Features

KSRTCക്ക് നിവര്‍ന്നു നില്‍ക്കാന്‍ 2025ല്‍ എങ്കിലും കഴിയുമോ ?: പ്രതീക്ഷയോടെ ജീവനക്കാരും, മാനേജ്‌മെന്റും വകുപ്പു മന്ത്രിയും; ആനവണ്ടിയെ സ്‌നേഹിക്കുന്നവരുടെ എണ്ണം പുതുവര്‍ഷത്തില്‍ വര്‍ദ്ധിക്കട്ടെ

സേവന മേഖലയില്‍ നില്‍ക്കുന്ന പൊതു ഗതാഗത സംവിധാനമായ കേരളത്തിന്റെ സ്വന്തം ആനവണ്ടി കോര്‍പ്പറേഷന് (KSRTC) പുതുവര്‍ഷം നിവര്‍ന്നു നില്‍ക്കാന്‍ കഴിയുന്നതാകട്ടെ എന്ന് ആശംസിക്കുന്നു. കടത്തിന്റെയും പരാധീനതകളുടെയും കണക്കു പുസ്തകം അടച്ചുവെച്ച് 2025 മുതല്‍ KSRTCയുടെ വളര്‍ച്ചയുടെ പുതിയ വഴികള്‍ വെട്ടിത്തുറക്കപ്പെടട്ടെ. നിരപ്പായ പ്രദേശങ്ങളില്‍ ഓടുന്ന ഡബിള്‍ഡക്കര്‍ ബസുകള്‍ മലമുകളിലും താഴ്‌വാരങ്ങളിലും, കീഴ്ക്കാം തൂക്കായ പ്രദേശങ്ങളും ഓപ്പറേറ്റ് ചെയ്യാന്‍ സാധിക്കുമോ എന്ന പഠനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, വിദേശ-സ്വദേശ ടൂറിസ്റ്റുകള്‍ക്ക് വിനോദ സഞ്ചാരത്തിന്റെ മറ്റൊരു തലമാണ് തുറക്കപ്പെടുന്നത്. ഇതുവഴി KSRTC കൂടുതല്‍ ജനകീയമാകും.

ഇങ്ങനെയുള്ള നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതിനോടൊപ്പം കഠിനപ്രയത്‌നം കൂടി ചെയ്യുമ്പോള്‍ ഉറപ്പായും KSRTC ഉയര്‍ന്നു വരികതന്നെ ചെയ്യും. പുതുവര്‍ഷം ജീവനക്കാര്‍ക്കും മാനേജ്‌മെന്റിനും വകുപ്പു മന്ത്രിക്കും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. സംസ്ഥാന ബജറ്റില്‍ കൂടുതല്‍ ഫണ്ട് വകയിരുത്തുമെന്ന പ്രതീക്ഷയുമുണ്ട്. പുതിയ ബസുകള്‍ വാങ്ങാനുള്ള നീക്കങ്ങളും ഇതോടൊപ്പം ഉണ്ടാകും. പ്രധാനമായും ജീവനക്കാരുടെ ശമ്പളം മാസം ആദ്യം ഒറ്റത്തവണയായി കൊടുക്കാന്‍ കഴിയുക എന്നതാണ്. ഇത് 2025 ജനുവരിയോടെ ക്രമവത്ക്കരിക്കപ്പെടുമോ എന്നതാണ് സംശയം.

സര്‍ക്കാര്‍ സഹായവും ഒപ്പം വായ്പകളും കൃത്യമായി ലഭിച്ചാല്‍ മാസാദ്യം തന്നെ ശമ്പളം എന്നത് യാഥാര്‍ഥ്യമാകും. നിലവില്‍ ജീവനക്കാര്‍ താത്ക്കാലിക ആശ്വാസത്തിലാണ്. കാരണം, എപ്പോഴാണ് ആദ്യ ഗഡു ശമ്പളം ലഭിക്കുന്നതെന്നു നോക്കിയിരിക്കുകയും, രണ്ടാം ഗഡു ശമ്പളം കിട്ടാന്‍ അനിശ്ചിതമായി കാത്തിരിക്കേണ്ട അവസ്ഥയും മാറി 15നു മുമ്പ് ശമ്പളം കിട്ടുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. ഇത് ഒന്നാം തീയതിയോ, അഞ്ചാം തീയതിയോ ആക്കി മാറ്റുകയാണ് മാനനേജ്‌മെന്റിന്റെ ലക്ഷ്യം.

ഇത് വ്യക്തമാക്കുന്നത്, KSRTC മാനേജ്‌മെന്റിന്റെയും, വകുപ്പുമന്ത്രിയുടെയും ആര്‍ജ്ജവമാണ്. നേരത്തെ ആന്റണി രാജു മന്ത്രിയും, ബിജു പ്രഭാകര്‍ എം.ഡിയും ആയിരുന്നപ്പോള്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ ഗതി എന്തായിരുന്നു. വെട്ടിമുറിച്ചും, അനിശ്ചതത്വവുമൊക്കെ ആയിരുന്നു. ജീവനക്കാരെല്ലാം കള്ളന്‍മാരാണെന്നും ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നവരുമാണെന്നും ആക്ഷേപവും കേട്ടു. അപ്പോഴും വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ജീവനക്കാര്‍ രാപ്പകലില്ലാതെ ജജോലി ചെയ്യുന്നുണ്ടായിരുന്നു എന്നത് മറക്കാന്‍ പാടില്ല. പുതിയൊരു കമ്പനിയെയും KSRTCയില്‍ എത്തിച്ചു. ഇലക്ട്രിക് ബസുകള്‍ വാങ്ങിയതിലും പിഴവുണ്ടായെന്നാണ് പുതിയ മന്ത്രിയയും ആരോപിച്ചത്.

നോക്കൂ, ഗണേഷ്‌കുമാര്‍ മന്ത്രിയായി വന്നതിനു ശേഷമുള്ള മാാറ്റങ്ങള്‍. എതിരഭിപ്രായങ്ങള്‍ ഉണ്ടാകാം പക്ഷെ, യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കരുത്. ഗണേ,്കുമാര്‍ വരുന്നതിനു മുമ്പ് ഉണ്ടായിരുന്ന KSRTC ആണോ ഇപ്പോഴുള്ളതെന്ന പരിശോധന നടത്തി നോക്കിയാല്‍ സത്യം മനസ്സിലാകും. മേയര്‍-യദു വിഷയത്തിലൊക്കെ രാഷ്ട്രീയമായ തീരുമാനങ്ങള്‍ക്ക് മൗനിയായെങ്കിലും, ജീവനക്കാര്‍ക്കൊപ്പം നില്‍ക്കുന്ന മന്ത്രി എന്ന പ്രതീതി സൃഷ്ടിക്കാന്‍ കഴിഞ്ഞു. കിട്ടാത്ത ശമ്പളം കിട്ടുമെന്നും, അത് ഒരുമിച്ചു നല്‍കുമെന്നും പറഞ്ഞു. അതിനായുള്ള ശ്രമങ്ങള്‍ നടത്തി വിജയിപ്പിക്കുകയും ചെയ്തു.

ഇനി ആ ശമ്പളം മാം ആദ്യം നല്‍കാനുള്ള ശ്രമത്തിലുമാണ്. നിലവില്‍ KSRTCയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നു ചോദിച്ചാല്‍ പ്രത്യക്ഷത്തില്‍ ഒരു പ്രശ്‌നങ്ങളുമില്ല എന്നു തന്നെ പറയാം. ഉള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ശ്രമിക്കുന്നുണ്ട്. മിക്ക വിഷയങ്ങളിലും മന്ത്രി നേരിട്ട് ഇടപെട്ടാണ് പരിഹാരം കാണുന്നത്. അതുകൊണ്ടുതന്നെ KSRTCക്കുള്ളിലെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും കുറവു സംഭവിച്ചിട്ടുണ്ട്. എന്നാല്‍, മാറ്റേണ്ടതും, മാറ്റാതിരിക്കുന്നതുമായ നിരവധി വിഷയങ്ങളുണ്ടെന്ന് ജീവനക്കാര്‍ തന്നെ പറുന്നുണ്ട്.

കൃത്യമായി ശമ്പളം ലഭിച്ചാല്‍ സ്വന്തം വകുപ്പിലെ പ്രശ്‌നങ്ങള്‍ പറഞ്ഞു നടക്കാന്‍ ആരും മെനക്കെടില്ല എന്നതാണ് സത്യം. അത് മനസ്സിലാക്കിയുള്ള നീക്കമായിരുന്നു ഗണേഷ്‌കുമാര്‍ നടത്തിയത്. ശമ്പളം വേഗത്തില്‍ കൊടുക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയതോടെ KSRTC വാര്‍ത്തകള്‍ക്കും കുറവു സംഭവിച്ചു. എല്ലാം നല്ലതുപോലെ നടക്കട്ടെ എന്നു തന്നെയാണ് മലയാളികളുടെ ആഗ്രഹം. കാരണം, അത്രയേറെ ആനവണ്ടിയെയും ആനവണ്ടി കോര്‍പ്പറേഷനെയും സ്‌നേഹിക്കുന്നുണ്ട്. KSRTCക്ക് ക്രിസ്തുമസ് ഓട്ടം ലാഭകരമാകട്ടെ. കളക്ഷന്‍ കൂടുന്നതിനനുസരിച്ച് ജീവനക്കാര്‍ സന്തുഷ്ടരാകട്ടെ. വകുപ്പിന് ഉയര്‍ച്ചയും ഉണ്ടാകണം.

അതേസമയം KSRTCയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സ്വകാര്യ ബസ് ലോബിയെ മൂക്കുകയറിടാന്‍ കൂടി മന്ത്രി തയ്യാറാകണം. സ്വകാര്യ ബസുകളുടെ രാജാവായ ‘ശരണ്യ’ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയുടെ കുടുംബത്തിലുള്ളതാണെന്ന ചീത്തപ്പേര് ഇപ്പോഴുമുണ്ട്. അതുകൊണ്ടാണ് സ്വാകാര്യ ബസുകള്‍ക്കെതിരേ നടപടി എടുക്കാത്തതെന്നാണ് ആക്ഷേപം. 2004 ആണ് സ്വകാര്യ ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്താവുന്ന റൂട്ടുകള്‍ കണ്ടത്തി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത്. എന്നാല്‍, അതെല്ലാം ഗസറ്റിലെ വിജ്ഞാപനത്തില്‍ മാത്രം ഒതുഎങ്ങി. ഒന്നും നടന്നില്ല.

ഗണേഷ്‌കുമാര്‍ വകുപ്പ് മന്ത്രിയായ ശേഷം പ്രാദേശികMLA മാരുടെ അദ്ധ്യക്ഷതയില്‍ റൂട്ട് മോഡിഫിക്കേഷന്‍ എന്ന പേരില്‍ പുതിയ ഒരുപദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സൂചന നല്‍കുന്നത് നിലവില്‍ പുതിയ റൂട്ടുകള്‍ KSRTC യുടെ നാഷണലൈസ്ഡ് റൂട്ടിലാണ് വരാന്‍ പോവുന്നത്. 5 km വരെ KSRTC റൂട്ടില്‍ ഓവര്‍ലാപ് ചെയ്ത് സ്വകാര്യ ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്താമെന്ന ദൂരപരിധി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം വ്യാപകമായി ഉയര്‍ന്നു. KSRTC ക്ക് കുത്തകയുള്ള റൂട്ടുകള്‍ നഷ്ടപ്പെടാന്‍ ഇത് വഴി വെക്കും.

CONTENT HIGHLIGHTS; Can KSRTC stand upright at least in 2025?: Employees, management and departmental minister hopeful; May the number of elephant lovers increase in the new year