Palakkad

നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം; ഗുരുതര പരിക്കേറ്റ യുവതിയും മരിച്ചു, മരണം രണ്ടായി | palakkad accident

കോട്ടയം പെരുമ്പനച്ചി സ്വദേശിനി ഇവിയോണ്‍ (25) ആണ് മരിച്ചത്

പാലക്കാട്: വടക്കഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മരണം രണ്ടായി. വടക്കഞ്ചേരി ചുവട്ട്പാടത്ത് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കോട്ടയം പെരുമ്പനച്ചി സ്വദേശിനി ഇവിയോണ്‍ (25) ആണ് മരിച്ചത്. ബൈക്ക് യാത്രികനായ  കോട്ടയം പാമ്പാടി സ്വദേശി സനൽ (25) സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. വൈകിട്ടോടെയാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചത്.

ദേശീയ പാതയിൽ ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ അപകടമുണ്ടായത്. ഇരുവരും ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ദേശീയ പാതയിൽ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ ഇരുവരും സ‍ഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന സനലിനെയും സുഹൃത്ത് ലിവിയോണിനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സനല്‍ മരിച്ചിരുന്നു.

ഇവിടെ ഇതിന് മുമ്പും അപകടമുണ്ടായിട്ടുണ്ട്. ഇവിടെ വാഹനം നിർത്തിയിടരുതെന്ന് നിർദേശം ഉണ്ടായിരുന്നു. നേരത്തെ ഇവിടെ അപകടമുണ്ടായതിന്‍റെ പശ്ചാത്തലത്തിലായിരുന്നു നിർദേശം. എന്നാൽ, വീണ്ടും വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. ഇതിനെ തുടർന്നാണ് ഇപ്പോൾ ദാരുണസംഭവമുണ്ടായിരിക്കുന്നത്.

 

content highlight : palakkad-accident-bike-hit-behind-stopped-lorry-seriously-injured-woman-also-died