സഞ്ചാര സ്വാതന്ത്ര്യം ജനങ്ങളുടെ അവകാശമാണ്. പക്ഷെ, അതിപ്പോള്‍ ഭരിക്കുന്നവരും ഭരിക്കുന്ന പാര്‍ട്ടിയും തീരുമാനിക്കുന്നതായി മാറിയിരിക്കുകയാണ്. ഭരണസിരാ കേന്ദ്രമായ തലസ്ഥാനത്ത് സര്‍ക്കാരിന്റെ ഭാഗമായ സി.പി.എമ്മും സി.പി.ഐയും പൊതു വഴിയില്‍ സ്റ്റേജുകെട്ടി പരിപാടികള്‍ നടത്തുന്നതില്‍ മത്സരിക്കുകയാണ്. ഒന്ന് സി.പി.ഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന സംയുക്ത അവകാശ സമരമാണ്. മറ്റൊന്ന്, സി.പി.എമ്മിന്റെ ഏര്യാ സമ്മേളനവുമായി ബന്ധപ്പെട്ട് നടത്തിയ പൊതു സമ്മേളനവും. പൊതുവഴി തടയുന്നതില്‍ സര്‍ക്കാര്‍ അനുകൂല മുന്നണികള്‍ മത്സരിക്കുമ്പോള്‍ നോക്കു കുത്തിയാകുന്നത് നിയമങ്ങളും നീതിന്യായവുമാണ്.
എന്നാല്‍, കോടതിയുടെ കടുത്ത നടപടികളെ തുടര്‍ന്ന് പോലീസ് സമരക്കാര്‍ക്കെതിരേയും സമ്മേളനക്കാര്‍ക്കെതിരേയും കേസെടുത്തിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന സത്യഗ്രഹ സമരത്തില്‍ 100 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരക്കാര്‍ക്കെതിരെയാണ് നിയമ നടപടി. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരപ്പന്തല്‍ കെട്ടിയെന്ന് പറഞ്ഞാണ് കണ്ടാലറിയുന്ന 100 പേരെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. പെന്‍ഷന്‍ സംരക്ഷണത്തിനായി ജീവനക്കാരും അധ്യാപകരും സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച 36 മണിക്കൂര്‍ രാപ്പകല്‍ സത്യഗ്രഹ സമരത്തിനെതിരെയാണ് കേസ്.
സിപിഐയുടെ കീഴിലുള്ള ജോയിന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് ജീവനക്കാരുടെ രാപ്പകല്‍ സമരവും സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലും. കന്റോണ്‍മെന്റ് പോലീസാണ് കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഗതാഗതം തടസ്സപ്പെടുത്തിയതിനും കാല്‍നട യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിനുമാണ് കേസ്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തത്. പെന്‍ഷന്‍ വിഷയത്തില്‍ എല്‍ഡിഎഫിന്റെ നയം പ്രാവര്‍ത്തികമാക്കപ്പെടണമെന്നും ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങള്‍ ഓര്‍മ്മപ്പെടുത്താനാണ് ഈ സമരമെന്നുമാണ് ബിനോയ് വിശ്വം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പൊതുസമൂഹത്തെ മലീമസമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഒരാളെയും അനുവദിക്കാന്‍ പാടില്ലെന്ന് ബിനോയ് വിശ്വം. ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ എന്നിങ്ങനെ വിഭജിച്ച് സമരങ്ങളെ അടിച്ചമര്‍ത്താനാണ് അദാനിക്കു വേണ്ടി കേന്ദ്രത്തിലെ മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ മല്ലു ഹിന്ദു ഗ്രൂപ്പ് ഉണ്ടാക്കാമെന്നും മുസ്ലിം ഗ്രൂപ്പുണ്ടാക്കാമെന്നും ചില ഐഎഎസ് തമ്പ്രാക്കള്‍ക്ക് തോന്നുകയാണ്. ഇത്തരം ഭ്രാന്തുപിടിച്ചവരെ നിയന്ത്രിച്ചേ പറ്റൂ. തല വലുതായി വരികയും കൈയും കാലും ശോഷിച്ചുപോവുകയും ചെയ്യുന്നതുപോലെയാണ് ഐഎഎസ് തലപ്പത്തുള്ള സ്ഥിതിയെന്നും ബിനോയ് വിശ്വം പ്രസംഗിച്ചു.
എന്നാല്‍, സ്വന്തം തെറ്റ് മറച്ചു വെച്ചുകൊണ്ടാണ് ബിനോയ് വിശ്വം മോദിയെയും അദാനിയെയും ഐ.എ.എസുകാരെയുമൊക്കെ വിമര്‍ശിച്ചതെന്നതാണ് കൗതുകം. ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുമ്പോള്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ കടുത്ത ഗതാഗതക്കുരുക്കാണുണ്ടായത്. മാത്രമല്ല, സ്റ്റേജ് റോഡിലേക്ക് നിന്നതു കൊണ്ട് ഒരു വശത്തു കൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തി വിട്ടതും. സര്‍ക്കാര്‍ തന്നെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്‌യത്തെ വെല്ലുവിളിക്കുകയാണ് ചെയ്തത്. ആരുണ്ട് തടുക്കാന്‍, ഞങ്ങളുടെ കൈയ്യില്‍ അദികാരമുണ്ട്. റോഡിലും സ്‌റ്റേജു കെട്ടിയാല്‍ ഒന്നും ചെയ്യില്ല എന്ന ഭീഷണിയാണ് ഇതിലൂടെ പുറത്തു വന്നത്.
സമാനമായ സംഭവം തന്നെയാണ് വഞ്ചിയൂരിലും നടന്നത്. പാളയം സി.പി.എം ഏര്യാ സമ്മേളനത്തോടനുബന്ധിച്ച് പൊതു സമ്മേളനം നടന്നത് നഡു റോഡിലാണ്. മാത്രമോ അതും കോടതി വളപ്പിനു മുമ്പില്‍. എന്നിട്ടും, ചെയ്തത് ന്യായീകരിക്കാന്‍ ശ്രമിക്കുന്നവരാണ് സി.പി.എം നേതാക്കള്‍. പാടില്ലാത്തതായിരുന്നുവെന്ന് എല്ലാം കഴിഞ്ഞ ശേഷം പ്രതികരിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയ് നല്‍കുന്ന സന്ദേശം എന്താണ്. സമൂഹം മനസ്സിലാക്കേണ്ടത് എന്താണ്. കുറ്റം ചെയ്ത ശേഷം ക്ഷമ പറഞ്ഞാല്‍ കുഴപ്പമില്ല എന്നാണ് വി. ജോയി പറയുന്നത്. കേരളം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ സമ്മേളനമാണ്. കേരളം ഭരിക്കുന്നത്, എന്നല്ല, കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ പോലും സി.പി.എമ്മിന്റേതായിരുന്നു.
ആ പാര്‍ട്ടിയുടെ ഏര്യ സമ്മേളം, അതും തലസ്ഥാനത്തെ പ്രധാനപ്പെട്ട ഏര്യാ സമ്മേളമാണ്. കോടതിയുടെ മുമ്പില്‍, നിയമ വിരുദ്ധത കാട്ടി സ്റ്റേജ് കെട്ടി പ്രസംഗിച്ചിട്ടും മനസ്സിലാക്കിയില്ല. നേതാക്കള്‍ പറഞ്ഞതും പ്രതികരിച്ചതും അങ്ങനെയാണ്. ഒരുകാര്യം ബോധ്യമാവുകയാണ്, അധികാരം കൈയ്യിലുണ്ടെങ്കില്‍ നിയമ വിരുദ്ധമായ കാര്യങ്ങള്‍ പോലും നിയമമായി മാറും. ഇടതുപക്ഷത്തെ വിശ്വസിക്കുന്ന ജനതയുടെ കരണത്തേറ്റ അടിയാണിത്. സഞ്ചാര സ്വാതന്ത്ര്യം ഹനിച്ചു കൊണ്ടുള്ള ഈ നടപടിക്കെതിരേ കോടതികള്‍ മാതൃകാപരമായ ശിക്ഷ തന്നെ നല്‍കണം. കണ്ടാല്‍ അറിയാവുന്ന 500 പേര്‍ക്കെതിരേ കേസെടുത്തതു തന്നെ പോലീസിന്റെ കള്ളക്കളിയാണ്. ഈ 500 പേരെയും ശിക്ഷിക്കില്ല എന്ന് എല്ലാവര്‍ക്കുമറിയാം.
ഇങ്ങനെ ഭരണഘടന നല്‍കുന്ന ജനങ്ങളുടെ എല്ലാ സ്വാതന്ത്ര്യത്തെയും നിഷ്‌ക്കാസനം ചെയ്തിട്ട്, അവര്‍ നല്‍കുന്ന സ്വാതന്ത്ര്യമാണ് യഥാര്‍ഥ സ്വാതന്ത്ര്യമെന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കം കൂടിയാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
CONTENT HIGHLIGHTS; CPM-CPI contest to block public road: CPI sets up stage on Secretariat Road, CPM sets up stage on Vanjiur Court Road; The police registered a case against him