Agriculture

കറ്റാർവാഴ തഴച്ചുവളരുന്നില്ലേ ? വീട്ടിൽ കറ്റാർവാഴ പരിപാലനത്തിന് ചില ടിപ്പുകൾ ഇതാ

നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ഉള്ള കറ്റാർവഴയെക്കുറിച്ച് അറിയാത്തവരായി ആരും കാണില്ല. പണ്ടത്തെപ്പോലെ ഓരോ ആവശ്യങ്ങൾക്കും കടയിൽ പോയി കറ്റാർവാഴ ജെൽ വാങ്ങാൻ ആരും ഇന്ന് തുനിയാറില്ല. സ്വന്തം വീട്ടിൽ തന്നെ കറ്റാർവാഴ നട്ടുനനച്ച് പരിപാലിക്കാറാണ് പതിവ്. എന്നാൽ വീട്ടിലുണ്ടാക്കുന്ന കറ്റാർവാഴ പെട്ടെന്ന് നശിച്ചുപോകുന്നു ചീഞ്ഞുപോകുന്നു എന്നാണ് പലരുടെയും പരാതി. ഇത് മാറാൻ നല്ലരീതിയിൽ കറ്റാർവാഴയെ പരിപാലിക്കുക എന്നത് മാത്രമാണ് പരിഹാരം.

കാർഷികമേഖലയിൽ ഏറ്റവും ചെലവു കുറഞ്ഞതും പരിപാലന കുറവുള്ളതും ലാഭകരമായ കൃഷികളിലൊന്നാണ് കറ്റാർവാഴക്കൃഷി. കേരളത്തിലെ കാലാവസ്ഥ കറ്റാർവാഴയ്‌ക്ക്‌ അനുകൂലമാണ്‌. ഒരടി മുതൽ ഒന്നരയടിവരെ പൊക്കത്തിൽ വളരുന്ന ഈ ഔഷധസസ്യത്തെ നിലത്തോ അലങ്കാര സസ്യങ്ങൾക്കൊപ്പമോ തനിവിളയായോ വളർത്താം. ഫ്ലവർ ടബ്ബുകളിലും ചട്ടികളിലും ഗ്രോബാഗിലും നന്നായി വളരും. മൂപ്പെത്തിയ കറ്റാർവാഴകളുടെ ചുവട്ടിൽനിന്നുണ്ടാകുന്ന തൈകൾ ഇളക്കി നട്ടാണ് കൃഷിചെയ്യുന്നത്. തെങ്ങിൻപുരയിടത്തിലും ഫലവൃക്ഷങ്ങൾക്കിടയിലും ഇടവിളയായും നിലത്ത് വാരമെടുത്തും കൃഷി ചെയ്യാം. ചെടികൾ തമ്മിലും വരികൾ തമ്മിലും ഒന്നരയടി അകലം നൽകുന്നത്‌ ഉത്തമം.

വലിയ വിസ്താരമുള്ള ചട്ടിയിലോ ചാക്കിലോ വേണം നടാൻ, ഇത് കൂടുതൽ തൈകൾ ഉണ്ടാകാനും വീതിയുള്ള ഇലകൾ ഉണ്ടാകാനും സഹായിക്കും. ചെറിയ തണ്ടുള്ളതും വലിയ തണ്ടുള്ളതുമായ ഇനങ്ങളുണ്ട്. കറ്റാർവാഴ പരിപാലനത്തിനായി ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ് എന്നിവയിലേതെങ്കിലും മേൽ മണ്ണുമായി ചേർത്ത മിശ്രിതത്തിൽ തൈകൾ നടാം. വേനൽക്കാലത്ത് മൂന്ന്‌ ദിവസത്തിലൊരിക്കൽ വെള്ളം കെട്ടിനിൽക്കാത്ത തരത്തിൽ ചെറുതായി നന നൽകണം. 40 ദിവസത്തിലൊരിക്കൽ കളകൾ പറിച്ചുമാറ്റിയശേഷം ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ് ഇവയിലേതെങ്കിലും മേൽമണ്ണിൽ ചേർത്ത് ചുവട്ടിൽ ഇട്ടുകൊടുക്കാം.

കീടശല്യം നന്നേ കുറവാണ്. ഇലകൾ കേടു വന്നാൽ തൊട്ടു താഴെ വച്ചു മുറിച്ചു കളയുക. നട്ട് നാല് മാസംകൊണ്ട് വിളവെടുക്കാം. ഒരു ചെടിയിൽനിന്ന്‌ തുടർച്ചയായി അഞ്ചു വർഷംവരെ വിളവെടുക്കാം. പോളകൾ മുറിച്ചുനൽകിയും ജെല്ലും ജ്യൂസും വേർതിരിച്ചും ചുവടോടെ പിഴുതെടുത്തുമാണ് വിപണനം. ആവശ്യക്കാരേറെ. ദിവസം ആറു മണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്നതും നീർവാർച്ചയുള്ളതുമായ സ്ഥലമാണ് കറ്റാർവാഴ കൃഷിക്ക് അനുയോജ്യം. വരൾച്ചയെ ചെറുക്കാൻ കഴിവുണ്ടെങ്കിലും തീരെ നന നൽകാതിരുന്നാൽ ചെടി ഉണങ്ങും. ഇലയുടെ അറ്റം ഇരുണ്ട നിറത്തിലാകുന്നത് ജലാംശം കുറയുന്നതിന്റെ ലക്ഷണമാണ്.

ഔഷധങ്ങളുടെ നല്ലൊരു കലവറയാണ് കറ്റാർവാഴ. തൊലിപ്പുറത്തുണ്ടാകുന്ന എല്ലാ അസുഖങ്ങൾക്കും ഇതിന്റെ ജെൽ പരിഹാരമാണ്. തലയിലെ താരൻ തടയാൻ സഹായിക്കും. പൈൽസ്, സോറിയാസിസ് എന്നിവയ്ക്കും കറ്റാർവാഴ ഔഷധമാണ്.

Tags: alovera