Investigation

കേരളത്തിലെ ജയിലുകളില്‍ വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട് കഴിയുന്ന പ്രതികള്‍ എത്രയെന്നറിയാമോ ?: ഏറ്റവും പ്രായം കുറഞ്ഞ പ്രതി ഗ്രീഷ്മ; ഇതുവരെ തൂക്കുകയറില്‍ പിടഞ്ഞു മരിച്ചവര്‍ എത്രപേരെന്നറിയാമോ ?

സംസ്ഥാനത്തെ ജയിലുകളില്‍ വധശിക്ഷ കാത്ത് കിട്ടക്കുന്ന കുറ്റവാളികള്‍ എത്ര പേരാണെന്നറയാമോ ?. 39 തടവുകാരാണ് ഇരകുട്ടറകളില്‍ കൊലക്കയര്‍ കുരുങ്ങുന്നതും കാത്ത് കിടക്കുന്നത്. വിവാദമായ പോലീസ്‌റ്റേഷന്‍ ഉരുട്ടിക്കൊലക്കേസിലെ പ്രതിയായ പോലീസുകാരന്‍ അടക്കമുണ്ട് ഇതില്‍. കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കാമുകനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട ഗ്രീഷ്മയാണ് നിലവില്‍ ഏറ്റവും പ്രായം കുറഞ്ഞ കുറ്റവാളി.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വധശിക്ഷ കാത്തുകഴിയുന്നത്. 25 പേരാണ് ഇവിടെ ഉള്ളത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലുപേരുണ്ട്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആറുപേരുമുണ്ട്. വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ മൂന്നുപേരുമുണ്ട്. തിരുവനന്തപുരം വനിതാ ജയിലില്‍ ഒരാളുമുണ്ട്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് വര്‍ഷങ്ങളായി തടവറകളില്‍ ഏകാന്തവാസം നയിക്കുന്ന കുറ്റവാളികള്‍, ശിക്ഷായിളവിനായി മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളിലാണ് വധശിക്ഷ വിധിക്കുന്നത്. പോലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസിലെ പ്രതിയായ ജിതകുമാറാണ് വധശിക്ഷ കാത്തുകഴിയുന്നവരുടെ കൂട്ടത്തിലുള്ള മുന്‍ പോലീസുകാരന്‍. ഇദ്ദേഹത്തിന്റെ കൂടെ വധശിക്ഷ ലഭിച്ച ശ്രീകുമാര്‍ എന്ന പോലീസുകാരന്‍ ക്യാന്‍സര്‍ ബാധിച്ച് നേരത്തെ മരണപ്പെട്ടിരുന്നു. ബി.ജെ.പി. നേതാവ് രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പേര്‍ക്കാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.

കേരളത്തില്‍ ആദ്യമായാണ് ഒരു കേസില്‍ ഇത്രയധികം പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കൊലപ്പെടുത്തിയ അമ്മയ്ക്കും മകനും സുഹൃത്തിനും വധശിക്ഷ വിധിച്ചിരുന്നു. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ അസം സ്വദേശി മുഹമ്മദ് അമിറുള്‍ ഇസ്ലാം, ചെങ്ങന്നൂരിലെ ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷിച്ച ബംഗ്ലദേശി പൗരന്‍ ലബലു ഹസന്‍, ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ പ്രതി നിനോ മാത്യു, അസം സ്വദേശി പ്രദീബ് ബോറ, ഒരുമനയൂര്‍ കൂട്ടക്കൊലക്കേസ് പ്രതി റെജികുമാര്‍, മാവേലിക്കര സ്മിത വധക്കേസ് പ്രതി വിശ്വരാജന്‍, കോളിയൂര്‍ കൊലക്കേസ് പ്രതി അനില്‍കുമാര്‍,

വണ്ടിപ്പെരിയാറില്‍ യുവതിയെയും മകളെയും പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രന്‍, മണ്ണാര്‍കാട്ട് 2015ല്‍ ലാലപ്പന്‍, പ്രസന്നകുമാരി, പ്രവീണ്‍ലാല്‍ എന്നിവരെ വധിച്ച കേസിലെ പ്രതി ഉത്തര്‍പ്രദേശുകാരനായ നരേന്ദ്രകുമാര്‍, മകളുടെ കൂട്ടുകാരിയായ ഒമ്പത് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നാസര്‍, സ്ത്രീയെ പീഡിപ്പിച്ചുകൊന്ന അബ്ദുല്‍ ഗഫൂര്‍, കുണ്ടറ ആലീസ് വധക്കേസ് പ്രതി ഗിരീഷ് കുമാര്‍,എറണാകുളത്ത് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി മൂന്നുപേരെ കൊന്നകേസിലെ പ്രതിയും തിരുച്ചിറപ്പള്ളി സ്വദേശിയുമായ എഡിസന്‍, മാവേലിക്കരയില്‍ ദമ്പതികളെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സുധീഷ് എന്നിവര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.

14 പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്ത റിപ്പര്‍ ചന്ദ്രനെയാണ് സംസ്ഥാനത്ത് ഒടുവിലായി തൂക്കിലേറ്റിയത്. 1991 ജൂലായ് ആറിനാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ നടപ്പാക്കിയത്. കേരളത്തില്‍ മാത്രം ഇതുവരെ 26 പേരെ തൂക്കിലേറ്റിയെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതെല്ലാം നടപ്പാക്കിയതു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കളിയാക്കാവിള സ്വദേശി അഴകേശനെയാണ് അവസാനമായി തൂക്കിലേറ്റിയത്. 1974ല്‍. 1960 -1963 കാലഘട്ടങ്ങളില്‍ അഞ്ച് പേരെയാണ് തൂക്കിക്കൊന്നത്. സംസ്ഥാനത്തെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

1967-1972 കാലഘട്ടങ്ങളാലായി മൂന്ന് വധശിക്ഷയും നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാന രൂപീകരണത്തിന് ശേഷം 1958ലാണ് ആദ്യ വധശിക്ഷ നടപ്പാക്കുന്നത്. 1991 ല്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയതാണ് സംസ്ഥാനത്ത് അവസാനമായി നടപ്പാക്കിയ വധശിക്ഷ. മുപ്പത്തിനാല് വര്‍ഷത്തിലധികമായി കേരളത്തില്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ല. വധശിക്ഷ വിധിക്കുന്നതിലെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കണമെന്ന നിര്‍ദ്ദേശം സുപ്രീംകോടതി നല്‍കിയിട്ടുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ കുറ്റകൃത്യത്തിന്റെ സ്വഭാവവും ക്രൂരതയും അടിസ്ഥാനമാക്കുന്നതിനൊപ്പം പ്രതി സ്വയം നവീകരിക്കാനുള്ള സാധ്യതകള്‍ കൂടി പരിശോധിക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ, ഒറ്റയ്‌ക്കൊരു സെല്ലിലായിരിക്കും പിന്നീട് പാര്‍പ്പിക്കുക. പ്രതിക്ക് ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം ലഭ്യമാക്കണമെന്നാണ് ചട്ടം. പൂര്‍ണമായും മറ്റൊരു ജീവിത രീതി പിന്തുടരുന്ന പ്രതി മാനസികമായും മരണത്തിന് തയ്യാറെടുക്കേണ്ടതുണ്ട്. വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്‍പ് തന്നെ പ്രതിയുടെ ഭാരം കൊലക്കയറിന് അനുയോജ്യമാണോ എന്നും പരിശോധിക്കും. സൂര്യനുദിക്കുന്നതിനു മുന്‍പാണ് വധ ശിക്ഷ നടപ്പിലാക്കുക. അതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സംസ്ഥാനത്തെ കോടതികളില്‍ വധശിക്ഷ വിധിക്കാറുണ്ടെങ്കിലും നടപ്പിലാക്കുന്നത് കുറഞ്ഞതിനാല്‍ സംസ്ഥാനത്ത് ആരാച്ചാരില്ല. കണ്ണൂരിലും തിരുവനന്തപുരത്തുമാണ് വധശിക്ഷ നടപ്പിലാക്കാനുള്ള കഴുമരങ്ങളുള്ളത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നവരുടെ അപ്പീല്‍ ലഭിച്ചാല്‍ സുപ്രീം കോടതി നിര്‍ദേശത്തിന്റ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിശദമായ പരിശോധന നടത്തും. ഇതിനായി വിദഗ്ധരുള്‍പ്പെടുന്ന പ്രത്യേക ഏജന്‍സിയെ നിയോഗിച്ചിട്ടുണ്ട്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ മാനസിക നില മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം പരിശോധിക്കും. ജയിലിലെ പെരുമാറ്റം, കുടുംബസാമൂഹിക പശ്ചാത്തലം, സാമൂഹിക ജീവിതത്തിനു പറ്റിയ നിലയിലേക്ക് സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ടോ, തൊഴില്‍ സാധ്യത തുടങ്ങിയ കാര്യങ്ങളടക്കം പരിശോധിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി തീരുമാനമെടുക്കുന്നത്. ഹൈക്കോടതി വിധി എതിരായാല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാം. സുപ്രീം കോടതിയും തള്ളിയാല്‍ രാഷ്ട്രപതിക്കു ദയാഹര്‍ജി സമര്‍പ്പിക്കാം.

വധശിക്ഷ പരമാവധി ഒഴിവാക്കുന്ന രീതിയാണ് കോടതികള്‍ സ്വീകരിക്കുന്നത്. ആലുവയില്‍ ഒരു കുടുംബത്തിലെ ആറുപേരെ കൂട്ടക്കൊല ചെയ്ത ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. വധശിക്ഷ വിധിച്ചാല്‍ കുറ്റവാളിക്ക് പരോള്‍ ലഭിക്കില്ല. ജയില്‍ ജോലികള്‍ ചെയ്യണം. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ ബ്ലാക്ക് വാറന്റ് പുറപ്പെടുവിക്കും. ഈ കാലഘട്ടത്തില്‍ പ്രത്യേകസെല്ലില്‍ ഒറ്റയ്ക്ക്. പ്രത്യേകസുരക്ഷയും ഭക്ഷണവും നല്‍കും. മാനസികമായും ശാരീരികമായും പിരിമുറക്കം അനുഭവിക്കും. സന്ദര്‍ശകരെ അനുവദിക്കില്ല എന്നിവയാണ് രീതി.

CONTENT HIGH LIGHTS; Do you know how many accused are sentenced to death in Kerala jails?: The youngest accused Greeshma; Do you know how many people have died on the gallows so far?

Latest News