“കഞ്ചിക്കോട് ബ്രൂവറി” അനുവദിച്ചവര്‍ മറക്കരുത് “പ്ലാച്ചിമട കൊക്കകോള” സമരം: അന്ന് കുടിവെള്ളത്തിനു പകരം കോള ആയിരുന്നെങ്കില്‍ ഇന്ന് മദ്യം; മയിലമ്മയെപ്പോലെ മറ്റൊരു പോരാളി കഞ്ചിക്കോട് വരുമോ ? (സ്‌പെഷ്യല്‍ സ്‌റ്റോറി)

മദ്യത്തിനും കോളയ്ക്കും അസംസ്‌കൃത വസ്തു കുവെള്ളമാണ്, മറക്കരുത്

പാലക്കടാണ് കേരളത്തിന്റെ സൗന്ദര്യമെല്ലാം കവര്‍ന്നെടുത്തു നില്‍ക്കുന്ന ജില്ല. അതുകൊണ്ടു തന്നെ വന്‍കിട കമ്പനികള്‍ക്കെല്ലാം പാലക്കാടേക്ക് ഒരു കണ്ണുണ്ട്. മണ്ണില്‍ പണിയെടുക്കുന്നവരും പ്രകൃതിയെ സംരക്ഷിക്കുന്നവരും മാത്രമുമുള്ള പാലക്കാട്ടെ പ്ലാച്ചിമടയിലേക്ക് പണ്ട് ഒരു മള്‍ട്ടി നാഷണല്‍ കമ്പനി വ്യവസാം തുടങ്ങി. കുടിവെള്ളം ഊറ്റിയെടുത്ത് കോളയുണ്ടാക്കി, അത് കേരളത്തില്‍ തന്നെ വിറ്റ് കോടികള്‍ വാരുന്ന വ്യവസായം. പാലക്കാടുകാരുടെ നല്ല ശീലങ്ങളിലേക്ക് അന്ന് കോള കുത്തിക്കയറ്റാന്‍ വിദേശ കമ്പനി വന്നത്, സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണ്.

കണ്ണടച്ചിരുന്ന സര്‍ക്കാരിനെ ഉണര്‍ത്താന്‍, വിദേശ കമ്പനിയുടെ കോളയെ ബഹിഷ്‌ക്കരിക്കാന്‍ ശക്തമായ സമരം ചെയ്‌തൊരു സ്ത്രീയുണ്ട്. അവരുടെ പേര് ഇന്നും തങ്കലിപികളിലാണ് കേരളത്തിലെ മനുഷ്യര്‍ ഓര്‍ക്കുന്നത്. മയിലമ്മ. അന്ന് കെട്ടുകെട്ടിയ കൊക്കകോള പിന്നീട് കേരളത്തില്‍ ക്ലച്ചു പിടിച്ചില്ലെന്നതാണ് സത്യം. ഇതാ വീണ്ടും അത്തരമൊരു വെള്ളമൂറ്റല്‍ കമ്പനിയെ സംസ്ഥാന സര്‍ക്കാര്‍ എത്തിച്ചിരിക്കുകയാണ്. ഇത്തവണ സര്‍ക്കാര്‍ അനുമതിയോടെ എത്തുന്നത് മദ്യക്കമ്പനിയാണ്.

മദഗ്യമുണ്ടാക്കാനും വേണം വെള്ളം. ആ വെള്ളം എവിടുന്ന്, എങ്ങനെ നല്‍കുമെന്നതാണ് പ്രശ്‌നം. പ്ലാച്ചിമടയില്‍ കോളയായിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മദ്യക്കമ്പനിക്ക് അനുമതി കൊടുത്തിരിക്കുന്നത്, കഞ്ചിക്കോടാണ്. മദ്യത്തിന്റെയും കോളയുടെയും അസംസ്‌കൃത വസ്തു വെള്ളമാണ്. ഈ വെള്ളം സംരക്ഷിക്കാനാണ് മയിലമ്മയും കൂട്ടരും പ്ലാച്ചിമട സമരം തന്നെ ആരംഭിച്ചത്. കഞ്ചിക്കോട് മദ്യക്കമ്പനിയെ പൂട്ടിക്കാന്‍, കുടിവെള്ളം സംരക്ഷിക്കാന്‍ ഇവിടെയും ഒരു മയിലസമ്മ വരുമെന്നു തന്നെ വിശ്വസിച്ചേ മതിയാകൂ.

ഏതൊക്കെ കമ്പനികള്‍ എങ്ങനമെയൊക്കെ ജലസ്രോതസ്സുകളെ ഊറ്റാന്‍ വന്നാലും അതിനെല്ലാം പിന്നില്‍ സര്‍ക്കാരിന്റെ കൈകള്‍ ഉണ്ടാകുമെന്നതാണ് വിഷമിപ്പിക്കുന്ന കാര്യം. മലയാളികലുടെ യഥാര്‍ഥ ശത്രു സര്‍ക്കാരാണെന്നേ പറയാനുള്ളൂ. കുടിവെള്ളം സംരക്ഷിക്കേണ്ട സര്‍ക്കാര്‍, ആ വെള്ളം മദ്യക്കമ്പനിക്ക് മദ്യം ഉണ്ടാക്കി കേരളത്തില്‍ തന്നെ വില്‍ക്കാന്‍ അനുമതി കൊടുത്തിരിക്കുന്നു. ഇതേക്കുറിച്ച് എക്‌സൈസ് മന്ത്രി തന്നെ പറയുന്നത്, മദ്യ ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനി ഒയാസിസിന് ബ്രൂവറി ലൈസന്‍സ് അടക്കം അനുവദിച്ചത് ടെന്‍ഡര്‍ അടക്കം മാനദണ്ഡങ്ങള്‍ പാലിച്ചാണ് എന്നാണ്.

കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച കമ്പനിക്കാണ് ടെന്‍ഡര്‍ നല്‍കിയത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അനുമതി നല്‍കിയത്. എക്‌സ്ട്രാ നൂട്രല്‍ ആല്‍ക്കഹോള്‍ നിര്‍മ്മാണത്തിനായാണ് അനുമതി. ഇത് സംസ്ഥാനത്തെ മദ്യനയത്തിന്റെ ഭാഗമാണ്. പ്രദേശത്തും കൃഷിക്കും തൊഴിലവസരങ്ങള്‍ക്കും ഇത് കാരണമാകും. എല്ലാ വശങ്ങളും പരിശോധിച്ചാണ് സര്‍ക്കാര്‍ തീരുമാനം. പ്രതിപക്ഷ ആരോപണം സ്വഭാവികമെന്നും മന്ത്രി പ്രതികരിക്കുന്നു. കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിനാണ് ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഇന്നലെ മന്ത്രിസഭ അനുമതി നല്‍കിയത്.

അനുമതിക്ക് പിന്നില്‍ അഴിമതി ആരോപിച്ച് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവും രംഗത്ത് വന്നിരുന്നു. പാരിസ്ഥിതിക പഠനം നടന്നിട്ടുണ്ടോയെന്നും ഒയാസിസിന് മാത്രം എങ്ങനെ അനുമതി കിട്ടിയെന്നും ടെന്‍ഡര്‍ ക്ഷണിച്ചോയെന്നും രമേശ് ചെന്നിത്തല ചോദിച്ചിരുന്നു. 2018 ലും ബ്രൂവറി അനുവദിക്കാന്‍ ഒളിച്ചും പാത്തും സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. അത് പ്രതിപക്ഷം പൊളിച്ചതാണ്. തുടര്‍ ഭരണത്തിന്റെ അഹങ്കാരത്തിലാണ് പിണറായി സര്‍ക്കാര്‍ വീണ്ടും ബ്രൂവറി അനുമതി നല്‍കിയതെന്നായിരുന്നു വിഡി സതീശന്റെ വിമര്‍ശനം. സംസ്ഥാനത്ത് കഴിഞ്ഞ 26 വര്‍ഷമായി മദ്യ നിര്‍മ്മാണശാലകള്‍ അനുവദിക്കുന്നില്ല. ആരെങ്കിലും അപേക്ഷിച്ചാല്‍ 1999ലെ നയപരമായ തീരുമാനമാണെന്ന് പറഞ്ഞ് നിരസിക്കുന്നതാണ് രീതി.

സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കാന്‍ പ്ലാച്ചിമട സമരം മാത്രമേയുള്ളൂ. ആ സമരത്തിന്റെ ചൂട് പാലക്കടന്‍ മണ്ണില്‍ ഇപ്പോഴുമുണ്ട്. പ്ലാച്ചിമടയില്‍ നിന്നും അത് കഞ്ചിക്കോട്ടേക്ക് എത്താന്‍ അധിക സമയം വേണ്ടി വരില്ലെന്ന് ഓര്‍ക്കണം. പക്ഷെ, അത്ര പോലും സമയം ഇപ്പോഴത്തെ സര്‍ക്കാരിനില്ല എന്നതാണ് വസ്തുത. പക്ഷെ, മറന്നു പോകരുത്, പ്ലാച്ചിമടയില്‍ മയിലമ്മയും സംഘവും നടത്തിയ ഐതിഹാസിക സമരത്തെ. അവരുടെ ചെറുത്തു നില്‍പ്പുകളെ, അഴരുടചെ ദാഹത്തെ..

  • പ്ലാച്ചിമട സമരം ഒരു ഓര്‍മ്മപ്പെടുത്തല്‍

കേരള ചരിത്രത്തില്‍ ഏറ്റവും നീണ്ട സമരമായിരുന്നു പ്ലാച്ചിമട സമരം. 1997 ലാണ് പ്ലാച്ചിമടയില്‍ ഫാക്റ്ററി സ്ഥാപിച്ചത്. താമസിയാതെ ഭൂഗര്‍ഭജലം വറ്റിത്തുടങ്ങുകയും പരിസരവാസികളുടെ കുടിവെള്ളം മലിനമാവുകയും ചെയ്തു. ഈ ഭാഗത്ത് പ്രധാനമായും വസിച്ചിരുന്നത് ആദിവാസികളായിരുന്നു. അവര്‍ 2002 ഏപ്രില്‍ 22നു മയിലമ്മയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി സമരം ആരംഭിക്കുകയും ഫാക്റ്ററി ഉപരോധിക്കുകയും ചെയ്തു. പഞ്ചായത്ത്, ഫാക്റ്ററിയുടെ ലൈസന്‍സ് റദ്ദ് ചെയ്ത് സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ കമ്പനി നിയമപരമായി സ്റ്റേ വാങ്ങി. അവര്‍ നിയമപോരാട്ടം കൂടുതല്‍ ശക്തമാക്കുകയും സുപ്രീം കോടതിവരെ എത്തിക്കുകയും ചെയ്തു.

കമ്പനി സംസ്ഥാന പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിന്റെയും പഞ്ചായത്തിന്റെയും ഇടപെടല്‍ മൂലം അടച്ചു പൂട്ടേണ്ടി വന്നു. ഫാക്ടറി പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതിക്കായി 1999ല്‍ കമ്പനി പെരുമാട്ടി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കുകയും 2000ത്തില്‍ പഞ്ചായത്ത് ലൈസന്‍സ് അനുവദിക്കുകയും ചെയ്തു. നിക്ഷേപക സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റാനായി ഏകജാലക സംവിധാനത്തിലൂടെ വ്യവസായങ്ങള്‍ക്ക് കാലതാമസമില്ലാതെ ക്ലിയറന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായ പശ്ചാത്തലത്തിലാണ് കൊക്കക്കോള കമ്പനി പ്രവര്‍ത്തനം തുടങ്ങുന്നത്.

ആറുമാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്ലാച്ചിമട ഗ്രാമവാസികള്‍, തങ്ങളുടെ കിണറുകളിലേയും കുളങ്ങളിലേയും ജലനിരപ്പ് അവിശ്വസനീയമാം വിധം താഴുന്നത് തിരിച്ചറിഞ്ഞു. ചില കിണറുകള്‍ വറ്റിവരളുകയും ഉപയോഗ ശൂന്യമാവുകയും ചെയ്തു. വറ്റാതെ അവശേഷിച്ച കിണറുകളിലെ വെള്ളം രാസവസ്തുക്കളാല്‍ മലിനവും ഉപയോഗശൂന്യവും. മാത്രമല്ല, ആരോഗ്യത്തിനു ദോഷകരവും കൂടിയായിരുന്നു. കുടിക്കാനും കുളിയ്ക്കാനും ഉപയോഗിക്കുന്നവരില്‍ വയറിളക്കവും തലകറക്കവും കാണപ്പെട്ടു.

നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച കമ്പനി വളം എന്ന പേരില്‍ വിതരണം ചെയ്ത രാസ മാലിന്യങ്ങള്‍ ഉപയോഗിച്ച് കൃഷി ഭൂമി മുഴുവന്‍ തരിശായി. ഇതോടെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരം പ്രദേശവാസികള്‍ ആരംഭിക്കുകയും ചെയ്തു. സമരത്തിന്റെ ആദ്യഘട്ടത്തില്‍ മാധ്യമങ്ങളുടെ പിന്തുണ സമരത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍, വളമെന്ന പേരില്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക് കമ്പനി വിതരണം ചെയ്ത ഖരമാലിന്യത്തില്‍ ബിബിസി ചാനല്‍ അടക്കമുള്ള സംഘങ്ങള്‍ മാരകവിഷ പദാര്‍ഥങ്ങളായ കാഡ്മിയം, ലെഡ് എന്നതിന്റെ അംശങ്ങള്‍ കണ്ടെത്തിയത് സമരത്തിന് വമ്പിച്ച പിന്തുണ ലഭിക്കാന്‍ സഹായകമായി. 2004ല്‍ പ്ലാച്ചിമടയില്‍ സംഘടിപ്പിച്ച ലോക ജലസമ്മേളനത്തിലൂടെ സമരം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയാവുകയായിരുന്നു.

  • ആരാണ് മയിലമ്മ ?

പാലക്കാട് പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയില്‍ ജല സംരക്ഷണത്തിന് വേണ്ടി കൊക്കകോള കമ്പനിക്കെതിരെ സമരം നയിച്ച ആദിവാസി സ്ത്രീയാണ് മയിലമ്മ. സ്‌കൂള്‍ വിദ്യാഭ്യാസം പോലുമില്ലാത്ത മയിലമ്മ കോക്കകോള വിരുദ്ധ സമിതിയുടെ സ്ഥാപകയാണ്. കൊക്കകോളയുടെ ഫാക്റ്ററിയില്‍ നിന്നുള്ള മാലിന്യം മൂലം കഷ്ടത നേരിട്ട് അനുഭവിക്കേണ്ടിവന്നയാളാണ് മയിലമ്മ. മയിലമ്മയുടെ കിണറ്റിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ലാതാവുകയും സമാനമായ അനുഭവം പരിസരവാസികള്‍ക്കെല്ലാം ഉണ്ടാവുകയും ചെയ്തതോടെ അവര്‍ സമരമാര്‍ഗ്ഗം അവലബിക്കുകയായിരുന്നു.

1937 ഓഗസ്റ്റ് 10ന് മുതലമട പഞ്ചായത്തില്‍ ആട്ടയാംപതിയിലെ രാമന്‍-കുറുമാണ്ട ദമ്പതികളുടെ മകളായി ജനിച്ച മയിലമ്മ വിജയനഗര്‍ കോളനിയിലെ സാധാരണ വീട്ടമ്മ മാത്രമായിരുന്നു. ഇരുളര്‍ ഗോത്രത്തില്‍പ്പെട്ട ആദിവാസി കുടുംബമാണ് മയിലമ്മയുടേത്. കോള വിരുദ്ധ സമരത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച മയിലമ്മ വിവാഹ ശേഷമാണ് പ്ലാച്ചിമട ഉള്‍ക്കൊള്ളുന്ന പെരുമാട്ടി പഞ്ചായത്തിലെത്തിയത്. 2002 ഏപ്രില്‍ 22 നു കമ്പനിക്കു മുന്നില്‍ കുടില്‍ കെട്ടിയായിരുന്നു പ്രതിഷേധ സമരം. അന്നു മുതല്‍ കൊക്ക-കോള കമ്പനിക്കെതിരെ സമരത്തിന്റെ മുന്നണിയില്‍ നിന്നു പ്രവര്‍ത്തിച്ചു. 2007 ജനുവരി 6ന് 69-ാം വയസ്സില്‍ അവര്‍ അന്തരിച്ചു.

content high lights;Those who sanctioned “Kanchikode Brewery” should not forget the “Plachimada Coca-Cola” strike: If back then cola was used instead of drinking water, today it is alcohol; Will another fighter come to Kanji like Mayilamma?

Latest News