കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ 14-ാം ചരമ വാര്‍ഷികമാണിന്ന്. കെ.പി.സി.സിയില്‍ പ്രത്യേക അനുസ്മരണ ചടങ്ങുണ്ടാകുമെന്നുറപ്പാണ്. കനകക്കുന്നിലെ കരുണാകര പ്രതിമയില്‍ പുഷ്പാര്‍ച്ചനയും ഉണ്ടാകും. നേതാക്കളെല്ലാം അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ വ്യത്യസ്തമായൊരു കാര്യം കൂടി നടക്കും. മകതന്‍ കെ. മുരളീധരന്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെ ലേബലില്‍ അച്ഛനെ ഓര്‍ക്കാനെത്തുമ്പോള്‍ മകള്‍ പത്മജാ വേണുഗോപാല്‍ ബി.ജെ.പിക്കാരി ആയിട്ടാണ് എത്തുക. താന്‍ ചെയ്തത് ശരിയാണെന്ന പൂര്‍ണ്ണ ബോധ്യത്തോടെയാണ് അവര്‍ അച്ഛനെ ഓര്‍ക്കാനെത്തുക.
എന്നാല്‍, കെ. കരുണാകരനെ അട്ടിമറിച്ചവര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ലെന്ന് പറഞ്ഞു കൊണ്ട് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസ് കെട്ടിപ്പടുക്കാന്‍ ഏറ്റവുമധികം ത്യാഗം സഹിച്ച കെ.കരുണാകരനെ രണ്ടു തവണ മുഖ്യമന്ത്രി പദത്തില്‍ നിന്നും അട്ടിമറിച്ചവര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ലെന്നാണ് അദ്ദേഹം പറയുന്നത്. കരുണാകരന്റെ ചരമവാര്‍ഷികം ആചരിക്കുമ്പോഴെങ്കിലും അദ്ദേഹത്തെ വേട്ടയാടിയവര്‍ പശ്ചാത്തപിക്കേണ്ടതാണ്. രാജന്‍ കേസില്‍ കരുണാകരനെ കൊലയാളിയായും, ചാരവൃത്തിക്കേസില്‍ രാജ്യദ്രോഹിയായും ചിത്രീകരിച്ചവര്‍ മഹാപാപികളാണ്.
ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ് കരുണാകരനെ പലപ്പോഴും സ്വന്തം പാര്‍ട്ടിക്കാര്‍ പോലും ശിക്ഷിച്ചത്. ആരെയും തള്ളിപ്പറയാതെ അദ്ദേഹം എല്ലാ കുറ്റവും സ്വയം ഏറ്റെടുക്കുകയാണ് ചെയ്തത്. തന്നെ ക്രൂരമായി വിമര്‍ശിച്ച രാഷ്ട്രീയ നേതാക്കളോടും മാധ്യമങ്ങളോടും കരുണാകരന്‍ ഒരിക്കലും അസഹിഷ്ണത കാട്ടിയിട്ടില്ല. തട്ടില്‍ എസ്റ്റേറ്റ് മാനേജറുടെ വധ കേസ്, അഴീക്കോടന്‍ രാഘവന്‍ വധ വിവാദം, രാജന്‍ വധ കേസ്, പാമോലിന്‍ അഴിമതി കേസ്, ഐ.എസ്.ആര്‍.ഒ ചാരവൃത്തി കേസ് എന്നിവയിലെല്ലാം ആരോപണ വിധേയനായ കരുണാകരന്‍ തന്റെ നിരപരാധിത്വം എന്നോട് മരണത്തിന് മുമ്പ് ദീര്‍ഘമായി വിശദീകരിച്ചിരുന്നു. വിശദമായ അന്വേഷണത്തിലൂടെ പിന്നീട് ഞാന്‍ കണ്ടെത്തിയ നിഗമനങ്ങള്‍ മുക്കാല്‍ ഭാഗവും എഴുതി പൂര്‍ത്തിയാക്കിയ ‘ചരിത്രത്തിനൊപ്പം ‘എന്ന എന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
125 അദ്ധ്യായങ്ങളുള്ള ചരിത്രപരമായ അനുഭവ സാക്ഷ്യമായ ഈ പുസ്തകം 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശേഷം അന്നത്തെ കേരള മുഖ്യമന്ത്രി പ്രകാശനം ചെയ്യും. 1982ല്‍ പ്രസിദ്ധീകരിച്ച ഇപ്പോഴും വിപണിയിലുള്ള ‘കാല്‍ നൂറ്റാണ്ട്’ എന്ന കേരള ചരിത്ര ഗ്രന്ഥത്തിന്റെ പിന്തുടര്‍ച്ചയായിരിക്കും ഇത് എന്നും ചെറിയാന്‍ ഫിലിപ്പ് പറയുമ്പോള്‍ അതിന്റെ പിന്നില്‍ ദുരൂഹതകളുടെ കൂമ്പാരമുണ്ടെന്നുറപ്പിക്കാം. എന്നാല്‍, കെ. കരുണാകരന്റെ മകന്റെയും മകളുടെയും രാാഷ്ട്രീയം വ്യതിചലനം ഇന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തെ തന്നെ ഉലച്ചിട്ടുണ്ട്. കേരളത്തിന്റെ കോണ്‍ഗ്ര മുഖമായിരുന്ന കെ. കരുണാകരനെന്ന അതികായന്റെ മകള്‍ ബി.ജെ.പിയില്‍ ചരാനുണ്ടായ സാഹചര്യമാണ് ചര്‍ച്ചയാകേണ്ടത്.
തലയെടുപ്പുള്ള നിരവധി രാഷ്ട്രീയ നേതാക്കള്‍ക്ക് കേരളം ജന്മം നല്‍കിയിട്ടുണ്ടെങ്കിലും ‘ലീഡര്‍’ എന്ന വിശേഷണത്തിന് അക്ഷരാര്‍ഥത്തില്‍ തന്നെ അര്‍ഹനായ ഒരു നേതാവ് കെ. കരുണാകരന്‍ മാത്രമായിരുന്നു. അദ്ദേഹം എല്ലാവരുടെയും നേതാവായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും മാത്രമല്ല, മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അദ്ദഹത്തെ ലീഡര്‍ എന്നാണ് വിളിച്ചത്. കണ്ണൂരിലെ ചിറയ്ക്കല്‍ കോവിലകത്തിന് സമീപമുള്ള കണ്ണോത്തു തറവാട്ടില്‍ 1918 ജൂലൈ അഞ്ചിനു ജനിച്ച കരുണാകരന്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷമാണ് ജന്മനാ ലഭിച്ച ചിത്രകലാ അഭിരുചിയില്‍ തുടര്‍പഠനത്തിനായി തൃശൂര്‍ ആര്‍ട്‌സ് സ്‌കൂളിലെത്തിയത്. ചിത്രരചനയോടുള്ള ഈ അഭിനിവേശത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ്, പിന്നീട്, അദ്ദേഹം കേരളത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റി വരച്ചത്.
ദിവാന്‍ ഭരണത്തിനെതിരേ കോണ്‍ഗ്രസ് അനുഭാവികളായ ചെറുപ്പക്കാര്‍ പ്രജാമണ്ഡലം എന്ന സംഘടനയ്ക്കു രൂപം കൊടുത്തപ്പോള്‍ കരുണാകരന്‍ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 1942ല്‍ മഹാത്മാ ഗാന്ധി ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹവും അതില്‍ പങ്കാളിയായി. പോലീസ് മര്‍ദനവും തുടര്‍ന്ന് ജയില്‍ വാസവും അനുഭവിച്ചു. പിന്നീടാണ് അദ്ദേഹം തൊഴിലാളി സംഘടനാ രംഗത്തേക്കെത്തിയത്. ആ രംഗത്തു വളര്‍ത്തിയെടുത്ത സംഘാടക പ്രതിഭയാണ് പില്‍ക്കാലത്ത് അദ്ദേഹത്തെ തിരു- കൊച്ചി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് എത്തിച്ചതും തൃശൂര്‍ നഗരസഭാ കൗണ്‍സിലറായും പിന്നീട്, കൊച്ചി നിയമസഭാംഗമാക്കി മാറ്റിയതും.
കേരളപ്പിറവിക്കു ശേഷം നടന്ന 1957ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, അദ്ദേഹം തൃശൂരില്‍ നിന്ന് മത്സരിച്ചെങ്കിലും, തോറ്റു. 1965ല്‍ മാളയില്‍ നിന്നു വിജയിച്ച ശേഷം, തുടര്‍ച്ചയായി എട്ടു തവണ ആ മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. പിന്നീടു പാര്‍ലമെന്റിലേക്കു പോകുന്നതു വരെ മാളയുടെ മാണിക്യമായി അദ്ദേഹം മാറി. മൂന്നു തവണ രാജ്യസഭയിലും രണ്ടുതവണ ലോകസഭയിലും അംഗമായി. കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന പി.ടി. ചാക്കോയുടെ മരണശേഷമുണ്ടായ പിളര്‍പ്പോടെ കോണ്‍ഗ്രസ് നന്നേ ശോഷിച്ചുപോയി. 1967ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ഒരു അംബാസിഡര്‍ കാറില്‍ യാത്ര ചെയ്യാവുന്നത്ര അംഗബലം മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസിനെ പിന്നീട് നയിച്ചത് അദ്ദേഹമായിരുന്നു.
കുശാഗ്ര ബുദ്ധിമാനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സപ്തകക്ഷി മുന്നണിയുടെ പരാജയങ്ങള്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ നേട്ടമാക്കി മാറ്റി. 1970ലെ തെരഞ്ഞെടുപ്പോടെ യുവനിരയെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസിനെ ശക്തമായ രീതിയില്‍ തിരിച്ചു കൊണ്ടുവരാനും, ഐക്യ മുന്നണി സംവിധാനത്തിന് അടിത്തറയിടാനും അദ്ദേഹത്തിന്റെ ചാണക്യ തന്ത്രങ്ങള്‍ക്ക് സാധിച്ചു. കേരളത്തിന്റെയും, കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ ചിത്രം അദ്ദേഹം മാറ്റി വരച്ചു. ജനാധിപത്യ ചേരിയിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ഒരേ കുടക്കീഴില്‍ കൊണ്ടുവന്നതിലൂടെ ഐക്യ ജനാധിപത്യ മുന്നണിയുടെ യഥാര്‍ഥ ശില്‍പ്പിയായി കരുണാകരന്‍ മാറി.
സി. അച്യുതമേനോന്റെ മന്ത്രിസഭയില്‍ ശക്തനായ ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അസാമാന്യമായ ഭരണ നൈപുണ്യവും രാഷ്ട്രീയ തന്ത്രജ്ഞതയും അദ്ദേഹം കാഴ്ച വച്ചു. പൊലീസ് സ്റ്റേഷനുകളില്‍ ആക്രമണം നടത്തിക്കൊണ്ട് കേരളത്തില്‍ വേരുറപ്പിക്കുവാന്‍ ശ്രമിച്ച നക്‌സലൈറ്റ് പ്രസ്ഥാനത്തെ വേരോടെ പിഴുതെറിയാന്‍ അദ്ദേഹം നേതൃത്വം നല്‍കി. ചില പോലീസ് ഉദ്യോഗസ്ഥരുടെ അത്യുത്സാഹത്താലുണ്ടായ രാജന്‍ കേസ് ഒഴിച്ചുനിര്‍ത്തിയാല്‍, അടിയന്തരാവസ്ഥയുടെ ദൂഷ്യവശങ്ങള്‍ ഒഴിവാക്കി ആഭ്യന്തര വകുപ്പിനെ ജനോപകാരപ്രദമാക്കി മാറ്റുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതാണ്. അദ്ദേഹം കണ്ടെത്തി നിയമിച്ച ശിങ്കാരവേലു എന്ന ഐജിയിലൂടെയാണ് പൊലീസിനെ ജനകീയവത്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്.
പൊലീസ് സ്റ്റേഷനുകളിലേക്ക് കടന്നുചെല്ലാന്‍ മാത്രമല്ല, ഫോണ്‍ ചെയ്യാന്‍ പോലും സാധാരണക്കാര്‍ ഭയപ്പെട്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. സ്റ്റേഷനിലേക്ക് ആര് ഫോണ്‍ ചെയ്താലും ഫോണ്‍ എടുക്കുന്ന ഉദ്യോഗസ്ഥന്റെ പേരും നമ്പരും പറയുന്നതിനൊപ്പം, ‘ഗുഡ് മോണിങ്, ഗുഡ് ആഫ്റ്റര്‍നൂണ്‍, ഗുഡ് ഈവെനിങ് ‘ എന്നിവ അവസരോചിതമായി പറയണമെന്ന് നിര്‍ബന്ധമാക്കി. ഇന്ത്യയുടെ പൊലീസ് ചരിത്രത്തില്‍ തന്നെ വിപ്ലവകരമായ മാറ്റമായിരുന്നു അത്. ജനങ്ങളോട് മാന്യമായും, മര്യാദയോടും കൂടി പെരുമാറണമെന്നത് ശക്തമായി നടപ്പിലാക്കി. ഒന്നില്‍ കൂടുതല്‍ ആളുകളുമായി സൈക്കിളില്‍ യാത്ര ചെയ്താല്‍ പെറ്റിയടിക്കുന്ന സമ്പ്രദായം 70കളില്‍ തന്നെ അദ്ദേഹം നിര്‍ത്തലാക്കിച്ചു.
ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന് തന്നെയായിരുന്നു സിനിമ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക വകുപ്പിന്റെയും ചുമതല. മലയാള സിനിമാ നിര്‍മാണം ആ കാലഘട്ടത്തില്‍ കേന്ദ്രികരിച്ചിരുന്നത് മദ്രാസിലായിരുന്നു. അവിടെനിന്നു മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചുനടേണ്ടതിന്റെ ആവശ്യകത ചലച്ചിത്രലോകത്തെ പ്രഗത്ഭരായിരുന്ന രാമു കാര്യാട്ട്, പി. ഭാസ്‌കരന്‍, തോപ്പില്‍ ഭാസി എന്നിവര്‍ കരുണാകരനെ കണ്ടു സംസാരിച്ചു. ഇതിന്റെ പ്രാധാന്യം മനസിലാക്കിയ കരുണാകരനാണ് ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ രൂപീകരിക്കാന്‍ നടപടിയെടുത്തത്. അന്നത് രൂപീകരിക്കുമ്പോള്‍, ഇന്ത്യയില്‍ തന്നെ പൊതുമേഖലയില്‍ രൂപീകരിക്കുന്ന ആദ്യ ഫിലിം കോര്‍പ്പറേഷനായിരുന്നു. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായും അദ്ദേഹം നിരവധി നടപടികള്‍ കൈക്കൊണ്ടു.
നാലു തവണ മുഖ്യമന്ത്രിയും ഒരു തവണ കേന്ദ്രമന്ത്രിയുമായ കരുണാകരന്‍, ഭരണാധികാരിയെന്ന നിലയില്‍ സംസ്ഥാന വികസനത്തില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. അസാധ്യമെന്ന് തോന്നുന്ന പല പദ്ധതികളും യാഥാര്‍ഥ്യമാക്കി മാറ്റുന്നതില്‍ വൈദഗ്ധ്യമുള്ള നേതാവായിരുന്നു അദ്ദേഹം. അതിന്റെ തെളിമയാര്‍ന്ന ഉദാഹരണമാണ് നെടുമ്പാശേരി അന്തര്‍ദേശീയ വിമാനത്താവളം. പൊതുമേഖലയെയും സ്വകാര്യ മേഖലയെയും ഒരുമിപ്പിക്കുന്ന പിപിപി എന്ന ആശയം ഇന്ത്യയില്‍ത്തന്നെ നിലവിലില്ലാതിരുന്ന അവസരത്തിലാണ് പൊതു- സ്വകാര്യ മേഖലകളെ സംയോജിപ്പിച്ച് നെടുമ്പാശേരിയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തത്.
എറണാകുളം- വൈപ്പിന്‍ ഗോശ്രീ പാലങ്ങളുടെ പദ്ധതി, തൃശൂര്‍- ഗുരുവായൂര്‍ റെയില്‍വേ ലൈന്‍, ഏഴിമല നാവിക അക്കാദമി, ദക്ഷിണ വ്യോമസേനാ കമാന്‍ഡ്, കായംകുളം എന്‍ടിപിസി താപനിലയം, കൊച്ചി അന്തരാഷ്ട്ര സ്റ്റേഡിയം, കാലടി സംസ്‌കൃത സര്‍വകലാശാല, മഹാത്മാ ഗാന്ധി സര്‍വകലാശാല, തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ-ടെക്‌നോളജി എന്നിവയൊക്കെ സ്ഥാപിക്കുന്നതിലും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം കാണാം. കൊച്ചിയില്‍ കയറ്റുമതി വികസന മേഖല സ്ഥാപിക്കുന്നതിലും ഏഷ്യാഡ് നടന്ന അവസരത്തില്‍ കേരളത്തില്‍ ദൂരദര്‍ശന്‍ പ്രക്ഷേപണ നിലയം സ്ഥാപിക്കുന്നതിലും അദ്ദേഹം പ്രത്യേകം താല്‍പ്പര്യമെടുത്തിരുന്നു.
ഒരു കാര്യം തീരുമാനിച്ചാല്‍, എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് അത് നടപ്പാക്കാന്‍ അദ്ദേഹം ശുഷ്‌കാന്തി കാണിച്ചിരുന്നു. അതുപോലെ, സര്‍ക്കാര്‍ നയങ്ങള്‍ ആത്മാര്‍ഥതയോടെ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മനഃപൂര്‍വമല്ലാത്ത പിഴവുകള്‍ ഉണ്ടായാലും അവരെ അങ്ങേയറ്റം സംരക്ഷിക്കാന്‍ അദ്ദേഹത്തിന് മടിയില്ലായിരുന്നു. അതുകൊണ്ടു തന്നെയാണ് ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം പ്രിയങ്കരനായി മാറിയത്. 2010 ഡിസംബര്‍ 23നാണ് ‘ഒരേയൊരു ലീഡര്‍’ കെ. കരുണാകരന്‍ 92ാം വയസില്‍ ഈ ലോകത്തോടു വിടപറയുന്നത്. കേരളം ഭരിച്ച ആജ്ഞാശക്തിയും കരുത്തും ഭരണപാടവവും കാഴ്ചവച്ച അപൂര്‍വം ഭരണാധിപരില്‍ ഒരാളായിരുന്നു അദ്ദേഹം.
പക്ഷെ, അദ്ദേഹത്തിന്റെ മറമ ശേഷം കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയവലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. കരുണാകരനു പിന്നാലെ ഉമ്മന്‍ചാണ്ടിയും മണ്‍മറഞ്ഞു. മകള്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയുടെ പ്രചാരകയായി. മകന്‍ തൃശൂരില്‍ തോറ്റു തുന്നംപാടി. പാര്‍ട്ടിയിലെ അടിയൊഴുക്കിന്റെ ശക്തി അത്രത്തോളമായെന്ന് ചര്‍ച്ചയുണ്ട്. ഇന്ന് അദ്ദേഹം സ്വര്‍ഗത്തിലിരുന്ന് മക്കളുടെ രാഷ്ട്രീയ ഭാവിയെ കുറിച്ചും കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവിയെ കുറിച്ചും ചിന്തിക്കുന്നുണ്ടാവാം.
CONTENT HIGHLIGHTS; Who was the leader K. Karunakaran?: Father in heaven, daughter in BJP, son in Congress; K. On 14th death anniversary of Karunakaran, history will not forgive those who overthrew Karunakaran, says Cherian Philip