മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഉർവശി. നാല് പതിറ്റാണ്ടായി മലയാള സിനിമാ രംഗത്ത് സജീവമാണ് താരം. പുതു തലമുറയോട് പോലും മികച്ച അഭിനേത്രി ആരാണെന്ന് ചോദിച്ചാൽ ഉർവശി എന്നാണ് പലരും ഉത്തരം നൽകുക. 700 ഓളം ചിത്രങ്ങൾ അഭിനയിച്ച് അത്രയേറെ മലയാളികളുടെ മനസിൽ ഇടം നേടിയിട്ടുണ്ട് താരം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും അഭിനയിച്ച ഉർവശിക്ക് അവിടെയും ആരാധകർ ഏറെയാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ നടൻ ഫഹദ് ഫാസിനലിനെക്കുറിച്ച് പറയുകയാണ് ഉർവശി. ഇന്ന് പല നടൻമാരും പാൻ ഇന്ത്യൻ സ്റ്റാർ ആകാനും തങ്ങളുടെ സ്റ്റാർഡം വളർത്താനും ആക്ഷൻ റോളുകളാണ് കൂടുതലായും തിരഞ്ഞെടുക്കുന്നത്. എന്നാൽ ഫഹദ് അക്കൂട്ടത്തിൽ അല്ല എന്നാണ് ഉർവശിയുടെ അഭിപ്രായം. വ്യത്യസ്തമായ വേഷങ്ങളാണ് ഫഹദ് ചെയ്യുന്നത്. മറ്റുള്ള നടൻമാർ സ്വയം ഞാൻ ഹീറോ ആണ്, ഞാൻ സ്റ്റാർ ആണ് എന്നൊക്കെ പറയുമ്പോൾ ഫഹദ് ഇപ്പോഴും ഞാൻ ഒരു ആക്ടർ ആണ് എന്ന് മാത്രമാണ് പറയുന്നത് എന്നും ഉർവശി കൂട്ടിച്ചേർത്തു. ഫഹദ് അല്ലാതെ മറ്റൊരു നടനും അങ്ങനെ പറയാൻ ധൈര്യപ്പെടില്ല. അത് ഫഹദിനെ വ്യത്യസ്തനാക്കി നിർത്തുന്നു. ആക്ഷൻ റോളുകൾ ചെയ്യാതെയാണ് ഫഹദ് ഇന്നത്തെ പ്രശസ്തി നേടിയത് എന്നും ഉർവശി പറയുന്നു. താൻ പറയുന്നത് ഈ കാലഘട്ടത്തിലുള്ള നടൻമാരെക്കുറിച്ചാണ് എന്ന് കൂടി ഉർവശി വ്യക്തമാക്കി.
കയ്യെത്തും ദൂരത്ത് എന്ന സിനിമയിൽ അഭിനയിച്ച് അത് പരാജയപ്പെട്ട ശേഷം വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്ന ഫഹദ് ഫാസിൽ പിന്നീട് അഭിനയത്തിന്റെ എല്ലാ പാഠങ്ങളും മനസിലാക്കി സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. അതിന് ശേഷം ചെയ്ത എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇനി ഫഹദ് ഫാസിലിന്റേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം പുഷ്പ ടു ആണ്.