അൽഫ് ലൈലാ വ ലൈലാ ‘ അഥവാ ‘ആയിരത്തൊന്ന് രാത്രികളിൽ ‘ ഷഹരിയാർ രാജാവിനോടു ഷെഹറാസാദ് എന്ന മന്ത്രി പുത്രി കഥകൾ പറയുന്നത് പോലെ ….. ഒരു കഥ അവസാനിക്കുമ്പോഴേക്കും ആ കഥയുടെ ഉള്ളിൽ തന്നെ മറ്റൊരു കഥയുണ്ടാവും. ”
വിവിധ മത സാമുദായിക വിഭാഗങ്ങളുടെ കൂടിചേരലിനു സാക്ഷിയായ മണ്ണാണല്ലോ ഭാരതം.വിഭാഗീയ സംഘർഷങ്ങൾ നിറഞ്ഞു നിൽക്കുമ്പോഴും മറ്റൊരു വശത്ത് മത സൗഹൃദത്തിന്റെ അനേകം കഥകളും വിവിധ ദേശ – ഭാഷകളിൽ നിലനിന്നു പോരുന്നു. കേരളത്തിലെ അയ്യപ്പനും വാവരും പോലെ പരസ്പര സ്വാധീനത്തിന്റെ ഫലമായി ഉരുവം കൊണ്ട മിത്തുകൾ ഇന്ത്യയിലെമ്പാടുമുണ്ട്. ഇവ പലപ്പോഴും ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. എന്നാൽ അതിശയോക്തിയുടെ കാഴ്ച്ചപ്പാടിൽ നിന്നാണ് അവയുടെ വിവരണങ്ങൾ ഏറെയും.പലതും വാമൊഴി പകർന്നു വന്നതിനാൽ ധാരാളം പാഠഭേദങ്ങളും കാണുവാൻ സാധിക്കുന്നു. പരസ്പരമുള്ള വിശ്വാസ സ്വാധീനവും ചരിത്രാംശങ്ങളും മിത്തുകളായി കെട്ടുപിണഞ്ഞു കിടക്കുന്നതിനാൽ ഒരു സൂക്ഷമമായ പരിശോധനയ്ക്ക് ഇവിടെ സാധ്യത തീരെയില്ല.ആയതിനാൽ ഇത്തരത്തിലുള്ള മിത്തുകളെ വിമർശനാത്മകമായി സമീപിക്കുന്നതിലും നല്ലത് ഒരു സാംസ്കാരിക ഘടകം എന്ന നിലയിലായിരിക്കും .
ലോകത്തിലെ ഏറ്റവും വലിയ സജീവമായ ഹൈന്ദവ ആരാധനാ കേന്ദ്രമാണ് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന ശ്രീ രംഗനാഥസ്വാമി ക്ഷേത്രം (ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ആരാധനാ സ്ഥലം കംബോഡിയയിലെ അംകോർ വാട്ടാണ്. എന്നാൽ ഇത് സജീവമല്ല).വൈഷ്ണവ സംസ്കാരത്തിന്റെ, പ്രത്യേകിച്ച് ശ്രീ വൈഷ്ണവ സമ്പ്രദായത്തിന്റെ പ്രധാന കേന്ദ്രമാണിവിടം.തിരുച്ചിക്കടുത്ത് വെച്ച് കാവേരി നദി രണ്ടായി പിരിയുന്നു. കുറച്ച് ദൂരം ഒഴുകി ഇവ വീണ്ടും ഒന്നിക്കുന്നു.ഇതിൽ ഒരു കൈവഴി കൊള്ളിടം എന്നും മറ്റേത് കാവേരി എന്നുതന്നെയും അറിയപ്പെടുന്നു.ഈ രണ്ടു കൈവഴികൾക്കിടയിൽ രൂപം കൊണ്ട ദ്വീപാണ് ശ്രീരംഗം.ഈ ദ്വീപിലാണ് വിശാലമായ ഈ ക്ഷേത്രസമുചയം നിലനിൽക്കുന്നത്.പ്രധാന പ്രതിഷ്ഠയായ മഹാവിഷ്ണു ശ്രീ രംഗനാഥൻ എന്നും സമീപ പ്രതിഷ്ഠയായ ലക്ഷ്മീദേവി ശ്രീ രംഗനായകി എന്നു പേരിലും വൈഷ്ണവർക്കിടയിൽ അറിയപ്പെടുന്നു.തമിഴ് വൈഷ്ണവ ഭക്തകവികളായിരുന്ന ആഴ്വാർ മാരുടെ 108 വൈഷ്ണവ ദിവ്യ ദേശങ്ങളിൽ ഒന്നാമത്തെ സ്ഥലമാണ് തിരുവരംഗം എന്നും അറിയപ്പെടുന്ന ശ്രീരംഗം.വിഷ്ണു ഭക്തിയിൽ ആഴ്ന്നിറങ്ങിയവരായതു കൊണ്ടാണ് ഇവരെ ആഴ്വാർ അഥവാ ആഴ്ന്നവർ എന്നു വിളിക്കുന്നത്.മൊത്തം 12 ആഴ്വമാർ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.ഇവരുടെ രചനകൾ ഉൾപ്പെടുന്ന നാലായിരം ദിവ്യ പ്രബന്ധം എന്ന ഗ്രന്ഥത്തിൽ ശ്രീ രംഗത്തെ പറ്റി പറയുന്നുണ്ട്.തിരുവന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തിനു സമാനമായി അനന്തശയനത്തിലുള്ള ഒരു കൂറ്റൻ കരിങ്കൽ വിഗ്രഹമാണ് ഇവിടെയും കാണാൻ സാധിക്കുക. ഉത്സവ സമയങ്ങളിൽ എഴുന്നള്ളിക്കുവാനായി ഉത്സവ പെരുമാൾ, ഉച്ചവർ എന്ന് പേരിൽ പഞ്ചലോഹ നിർമ്മിതമായ മറ്റൊരു വിഗ്രഹം തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ കാണാം.എന്നാൽ ശ്രീ രംഗത്ത് ഇവ രണ്ടെണ്ണവും കാണാൻ സാധിക്കും.ക്ഷേത്രത്തിനകത്ത് അർജ്ജുന മണ്ഡപത്തിനു സമീപം ഒരു പ്രത്യേക സന്നിധി ക്രമീകരിച്ചിരിക്കുന്നതായി കാണാം.ഇവിടെ വിഗ്രഹം കാണാൻ സാധിക്കില്ല.ഇതാണ് മഹാവിഷ്ണുവിന്റെ മുസ്ലിം പത്നിയായ തുലുക്ക നാച്ചിയരുടെ സന്നിധി. ശരിക്ക് ആരാണ് ഈ തുലുക്ക നാച്ചിയാർ? എന്താണ് ഇതിനു പുറകിലെ കഥ!!
തുലുക്ക നാച്ചിയാരുടെ കഥ തുടങ്ങുന്നത് പതിനാലാം നൂറ്റാണ്ടിലാണ്. ഡൽഹിയിൽ അലാവുദ്ദീൻ ഖിൽജിയുടെ ഭരണകാലം.1310 – 11 കാലഘട്ടത്തിൽ അലാവുദ്ദീൻ ഖിൽജിയുടെ പടത്തലവനായിരുന്ന മാലിക്ക് കാഫൂർ ദക്ഷിണേന്ത്യയിലേക്ക് ഒരു പടയോട്ടം നടത്തുകയുണ്ടായി കൊള്ളയും കൊള്ളിവെപ്പും തുടർക്കഥകളായി .പോകുന്ന വഴിയിൽ മാലിക്ക് കാഫൂറും സംഘവും അളവറ്റ സമ്പാദ്യങ്ങളും അവ സംരക്ഷിച്ചിരുന്ന ക്ഷേത്രങ്ങളും കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തു.അങ്ങനെ ആ പടയോട്ടം ശ്രീ രംഗത്തും എത്തി.വിശാലമായ ആ ക്ഷേത്രക്കെട്ടുകൾ കീഴടക്കാൻ ദില്ലീ സൈന്യത്തിന് ദിവസങ്ങളോളം വേണ്ടി വന്നു.ഒടുവിൽ കൊള്ളയടിച്ച സാമ്പാദ്യവുമായി മാലിക്ക് കാഫൂർ ദില്ലിയിലേക്ക് മടങ്ങി. ഇതിനിടെ ചെറുത്തു നിൽപ്പിനിടെ നിരവധിപേർ ക്ഷേത്ര മതിൽക്കെട്ടുകൾക്കകത്ത് മരിച്ചു വീണു.പടയോട്ടത്തിനിടയിൽ വില കൂടിയ വസ്തുക്കൾ പലതും പല രീതിയിൽ ഒളിപ്പിക്കപ്പെട്ടു.അവയിൽ പ്രധാനപ്പെട്ടതായിരുന്നു ശ്രീ രംഗനായകിയുടെ വിഗ്രഹം.അത് ആക്രമണസമയത്ത് ക്ഷേത്ര പുരോഹിതൻ സമീപത്തെ ഒരു ആരിവേപ്പ് വൃക്ഷത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു എന്ന് പറയപ്പെടുന്നു .
മാലിക്ക് കാഫൂർ കൊള്ളയടിച്ചതിൻറെ കൂട്ടത്തിൽ ഉച്ചവർ എന്ന് വിളിക്കപ്പെടുന്ന ഉത്സവപെരുമാളിൻറെ വിഗ്രഹവും ഉണ്ടായിരുന്നത്രെ. ദില്ലിയിലെത്തിയ കാഫൂർ കൊള്ളയടിച്ച സമ്പാദ്യം കാഴ്ച ദ്രവ്യമായി സുൽത്താന് മുന്പിൽ സമർപ്പിച്ചു.
സുൽത്താന്റെ പുത്രിമാരിൽ ഒരാളായ സൂറാത്തനി
അക്കൂട്ടത്തിൽ സവിശേഷമായ ഒരു വിഗ്രഹം കാണുന്നു. അതിൽ ആകൃഷ്ടയായ അവർ പിന്നീട് ആ വിഗ്രഹവുമായി ഗാഢമായൊരു ബന്ധം പുലർത്തുന്നു.അതിനെ അവർ കുളിപ്പിച്ചു. ഉടയാടകൾ മാറ്റി, ഊണിലും ഉറക്കത്തിലും ഒരു പാവയെന്ന വണ്ണം ആ വിഗ്രഹത്തെ അവർ പരിചരിച്ചു.
ഇതിനിടയിൽ നഷ്ടപ്പെട്ട ഉച്ചവരെ തിരികെ എത്തിക്കാൻ ശ്രീ രംഗത്ത് ശ്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു.ക്ഷേത്രം കൊള്ളയടിച്ച മടങ്ങിയ സംഘത്തെ ഒരു പെൺകുട്ടി ദില്ലിവരെ പിന്തുടർന്നതായി പറയപ്പെടുന്നു.ഇങ്ങനെ പിന്തുടർന്ന അവളെ “പിൻതൊടർന്ത വല്ലീ” എന്ന് വിളിച്ച് പോരുന്നു.തിരികെ ശ്രീ രംഗത്ത് എത്തിയ അവൾ അവിടെ നടന്ന കാര്യങ്ങൾ അറിയിക്കുന്നു.ഒടുവിൻ ഉച്ചവരെ തിരിച്ച് ശ്രീ രംഗത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരു സംഘം ദില്ലിയിലേക്ക് തിരിക്കുന്നു. നാടകക്കാരുടെ വേഷത്തിൽ പ്രച്ഛന്നരായി യാത്രതുടർന്ന അവരുടെ ലക്ഷ്യം സുൽത്താന്റെ പ്രീതി നേടി എങ്ങനെയെങ്കിലും ഉച്ചവരെ (ഉത്സവർ ) തിരികെ ശ്രീ രംഗത്ത് എത്തിക്കുക എന്നതായിരുന്നു.മാസങ്ങൾ നീണ്ട യാത്രക്കൊടുവിൽ അങ്ങനെ ദില്ലിയിലെത്തിയ സംഘം സുൽത്താനു മുന്പിൽ ഒരു നാടകം അവതരിപ്പിക്കുന്നു.നാടകത്തിൽ സംപ്രീതനായ സുൽത്താൻ പ്രതിഫലമായി എന്തു വേണമെന്നു ചോദിച്ചു.തൻറെ കൊട്ടാരത്തിലെ ഏതൊരു വസ്തുവും ആവശ്യപ്പെടാം എന്ന് സുൽത്താൻ വാക്കു കൊടുത്തു.തങ്ങൾക്ക് ഉച്ചവരെ മതി എന്നും മറ്റൊന്നും വേണ്ട എന്ന് സംഘം പറയുന്നു. ഉച്ചവരാണെങ്കിൽ രാജകുമാരിക്ക് പ്രിയങ്കരവും.കൊടുത്ത വാക്കിന്റെ പുറത്ത് ധർമ്മ സങ്കടത്തിലായ സുൽത്താൻ ഒടുവിൽ ഒരു രാത്രിയിൽ ഉറങ്ങികിടന്ന രാജകുമാരിയിൽ നിന്നും ഉച്ചവരെ എടുത്ത് സുൽത്താൻ നാടക സംഘത്തിന് നൽകി രാത്രിയോട് രാത്രി ദില്ലി വിടാൻ ആവശ്യപ്പെട്ടു.തുടർന്ന് സംഘം ശ്രീ രംഗത്തേക്ക് മടങ്ങി.വഴിയിൽ തുടർ അപകടങ്ങൾ പതിയിരിക്കുന്നതിനാൽ പതുക്കെയായിരുന്നു.തൻറെ അരുമയായ പാവയെ കാണാത്തതിലുള്ള സങ്കടം നിമിത്തം രാജകുമാരി വളരെ ദുഃഖിതയായി തീർന്നു.അവൾ ആ വിഗ്രഹത്തെ ഒരു നോക്ക് കാണുവാനായ് ഒരു കുതിരപ്പുറത്തേറി ശ്രീ രംഗത്തേക്ക് തിരിച്ചു. എന്നാൽ അവിടെ അവൾക്ക് ആ വിഗ്രഹം കാണാൻ കഴിഞ്ഞില്ല. നാടക സംഘത്തിന് മുൻപേ അവൾ എത്തിയിരുന്നു. ഈ സമയം ക്ഷേത്രത്തിനകത്ത് മറ്റൊരു പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കപ്പെട്ടിരുന്നു. ദുഃഖം താങ്ങാനാവാതെ അവർ ക്ഷേത്രത്തിൻറെ ശ്രീ കോവിലിന് മുൻപിൽ കുഴഞ്ഞ് വീണ് മരിച്ചു. അന്ന് രാത്രി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന് ഒരു സ്വപ്ന ദർശ്ശനമുണ്ടായി.രാജകുമാരിയെ താൻ പത്നിയായി സ്വീകരിച്ചുവെന്നും അവർക്ക് ക്ഷേത്രത്തിനു അകത്ത് തന്നെ ഒരു നടയൊരുക്കണം എന്നും ശ്രീ രംഗനാഥൻ അരുൾ ചെയ്തതായി വൈഷ്ണവർ വിശ്വസിക്കുന്നു.അങ്ങനെ ക്ഷേത്ര നടയിൽ കുഴഞ്ഞു വീണു മരിച്ച മുസ്ലീം പെൺകുട്ടിക്കായി സമീപത്ത് ഒരു സന്നിധി ഉയർന്നു. ഇസ്ലാം വിഗ്രഹാരാധനയെ അംഗീകരിക്കാത്തിനാൽ ഇവിടെ വിഗ്രഹം കാണുകയില്ല.അവളെ തുലുക്ക നാച്ചിയാർ എന്നു വിളിച്ച് ഇന്നും ആരാധിക്കുന്നു.തമിഴിൽ തുർക്കികൾക്കും മുസ്ലിം പശ്ചാത്തലത്തിലുള്ളവരെയും തുലുക്കർ എന്ന് പൊതുവായി വിളിച്ചു വരുന്നു. നാച്ചിയാർ എന്നാൽ സ്ത്രീകളെ അഭിസംബോധന ചെയ്യുന്ന തമിഴ് രീതിയാണ്.ഇന്നും വർഷത്തിൽ ഒരിക്കൽ ശ്രീ രംഗനാഥനും തുലുക്ക നാച്ചിയാരും തമ്മിലുള്ള തിരുകല്യാണ ഉത്സവത്തിൽ പതിവിന് വിപരീതമായി രംഗനാഥന് മുസ്ലിം നെയ്ത്തുകാർ നെയ്ത് എത്തിക്കുന്ന പഞ്ചകച്ചം അണിയിക്കുന്നു.കൂടെ അന്നേ ദിവസം തുലുക്ക നാച്ചിയാർക്കും ശ്രീ രംഗനാഥനും റോട്ടി നൈവേദ്യമായി സമർപ്പിക്കുന്നു.
ഇവയെ നമുക്ക് ഏതുവിധേനയും സമീപിക്കാം ഒരു ചരിത്രമായി ഒരു വിശ്വാസമായി ചിലപ്പോൾ വെറുമൊരു മുത്തശ്ശി കഥയായും..