മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. ട്രാൻസ് കുടുംബത്തിൽ നിന്നും വളരെയധികം പ്രതിസന്ധികൾ തരണം ചെയ്ത് ജീവിതത്തിൽ മുന്നേറിയ രഞ്ജു താൻ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞ വ്യക്തിയാണ്. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ രഞ്ജു പങ്കുവയ്ക്കുന്ന വീഡിയോകളും കുറിപ്പുകളും വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ സെലിബ്രിറ്റി മേക്കപ്പ് മേഖലയിൽ തനിക്ക് അവസരം കുറഞ്ഞതിനെക്കുറിച്ച് രഞ്ജു രഞ്ജിമാർ സംസാരിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ നിലപാടെടുത്ത ശേഷമാണ് തനിക്ക് അവസരം കുറഞ്ഞതെന്ന് രഞ്ജു അന്ന് വ്യക്തമാക്കി. പല പരിപാടികളും നടക്കുന്നുണ്ട്. മുമ്പ് മേക്കപ്പ് ചെയ്തിരുന്ന നടിമാർ പങ്കെടുക്കുന്നുമുണ്ട്. എന്നെ വിളിക്കാത്തത് എന്തുകൊണ്ടാണ് എന്നറിയില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ ഞാൻ സാക്ഷിയായി. എന്റെ അഭിപ്രായം സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിച്ചു. ആ നടിയെ സപ്പോർട്ട് ചെയ്ത നടിമാർ പോലും പിന്നീട് എന്നെ സപ്പോർട്ട് ചെയ്തില്ല. അവിടെയാണ് തനിക്കൊരു ചോദ്യ ചിഹ്നം വന്നതെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ മംമ്ത മോഹൻദാസാണ് വർക്ക് തന്ന് തന്നെ കൈ പിടിച്ച് ഉയർത്തിയത്. ആ കടപ്പാട് തനിക്കെന്നും മംമ്തയോടുണ്ടെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തനിക്ക് ഇഷ്ടം തോന്നിയ ഒരു നടനെക്കുറിച്ച് രഞ്ജു രഞ്ജിമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സില്ലി മോങ്ക്സ് മോളിവുഡുമായുള്ള അഭിമുഖത്തിലാണ് ഇവർ മനസ് തുറന്നത്. ഞാനിപ്പോൾ ഒരു ഗ്ലാമർ ലോകത്താണ്. ഒരുപാട് മോഡലുകളുടെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ ഒരുപാട് നടൻമാരുടെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. പക്ഷെ എനിക്കങ്ങനെ ക്രഷ് തോന്നിയിട്ടില്ല. ഞാൻ അപ്പോൾ എന്നെ പഠിക്കും.
ക്രഷ് എന്നത് സെക്കന്റുകൾ മാത്രമുള്ളതാണ്. വിവാഹം ചെയ്തവരും നല്ല ആളെ കണ്ടാൽ നോക്കും. അത് സ്വാഭാവികമാണ്. പക്ഷെ ക്രഷ് എന്ന് പറയാൻ പറ്റില്ല. എനിക്ക് വിജയ് ദേവരകൊണ്ടയോട് ഇഷ്ടം തോന്നിയിട്ടുണ്ട്. സെക്കന്റുകൾ മാത്രം നീണ്ട് നിന്ന ഇഷ്ടമായിരുന്നു. സംസാരിച്ചപ്പോൾ ആ ക്രഷ് പോയെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.
സോഷ്യൽ മീഡിയയിലെ സൗഹൃദങ്ങളെക്കുറിച്ചും രഞ്ജു രഞ്ജിമാർ സംസാരിച്ചു. ഞാൻ ലൈക്ക് ഇടുന്നവരെല്ലാം എന്റെ ഇൻസ്റ്റ സുഹൃത്തുക്കളാണ്. ഞങ്ങൾ ചാറ്റ് ചെയ്യാറുണ്ട്. റീൽ കണ്ടിട്ടോ അല്ലെങ്കിൽ അഭിപ്രായം ചോദിക്കുമ്പോഴോ മറ്റോ. നമ്മൾ കൊടുക്കുന്ന ലെെക്ക് അവർക്ക് മോട്ടിവേഷനാണ്. നമ്മളോട് ഇഷ്ടം ഉള്ളവരെ പെട്ടെന്ന് കണ്ട് പിടിക്കാൻ പറ്റും. നമ്മളിടുന്ന സ്റ്റോറി എത്ര പേർ കണ്ടെന്ന് നോക്കുക.
അതിനകത്ത് സ്റ്റോറി ലൈക് ചെയ്യുന്നവർ നമ്മളെ സ്നേഹിക്കുന്നവരാണ്. അത് മറ്റൊരു തരത്തിലുള്ള ഇഷ്ടമല്ലെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.
content highlight: renju-renjimar-reveals-she-had-a-crush