പത്തനംതിട്ട: ശബരിമലയിൽ മകരജ്യോതി തെളിയാൻ അൽപസമയം മാത്രം. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര
ശരംകുത്തിയിൽ നിന്ന് സന്നിധാനത്ത് എത്തി. പമ്പയിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര വൈകിട്ടോടെയാണ് പുറപ്പെട്ടത് . ശരംകുത്തിയിൽ വെച്ച് ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിച്ചു. വൈകിട്ട് ആറരയോടെയാണ് അയ്യപ്പന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന.
ദീപാരധനയ്ക്കുശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. മകരവിളക്കിനൊരുങ്ങി നിൽക്കുന്ന ശബരിമലയിലെ വ്യൂപോയന്‍റുകളിലെല്ലാം തീര്‍ത്ഥാടകരാൽ നിറഞ്ഞു. പൊലീസ് വലിയ സുരക്ഷയാണ് വിവിധയിടങ്ങളിൽ ഒരുക്കിയിട്ടുള്ളത്. ശരണവിളികളാൽ മുഖരിതമായ ഭക്തിയുടെ നിറവിലാണ് സന്നിധാനം. പര്‍ണശാലകളിലിരുന്ന് ശരണം വിളികളോടെയാണ് മകരവിളക്കിനായി അയ്യപ്പ ഭക്തര്‍ കാത്തിരിക്കുന്നത്.
മകരവിളക്ക് ദർശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പർണശാലകൾ നിറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പൊലീസുകാർ ആണ് സുരക്ഷ ഒരുക്കുന്നത്. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിച്ചിരുന്നത്. തിരുവാഭരണ ഘോഷയാത്ര പമ്പയിൽ നിന്നും സന്നിധാനത്തേക്ക് വരുന്നതിനാലാണ് ഉച്ചയ്ക്കുശേഷം ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മകരവിളക്കിനൊരുങ്ങിയിരിക്കുന്ന ശബരിമല ഇക്കുറി പ്രതീക്ഷിക്കുന്നത് രണ്ട് ലക്ഷത്തോളം ഭക്തരെയാണ്. ഭക്തര്‍ക്ക് സുഗമമായ മകരജ്യോതി ദര്‍ശനത്തിന് വിപുലമായ ഒരുക്കമാണ് നടത്തിയിട്ടുള്ളത്.
ദേവസ്വം ബോർഡ് ജീവനക്കാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും മറ്റ് ജീവനക്കാരുടെയും സന്നദ്ധസംഘടനകളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ വർഷത്തെ ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനകാലം കുറ്റമറ്റതാക്കാൻ കഴിഞ്ഞതെന്ന് മന്ത്രി വിഎന്‍വാസവന്‍ പറഞ്ഞു.ലക്ഷക്കണക്കിന് ഭക്തർക്ക് മകരവിളക്ക് ദർശന സൗകര്യം ഒരുക്കാൻ അർഥപൂർണമായ നടപടികൾ സർക്കാർ സ്വീകരിച്ചു. ശബരിമലയിൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാൻ നിരവധി സന്നദ്ധ സംഘടനകളും മുന്നോട്ടു വന്നു. ഭക്തരുടെ മടക്കയാത്രയ്ക്കുള്ള യാത്രാ സൗകര്യങ്ങളും സജ്ജമാണ്. മകരവിളക്കിന് ശേഷം ഗുരുതിയോടെ ജനുവരി 20ന് നട അടയ്ക്കുന്നത് വരെയുള്ള സംവിധാനങ്ങളുടെ മുന്നൊരുക്കങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഈ വ൪ഷത്തെ മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞു.ദേവസ്വം ബോർഡ് പ്രസിഡൻറ്, ശബരിമല ചീഫ് പോലീസ് കോ-ഓർഡിനേറ്റർ എസ്. ശ്രീജിത്ത്, ശബരിമല സ്പെഷ്യൽ കമ്മീഷണർ ആ൪. ജയകൃഷ്ണ൯, സന്നിധാനം സ്പെഷ്യൽ ഓഫീസർ വി. അജിത്ത്, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ അവസാനവട്ട പരിശോധന പൂർത്തിയാക്കി.
മകരജ്യോതിദർശനത്തിനായി സന്നിധാനത്തും ജ്യോതി ദർശിക്കുന്ന മറ്റിടങ്ങളിലും തമ്പടിച്ചിരുന്ന ഭക്തരുടെ സുരക്ഷയ്ക്കായി പൊലീസിന്റെയും വനംവകുപ്പിന്റെയും റാപ്പിഡ് ആക്ഷ൯ ഫോഴ്സിന്റെയും മറ്റു സർക്കാർ സംവിധാനങ്ങളുടെയും നേതൃത്വത്തിൽ ബാരിക്കേഡുകൾ കെട്ടിയും വെളിച്ചത്തിനായുള്ള സംവിധാനങ്ങളൊരുക്കിയും ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
മകരവിളക്ക് ദർശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്ന ഭക്തർ പൊലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. അപകടങ്ങളുണ്ടാകാതിരിക്കാ൯ ഓരോ ഭക്തനും സ്വയം നിയന്ത്രിക്കണമെന്ന് പ്രസിഡന്‍റ് പറഞ്ഞു.ജനുവരി 15 മുതൽ 17 വരെ തിരുവാഭരണം ദർശനം ഉണ്ടായിരിക്കും.
content highlight : sabarimala-makaravilakku-2025