‘ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ല’ എന്ന പ്രമാണമൊക്കെ എടുത്തു കാറ്റിപ്പറത്തിയിട്ട് ‘കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പൊക്കുന്ന’ സമീപനം സ്വീകരിച്ചിരിക്കുകയാണ് കേരള പോലീസ്. KSRTCയുടെ ചുമതലക്കാരനായ മന്ത്രി ഗണേഷ്‌കുമാറിനും എം.ഡിക്കും സ്വന്തം ജീവനക്കാരെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് ഈ ഒരു കാര്യം കൊണ്ട് വ്യക്തമായിരിക്കുകയാണ്. ആലപ്പുഴ കളര്‍കോട് വെച്ച് കഴിഞ്ഞ 2ന് രാത്രിയില്‍ ഉണ്ടായ അപകടത്തില്‍ പൊലിഞ്ഞത് അഞ്ച് ജീവനുകളാണ്. അതില്‍ അഗാധമായ ദുഖവും വേദനയുമുണ്ട്. നാളത്തെ വാഗ്ദാനങ്ങളായ ഡോക്ടര്‍മാരായിരുന്നു മരിച്ച കുട്ടികള്‍.
ആ അപകടത്തിന്റെ പാപഭാരം പേറേണ്ടത് ആരാണ്. KSRTC ഡ്രൈവറാണോ ?. നിരത്തുകളില്‍ ഏതപകടം സംഭവിച്ചാലും ചോദിക്കുന്ന ആദ്യത്തെ ചോദ്യമിതാണ്. KSRTC ബസുമായിട്ടാണോ എന്ന്. പക്ഷെ, ആ KSRTC ബസ് ഓടിക്കുന്ന ഡ്രൈവര്‍ ഒരു ആരാച്ചാരല്ല എന്ന് മനസ്സിലാക്കുക. അയാളും ഒരു മനുഷ്യനാണ്. കുടുംബവും കുട്ടികളും സ്‌നേഹവും കരുണയും എല്ലാമുള്ള മനുഷ്യന്‍. ചെയ്യുന്ന ജോലിക്ക് കൂലിപോലും നേരേചൊവ്വെ കിട്ടാത്തപ്പോഴും ജോലിയില്‍ മുടക്കം വരുത്താത്ത നല്ല തൊഴിലാളിയും. കളര്‍കോട് സംഭവത്തില്‍ ഈ ഡ്രൈവറാണ് ഒന്നാം പ്രതി. ആലപ്പുഴ പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് പ്രതിപ്പട്ടികയില്‍ KSRTC ഡ്രൈവറെ ചേര്‍ത്തിരിക്കുന്നത്.
* പോലീസ് FIRല്‍ പറയുന്നത് ഇങ്ങനെ
പ്രതി ഡ്രൈവറായി ചുമതല വഹിച്ച് അപാകമായും ഉദാസീനമായും മനുഷ്യ ജീവന് ആപത്ത് വരത്തക്കവിധം അമിത വേഗതയില്‍ ആലപ്പുഴ-കായംകുളം റോഡിലൂടെ അശ്രദ്ധമായി വടക്ക് നിന്നും തെക്കോട്ട് ഓടിച്ചുകൊണ്ടുവന്ന KL15 A 937-ാം നമ്പര്‍ KSRTC ബസ് 02-12-2024 തീയതി രാത്രി 09.00 മണിയോടെ ടി റോഡില്‍ കളര്‍കോട് ചങ്ങനാശ്ശേരി ജംഗ്ഷന് വടക്ക് വശംവെച്ച് ഇതേ റോഡിലൂടെ തെക്ക് നിന്നും വടക്കോട്ട് ഓടിച്ചുവന്ന KL29 C 1177-ാം നമ്പര്‍ കാറില്‍ ഇടിക്കുകയും ആയതില്‍ വെച്ച് ടി കാറില്‍ സഞ്ചരിച്ചു വന്ന പത്തോളം പേര്‍ക്ക് ഗുരുതപ പരുക്ക് പറ്റി അതില്‍ അഞ്ചു പേര്‍ മരണപ്പെടുന്നതിന് ഇടയാക്കി എന്നുള്ളതാണ്.
എത്ര നിരുത്തരവാദപരമായ നടപടിയാണിത്. ഒരു ദിവസമോ, അല്ലെങ്കില്‍ മണിക്കൂറുകളോ ഒരു നിരപരാധിയെ എങ്ങനെ പ്രതിയാക്കാന്‍ കഴിയും. സാഹചര്യ തെളിവുകളോ, ദൃക്‌സാക്ഷി മൊഴികളോ പ്രതികൂലമായിട്ടാണോ KSRTC ഡ്രൈവര്‍ക്കെതിരേ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് വ്യക്തമാക്കണം. തലയില്‍ പൂടയുള്ളതു കൊണ്ട് കട്ടവന്‍ നീയാണെന്ന് തീരുമാനിക്കുന്ന കോമഡി ‘കുട്ടന്‍പിള്ള’ പോലീസിനെ അനുസ്മരിപ്പിക്കുന്ന നടപടിയാണിത്. ആലപ്പുഴയില്‍ നിന്നും കായംകുളത്തേക്കു വരികയായിരുന്ന ബസിലേക്ക് കായംകുളം ഭാഗത്തു നിന്നും ആലപ്പുഴയിലേക്കു പോവുകയായിരുന്ന കാറ്വന്നിടിക്കുകയായിരുന്നു.
അതായത്, ഇടതു വശത്തു നിന്നും ബസ് പോകുന്ന റൂട്ടിലേക്ക് (റോംഗ് സൈഡ്) കാറ് വന്നിടിക്കുകയായിരുന്നു എന്നര്‍ത്ഥം. കാറ് ഇങ്ങോട്ടു വന്നിടിച്ച് അപകടം ഉണ്ടായിട്ടും, മര്യാദയ്ക്ക് നിയമം പാലിച്ച് ബസ് ഓടിച്ച KSRTC ഡ്രൈവര്‍ അപകടത്തിന് കാരണക്കാരനായി, പ്രതിയായി. ഇതെന്തു നാടാണ്. ഇതെന്തു നീതിയാണ്. ഇന്നോ നാളെയോ, പ്രതിപ്പട്ടികയില്‍ നിന്നും KSRTC ഡ്രൈവറെ ഒഴിവാക്കുമെന്ന് ആഭ്യന്തര വകുപ്പ് പറയുന്നുണ്ടെങ്കിലും, ഒരു പകലും രാത്രിയും ആ പാവപ്പെട്ട ഡ്രൈവറെ പ്രതിയാക്കി സമൂഹത്തിനു മുമ്പില്‍ നിര്‍ത്തിയതിന് ആരാണ് ക്ഷമ ചോദിക്കുക.
കാറ് സഞ്ചരിച്ച ഭാഗത്തേക്ക് KSRTC പോയി ഇടിക്കുകയായിരുന്നുവെങ്കില്‍ എന്താണ് അവിടെ സംഭവിക്കുകയെന്ന് സ്വാഭാവികമായും മനസ്സിലാക്കാമായിരുന്നു. ഡ്രൈവറെ നാട്ടുകാര്‍ പച്ചക്കു കത്തിച്ചേനെ. മാത്രമല്ല, അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ കാറിന്റെ വലതു വശത്തോ, മുന്‍വശത്തോ ആണ് ബസ് ചെന്നിടിക്കുക. കാറ് ബസിലേക്ക് വന്നിടിച്ചതു കൊണ്ടാണ് ഇടതു ഡോറിന്റെ ഭാഗത്ത് ഇടിച്ചിരിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അപകടം ഉണ്ടായപ്പോള്‍ തന്നെ ഭയന്നു വിറച്ച ഡ്രൈവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ തുനിഞ്ഞപ്പോള്‍ നാട്ടുകാരാണ് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്.
ഡ്രൈവറുടെ ഭാഗത്ത് ഒരു കെറ്റും സംഭവിച്ചിട്ടില്ല എന്നും, തത്ക്കാലം സംഭവ സ്ഥലത്ത് നില്‍ക്കണ്ടെന്നുമാണ് നാട്ടുകാര്‍ അയാളോടു പറഞ്ഞത്. മാധ്യമങ്ങളോട് ഡ്രൈവര്‍ പറഞ്ഞത് ഇങ്ങനെയാണ്. തെറ്റ് തരിമ്പുപോലും ചെയ്യാതിരുന്ന KSRTC ഡ്രൈവര്‍ക്കെതിരേ മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ കീഴിലെ പോലീസ് കേസെടുത്തപ്പോള്‍ ഗതാഗത വകുപ്പിന്റെ ചുമതലക്കാരനായ ഗണേഷ്‌കുമാറിന് മിണ്ടാട്ടമില്ല. KSRTCയിലെ എല്ലാ കാര്യങ്ങളിലും നേരിട്ട് ഇടപെട്ട് അഭിനന്ദനവും തിരുത്തലുകളും വരുത്തുന്ന മന്ത്രി എന്തേ, ഈ കാര്യത്തില്‍ മിണ്ടാതിരുന്നത്. ഇടപെടണമായിരുന്നു മന്ത്രീ. അതി ശക്തമായി ഇടപെടണമായിരുന്നു.
ആ ഡ്രൈവറുടെ ഭാഗത്ത് ഒരു തെറ്റുമില്ലെന്ന് മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍, അയാളെ ഒരു നിമിഷം പോലും പ്രതിയാക്കി എപ്.ഐ.ആര്‍. ഇടാന്‍ അനുവദിക്കരുതായിരുന്നു. അതായിരുന്നു ഒരു വകുപ്പുമന്ത്രിയുടെ ആര്‍ജ്ജവം. അതുണ്ടായില്ലെന്നു മാത്രമല്ല, പാവം ഡ്രൈവര്‍ പ്രതിയാവുകയും ചെയ്തു. ഇതോടെ KSRTCയിലെ മറ്റെല്ലാ ഡ്രൈവര്‍മാരുടെയും ആത്മവീര്യമാണ് ചോര്‍ന്നു പോയിരിക്കുന്നത്. യദു- മേയര്‍ കേസിലും ഇതു തന്നെയാണ് സംഭവിച്ചത്. എന്നിട്ടും, ആ കേസില്‍ മേയറെ സംരക്ഷിക്കാനുള്ള പതിനെട്ടടവും പയറ്റിക്കൊണ്ടിരിക്കുകയാണ്. ഒടുവില്‍ കോടതി ഇടപെട്ടാണ് മേയര്‍ക്കെതിരേ കേസെടുത്തത്.
മറക്കാനാവുന്നതല്ല ഇതൊന്നും. അന്നും മന്ത്രി ഗണേഷ്‌കുമാര്‍ എടുത്ത നിലപാട് എന്താണെന്ന് ആര്‍ക്കും വ്യക്തമല്ല. കേസ് കോടതിയിലിരിക്കുവല്ലേ, കോടതി തീരുമാനിക്കട്ടെ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്താല്ലേ. സ്വന്തം വകുപ്പിലുള്ളവര്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കാന്‍ ആര്‍ജ്ജവം കാട്ടുന്നതു പോലെ, തെറ്റു ചെയ്തിട്ടില്ലെങ്കില്‍ സംരക്ഷിക്കാനും കാണിക്കണം സാര്‍. അതാണ് ആര്‍ജ്ജവം. അല്ലാതെ, തെറ്റു ചെയ്യുമ്പോള്‍ ശിക്ഷിക്കാന്‍ കാണിക്കുന്നതു മാത്രമല്ല ആര്‍ജ്ജവമെന്ന് മനസ്സിലാക്കണം.
CONTENT HIGHLIGHTS; Eyewitnesses and Evidence in KSRTC Driver’s Favor: Yet Pinarayi’s Police Accuse Poor Driver; How does the driver become an accused in the FIR of the Kalkarkot accident?; Minister Ganeshkumar, show courage to question (Exclusive)