ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയുമല്ല, ദുരാചാരങ്ങളെയും ദുര്‍മന്ത്രവാദത്തെയുമാണ് എതിര്‍ക്കുന്നത്. കാലങ്ങള്‍ക്കു മുമ്പേ എതിര്‍ത്തൊരു ദീര്‍ഘദര്‍ശിയായ മനുഷ്യനുണ്ടായിരുന്നു കേരളത്തില്‍. വി.ടി. ഭട്ടതിരിപ്പാടെന്ന നവോത്ഥനാത്തിന്റെ ചുക്കാന്‍ പിടിച്ച മനുഷ്യന്‍. അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മീതെ തീ വെളിച്ചം പോലെ ഇന്നും ഉയര്‍ന്നു നില്‍ക്കുന്ന അദ്ദേഹത്തിന്റെ ചരിത്രപരവും കോളിളക്കം സൃഷ്ടിച്ചതുമായ ഒരു കുറിപ്പുണ്ട്. നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട് ഉയരുന്ന അനാവശ്യ വിവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ വി.ടി. ഭട്ടതിരിപ്പാടിനെയും അദ്ദേഹത്തിന്റെ ഉറച്ച വാക്കുകളെയും വീണ്ടും ഓര്‍മ്മിച്ചു പോവുകയാണ്. വിവാദങ്ങള്‍ക്കല്ല, പുനര്‍വായനയ്ക്കാണ് വി.ടിയുടെ വാക്കുകള്‍ വിധേയമാക്കേണ്ടത്.
1933 ഏപ്രില്‍ 28ലാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇടിമിന്നല്‍ പോലെ മലയാളികള്‍ക്കിടയില്‍ തെളിഞ്ഞത്. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ പില്‍ക്കാലത്ത് എറണാകുളം മഹാരാജാസ് കോളേജിന്റെ മാഗസീനില്‍ ഇടം പിടിക്കുകയും ചെയ്തു. ‘ആള്‍ ദൈവങ്ങളും കച്ചവട ഭക്തിയും’ എന്ന ലേഖനത്തിന് ഒപ്പമായിരുന്നു വി.ടിയുടെ കുറിപ്പും പ്രസിദ്ധീകരിക്കപ്പെട്ടത്. ഞാന്‍ മാഗസീന്‍ എഡിറ്ററായിരുന്ന 1998-99ലെ മഹാരാജാസ് മാഗസീനില്‍ അന്ന് എം.എ ഫിലോസഫിക്കു പഠിച്ചിരുന്ന ജയകുമാറായിരുന്നു ലേഖകന്‍. സമകാലിക ആള്‍ദൈവങ്ങളെയെല്ലാം നിശിതമായി വിമര്‍ശിക്കുകയും, ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്ന ലേഖനത്തിനൊപ്പം ചേര്‍ത്ത വിടിയുടെ കുറിപ്പ് പുനര്‍ വായനയ്ക്കായി ഇതാ.
ഇനി നമുക്ക് അമ്പലങ്ങള്‍ക്ക് തീ കൊളുത്താം
“കേരളത്തില്‍ എവിടെ നോക്കിയാലും അഹംഭാവം കൊണ്ട് തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്ന പള്ളികളും അമ്പലങ്ങലുമാണ് കാണുന്നത്. ഇത് കണ്ടു മടുത്തു. അസമത്വത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ശവക്കല്ലറകളെ നമുക്കു പൊളിച്ചു കളയണം. അതേ അമ്പലങ്ങളുടെ മോന്തായങ്ങള്‍ക്കു തീ വെയ്ക്കണം.
അമ്പലങ്ങള്‍ക്ക് തീ വെയ്ക്കുകയോ ?. പല ഹൃദയങ്ങളിലും ഒരു കത്തിക്കാളല്‍ ഉണ്ടായേക്കും. ഇതിന് മറ്റാരുമല്ല, നമ്മുടെ മതഭ്രാന്ത് തന്നെയാണ് ഉത്തരവാദി.
ഹരിജനങ്ങളെ നാം മൃഗങ്ങള്‍ ആണെന്നു വിചാരിക്കുന്നു. ഒരു കല്ലിനെ നാം ദേവനാണെന്നു കരുതുന്നു. ഈ വ്യസനകരമായ വിശ്വാസത്തെ-മതഭ്രാന്തിനെ-കൈ വെടിഞ്ഞേ കഴിയൂ. എന്റെ സഹോദരീ സഹോദരന്‍മാരേ, നമുക്ക് കരിങ്കല്ലിനെ കരിങ്കല്ലായി തന്നെ കരുതുക, മനുഷ്യനെ മനുഷ്യനായും. ഇനിയും ആ അന്ധവിശ്വാസത്തിന്റെ ചുറ്റും കണ്ണുകെട്ടി ശയനപ്രദക്ഷിണം വെയ്ക്കാതെ, ഈ മതഭ്രാന്തിനെ പൂജിക്കാതെ, വങ്കത്തരങ്ങളെ പുറത്തേയ്ക്ക് എഴുന്നെള്ളിക്കാതെ ജീവിക്കുക.
ഞാന്‍ എല്ലാവരോടും ഊന്നി പറയുന്നു, അമ്പലങ്ങള്‍ക്ക് തീ വെയ്ക്കുക. എന്നുവെച്ച് ആരും വ്യസനിക്കുകയും പേടിക്കുകയും വേണ്ട.
ഞാനൊരു ശാന്തിക്കാരനായിരുന്നുവെങ്കില്‍ വെച്ചുകഴിഞ്ഞ നിവേദ്യം വിശന്നു വലയുന്ന കേരളത്തിലെ പാവങ്ങള്‍ക്കു വിളമ്പി കൊടുക്കും. ദേവന്റെ മേല്‍ ചാര്‍ത്തിക്കഴിഞ്ഞ പട്ടുതിരുവുടയാട അര്‍ദ്ധനഗ്നരായ പാവങ്ങളുടെ അരമറയ്ക്കാന്‍ ചീന്തിക്കൊടുക്കും. പുകഞ്ഞു തുടങ്ങിയ ധൂപം അമ്പലത്തിലുള്ള പെരുച്ചാഴികളെ-നമ്പൂരിതി, പട്ടര്‍ തുടങ്ങിയ വര്‍ഗ്ഗങ്ങളെ-പുറത്തോടിച്ചു കളയുവാനാണ് ഉപയോഗിക്കുക. കത്തിച്ചുവെച്ച കെടാവിളക്കാകട്ടെ നമ്മുടെ വിഡ്ഢിത്തത്തിന്റെ കറുത്ത മുഖത്തെ വീണ്ടും തെളിയിച്ചു കാണിക്കുവാനല്ല, അതിന്റെ തല തീ കത്തിക്കുവാനാണ് ഞാന്‍ ശ്രമിക്കുക. അത്ര വെറുപ്പു തോന്നുന്നു എനിക്ക് അമ്പലങ്ങളോട്. നമുക്ക് അനാചാരങ്ങളെ കെട്ടുകെട്ടായി നശിപ്പിച്ചു കളയുവാന്‍ ഒരു എളുപ്പ മാര്‍ഗമുണ്ട്. അതാണ് അമ്പലങ്ങള്‍ക്ക് തീ വെയ്ക്കുക.’
(ഉണ്ണി നമ്പൂതിരി, 1933 ഏപ്രില്‍ 28)
അന്ധനായിപ്പോകുന്ന മനുഷ്യര്‍ക്ക് വെളിച്ചമേകേണ്ടതാണ് മതങ്ങള്‍. പക്ഷെ, മതാന്ധത ബാധിച്ചു പോയ ഒരു സമൂഹമായി മാറുന്ന കാഴ്ച എത്ര ഭീകരമാണിന്ന്. പത്തനം തിട്ട എലന്തൂരില്‍ രണ്ടു സ്ത്രീകളെ കഴുത്തറുത്ത് നരബലി നല്‍കി ദൈവത്തെ പ്രീതിപ്പെടുത്താന്‍ നടത്തിയ സംഭവം കേരളത്തെ മതഭ്രാന്തന്‍മാരുടെ നാടാക്കി മാറ്റിയില്ലേ. നെയ്യാറ്റിന്‍കരയില്‍ സ്വന്തം പിതാവിനെ ജീവനോടെ കല്ലറയില്‍ മൂടിയ മക്കള്‍ സമൂഹത്തിനു തരുന്ന സന്ദേശം എന്താണ്. മയില്‍പ്പീലി തഴുകലും, കെട്ടിപ്പിടിക്കലും, തുപ്പലും, തടവലും, ചൂരല്‍ അടിയുമെല്ലാമായി കേരളത്തെ ഭ്രാന്താലയമാക്കുകയാണ് ആള്‍ദൈവങ്ങളും കടച്ചവട ഭക്തിക്കാരും ചേര്‍ന്ന്. അന്ധവിശ്വാസത്തിന്റെ പേരിലോ, അതോ മതവികാരം വ്രണപ്പെടുമെന്ന പേരിലോ. അതിന്റെ ഒടുവിലത്തെ ഉദാഹരണമായേ നെയ്യാറ്റിന്‍കര സംഭവത്തെ കാണാനാകൂ.
സമാധിയാകാന്‍ പോയ അച്ഛന്‍, ബി.പിയുടെ(ബ്ലഡ്പ്രഷറിന്റെ) ഗുളിക കഴിച്ചെന്നും, കഞ്ഞി കുടിച്ചെന്നും പറയുകയാണ് ആ മകന്‍. ആധുനിക മെഡിക്കല്‍ ചികിത്സയുടെ ഭാഗമാണ് ബ്ലഡ്പ്രഷറിന്റെ ഗുളിക. അത് സാധാരണ മനുഷ്യ ശരീരത്തിലാണ് പ്രവര്‍ത്തിക്കുക. അസാധാരണത്വമുള്ള ആലുകളില്‍ അത് എങ്ങനെ പ്രവര്‍ത്തിക്കും. സമാധിയാകാന്‍ പോകുന്ന ഒരാള്‍ക്ക് എന്തിനാണ് ബി.പിയുടെ ഗുളികയും കഞ്ഞിയും. അസാധാരണമാം വിധം പരബ്രഹ്മത്തില്‍ അലിഞ്ഞു ചേരാന്‍ ബി.പിയുടെ ഗുളികയും, കഞ്ഞിയും വേണമെന്നാണ് മക്കള്‍ പറഞ്ഞുവെയ്ക്കുന്നത്. (അവര്‍ പറയുന്ന സമാധിയുടെ കഥയെല്ലാം വിശ്വസിക്കേണ്ടി വരുന്ന സമൂഹത്തിന് ഇതും വിശ്വസിച്ചേ മതിയാകൂ.
നവോത്ഥാനം പ്രസംഗിക്കുന്ന നാട്ടിലാണ് അന്ധവിശ്വാസത്തിന്റെ കല്ലറയില്‍ ഒരു മനുഷ്യനെ ജീവനോടെ മൂടിയിരിക്കുന്നത്. എന്ത് വിശ്വാസമാണത്. എന്ത് ന്യായമാണത്. അതിനെ വിശ്വാസത്തിന്റെ ഗണത്തില്‍ കൂട്ടാനേ കഴിയില്ല. അത് അന്ധ വിശ്വാസം തന്നെയാണ്. അവിടെ ഭരണകൂടത്തിന്റെ, സ്‌റ്റേറ്റിന്റെ ഉത്തരവാദിത്വം നിറവേറ്റുകയാണ് വേണ്ടത്. ജീവനോടെ കുഴിച്ചു മൂടിയ ആ മനുഷ്യന്റെ ശരീരം പുറത്തെടുത്ത്, മരിച്ചെങ്കില്‍ പോസ്റ്റുമോര്‍ട്ടം നടത്തി, മരണ കാരണം കണ്ടെത്തണം. വിശ്വാസങ്ങളെ വ്രണപ്പെടുത്താതെ അന്ധ വിശ്വാസങ്ങളുടെ തലയ്ക്ക് അടിക്കുകയാണ് വേണ്ടത്.
CONTENT HIGH LIGHTS; ‘Now let’s light the temples’: Time to re-read the words of VT Bhattathiripad; The tombs of superstition must be demolished; Kerala should not become a madhouse with human sacrifices and kurutis (Exclusive)