മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ലോറന്‍സിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ മകള്‍ ആശ ലോറന്‍സ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് തര്‍ക്കത്തില്‍ മധ്യസ്ഥ ഇടപെടലാവാം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. ആശയുടെ അപ്പീലിനെ ചീഫ് ജസ്റ്റിസിന്റെ ഡിവിഷന്‍ ബെഞ്ച് രൂക്ഷമായി വിമർശിച്ചു.
കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോടതിയുടെ സമയം മെനക്കെടുത്തരുതെന്നും മരിച്ചയാളോട് അല്‍പ്പമെങ്കിലും ആദരവ് കാണിക്കണമെന്നും ഇത്തരം തര്‍ക്കങ്ങള്‍ കുടുംബത്തിനുള്ളില്‍ പരിഹരിക്കേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21-നാണ് എം.എം ലോറന്‍സ് അന്തരിക്കുന്നത്. രണ്ടുമാസമായി ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലോറന്‍സിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുകൊടുക്കാനായിരുന്നു മകനായ അഡ്വ എം. എല്‍ സജീവന്റെയും പാര്‍ട്ടിയുടെയും തീരുമാനം. എന്നാല്‍ ലോറന്‍സ് ഇടവക അംഗമാണെന്നും പള്ളിയില്‍ സംസ്‌കരിക്കണമെന്നുമായിരുന്നു മറ്റൊരു മകളായ ആശ ലോറന്‍സിന്റെ ആവശ്യം. തര്‍ക്കത്തെത്തുടര്‍ന്ന് ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
ഇതിന് പിന്നാലെ ആശ കോടതിയെ സമീപിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജിയില്‍ തീര്‍പ്പാകുന്നതുവരെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്യുകയായിരുന്നു. ഈ ഹര്‍ജി ഹൈക്കോടതി പിന്നീട് തള്ളുകയും ലോറന്‍സിന്റെ മൃതദേഹം പഠനത്തിന് വിട്ടു നല്‍കാന്‍ തീരുമാനമാവുകയും ചെയ്തു.
STORY HIGHLIGHT: lawrence deadbody issue high court criticize daughter asha lawrence
















