നാളെ മുതല്‍ നവകേരള ബസ് മൂന്നാമങ്കത്തിന് ഇറങ്ങുകയാണ്. പുതിയ പേരില്‍, പുതിയ ഫെയറില്‍, പുതിയ സീറ്റിംഗില്‍. എന്താകും എന്ന് 2025 പകുതിയോടെ അറിയാനാകും. യാത്രക്കാര്‍ ഏറ്റെടുക്കുമോ അതോ തള്ളിക്കളയുമോ എന്ന്. എന്നാല്‍, നവകേരളാ ബസ് എന്ന പേരില്‍ കേരളത്തിലെത്തിച്ച ഈ ബസിന്റെ ഇപ്പോഴത്തെ സ്ഥിതി വെച്ചു നോക്കുമ്പോള്‍ KSRTC ബസിന്റെ കെട്ടും മട്ടുമൊക്കെയായിട്ടുണ്ട്. അതായത്, പണ്ട് മന്ത്രിമാര്‍ കയറിയിറങ്ങി നശിപ്പിച്ച് നാറാണക്കല്ലു പിടിച്ച ബസ് അല്ലാതെയാക്കി മാറ്റിയിട്ടുണ്ട് എന്നര്‍ത്ഥം.
അതിന് ചെലവാക്കിയത് രൂപ പത്ത് ലക്ഷമാണ്. ഈ തുകയെങ്കിലും 2025 ജനുവരി ഒന്നുമുതല്‍ കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ ഓടി തുടങ്ങുമ്പോള്‍ തിരിച്ചു പിടിക്കാനായാല്‍ ഭാഗ്യം എന്നേ പറയാനുള്ളൂ. നവ കേരളാ ബസിന്റെ രണ്ടാമത്തെ പേര് ഗരുഢ എന്നായിരുന്നു. ഇപ്പോള്‍ ഇത് കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ ഓടുന്ന സൂപ്പര്‍ ഡീലക്‌സ് ബസ് എന്ന നിലയിലേക്ക് താഴ്ത്തിയിരിക്കുകയാണ്. മാത്രമല്ല, ഇതിന്റെ ഫെയര്‍ ചാര്‍ജും കുറച്ചിട്ടുണ്ട്. സമയക്രമവും മാറ്റി. ഇനിയെങ്കിലും നവകേരളാ ബസ് എന്ന ചീത്തപ്പേര് മാറി KSRTCയുടെ സ്വന്തം ബസ് എന്നാകുമോ എന്ന് കണ്ടറിയാം.
2024 മെയ് 5നാണ് നവകേരളാ ബസ് ഗരുഢ പ്രിമിയം ബസായി ഓട്ടം തുടങ്ങിയത്. അന്ന് ഈ ബസില്‍ ആകെ 26 സീറ്റാണ് ഉണ്ടായിരുന്നത്. ഒരു സീറ്റ് കണ്ടക്ടര്‍ക്കു പോയാല്‍, ബാക്കി 25 സീറ്റ്. ലഗേജുകള്‍ വെയ്ക്കാന്‍ അധികം സ്പെയിസ് ഇല്ലെന്നത് യാത്രക്കാരെ പിന്നോട്ടു വലിച്ചു. ആഡംബര നികുതിയും സെസുമടക്കം 1171 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഫുട്ബോര്‍ഡ് ഉപയോഗിക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറാന്‍ ഹൈഡ്രോളിക് ലിഫ്റ്റുണ്ടായിരുന്നു. ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ എന്നീ സൗകര്യവുമുണ്ട്.
ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങള്‍ വരുത്തിയില്ല. ആകെ മാറ്റിയത്, മുഖ്യമന്ത്രിക്കായി സജ്ജീകരിച്ചിരുന്ന റിവോള്‍വിംഗ് ചെയര്‍ മാത്രമാണ്. മറ്റ് സംവിധാനങ്ങളെല്ലാം കെ.എസ്.ആര്‍.ടി.സിയുടെ സ്‌കാനിയ ബസില്‍ ഉള്ളതു തന്നെയായിരുന്നു. ആദ്യ ഓട്ടത്തിനിറക്കിയ ബസില്‍ ഒരു മാസത്തേക്കുള്ള ബുക്കിംഗ് നടന്നിരുന്നു. എന്നാല്‍, പിന്നീടുള്ള മാസങ്ങളില്‍ ബുക്കിംഗ് കിട്ടാതെയായി. രാവിലെ നാല് മണിക്ക് കോഴിക്കോട് നിന്നും യാത്ര തിരിച്ച് 11.30 ഓടെ ബംഗളൂരുവിലെത്തും. തിരികെ ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ട് രാത്രി 10.05ന് കോഴിക്കോടെത്തുന്ന രീതിയിലായിരുന്നു സര്‍വീസ്.
ഇപ്പോഴത്തെ സമയം, രാവിലെ 8.25ന് കോഴിക്കോട് നിന്നും പുറപ്പെട്ട് 4 മണിക്ക് ബംഗളൂരുവില്‍ എത്തും. അവിടെ നിന്നും രാത്രി 10.30ന് തിരിച്ച് പുലര്‍ച്ചെ 5.30ന് കോഴിക്കോട് എത്തിച്ചേരുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഈ സമയവും ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യോജിച്ചതാണോയെന്ന് സംശയമുണ്ട്. എങ്കിലും സര്‍വീസ് ആരംഭിച്ചാല്‍ മാത്രമേ കൂടുതല്‍ അറിയാന്‍ കഴിയൂ എന്നാണ് KSRTC അധികൃതര്‍ പറയുന്നത്. ഇപ്പോഴത്തെ നിരക്ക് 911 രൂപയാണ്. 260 രൂപയാണ് വ്യത്യാസം. ഇതെല്ലാംമാണെങ്കിലും യാത്രക്കാരുടെ സമയത്തിന് ബസ് ഓടിക്കാന്‍ കഴിയുക എന്നതാണ് പ്രധാനം.
CONTENT HIGH LIGHTS; Will the third phase of the Navakerala bus succeed?: The ticket charge for the journey starting tomorrow is Rs 911; Kozhikode to Bengaluru at 8.25 am; New descent profit or loss, wait and see