ഡെല്‍ഹിയില്‍ എല്ലാവര്‍ഷവും ഒരു രാജ്യാന്തര വിപണന മേള നടക്കാറുണ്ട്. ഇത്തവണയും അതു നടന്നു. ലോകത്തിലെ ഒട്ടുമിക്ക രാജ്യക്കാരും ഈ ട്രേഡ് ഫെയറില്‍ പങ്കെടുക്കാനെത്തും. രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ട്രേഡ് ഫെയറില്‍ സ്റ്റാളുകളുണ്ടാകും. കേരളവും സ്റ്റാള്‍ ഇടാറുണ്ട്. അതും വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സ്റ്റാളുഖള്‍. കൈത്തറി തൊട്ട്, വനവിഭവങ്ങള്‍ വരെ ഉണ്ടാകും. മീന്‍ മുതല്‍ പാല്‍ ഉത്പ്പന്നങ്ങള്‍ വരെയുണ്ടാകും. എല്ലാ സ്റ്റാളിലും ട്രേഡ് ഫെയര്‍ അവസാനിക്കുന്നതു വരെ തിരക്കോടു തിരക്കാണ്. ലക്ഷങ്ങളുടെ കച്ചവടവും ഇവിടെ നടക്കാറുണ്ട്. ഉത്തരേന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും വിദേശ മലയാളികള്‍ക്കുമെല്ലാം കേരളത്തിന്റെ സ്റ്റാളുകളിലാണ് കണ്ണ്.
സുഗന്ധ വ്യജ്ഞനത്തിന്റെയും ചന്ദനം, രാമച്ചം തുടങ്ങിയവയുടെയുമൊക്കെ ഗന്ധം നിറഞ്ഞു നില്‍ക്കുന്ന വനം വകുപ്പിന്റെ സ്റ്റാളാണ് ഇതില്‍ വേറിട്ടു നില്‍ക്കുന്നത്. ഇത് തയ്യാറാക്കുന്നത്, കേരളത്തിന്റെ സ്വന്തം മക്കളായ ആദിവാസികളും. ഏലം, ഗ്രാമ്പൂ, കുരുമുളക്, കാട്ടുതേന്‍, ചെറുതേന്‍ വന്‍ തേന്‍, കുന്തിരിക്കം, വിവിധ തരം വേരുകള്‍ തുടങ്ങിയ വന വിഭവങ്ങള്‍ വാങ്ങാന്‍ ആളുകള്‍ എത്തുന്നതിന് കൈയ്യും കണക്കുമില്ല. ഈ ഒരൊറ്റ ട്രേഡ് ഫെയറിലൂടെ ആദിവാസികളുടെ കൈയ്യില്‍ ലക്ഷങ്ങള്‍ വരുമാനമായി എത്തുന്നുണ്ടായിരുന്നു. മാത്രമല്ല, കേരള സര്‍ക്കാരിന്റെ ചിലവില്‍ ഇന്ത്യയുടെ തലസ്ഥാനത്ത് ഒരു രാജ്യാന്തര പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരവും അവര്‍ക്ക് കിട്ടുന്നുണ്ടായിരുന്നു.
എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി ഡെല്‍ഹിയില്‍ നടക്കുന്ന ട്രേഡ് ഫെയറില്‍ വനംവകുപ്പ് തന്നെ പങ്കെടുക്കുന്നില്ല. ഇതോടെ ആദിവാസികളും അവരുടെ വനവിഭവങ്ങളും പൂര്‍ണ്ണമായും ഔട്ട്. ട്രേഡ് ഫെയറില്‍ പങ്കെടുക്കാന്‍ എന്തായാലും ആദിവാസികള്‍ക്ക് സ്വന്തമായി പോകാനാവില്ല. എന്നാല്‍, പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് എന്നൊരു സ്വന്തം വകുപ്പുണ്ടെങ്കിലും, അവര്‍ അതിന് മെനക്കെടാറുമില്ല. പിന്നെയുള്ള ഏക ആശ്രയമാണ് വനംവകുപ്പ്. കാട്ടില്‍ താമസിക്കുന്നവര്‍ക്ക് കാടിന്റെ ഉടമസ്ഥരായ വനംവകുപ്പിന്റെ കാല് പിടിച്ചാലേ ഡെല്‍ഹിയിലെത്താനാകൂ. ഇത് നല്ലപോലെ അറിയാവുന്ന വനംവകുപ്പിലെ ‘കൃമി’കടി മൂത്ത ജാതി കോമരങ്ങളാണ് ആദിവാസികളെ കേരളത്തിലെ കാട്ടിത്തന്നെ തളച്ചിടാന്‍ തീരുമാനിച്ചതെന്നാണ് അവരുടെ പരാതി.
ആദിവാസികളുടെ പരാതികള്‍ ആരാണ് കേള്‍ക്കുന്നത്. അതിന് പരിഹാരം ആരാണ് കാണാനുള്ളത്. പരാതിയുണ്ടെങ്കില്‍ എഴുതി തരാന്‍ പറഞ്ഞാന്‍ ഏത് ആദിവാസിയാണ് പരാതി എഴുതി നല്‍കാനുള്ളത്. അതുകൊണ്ട് വനംവകുപ്പിലെ ജാതി കോമരങ്ങള്‍ ഹാപ്പി. പരാതി ഇല്ലാത്ത ഒരു കാര്യത്തില്‍ എങ്ങനെയാണ് പരിഹാരം കാണുക. പക്ഷെ, ഒന്നറിയുക, എല്ലാക്കാലത്തും, ആദിവാസികളെ കാട്ടില്‍ത്തന്നെ തളച്ചിട്ട് മേല്‍ജാതിക്കളി നടത്താനാകില്ലെന്ന്. ഡെല്‍ഹിയിലെ ട്രേഡ് ഫെയറിലൂടെ കുടുംബ ശ്രീ ഒരു ദിവസം രണ്ടു ലക്ഷം രൂപയുടെ വില്‍പ്പന വരെ നടത്തുന്നുണ്ടായിരുന്നു. അപ്പോള്‍ ശുദ്ധമായ വന വിഭവങ്ങള്‍ക്ക് എത്ര രൂപ ലഭിക്കുമെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും.
വനംവകുപ്പ് കാശ് മുടക്കി, ആദിവാസികള്‍ക്ക് വരുമാനം ഉണ്ടാക്കി കൊടുക്കേണ്ടതില്ല എന്ന ചിന്തയാണ് തിരിച്ചടിയായത്. കേരളത്തിലെ നൂറോളം വരുന്ന വനവികസന സമിതികള്‍ വഴി ശേഖരിക്കുന്ന വസ്തുക്കളാണ് ട്രേഡ് ഫെയറില്‍ വില്‍പ്പനയ്ക്കായ് വെക്കുന്നത്. ഇതെല്ലാം ശേഖരിക്കുന്നത് ആദിവാസികളും. വില്‍പ്പന നടത്തുന്നതും അവരാണ്. 14 ദിവസം ഡെല്‍ഹിയില്‍ താമസിക്കാനും, ഭക്ഷണത്തിനും യാത്രാക്കൂലിയും മാത്രമാണ് വനംവകുപ്പ് ചെലവാക്കുന്നത്. എന്നാല്‍, വനവിഭവങ്ങള്‍ വിറ്റുകിട്ടുന്ന തുക ആദിവാസികളുടേതാണ്. ഇതാണ് ചില ഉദ്യോഗസ്ഥരുടെ കൃമികടിക്കു കാരണമായത്. ഈ കൃമികടി കൊണ്ട് നഷ്ടമായത് കേരളത്തിന്റെ യശസ്സും, വരുമാനസ്രോതസ്സുമാണ്. ഇതിന് ആറാണ് ഉത്തരം പറയുക. ആദിവാസികള്‍ക്ക് അഡ്രസ്സുണ്ടാക്കി കൊടുക്കാന്‍ മടിക്കുന്നവര്‍ ആരാണ്.
എന്താണ് അവര്‍ ഉദ്ദേശിക്കുന്നത്. വനവിഭവങ്ങളുടെ അനന്ത സാധ്യതയെ തുരങ്കം വെച്ചവര്‍ ആദിവാസികളുടെ ശത്രുക്കളാണ്. പട്ടിക വര്‍ഗ വകുപ്പ് ഇത് ഏറ്റെടുത്ത്, ആദിവാസികളെ ട്രേഡ് ഫെയറില്‍ എത്തിക്കുകയാണ് വേണ്ടത്. അവര്‍ക്ക് ലക്ഷങ്ങളുടെ വരുമാനം ഉണ്ടാക്കിക്കൊടുക്കാന്‍ കൃത്യമായ ഇടപെടല്‍ നടത്തുകയും വേണം.
CONTENT HIGHLIGHTS;Adivasis have no other work?: What business do they have in international marketing fair?; When forest resources get demand and lakhs of income, the evil spirits of casteism are bitten by ‘worms’.