Anweshanam Special

കാലമേ നന്ദി: ഓര്‍മ്മത്തുരുത്തില്‍ വിദൂരമായൊരു അംഗീകരിക്കലിന്റെ കഥ; മഹാരാജാസ് കോളേജിന്റെ 1998-99 മാഗസിന്‍ ജഡ്ജ് നല്‍കിയ പ്രചോദനം മറക്കാനാവില്ല (എക്‌സ്‌ക്ലൂസിവ്)

കേരളത്തെ, മലയാളത്തെ ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ ലോകത്ത് അടയാളപ്പെടുത്തിയവര്‍ മരിച്ചു പോയെന്ന് വിശ്വസിക്കാന്‍ വയ്യ. അതുകൊണ്ടു തന്നെ അത്തരം വലിയ നഷ്ടങ്ങളെ മനസ്സിന്റെ കോണിലേക്കൊതുക്കി വിങ്ങുക മാത്രമാണ് ചെയ്യുക. മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം ടി വാസുദേവന്‍ നായരുടെ മരണവും അങ്ങനെയൊരു വിങ്ങല്‍ തീര്‍ക്കുകയാണ്. പറഞ്ഞറിയിക്കാനാവാത്ത നൊമ്പരമായി എം.ടി. എന്ന വിശ്വസാഹിത്യകാരന്‍ എന്നും നിലകൊള്ളും. വിതുമ്പലായ് വന്നു വിളിക്കുന്ന അദ്ദേഹത്തിന്റെ  ഓരോ കഥാപാത്രങ്ങളിലൂടെ കാലാതീതമായി അദ്ദേഹം ജീവിക്കുകതന്നെ ചെയ്യും.
.

എന്നെങ്കിലും, ആ വിരലുകളില്‍ ഒന്നു തൊടാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. പ്രാര്‍ത്ഥിച്ചിരുന്നു. പക്ഷെ, സാഹിത്യ വഴികളില്‍ എവിടെയും ഒന്നെത്തി നോക്കാന്‍ പോലും കഴിയാതെ പോയതിന്റെ വേദന തന്നെയാണ് എം.ടിയെ കാണാനാകാത്തത് എന്നു വിശ്വസിക്കുകയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിനു പിന്നാലെ അനുശോചനവും അനുസ്മരണക്കുറിപ്പുകളും എഴുതുന്നവര്‍ക്ക് അദ്ദേഹത്തെ നേരിട്ടു കണ്ടിട്ടുള്ള ഓര്‍മ്മകളുണ്ട്. എന്നാല്‍, അങ്ങനെയൊരു ഓര്‍മ്മ പോലുമില്ലെങ്കിലും, എന്നെ വല്ലാതെ സ്വാധീനിച്ച വ്യക്തിയാണ് എം.ടി.എന്ന എഴുത്തുകാരന്‍.

അദ്ദേഹത്തെ കണ്ടവര്‍, സംസാരിച്ചവര്‍, ആ കരസ്പര്‍ശം ഏറ്റവര്‍ എല്ലാവരും ഭാഗ്യവാന്‍മാര്‍. അപ്പോഴും അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ജീവിക്കാനായതും, അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെ കണ്ണോടിക്കാന്‍ കഴിഞ്ഞതും ഭാഗ്യമായി തന്നെ കരുതുന്നു. എന്റെ ഓര്‍മ്മകള്‍ മഞ്ഞിന്റെ കുളിരുണ്ടോ എന്നറിയില്ല. പക്ഷെ, ഇന്ന് ആ ഓര്‍മ്മയുടെ കുളിര് എനിക്ക് ഏല്‍ക്കാനാകുന്നു.

എന്റെ കോളേജ് മാഗസീനും എം.ടി വാസുദേവന്‍ എന്ന ജഡ്ജും

1998-99ലെ എറണാകുളം മഹാരാജാസ് കോളേജിന്റെ കാമ്പസ് മാഗസിനായ ‘ മഹാരാജാസ്’ മലയാള മനോരമയുടെ ക്യാമ്പസ് ലൈന്‍ അവാര്‍ഡ് നേടിയിരുന്നു. ആ മാഗസിന്‍ തയ്യാറാക്കിയ സ്റ്റുഡന്റ് എഡിറ്റര്‍ എന്ന നിലയില്‍, എം.ടിയോട് നന്ദിയുണ്ട്. കാരണം, ആ മാഗസീന് കേരളത്തിലെ ഏറ്റവും നല്ല ക്യാമ്പസ് മാഗസീന്‍ എന്ന പദവിയിലേക്കും അത് തയ്യാറാക്കിയ ഞാന്‍ മികച്ച എഡിറ്ററുമായി. മാഗസീനിനെയും സ്റ്റുഡന്ഡറ് എഡിറ്ററായ എന്നെയും ഏറ്റവും മികച്ചതായി തെരഞ്ഞെടുത്ത ജഡ്ജിംഗ് പാനലിന്റെ നായകന്‍ എം.ടി. വാസുദേവന്‍ നായര്‍ ആയിരുന്നു. അദ്ദേഹത്തോടൊപ്പം ജഡ്ജിംഗ് പാനലില്‍ ഉണ്ടായിരുന്നത്‌, അന്തരിച്ച ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും പത്രപ്രവര്‍ത്തകന്‍ ടി. വേണുഗോപാലനുമായിരുന്നു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന അന്ന് മാഗസീനിന് അംഗീകാരം കിട്ടിയതിനപ്പുറം മറ്റൊന്നും ചിന്തിച്ചിരുന്നില്ല. എം.ടിയെ കുറിച്ച് കേട്ടറിവും വായനയിലൂടെയും മാത്രമാണ് അറിവ്. എന്തുകൊണ്ടോ, അദ്ദേഹത്തില്‍ നിന്നും അവാര്‍ഡ് വാങ്ങണമെന്ന ആശ മനസ്സിലുണ്ടായിരുന്നു. പക്ഷെ, സാധിച്ചില്ല. പകരം, ഇന്ന് കേന്ദ്ര സഹമന്ത്രിയായിരിക്കുന്ന സുരേഷ് ഗോപിയാണ് അവാര്‍ഡ് നല്‍കിയത്. മഹാരാജാസ് കോളേജിന് രണ്ടു തവണ മാത്രമാണ് ക്യാമ്പസ് ലൈന്‍ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

1997-98ല്‍ ആഷിഖ് പി.എയുടെ (ഇന്നത്തെ ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു) ‘ഓര്‍മ്മ’ എന്ന മാഗസീനിനായിരുന്നു ആദ്യ അവാര്‍ഡ്. രണ്ടാമത്തേത് എന്റെ മാഗസീനും. ആഷിഖിന് അവാര്‍ഡ് നല്‍കിയത്, കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ഭരത് മമ്മൂട്ടിയാണ്. എന്റെ വിദ്യാഭ്യാസ കാലത്തു തന്നെ എന്നെ അദൃശ്യമായി തൊട്ടൊരു കരമായിരുന്നു എം.ടി. വാസുദേവന്‍ നായരെന്ന മഹാമനുഷ്യന്റേത്. ആ അദൃശ്യ സ്പശനമേറ്റതു കൊണ്ടാകാം എഴുത്തിന്റെ വഴിയിലൂടെ പത്രപ്രവര്‍ത്തകനായി മാറിയതെന്ന് ഇപ്പോള്‍ വിശ്വസിക്കുകയാണ്. നന്ദി സര്‍. അങ്ങനെയൊരു വിദൂര ബന്ധം മാത്രമാണ് അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി കുറിക്കാനുള്ളത്.

എങ്കിലും എഴുത്തിന്റെ വഴിതേടിയ നാളുകളില്‍ പിന്താങ്ങാന്‍ നിരവധി പേരുണ്ടായിരുന്നു. അവരെല്ലാം നല്‍കിയ പ്രോത്സാഹന വഴികളിലൂടെ പത്ര പ്രവര്‍ത്തകനായി എത്തി നില്‍ക്കുന്നു. അന്ന് മാഗസീനിന് അവാര്‍ഡുകളോ പ്രശംസകളോ കിട്ടിയിരുന്നില്ല എങ്കില്‍ എന്റെ പ്രവൃത്തി പഥം മറ്റൊന്നായേനെ. എന്നിട്ടും, അദ്ദേഹത്തെ നേരിട്ടു കണ്ട് അനുഗ്രഹം വാങ്ങാനുള്ള ഭാഗ്യം ഇല്ലാതെ പോയ മനുഷ്യനായി ജീവിക്കണം.

ഒറ്റപ്പെട്ടു പോയവരുടെ വേദനകളെ കണ്ട എം.ടി

എങ്കിലും വിഷമമില്ല. കാരണം, നിളയുടെ കഥാകാരന്റെ മടക്കം എത്രയെത്ര കഥാപാത്രങ്ങളെ ജീവനോടെ സമ്മാനിച്ചിട്ടാണ്. നാട്ടിന്‍പുറത്തെ ലൈബ്രറികളിലും വഴിയോര പുസ്തകക്കച്ചവട കേന്ദ്രങ്ങളിലും പ്രധാന ബുക്ക്സ്റ്റാളുകളിലും ഇന്നും എം.ടിയുടെ മഞ്ഞും, കാലവും, രണ്ടാമൂഴവും വായനയ്ക്ക് തയ്യാറായിരിപ്പുണ്ട്. വായിച്ച കഥകള്‍ തന്നെ വീണ്ടും വീണ്ടും വായിച്ചവരാണ് 90 കളിലെ തലമുറ. ഇനിയും വായിക്കാത്തവര്‍ക്കും എം.ടിയുടെ വരികള്‍ മസ്തിഷ്‌ക്കത്തെ കനം പിടിപ്പിക്കും. ഒറ്റപ്പെട്ടു പോയവരുടെ വേദനകളെ കണ്ട എം.ടി. സിനിമയും വഴങ്ങുമെന്ന് തെളിയിച്ച എം.ടി.

മലയാളക്കര ഉള്ളിടത്തോളം നമ്മുടെ എഴുത്തിലും, വായനയിലും സാഹിത്യത്തിലും എംടി വാസുദേവന്‍ നായരെന്ന കലാകാരന്‍ നിറഞ്ഞുനില്‍ക്കും. അത്രയേറെ പ്രണയവും, വിരഹവും, നൊമ്പരവുമെല്ലാമായി എം.ടി അവശേഷിപ്പിച്ചിട്ടുണ്ട്. മനുഷ്യവികാരങ്ങളുടെ മാസ്മരികത പലതലങ്ങളിലൂടെ ജനഹൃദയങ്ങളിലേക്കെത്തിക്കാന്‍ എംടിയോളം മറ്റാര്‍ക്കും ഇന്നേവരെ സാധിച്ചിട്ടില്ല. മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം ടി വാസുദേവന്‍ നായര്‍ ശരിക്കും മലയാളത്തിന്റെ പകരംവെയ്ക്കാനില്ലാത്ത എഴുത്തുകാരനാണ്. എണ്ണം പറഞ്ഞ് കുറച്ച് കാണാന്‍ കഴിയില്ല അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന മലയാള സിനിമകളെ.

കഥാവിഷ്‌ക്കാരത്തില്‍ വള്ളുവനാടാന്‍ ഭാഷകൂടി ഉള്‍പ്പെടുത്തിയുള്ള ശൈലിയും എംടിക്ക് മാത്രം സ്വന്തം. മലയാളി മനസുകളിലേക്ക് കയറിവന്ന എണ്ണമറ്റ കഥാപാത്രങ്ങള്‍ക്കും, നമ്മുടെ ജീവിതത്തോടടുപ്പമുള്ള ജീവിത സാഹചര്യങ്ങള്‍ക്കും ജന്മം കൊടുത്ത എംടി വാസുദേവന്‍നായരെന്ന മഹാത്ഭുതത്തെ മലയാളക്കരയെന്നും മനസില്‍ സൂക്ഷിക്കും. സാഹിത്യ ഭാഷയില്‍ നിന്നും വളരെ വ്യത്യസ്തമായ സംസാരഭാഷയായിരുന്നു എംടിയുടെ കൃതികളില്‍ കാണാന്‍ സാധിച്ചിരുന്നത്. സാഹിത്യം കൊണ്ട് മാത്രമല്ല, നല്ല ശൈലിയിലുള്ള സംസാര ഭാഷയും എഴുത്തിന് വളരെ മികച്ച ഭം?ഗി നല്‍കിയെന്ന് മനസ്സിലാക്കി തന്ന എംടിയിലൂടെ പുതിയ ഒരു അധ്യായത്തിനാണ് അവിടെ തിരശീലയുയര്‍ന്നത്.

എഴുത്തിന്റെ ഓരോ കോണുകളിലും വായനക്കാരന്റെ ജീവിതം പറിച്ചു നട്ടപോലെയുള്ള സാമ്യം പ്രകടമായി. ഓരോ വാക്കിലും വരിയില്‍ പോലും അടുത്തു നില്‍ക്കുന്ന സാധാരണക്കാന്റെ ജീവിതം. പണ്ടൊക്കെ സിനിമ കാണാന്‍ ഇരിക്കുമ്പോള്‍ തിരക്കഥ എംടി വാസുദേവന്‍ നായരാണെന്ന് കാണ്ടാല്‍ കാണാന്‍ ഒരു പ്രത്യേക ഇഷ്ടമായിരുന്നു. ഇന്നത്തെ കാലത്ത് പറയുന്നത് പോലെ എംടി എന്നത് ഒരു ബ്രാന്‍ഡാണ്. ഒരിക്കലും നിരാശകള്‍ സമ്മാനിക്കാത്ത നിരൂപണങ്ങള്‍ നല്‍കുന്ന എഴുത്തുകളടങ്ങിയ എംടിയുടെ സ്വന്തം ബ്രാന്‍ഡ്. മലമക്കാവ് എലിമെന്ററി സ്‌കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌കൂളിലും പാലക്കാട് വിക്ടോറിയ കോളജിലുമാണ് എംടിയുടെ വിദ്യാഭ്യാസം. വിക്ടോറിയയില്‍നിന്ന് കെമിസ്ട്രിയില്‍ ബി.എസ്സി. ബിരുദം നേടിയ എംടി പിന്നീട് പട്ടാമ്പി, ചാവക്കാട് ഹൈസ്‌കൂളുകളിലും പാലക്കാട്ട് എം.ബി. ട്യൂട്ടോറിയല്‍സിലും അധ്യാപകനായി ജോലിചെയ്തു. പ്രസിദ്ധ നര്‍ത്തകി കലാമണ്ഡലം സരസ്വതിയാണ് എം.ടിയുടെ ഭാര്യ.

എം.ടിയുടെ പ്രധാന കൃതികള്‍

കാലം, നാലുകെട്ട്, അസുരവിത്ത്, രണ്ടാമൂഴം, മഞ്ഞ്, പാതിരാവും പകല്‍ വെളിച്ചവും (നോവല്‍), ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, സ്വര്‍ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ദാര്‍-എസ്-സലാം, ഓപ്പോള്‍, നിന്റെ ഓര്‍മയ്ക്ക് (കഥകള്‍), ഓളവും തീരവും, മുറപ്പെണ്ണ്, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, നഗരമേ നന്ദി, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, അമൃതം ഗമയ, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, താഴ്വാരം, സുകൃതം, പരിണയം (തിരക്കഥ), കാഥികന്റെ കല, കാഥികന്റെ പണിപ്പുര (ലേഖനസമാഹാരം).

CONTENT HIGHLIGHTS; Kalame Nandi: A Story of Acceptance in Memory; Maharaja’s College’s 1998-99 Magazine Judge’s Unforgettable Inspiration (Exclusive)

Latest News