Features

സംസ്ഥാനത്ത് എംപോക്സ് പടരുന്നു: ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു; എന്താണ് എംപോക്‌സ് രോഗം പ്രതിവിധികള്‍ ചികിത്സ എങ്ങനെ ?;

എംപോക്സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം

എംപോക്സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്. യു.എ.ഇ.യില്‍ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധം ശക്തമാക്കിയിരുന്നു. യു.എ.ഇ.യില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയ്ക്ക് കൂടി എംപോക്സ് സ്ഥീരീകരിച്ചു. ഇരുവരും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവരുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം ക്രമീകരിക്കാനും നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

സംസ്ഥാനത്ത് എംപോക്‌സ് പടരുമെന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍.ആര്‍.ടി) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. എംപോക്സ് വളരെ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷമാണ് രോഗം പകരുന്നത്. സമ്പര്‍ക്കമുണ്ടായാല്‍ 21 ദിവസം ശ്രദ്ധിക്കേണ്ടതാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എംപോക്സ് രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഐസൊലേഷനില്‍ തുടരേണ്ടതും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതുമാണ്. എയര്‍പോര്‍ട്ടുകളിലുള്‍പ്പെടെ അവബോധം ശക്തിപ്പെടുത്തിയിട്ടുണ്ട്.

കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എംപോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. അസുഖബാധിതരായ ആള്‍ക്കാരുമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്ന ആള്‍ക്കാര്‍ക്കാണ് എംപോക്സ് ഉണ്ടാകുക.

മുണ്ടിനീരിനുള്ള പ്രതിരോധ വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് വീണ്ടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മുണ്ടിനീര് ബാധിച്ച കുട്ടികളെ സ്‌കൂളില്‍ അയയ്ക്കരുത്. സ്റ്റേറ്റ് അഡൈ്വസറി യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

* എന്താണ് എംപോക്‌സ്

1958ല്‍ ഡെന്‍മാര്‍ക്കില്‍ ശാസ്ത്ര പരീക്ഷണങ്ങള്‍ക്കു വേണ്ടി സൂക്ഷിച്ചിരുന്ന കുരങ്ങുകളിലാണ് ആദ്യമായി എംപോക്‌സ് വൈറസ് കണ്ടെത്തുന്നത്. 1970ല്‍ ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ 9 മാസം പ്രായമുള്ള ആണ്‍കുഞ്ഞിനാണ് മനുഷ്യരില്‍ തന്നെ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കുരങ്ങില്‍ മാത്രമല്ല അണ്ണാന്‍, മുള്ളന്‍പന്നി, ചില കാട്ട് എലികള്‍, ചിലതരം ചെറിയ സസ്തിനികള്‍ എന്നിവയിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് തെറ്റിദ്ധാരണ ഒഴിവാക്കുന്നതിലേക്കായി മങ്കിപോക്‌സ് എന്നതിനു പകരം എംപോക്‌സ് എന്ന പേര് ലോകാരോഗ്യ സംഘടന തീരുമാനിക്കുന്നത്.

മൃഗങ്ങളുമായി വളരെ അടുത്തിടപഴകുന്ന അവസരങ്ങളിലാണ് ഈ വൈറസ്ബാധ കൂടുതലായി ഉണ്ടാകുന്നത്. മൃഗങ്ങളുമായി സമ്പര്‍ക്കമുള്ളവര്‍, വേട്ടയ്ക്കു പോകുന്നവര്‍, കാടുകളില്‍ കൂടുതല്‍ മൃഗങ്ങളുമായി ഇടപഴകുന്നവര്‍, കാട്ടുമൃഗങ്ങളുടെ അല്ലെങ്കില്‍ രോഗം ബാധിച്ച മൃഗങ്ങളുടെ മാംസം ശരിയായ രീതിയില്‍ പാചകം ചെയ്യാതെ ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്ക് ഈ രോഗം പകരാം. അതല്ലെങ്കില്‍ രോഗം ബാധിച്ച മനുഷ്യരില്‍ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് ഇത് പകരാം. തൊടുക, അടുത്തിടപഴകുക, ഒരേ വസ്ത്രം മാറി ഉപയോഗിക്കുക അങ്ങനെയുള്ള അവസരങ്ങളില്‍ രോഗം പകരാം. നേരിട്ട് സമ്പര്‍ക്കമുള്ള ആളുകള്‍ക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്.

* രോഗം പടരുന്നത് ഇങ്ങനെയൊക്കെ

വായുവില്‍ കൂടിയും രോഗം പകരാവുന്നതാണ്. മങ്കി പോക്‌സ് ഉള്ള ആളിന്റെ അടുത്തു നിന്ന് സംസാരിക്കുകയോ, ചുമ, ശ്വാസോച്ഛ്വാസം, കൂടുതല്‍ ഇടപഴകുകയോ വഴി വൈറസ് മറ്റൊരാളിലേക്കെത്താം. രോഗി ഉപയോഗിച്ച വസ്ത്രം, കിടക്കവിരി, ഇരിക്കുന്ന കസേര, ഉപയോഗിച്ച കംപ്യൂട്ടര്‍, മൊബൈല്‍ തുടങ്ങിയ വസ്തുക്കളിലൊക്കെയും വൈറസ് 10-15 മിനിറ്റ് നശിക്കാതെ കിടക്കും. ഈ വസ്തുക്കളുമായി ഇടപെടുന്ന വ്യക്തിക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്. ഒന്നിലധികം ലൈംഗികപങ്കാളിയുള്ളവര്‍ക്കും രോഗസാധ്യത കൂടുതലാണ്.

ഗര്‍ഭിണിയായ അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് പകരുന്നപക്ഷം ഗര്‍ഭം അലസി പോകാനും, ചാപിള്ളയാകുനുമുള്ള സാധ്യത ഏറെയാണ്. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എച്ച്‌ഐവി രോഗികള്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാനും ജീവനു തന്നെ ഭീഷണിയാവാനുമുള്ള സാധ്യത കൂടുതലാണ്. രോഗാണു ശരീരത്തില്‍ കയറിയാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതു വരെയുള്ള സമയമാണ് ഇന്‍കുബേഷന്‍ പീരിയഡ്. ഇത് 5-15 ദിവസം വരെയാകാം. പലര്‍ക്കും പല രീതിയിലാകാം രോഗബാധയുടെ തീവ്രത. ചിലര്‍ക്ക് ചര്‍മത്തില്‍ അണുബാധ വളരെ അധികമായിരിക്കാം, കാഴ്ചയ്ക്ക് മങ്ങലേല്‍ക്കാം, ന്യൂമോണിയ, വയറിളക്കം, ഛര്‍ദ്ദി എന്നിവയും ഉണ്ടായേക്കാം.

* രോഗലക്ഷണങ്ങള്‍

സാധാരണ ഒരു പനി വരുമ്പോള്‍ ഉണ്ടാകുന്നത് പോലെയുള്ള പനി, ജലദോഷം, തൊണ്ടവേദന, ശരീരവേദന എന്നീ രോഗലക്ഷണങ്ങളാണ് എംപോക്‌സ് വൈറസ്ബാധയുടെ ആദ്യത്തെ ഘട്ടം. രോഗിക്ക് തലവേദന, ചുമ കഴലവീക്കം എന്നിവയും ഉണ്ടാകും. രണ്ടാമത്തെ ഘട്ടത്തില്‍ ചിക്കന്‍പോക്‌സിന് സമാനമായ കുമിളകള്‍ ശരീരത്തിലാകെ പ്രത്യക്ഷപ്പെടുന്നു. ആദ്യം ചെറിയ രീതിയിലുള്ള പാടുകളായി പ്രത്യക്ഷപ്പെട്ട ശേഷമാണ് മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ ഇവ കുമിളകളായി മാറുന്നത്. ഇവ മുഖത്താണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. കൈവെള്ള, കാല്‍വെള്ള, കൈയുടെ പുറംഭാഗം എന്നിവിടങ്ങളില്‍ കുമിളകളുടെ എണ്ണം കൂടുതലായിരിക്കും. ജനനേന്ദ്രിയങ്ങളുടെ അടുത്തും ജനനേന്ദ്രിയങ്ങളിലും കുമിളകള്‍ പ്രത്യക്ഷപ്പെടാം. ഈ കുമിളകള്‍ വേദനയും അസ്വസ്ഥതയും ഉണ്ടാക്കുമെങ്കിലും പൊട്ടിക്കുവാന്‍ പാടില്ല. പിന്നീടിത് പഴുപ്പിന്റെ നിറത്തിലേക്കു മാറുകയും ഒരാഴ്ചയ്ക്കുള്ളില്‍ കുമിളകള്‍ പൂര്‍ണമായും കരിഞ്ഞ് ഉണങ്ങുകയും ചെയ്യും.

* രോഗം പകരാതിരിക്കാന്‍

രോഗം പകരാതിരിക്കാനുള്ള ഏറ്റവും വലിയ മാര്‍ഗം രോഗിയെ മാറ്റി പാര്‍പ്പിക്കുകയാണ്. രോഗപകര്‍ച്ച ഉണ്ടാകുന്ന സമയം വരെ രോഗിയെ മാറ്റിപ്പാര്‍പ്പിക്കുകയും രോഗിയെ പരിചരിക്കുന്നവര്‍ കൃത്യമായ വ്യക്തി ശുചിത്വം പാലിക്കുകയും വേണം. രോഗി മാസ്‌ക് ധരിക്കുകയും, ഇടയ്ക്കിടെ കൈകള്‍ കഴുകുകയും വേണം. വീട്ടിലുള്ളവര്‍ രോഗിയുടെ അടുത്തേക്ക് പോകുമ്പോള്‍ മാസ്‌കും ഗ്ലൗസും ധരിക്കുന്നതാണ് നല്ലത്. രോഗിയെ സ്പര്‍ശിച്ച ശേഷം സോപ്പ് ഉപയോഗിച്ച് ശരിയായ രീതിയില്‍ കൈകഴുകണം.

ശരീരത്തില്‍ പാടുകള്‍ വന്നുതുടങ്ങി, മങ്കിപോക്‌സ് ആണെന്ന് തിരിച്ചറിയുന്നതിനു രണ്ടു ദിവസം മുന്‍പേ ഇത് രോഗമുള്ളയാളില്‍ നിന്ന് മറ്റൊരു രോഗിയിലേക്ക് പടരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചെങ്കില്‍ മാത്രമേ രോഗം പടരുന്നത് തടയാനായി സാധിക്കുകയുള്ളൂ. വൈറസിന്റെ തീവ്രതയും ചികിത്സാ സൗകര്യങ്ങളും അനുസരിച്ച് മങ്കിപോക്‌സിന്റെ മരണനിരക്കില്‍ വ്യത്യാസമുണ്ടാകാം. നിലവില്‍ 1-10 ശതമാനം വരെയാണ് മരണ നിരക്ക്.

* എംപോക്‌സിനെ വേഗത്തില്‍ തിരിച്ചറിയാം

എംപോക്സ് പല രാജ്യങ്ങളിലും പടരുന്ന സാഹചര്യത്തില്‍ ആദ്യത്തെ അടിയന്തര ഡയഗ്‌നോസ്റ്റിക് പരിശോധനയ്ക്ക് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകാരം നല്‍കി. രോഗം പൊട്ടിപ്പുറപ്പെടുന്ന രാജ്യങ്ങളില്‍ പരിശോധനാ ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. ആഫ്രിക്കന്‍ യൂണിയന്റെ ഡിസീസ് കണ്‍ട്രോള്‍ സെന്റര്‍ പറയുന്നതനുസരിച്ച്, 16 രാജ്യങ്ങളില്‍ ഈ രോഗം ഔദ്യോഗിക കണക്ക് പ്രകാരം കണ്ടെത്തിയ എംപോക്സ് ബാധിച്ച് ആഫ്രിക്കയിലുടനീളം 800-ലധികം ആളുകള്‍ മരിച്ചു. അബോട്ട് മോളിക്യുലാര്‍ ഇന്‍കോര്‍പ്പറേറ്റ് നിര്‍മ്മിച്ച അലിനിറ്റി എം എംപിഎക്‌സ്വി അസ്സെ എന്ന് വിളിക്കപ്പെടുന്ന ഈ പരിശോധന, മനുഷ്യരുടെ ശരീരത്തിലെ സ്രവങ്ങളില്‍ നിന്ന് എംപോക്‌സ് വൈറസ് കണ്ടെത്തുന്നത് സാധ്യമാക്കുന്നു.

പരിശീലനം ലഭിച്ച ക്ലിനിക്കല്‍ ലബോറട്ടറി ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഡയഗ്‌നോസ്റ്റിക് ഉപകരണം വൈറസിനെ വേഗത്തിലും കൃത്യമായും തിരിച്ചറിയാന്‍ സഹായിക്കുമെന്ന് ണഒഛ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ മരുന്നുകളിലേക്കും ആരോഗ്യ ഉല്‍പന്നങ്ങളിലേക്കും പ്രവേശനം നല്‍കുന്ന അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ യുകിക്കോ നകതാനി ഈ അംഗീകാരത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു. ഇത് അടിയന്തര ഉപയോഗ ലിസ്റ്റിംഗിന് കീഴില്‍ ലിസ്റ്റുചെയ്തിരിക്കുന്ന ആദ്യത്തെ ഡയഗ്നോസ്റ്റിക് പരിശോധനയാണ്. ഇത് പരിശോധന വിപുലീകരിക്കുന്നതിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

പസ്റ്റുലാര്‍ അല്ലെങ്കില്‍ വെസിക്കുലാര്‍ റാഷ് സാമ്പിളുകളില്‍ നിന്ന് ഡിഎന്‍എ കണ്ടെത്തുന്നതിലൂടെ, ലബോറട്ടറികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംശയാസ്പദമായ എംപോക്സ് കേസുകള്‍ കാര്യക്ഷമമായും ഫലപ്രദമായും സ്ഥിരീകരിക്കാന്‍ കഴിയും’, ലോകാരോഗ്യ സംഘടന പറഞ്ഞു. കോംഗോയില്‍ പൊട്ടിപ്പുറപ്പെട്ട എംപോക്സ പിന്നീട് ബുറുണ്ടി, ഉഗാണ്ട, റുവാണ്ട എന്നിവയുള്‍പ്പെടെ അയല്‍രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഇന്ത്യയിലും എംപോക്സ് കണ്ടെത്തിയിരുന്നു.

* എംപോക്‌സ് വാക്‌സിനുകളും ചികിത്സകളും

യുഎസില്‍ mpox തടയാന്‍ രണ്ട് വാക്‌സിനുകള്‍ ലഭ്യമാണ്. mpox, വസൂരി എന്നിവ തടയാന്‍ Jynneos അംഗീകരിച്ചിട്ടുണ്ട്. ഇതിന് നാല് ആഴ്ച ഇടവേളയില്‍ രണ്ട് ഡോസുകള്‍ ആവശ്യമാണ്. വസൂരി തടയുന്നതിന് ACAM2000 എന്ന വാക്‌സിന്‍ അംഗീകരിച്ചിട്ടുണ്ട്, ഇത് എംപോക്‌സിന് ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. ആവശ്യമെങ്കില്‍ ഇത് ലഭ്യമാക്കാം, പക്ഷേ അതിന്റെ സാധ്യതയുള്ള പാര്‍ശ്വഫലങ്ങള്‍ അതിനെ രണ്ടാമത്തെ തിരഞ്ഞെടുപ്പാക്കി മാറ്റുന്നു. ആഫ്രിക്കയിലെയും ഏഷ്യയിലെയും മറ്റിടങ്ങളിലെയും വിഭവ ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിനുകള്‍ക്ക് പരിമിതമായ പ്രവേശനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യൂറോപ്പും യുഎസും പോലുള്ള വിഭവ സമൃദ്ധമായ രാജ്യങ്ങളില്‍ പോലും, വാക്‌സിന്‍ മടിയാണ് പൊട്ടിത്തെറി തടയുന്നതിന് തടസ്സമായിരിക്കുന്നത്.

ഒരു പഠനത്തില്‍ , ഇല്ലിനോയിസിലെ ദുര്‍ബലരായ ജനസംഖ്യയുടെ പകുതി പേര്‍ക്ക് മാത്രമേ എംപോക്‌സ് വാക്സിന്റെ പ്രാരംഭ ഡോസ് ലഭിച്ചുള്ളൂ, നാലിലൊന്ന് പേര്‍ക്ക് മാത്രമേ ശുപാര്‍ശ ചെയ്യപ്പെട്ട രണ്ട് ഡോസുകളും ലഭിച്ചുള്ളൂ. വസൂരി ചികിത്സിക്കാന്‍ ടെക്കോവിരിമാറ്റ് എന്ന ആന്റിവൈറല്‍ മരുന്ന് അംഗീകരിച്ചിട്ടുണ്ട്. മൃഗപഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് പോക്‌സിന്റെ ചികിത്സയിലും ഫലപ്രദമാകുമെന്നാണ്. 2024ലെ ഒരു പഠനത്തില്‍, ടെകോവിരിമാറ്റ് മുതിര്‍ന്നവര്‍ക്കും ക്ലേഡ് 1 എംപോക്‌സുള്ള കുട്ടികള്‍ക്കും രോഗലക്ഷണങ്ങളുള്ള സമയദൈര്‍ഘ്യം കുറയ്ക്കുന്നില്ലെന്ന് കണ്ടെത്തി.

CONTENT HIGHLIGHTS; Empox spreading in the state: one more confirmed; What is empox disease remedies and treatment how?;