ പറയാറില്ലെന്നതാണ് വസ്തുത. വകുപ്പില്‍ കൊഴില്‍ പീഡനങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ സ്ത്രീ വിരുദ്ധ നിലപാടാണ് എടുക്കുന്നതെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പേ ജീവനക്കാരികളുടെ പരാതി ഉണ്ടായിരുന്നു. എന്നാല്‍, ഈ പരാതിക്ക് പുരുഷ മേലുദ്യോഗസ്ഥര്‍ നല്‍കുന്ന പരിഗണന ചവറ്റുകൊട്ടയാണ്. വനിതാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന പരാതികളില്‍ പ്രധാനമായും പേരോ മേല്‍വിലാസമോ, ജോലി ചെയ്യുന്ന സ്ഥലമോ ഒന്നും വെയ്കാകറില്ലായിരുന്നു. ഇത്തരം പരാതികള്‍ പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് വകുപ്പധികൃതര്‍ എടുത്തിരുന്നത്. ആ തീരുമാനം ഇപ്പോഴും തുടരുകയാണ്. പരാതിക്കാരിക്ക് പേരുവെയ്ക്കാന്‍ ‘ഭയം ഉണ്ടാകാന്‍ കാരണം’ എന്തായിരിക്കുമെന്ന് ജനാധിപത്യ രാജ്യത്ത് ജീവിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധിമതിയാകും.

പരാതികളില്‍ പേരോ മേല്‍വിലാസമോ ഇല്ലെങ്കില്‍ ഇത്തരം പരാതികളെ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വിളിക്കുന്ന അപര നാമമാണ് ‘മൊട്ടപ്പരാതികള്‍’എന്ന്. എക്‌സൈസിന്റെ ഭൂരിഭാഗം റെയ്ഡുകളും നടക്കുന്നത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ‘ചിലേത് ശറിയാകും ചിലേത് ചീറ്റിപ്പോകും’. എങ്കിലും രഹസ്യ വിവരം ലഭിച്ചടാലുടന്‍ സടകുടഞ്ഞെണീല്‍ക്കുന്ന എക്‌സൈസ് സംഘം പിന്നെ കരിമ്പിന്‍കാട്ടില്‍ ആന കയറുന്നതു പോലെയുള്ള നീക്കമനാണ് നടത്തുന്നത്. അപ്പോഴും ഈ രഹസ്യ വിവരം ആരാണ് തന്നതെന്നോ, എവിടുന്നു വന്നതെന്നോ ഉള്ള ‘വിവരം’ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു പോലുമുണ്ടാകില്ലെന്നതാണ് സത്യം. അതായത്, വിവരം നല്‍കുന്നത്, എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘അജ്ഞാതന്‍’ എന്നാണ്.

ഇങ്ങനെ ഒരു ക്രെഡിബിലിറ്റിയും ഇല്ലാത്ത അജ്ഞാതന്‍ ഫോണില്‍ വിളിച്ച് വിവരം നല്‍കുമ്പോള്‍ ആനയും അമ്പാരിയുമെല്ലാമായി റെയ്ഡ് നടത്തുന്ന എക്‌സൈസ് ഏമ്മാന്‍മാരാണ്, സ്വന്തം വകുപ്പിലെ വനിതാ ഉദ്യോഗസ്ഥരുടെ പേരുവെയ്ക്കാത്ത പരാതി എന്താണെനനു പോലും അന്വേഷിക്കാന്‍ തയ്യാറാകാത്തത് എന്നതാണ് കോമഡി. എക്‌സൈസ് വകുപ്പിനുള്ളിലെ വനിതാ സിവില്‍ ഓഫീസര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനോ, അവരുടെ കാര്യങ്ങള്‍ അറിയാനോ സംവിധാനം ഉണ്ടാക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യവുമായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എക്‌സൈസ് മന്ത്രിയായിരുന്നത്, ഇപ്പോള്‍ എല്‍.ഡി.എഫ് കണ്‍വീനറായ ടി.പി രാമകൃഷ്ണനാണ്.

അദ്ദേഹത്തിന്റെ കാലത്ത് വകുപ്പിലെ ഒരു കൂട്ടം വനിതാ ഉദ്യോഗസ്ഥര്‍ കടുത്ത തൊഴില്‍ പീഡനം അനുഭവിക്കുന്നുണ്ടെന്ന് കാട്ടി പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്‍മേല്‍ അന്വേഷണം നടന്നെങ്കിലും അത് തേഞ്ഞുമാഞ്ഞു പോവുകയായിരുന്നു. വകുപ്പിലെ എല്ലാ വനിതാ ഉദ്യോഗസ്ഥരില്‍ നിന്നും പരാതി ഇല്ലെന്ന് എഴുതി ഒപ്പിട്ടു വാങ്ങിയാണ് അന്വേഷണം അവസാനിപ്പിച്ചത്.

കമ്മീഷണര്‍ മുതല്‍ പ്രിവന്റീവ് ഓഫീസര്‍ വരെയുള്ള തസ്തികകളില്‍ എല്ലാം പുരുഷ ഉദ്യോഗസ്ഥരാണ് എക്‌സൈസില്‍ ഉണ്ടായിരുന്നത്. സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയില്‍ മാത്രമേ വനിതകള്‍ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ പരാതിപ്പെടാന്‍ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. തുല്യ നീതിയും തുല്യ അവകാശങ്ങളും എന്ന ആപ്തവാക്യം എഴുതി വെയ്ക്കാമെന്നല്ലാതെ എക്‌സൈസ് വകുപ്പില്‍ അതുണ്ടായിരുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പ്രത്യക്ഷത്തില്‍ വനിതാ ഉദ്യോഗസ്ഥരില്‍ നിന്നും പരാതികളൊന്നും ലഭിച്ചിട്ടില്ല എന്ന ഒറ്റ കാരണം മാത്രം പറഞ്ഞുകൊണ്ടാകും വകുപ്പ് തന്നെ ക്ലീന്‍ ചീറ്റ് വാങ്ങുന്നത്. പരാതി പറയാന്‍ പോകാത്തതിന് കാരണം, വനിതാ സൗഹൃദ സ്ഥാപനമാണോ എക്‌സൈസ് വകുപ്പ് എന്ന് അധികൃതരാണ് ചിന്തിക്കേണ്ടത്.

ഇനി, അധികൃതര്‍ക്ക് ആ ബുദ്ധി പോയില്ലെങ്കില്‍, ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തി വകുപ്പ് മന്ത്രിയായ എം.ബി. രാജേഷിനും ചിന്തിക്കാവുന്നതേയുള്ളൂ. വനിതാ ഇന്‍സ്‌പെക്ടര്‍മാര്‍ ഉണ്ടെങ്കിലും ഇവര്‍ക്ക് പരാതികള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെന്നതാണ് വസ്തുത. യൂണിഫോം സേനയായ പോലീസില്‍ കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി വരെ ആയിട്ടുള്ള വനിതകള്‍ ഉണ്ടായിരുന്നു എന്നത് മറക്കാനാവില്ല. അപ്പോള്‍ എന്തുകൊണ്ട് എക്‌സൈസില്‍ വനിതകള്‍ക്ക് ഉന്നതാധികാര സ്ഥാനങ്ങളില്‍ പോസ്റ്റിംഗ് നല്‍കുന്നില്ല എന്നത് പ്രസക്തമായ ചോദ്യമാണ്. രാത്രികാലങ്ങളിലെ റെയ്ഡുകള്‍, പാറാവ് ഡ്യൂട്ടികള്‍, യൂണിഫോം മാറാന്‍പോലും സൗകര്യമില്ലായ്മ ഇതെല്ലാം പരാതികളായി നില്‍ക്കുന്നുണ്ട്.

വകുപ്പില്‍ ശക്തരായ വനിതാ മേലുദ്യോഗസ്ഥര്‍ ഉണ്ടായിരുന്നെങ്കില്‍ പരിഹാരം കാണാന്‍ അവര്‍ മുന്നിട്ടിറങ്ങിയേനെ എന്നത്, സ്വന്തം വീടുകളില്‍ അമ്മപെങ്ങന്‍മാര്‍ ഉള്ളവര്‍ക്കു ബോധ്യമാകുന്ന കാര്യമാണ്. മാത്രമല്ല, വനിതാ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനും വനിതാ മേലുദ്യോഗസ്ഥര്‍ക്കേ കഴിയൂ. നിലവില്‍ എക്‌സൈസ് വകുപ്പില്‍ വനിതാ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള വഴക്ക് മറനീക്കി പുറത്തു വന്നിട്ടുണ്ട്. ചില വനിതാ ഉദ്യോഗസ്ഥര്‍ ചിലര്‍ക്കെതിരേ പോലീസിലും, വകുപ്പിലും പരാതി നല്‍കിയിട്ടുണ്ട്. ചില വനിതാ ഉദ്യോഗസ്ഥര്‍ പരാതി എഴുതി കൈയ്യില്‍ വെച്ചു നടക്കുന്നുണ്ട്. ചിലരുടെ പരാതികള്‍ ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല. ചില പരാതികള്‍ വകുപ്പിലെ ഉന്നത പുരുഷ ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരാതിയേ അല്ലാതാക്കിയെന്നും സൂചനയുണ്ട്.

ഇതെല്ലാം നിഷേധിക്കാന്‍ വലിയ സമയം വേണ്ട, പക്ഷെ ഒന്നറിയുക, വനിതാ ഉദ്യോഗസ്ഥരും പുരുഷ ഉദ്യോഗസ്ഥരും ഈ സമൂഹത്തിന്റെ ഭാഗമാണ്. അല്ലാതെ ജനിച്ചപ്പോഴേ എക്‌സൈസ് ഉദ്യോഗസ്ഥരായി വന്നതല്ല. വെളിച്ചം കാണാതെ പോയ ഒരു പരാതിയും അതുമായി ബന്ധപ്പെട്ടു എക്‌സൈസ് വകുപ്പില്‍ നടക്കുന്ന പ്രശ്‌നങ്ങളും പരസ്യമായ രഹസ്യമാണ്. വകുപ്പുതല അന്വേഷണങ്ങളും മൊഴിയെടുപ്പുമൊക്കെ നടക്കുന്ന പരാതികളുമുണ്ട്. അതെല്ലാം വനിതാ ഉദ്യോഗസ്ഥര്‍ തമ്മിലുള്ളതാണെന്നതാണ് കൗതുകം. സര്‍ക്കാരിനു ചെയ്യാനാകുന്നത്, വനിതാ മേലുദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാന്‍ കഴിയുമോ എന്നതാണ്. അതുണ്ടായാല്‍ പരാതികള്‍ പരിഹിക്കപ്പെടുകയോ നടപടി എടുക്കുകയോ ചെയ്യാനാകും. അല്ലാതെ വനിതാ ഉദ്യോഗസ്ഥരുടെ പ്രശ്‌നങ്ങളില്‍ പുരുഷ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടുന്നതിലും പരിഹാരം കാണുന്നതിലും പരിമിതികളുണ്ട് എന്ന് മനസ്സിലാക്കുക.

CONTENT HIGHLIGHTS; In the Excise Department, there is a bitter fight between women officers: there are no women officers in high-ranking posts to resolve complaints; There are many complaints that do not see light

Latest News