Features

പ്രണയ വിഷം: കാമുകന്‍ ഷാരോണ്‍ കൊലപാതക കേസില്‍ കാമുകി ഗ്രീഷ്മയ്ക്ക് വധ ശിക്ഷയോ ? ; കേസില്‍ വാദം തുടരും, വിധി പിന്നീടെന്ന് കോടതി; മകളും അച്ഛനും കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു

കാമുകന്‍ ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ പ്രതി ഗ്രീഷ്മയുടെ തലയില്‍ വരച്ചിരിക്കുന്നത് തൂക്കുകയറോ ?. ഇന്ന് കേസില്‍ വിധി പ്രസ്താവിക്കാനിരിക്കെ നെയ്യാറ്റിന്‍കര കോടതി, കേസില്‍ വിസ്താരം നടക്കട്ടെയെന്നും വിധി പിന്നാട് പ്രസ്താവിക്കാമെനന്നും തീരുമാനിക്കുകയായിരുന്നു. ഇന്ന് കോടതിയില്‍ കേസിന്റെ വാദം നടന്നു. പരമാവധി കുറവു ശിക്ഷ നല്‍കണമെന്ന അപേക്ഷയുമായാണ് ഗ്രീഷ്മ ഇന്ന് കോടതിയിലെത്തിയത്. ശിക്ഷാവിധിയുടെ വാദത്തിനിടെയാണ് ഗ്രീഷ്മയുടെ വക്കീല്‍ ഈ അപേക്ഷ വെച്ചത്. തനിക്ക് 24 വയസ്സു മാത്രമാണ് പ്രായമെന്നും ഇതു കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമായിരുന്നു അഭ്യര്‍ഥന. അതേസമയം കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ട് ഗ്രീഷ്മയ്ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പാക്കിയത്. പ്രതി ഒരു ദയവും അര്‍ഹിക്കുന്നില്ല. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ട് വധശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നാണ് പ്രോസിക്യൂഷന്‍ വിശദീകരിച്ചത്. ജീവനു തുല്യം ഗ്രീഷ്മയെ സ്നേഹിച്ച യുവാവിനെയാണ് കൊന്നത്. ക്രൂരയായ കുറ്റവാളിയാണ് ഗ്രീഷ്മ. ഉന്നത വിദ്യാഭ്യാസം നേടിയ യുവതി ആ അറിവ് വിനിയോഗിച്ചത് കൊലയ്ക്കാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഇന്നു രാവിലെ 11 മണിയോടെയാണ് ഗ്രീഷ്മയെ കോടതിയിലെത്തിച്ചത്.

അതേസമയം, ഷാരോണിന് സാമൂഹ്യ വിരുദ്ധ പശ്ചാത്തലമുണ്ടെന്ന് ഗ്രീഷ്മ കുറ്റപ്പെടുത്തി. സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ഷാരോണ്‍ തന്നെ ബ്ലാക്മെയില്‍ ചെയ്തെന്നും വാദിച്ചു. തന്റെ വിദ്യാഭ്യാസ രേഖകള്‍ ഗ്രീഷ്മ കോടതിക്കു കൈമാറി. കേസില്‍ ഗ്രീഷ്മയും തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന, മൂന്നാം പ്രതി അമ്മാവന്‍ നിര്‍മല കുമാരന്‍ നായരും കുറ്റക്കാരെന്നു നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. തെളിവില്ലാത്തതിനാല്‍ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി കുറ്റവിമുക്തയാക്കി. ശിക്ഷാവിധിക്ക് മുമ്പായി എന്തെങ്കിലും പറയാനുണ്ടോയെന്ന് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം. ബഷീര്‍ ഗ്രീഷ്മയോട് ചോദിച്ചു. ഇതോടെ പറയാനുള്ള കാര്യങ്ങള്‍ ഗ്രീഷ്മ എഴുതിനല്‍കുകയായിരുന്നു. ജഡ്ജി പ്രതിയെ ചേംബറിലേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിയുകയും ചെയ്തു.

കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങി ഗ്രീഷ്മയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം ബഷീറാണ് വിധി പ്രസ്താവിച്ചത്. മറ്റൊരാളെ വിവാഹം കഴിക്കാനായി, കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി സുഹൃത്തായ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

  • കേസിനാസ്പദമായ സംഭവം ഇങ്ങനെ

2022 ഒക്ടോബര്‍ 14ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വര്‍ഷങ്ങളായി ഷാരോണും ഗ്രീഷ്മയും അടുപ്പത്തിലായിരുന്നു. ഒരു സൈനികനുമായി വിവാഹം നിശ്ചയിച്ചതോടെ, ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ കാലപാതകം ആസൂത്രണം ചെയ്തത്. ആദ്യം ജൂസ് ചലഞ്ച് നടത്തി, പാരസെറ്റാമോള്‍ കലര്‍ത്തിയ ജൂസ് ഷാരോണിനെ കുടിപ്പിച്ചു. എന്നാല്‍ ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊടുത്തത്. ഇതേത്തുടര്‍ന്ന് ശാരീരിക അവശത നേരിട്ട ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 11 ദിവസത്തിനു ശേഷം മരിച്ചു. മുര്യങ്കര ജെപി ഹൗസില്‍ ജയരാജിന്റെ മകനും നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബിഎസ്സി റേഡിയോളജി വിദ്യാര്‍ഥിയുമായിരുന്നു ജെ.പി.ഷാരോണ്‍രാജ്. മരിക്കുമ്പോള്‍ 23 വയസ്സും. പാനീയം കഴിച്ച ഉടന്‍ ഛര്‍ദ്ദിച്ചു. തുടര്‍ന്നു വൃക്കകളുടെയും മറ്റ് ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം മോശമാകുകയും ചെയ്തു. പല ആശുപത്രികളിലും ചികിത്സ തേടിയ ശേഷം 19-ാം തീയതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 25-ാം തീയതി ഷാരോണ്‍ മരിച്ചു. ഫൊറന്‍സി ഡോക്ടര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്. സെനികനുമായി വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്നതിനാല്‍ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കൊലപാതകം ആസൂത്രണംചെയ്യുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 2023 ജനുവരി 25 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

  • ശാരീരിക ബന്ധത്തിന് ക്ഷണിച്ച് കൊലപാതകം

ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചാണു ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തി വിഷം നല്‍കിയാണ് കൊല ചെയ്തത്. ഒരേ ബസില്‍ കോളജിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. പ്രണയസമയത്ത് ഇരുവരും നിരവധി തവണ ലൈംഗിക ബന്ധത്തിലും ഏര്‍പ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തെ വെട്ടുകാട് പള്ളിയിലെത്തി ഇരുവരും രഹസ്യമായി താലിയും കുങ്കുമവും ചാര്‍ത്തി വിവാഹിതരായി. ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിച്ചു. എന്നാല്‍ 2022 മാര്‍ച്ച് നാലിന് ഒരു സൈനികനുമായി ഗ്രീഷ്മയുടെ വിവാഹ നിശ്ചയം നടന്നു. ഇതാണ് ഷാരോണിനെ തളര്‍ത്തിയത്. പ്രണയത്തില്‍ നിന്ന് ഷാരോണ്‍ പിന്മാറാത്തത് ഗ്രീഷ്മയ്ക്ക് തലവേദനയായി. എങ്ങനെയും ഷാരോണിനെ ഒഴിവാക്കാനുള്ള വഴികള്‍ അന്നു മുതല്‍ ഗ്രീഷ്മ ആലോചിച്ചു തുടങ്ങി.

തുടര്‍ന്നാണ് പ്ലാന്‍ സെറ്റ് ചെയ്ത് കൊലപാതകത്തിനുള്ള ശ്രമം ആരംഭിച്ചത്. അവസാന ദിവസം ലൈംഗികച്ചുവയോടെ സംസാരിച്ച് ഷാരോണിനെ വശീകരിച്ച് ഗ്രീഷ്മ സ്വന്തം വീട്ടിലെത്തിച്ച് കൃത്യം നടപ്പാക്കുകയായിരുന്നു. വിഷം കലര്‍ത്തിയ കഷായം ഷാരോണിന് നല്‍കുന്നതിന് തലേദിവസം രാത്രി ഒരു മണിക്കൂര്‍ ഏഴുമിനിറ്റ് ലൈംഗിക കാര്യങ്ങളാണ് ഗ്രീഷ്മ ഷാരോണിനോട് സംസാരിച്ചത്. പിറ്റേദിവസം വീട്ടില്‍ ആരുമുണ്ടാകില്ല, ഇവിടെ വരണമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. 2022 ഒക്ടോബര്‍ 14 നു രാവിലെ 7.35 മുതല്‍ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്ക് വരാനായി ഗ്രീഷ്മ ഷാരോണിനെ വീണ്ടും നിര്‍ബന്ധിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

രാവിലെ വീട്ടിലെത്തിയ ഷാരോണിന് കീടനാശിനി കലര്‍ത്തിയ കഷായം നല്‍കി. പിന്നീട് കീടനാശിനി ഇരുന്ന കുപ്പിയുടെ ലേബല്‍ മാറ്റി വീടിനോടു ചേര്‍ന്ന റബര്‍ പുരയിടത്തില്‍ വലിച്ചെറിഞ്ഞു. അമ്മയ്ക്ക് കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നു. അമ്മാവനാണ് തെളിവു നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചത്. മരണത്തിന് തൊട്ടുമുന്‍പു വരെ ഗ്രീഷ്മയെ പ്രതിയാക്കുന്ന തരത്തില്‍ ഷാരോണ്‍ ചിന്തിച്ചതു പോലുമില്ല. ഗ്രീഷ്മയാകട്ടെ പ്രണയം അഭിനയിച്ചു തകര്‍ത്തു. പക്ഷേ മരണത്തിനു തൊട്ടുമുന്‍പ് ഷരോണ്‍ തന്നെ എല്ലാകാര്യങ്ങളും ഉറ്റവരെ അറിയിച്ചു.

സാഹചര്യ തെളിവുകളും ഡിജിറ്റല്‍ രേഖകളും ആശ്രയിച്ചുള്ള അന്വേഷണ മികവാണ് കേസില്‍ പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. 95 സാക്ഷികള്‍,323 രേഖകള്‍ 53 തൊണ്ടിമുതലുകള്‍ പ്രൊസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. തെളിവുകള്‍ എല്ലാം ശേഖരിച്ചശേഷം തിരിച്ചും മറിച്ചുമുള്ള ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. ഗ്രീഷ്മയുടെ ഓരോ ഉത്തരവും ഖണ്ഡിക്കുന്ന തെളിവുകള്‍ സഹിതമായിരുന്നു ചോദ്യംചെയ്യല്‍. പത്ത് മാസം നീണ്ട ആസൂത്രണത്തിനു ശേഷമാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. ഇന്റര്‍നെറ്റില്‍ നിന്നാണ് ജ്യൂസ് ചലഞ്ച് എന്ന ആശയം ലഭിച്ചത്.

ആദ്യശ്രമമായി മാംഗോ ജ്യൂസില്‍ 50 ഡോളോ ഗുളികകള്‍ കലര്‍ത്തി ഷാരോണിന് നല്‍കി. കയ്പ് കാരണം ജ്യൂസ് തുപ്പിക്കളഞ്ഞു. പിന്നീട് കുഴിത്തുറ പഴയ പാലത്തില്‍ വച്ചും ജ്യൂസ് ചലഞ്ചെന്ന പേരിലും ഗുളിക കലര്‍ത്തിയ മാംഗോ ജ്യൂസ് നല്‍കി. ഈ രണ്ടുശ്രമവും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലര്‍ത്തിയ കഷായം നല്‍കിയത്. വിഷത്തിന്റെ പ്രവര്‍ത്തനരീതി അന്നു രാവിലെ ഗൂഗിള്‍ സെര്‍ച്ചിലൂടെ ഗ്രീഷ്മ മനസ്സിലാക്കിയിരുന്നു. ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും നിരത്തിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ ഗ്രീഷ്മ കഷായം നല്‍കിയെന്നു ഷാരോണ്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഷാരോണ്‍ കഷായം സ്വയം എടുത്തു കുടിച്ചതാണെന്നുമായിരുന്നു മറു വാദം.

പക്ഷെ, മരിക്കുന്നതിനു മുമ്പ് ഷാരോണ്‍ നല്‍കിയ മരണമൊഴി വഴിത്തിരിവായി. 2022 ഒക്ടോബര്‍ 20ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേന്റെ നിര്‍ദ്ദേശപ്രകാരം 11-ാം കോടതിയിലെ മജിസ്ട്രേറ്റായിരുന്ന ലെനി തോമസാണ് മെഡിക്കല്‍ കോളേജില്‍ വച്ച് ഷാരോണിന്റെ മരണമൊഴി രേഖപ്പെടുത്തിയത്. ഗ്രീഷ്മ നല്‍കിയ ഒരു ഗ്ളാസ് കഷായമാണ് താന്‍ കുടിച്ചതെന്നായിരുന്നു മരണമൊഴി. വിഷം കലര്‍ത്തിയ കഷായമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിലും തെളിഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന്‍, ഇ.എന്‍.ടി, റെസ്പിറേറ്ററി,എമര്‍ജന്‍സി ഐ.സി.യു,വൃക്കരോഗവിഭാഗം മേധാവിമാരും ടോക്സികോളജി വിദഗ്ദ്ധന്‍ വി.വി.പിള്ളയും ഷാരോണ്‍ കുടിച്ച വിഷം ‘പാരക്വറ്റ്’ എന്ന കളനാശിനി ആണെന്ന തെളിവുനല്‍കി. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് മെഡിസിന്‍ വിദഗ്ദ്ധയും ഹിസ്റ്റോപത്തോളജിസ്റ്റും ഇതേ തെളിവുകള്‍ കോടതിയില്‍ നല്‍കി.

  • ഇനി എന്ത്

കേസില്‍ ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി അന്തിമ വിധി എന്താകും എന്നേ അറിയേണ്ടതുള്ളൂ. പ്രതിയുടെ പ്രായവും, വിദ്യാഭ്യാസ യോഗ്യതയും അന്തിമ വിധിയില്‍ പ്രതിഫലിക്കുമോ എന്നാണ് അറിയേണ്ടത്. കാമുകനെ കൊന്നപ്പോള്‍ തോന്നാത്ത വിദ്യാഭ്യാസവും, പ്രായവും വിധിയെ സ്വാധീനിക്കുമോ. സ്വന്തം വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കോടതിയിലും, സ്വന്തം കല്യാണത്തിന്റെ കാര്യത്തില്‍ കാമുകന്റെ മരണവും ഒരുപോലെയാണ് ഗ്രീഷ്മയ്ക്ക് പ്രധാനം. ഇവിടെ ഷാരോണ്‍ എന്ന ചെറുപ്പക്കാരന്റെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും അദ്ദേഹത്തിന്റെ സ്‌നേഹത്തിനും വിലകല്‍പ്പിക്കേണ്ടതാരാണ്. വാദം തുടരട്ടേയെന്ന് കോടതി പറയുമ്പോള്‍ വിധിക്കായ് കാത്തിരിക്കണം എന്നാണ് കരുതേണ്ടത്. കേസിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കാനും, പ്രതിയുടെ മനോനിലയുമെല്ലാം പരിശോധിച്ചു മാത്രമാകും അന്തിമ വിധി കോടതി പ്രസ്താവിക്കുക. അതുവരെ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ.

CONTENT HIGH LIGHTS; Love poison: Will girlfriend Grishma be sentenced to death in the case of her boyfriend Sharon’s murder? ; The trial in the case will continue, the court will decide later; Both daughter and father were found guilty