നെയ്യാറ്റിൻകരയിൽ ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ കെ.ആൻസലൻ എം എൽ എ മാധ്യമങ്ങൾക്കു നേരെ നടത്തിയ വില കുറഞ്ഞ പരാമർശങ്ങളിൽ പ്രതിഷേധിക്കുന്നതായി കേരള പത്രപ്രവർത്തക യൂണിയൻ (കെ യുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അറിയിച്ചു. കലോത്സവ വേദികളിലെ തർക്കങ്ങളും മത്സരങ്ങൾ വൈകുന്നതിൻ്റെ പേരിൽ മത്സരാർത്ഥികളായ വിദ്യാർത്ഥികൾക്ക് ‘ ഉണ്ടാകുന്ന പ്രയാസങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ തൻ്റെ കൂടി സാന്നിധ്യത്തിൽ യാതൊരു സുരക്ഷയുമില്ലാതെ ഒരു വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റിയ ആയിരം വാക്കുകൾക്കു തുല്യമായ ചിത്രമാണ് എംഎൽഎയുടെ ‘കൃമികടി’ പ്രസംഗത്തിനു പിന്നിലെന്നു വ്യക്തമാണ്. നടന്ന സംഭവങ്ങൾ ചിത്രങ്ങൾ ഉൾപ്പെടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ജനപ്രതിനിധികൾ അത് ഉൾക്കൊള്ളാനുള്ള സഹിഷ്ണുത കാണിക്കണമെന്ന് ജില്ലാ പ്രസിഡൻ്റ് ഷില്ലർ സ്റ്റീഫനും ജില്ലാ സെക്രട്ടറി അനുപമ ജി. നായരും പ്രസ്താവനയിൽ പറഞ്ഞു.