കേരളാ ക്രിക്കറ്റ് സമീപ ഭാവിയില്‍ ഉയര്‍ച്ചയുടെ പാതയിലാണ്. നല്ല വാര്‍ത്തകള്‍ മാത്രമാണ് കേരള ക്രിക്കറ്റിനെ കുറിച്ചും, ക്രിക്കറ്റ് അസോസിയേഷനെ കുറിച്ചും കേട്ടിരുന്നത്. അതില്‍ പ്രധാന പേര് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കം ബാറ്ററായ സഞ്ജു വി. സാംസണിന്റേതാണ്. കേരള ക്രിക്കറ്റിനെ ഇന്ത്യോളം വളര്‍ത്തി നിര്‍ത്തിയിരിക്കുന്ന പേരുകൂടിയാണത്. സഞ്ജുവിന്റെ വളര്‍ച്ച ഓരോ മലയാളിയുടെയും വളര്‍ച്ചയായി മാറിക്കൊണ്ടിരിക്കുമ്പോഴാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ സഞ്ജുവുമായി ഇടയുന്നത്.
കേരള ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ പാതിയില്‍ ഒരുമിച്ചു നടന്നവര്‍ വഴി പിരിയുമ്പോള്‍ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ ഹൃദ്ദിസ്ഥമാക്കി വളരുന്ന കുരുന്നുകളുടെ കൂമ്പടയുകയാണോ എന്ന് സംശയിച്ചു പോകുന്നുണ്ട്. സെലിബ്രിട്ടി സ്റ്റാറ്റസും, വളര്‍ത്തി വലുതാക്കിയതിന്റെ ക്രെഡിറ്റും തമ്മിലാണോ സംഘട്ടനം എന്നതാണ് അറിയേണ്ടത്. എന്തായാലുംപണമൊഴുകുന്ന കളിയില്‍ അഹങ്കാരം വന്നു ഭവിക്കാന്‍ വലിയ താമസം വരില്ല. ഇതിലൂടെ നഷ്ടപ്പെടുന്നത്, കേരള ക്രിക്കറ്റിന്റെ പേരാണ്. ഈ വാര്‍ത്ത പോലും നെഗറ്റീവ് ആയിട്ടാണ് പുറത്തേക്കു വരുന്നത്.
വിജയ്ഹസാരെ ട്രോഫിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സഞ്ജു സാംസണ്‍ ക്യാമ്പില്‍ പങ്കെടുത്തില്ല എന്നും, കളിക്കാനുണ്ടാകില്ല എന്നും മെയില്‍ ചെയ്തുവെന്നാണ് കെ.സി.എ. പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ് ആരോപിക്കുന്നത്. എന്നാല്‍, പിന്നീട് കളിക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതോടെ ജയേഷ് ജോര്‍ജ് തന്റെ ആരോപണം ശക്തമാക്കുകയായിരുന്നു. ഇതോടെയാണ് വിവാദമായി മാറിയത്. ഇതിനു പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയുടെ ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കുകയും ചെയ്തു.
ഒരു കളിക്കാരന് മാനസികമായി പിന്തുണ നല്‍കേണ്ട കെ.സി.എ തന്നെ കേരളത്തില്‍ നിന്നും ആകെ ഇന്ത്യ കളിക്കുന്ന സഞ്ജുവിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് കാണുന്നത്. എന്നാല്‍, ആഭ്യന്തര ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി കളിക്കാത്തതാണ് സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീമിലുള്‍പ്പെടുത്താതെന്ന ശശി തരൂരിന്റെ എക്‌സ് പോസ്റ്റാണ് ഇപ്പോള്‍ വിവാദത്തിന് കാരണമായത്. ഇതോടെ, സാമൂഹിക മാധ്യമങ്ങളില്‍ സഞ്ജുവിന് ഐക്യദാര്‍ഢ്യവുമായി ആരാധകര്‍ എത്തി.
ഇക്കാര്യത്തില്‍ കെ.സി.എ.യെ കുറ്റപ്പെടുത്തിയാണ് തരൂര്‍ വിമര്‍ശനം ഉന്നയിച്ചത്. വിജയ് ഹസാരെ ക്യാമ്പില്‍ പങ്കെടുക്കാനാകില്ലെന്ന് സഞ്ജു നേരത്തേ കേരള ക്രിക്കറ്റ് അസോസിയേഷനെ (കെ.സി.എ.) അറിയിച്ചിരുന്നു. ഇതോടെ, സഞ്ജുവിനെ ഒഴിവാക്കി ടീം പ്രഖ്യാപിച്ചു. പിന്നീട് കളിക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചെങ്കിലും പ്രഖ്യാപിച്ച ടീം മാറ്റാന്‍ കെ.സി.എ. തയ്യാറായില്ല. ഈ സംഭവം തരൂരിന്റെ വാദത്തിന് പിന്തുണ കിട്ടാന്‍ കാരണമായി. എന്നാല്‍, വിജയ് ഹസാരെയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല ടീമിനെ തിരഞ്ഞെടുത്തതെന്നാണ് സെലക്ടര്‍മാര്‍ നല്‍കുന്ന സൂചന.
കാരണം പറയാതെ കേരള ടീമിന്റെ ക്യാമ്പില്‍നിന്ന് വിട്ടുനിന്നതിനാലാണ് സഞ്ജുവിനെ വിജയ് ഹസാരെ ടീമില്‍നിന്ന് ഒഴിവാക്കിയതെന്ന് കെ.സി.എ. വിശദീകരിക്കുന്നുണ്ട്. ടീം പ്രഖ്യാപിച്ച ശേഷമാണ് സഞ്ജു കളിക്കാന്‍ സന്നദ്ധത അറിയിച്ചത്. പിന്നീട് ടീമില്‍ മാറ്റം വരുത്തുന്നത് അസാധ്യമായെന്നും കെ.സി.എ. സെക്രട്ടി വിനോദ് എസ്. കുമാര്‍ പറയുന്നു. കളിക്കാര്‍ കര്‍ശന അച്ചടക്കം പാലിക്കണമെന്നാണ് ബി.സി.സി.ഐ നിര്‍ദേശം. വിജയ് ഹസാരെയില്‍ കളിക്കാത്തതിന് സഞ്ജുവിനെതിരേ അച്ചടക്ക നടപടിയുണ്ടോയെന്ന് ബി.സി.സി.ഐ സി.ഇ.ഒ. അന്വേഷിച്ചിരുന്നു.
ഇല്ലെന്നാണ് കെ.സി.എ. അറിയിച്ചത്. രഞ്ജി ട്രോഫിക്കിടയിലും കാരണം പറയാതെ സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നിട്ടുണ്ട്. എന്നാല്‍, ഒരുതരത്തിലുള്ള നടപടിയും കെ.സി.എ. സ്വീകരിച്ചിട്ടില്ലെന്നും വിനോദ് എസ്. കുമാര്‍ വ്യക്തമാക്കുന്നു. ത്രിപുരയ്ക്കെതിരായ രഞ്ജി ട്രോഫി ഗ്രൂപ്പ് സി മത്സരത്തിന് മുന്നോടിയായി ഇവിടെ ബാരാബതി സ്റ്റേഡിയത്തില്‍ കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് സഞ്ജു കേരളത്തിനൊപ്പം പരിശീലനം നടത്തിയിരുന്നില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍.സി.എ) പരിശീലനത്തിനായി തന്നെ വിട്ടയക്കണമെന്ന് അദ്ദേഹം കെ.സി.എയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഒരു പ്രതികരണവും ലഭിക്കാത്തതിനാല്‍, മത്സരം കളിച്ചില്ലെങ്കിലും ടീമിനൊപ്പം ഉണ്ടായിരിക്കേണ്ടതായി വന്നു. ഗോവയ്ക്കെതിരായ കേരളത്തിന്റെ മത്സരത്തിനിടെ (2024 നവംബര്‍ 13-16), രണ്ടാം ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായതിന് ശേഷം ഡ്രസ്സിംഗ് റൂമിലേക്ക് ബാറ്റ് എറിഞ്ഞ് സ്റ്റേഡിയം വിട്ടിറങ്ങിയ 22 കാരനായ സഞ്ജുവിന്റെ മോശം പെരുമാറ്റത്തിന് വാണിംഗ് നല്‍കിയിരുന്നു. അടുത്തിടെ സഞ്ജുവിനെ ഇല്ലാതാക്കുന്നത് ഇന്ത്യന്‍ ടീമിലെ കളിക്കാരാണെന്നു പേരെടുതച്ത് വിമര്‍ശിച്ച് സഞ്ജുവിന്റെ അച്ഛന്‍ സാംസണ്‍ രംഗത്തെത്തിയിരുന്നു. ഇത് വലിയ തോതില്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് കാണിക്കുന്നത് ഈഗോയാണെന്നാണ് ശശിതരൂര്‍ എംപി പ്രതികരിക്കുന്നത്. കെ.സി.എയുടെ തലപ്പത്ത് ക്രിക്കറ്റ് കളിച്ചവരോ, കളിയെക്കുറിച്ച് അറിയുന്നവരോ വരണണെന്നാണ് മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീ ശാന്ത് പറയുന്നത്. കളിക്കാരുമായി ആരാണ് കോര്‍ഡിനേറ്റ് ചെയ്യുന്നതെന്നുള്ള വ്യക്തത ഇപ്പോഴും കെ.സി.എയ്ക്കില്ല. എന്താണ് ചെയ്യുന്നതെന്നു പോലുമറിയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാന്‍ പ്രതികരിക്കുന്നു. അതേ സമയം, കെ.സി.എയുടെ നിയമാവലികളും, റൂളും അനുസരിക്കാത്ത, എത്ര വലിയ കളിക്കാരനായാലും അയാള്‍ കളിച്ചില്ലെങ്കില്‍ ഒരു കുഴപ്പവുമില്ലെന്ന് വി.സി.സി.ഐ അമ്പയര്‍ പി. രംഗനാഥന്‍ പ്രതികരിക്കുന്നു.
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് മലയാളിതാരം സഞ്ജു സാംസണെ ഒഴിവാക്കിയതിനെതിരേ പ്രതിഷേധം തുടരുന്നതിനിടെ, ടീമില്‍ ഇടംപിടിക്കാന്‍ സഞ്ജുവിന് ഇനിയും അവസരമുണ്ടെന്നാണ് സൂചന. ടീമിന്റെ ബാറ്റര്‍മാര്‍ക്കോ വിക്കറ്റ് കീപ്പര്‍ക്കോ പരിക്കേറ്റാല്‍ സ്റ്റാന്‍ഡ്ബൈയായി ആദ്യം പരിഗണിക്കുക സഞ്ജുവിനെയായിരിക്കും. ടീമിലിടം കിട്ടിയില്ലെങ്കിലും സഞ്ജുവിനെ ബി.സി.സി.ഐ. പൂര്‍ണമായും തഴഞ്ഞിട്ടില്ല. സഞ്ജുവിനെ ടീമിലെടുക്കാന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനും താത്പര്യമുണ്ട്. ഗൗതം ഗംഭീര്‍ സെലക്ഷന്‍ കമ്മറ്റിയില്‍ ഇക്കാര്യത്തിനായി വാദിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും കൂടുതല്‍ പരിചയസമ്പത്തുള്ള ഋഷഭ് പന്തിന്റെ പേരാണ് മുന്നോട്ടുവെച്ചതെന്നറിയുന്നു. സെലക്ഷന്‍ കമ്മിറ്റിയിലും സഞ്ജുവിനായി പലരും മുന്നോട്ടുവന്നത് ഭാവിയില്‍ ഇന്ത്യന്‍ ഏകദിന ടീമിന്റെ ഭാഗമാകാന്‍ താരത്തിന് അവസരമുണ്ടെന്നതിന്റെ സൂചനയാണ്.
ട്വന്റി 20 സ്‌പെഷ്യലിസ്റ്റായാണ് കുറച്ചുകാലമായി സഞ്ജു ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. കഴിഞ്ഞവര്‍ഷം ട്വന്റി-20 യിലെ 12 ഇന്നിങ്‌സില്‍ മൂന്ന് സെഞ്ചുറിയടക്കം 436 റണ്‍സ് നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരേ 22-ന് തുടങ്ങുന്ന ട്വന്റി 20 പരമ്പരയില്‍ തിളങ്ങിയാല്‍ ഏകദിന ടീമിലേക്കും പരിഗണിക്കേണ്ടിവരും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുശേഷം എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ തയ്യാറാകണമെന്ന് സഞ്ജുവിനോട് ബി.സി.സി.ഐ. നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ഒരേ സമയം ദേശീയ ടീമിലും സംസ്ഥാന ടീമിലും പുറത്തായിപ്പോയ അവസ്ഥയാണ് സഞ്ജുവിനുള്ളത്. ഇതിനു മുമ്പു നടന്ന കളികളില്‍ സെഞ്ച്വറി അടിച്ച് ഫോമില്‍ നില്‍ക്കുകയായിരുന്ന സഞ്ജുവിന്റെ പരിചയ സമ്പന്നത എന്തുകൊണ്ട് കേരളം ഒഴിവാക്കുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്. സഞ്ജുവിന്റെ ഭാവി ഇനി എന്താകുമെന്ന് കണ്ടറിയുകതന്നെ വേണം. കെ.സി.എയുമായി ഉടക്കി മുന്നോട്ടു പോകാനാവില്ല. കാരണം, കേരളത്തിന്റെ ലേബലില്‍ കളിക്കണമെങ്കില്‍ കെ.സി.എയുടെ പിന്തുണ കൂടിയേ തീരൂ. സഞ്ജുവിന്റെ ഭാഗത്തു നിന്നും കാര്യമായ ഈഗോ വന്നിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്.
അതേസമയം. കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജിന്റെ ഈഗോയാണ് എല്ലാ പ്രശ്‌നത്തിനും കാരണമെന്ന് എം.പി തന്നെ ആരോപണം ഉയര്‍ത്തുമ്പോള്‍ വരാനിരിക്കുന്നത് കേരള ക്രിക്കറ്റിന്റെ അധപതനമാണോ എന്ന് സംശയിക്കണം. ഐപി.എല്‍. ടീമിന്റെ ക്യാപ്ടര്‍ കൂടിയായ സഞ്ജുവിനെ എന്തു കൊണ്ട് കേരളം വേണ്ടത്ര പരിഗണ നല്‍കുന്നില്ല എന്നതും വലിയ പ്രശ്‌നമാകും. വിഷയത്തില്‍ ആരാണ് അഹങ്കാരം കാണിക്കുന്നതെന്ന് വ്യക്തമാകുമ്പോള്‍ ആവര്‍ സ്വയം തെറ്റ് ഏറ്റുപറഞ്ഞ് തിരുത്തണമെന്നാണ് പറയാനുള്ളത്. കാരണം, ആത്യന്തികമായി ക്രിക്കറ്റ് നിലനില്‍ക്കണം. വനിതാ ക്രിക്കറ്റിന് ഉയര്‍ച്ച ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. എല്ലാ മത്സരങ്ങളിലും പുതിയ കുട്ടികള്‍ എത്തുന്നുണ്ട്. കേരളത്തിന്റെ എല്ലാ ജില്ലകളിലും ക്രിക്കറ്റിന് ഉണര്‍വ്വ് ഉണ്ടായിക്കഴിഞ്ഞു. ഈ ഘട്ടത്തിലാണ് ഈഗോയും, അഹങ്കാരവും, മൂപ്പളിമ വാശിയുമെല്ലാമായി കെ.സി.എ കളം നിറയുന്നത്. ഇത് നല്ലതിനല്ല എന്നേ പറയാനുള്ളൂ.
CONTENT HIGH LIGHTS; Who has the proudest voice?: Sanju Samson? Kerala Cricket Association?; Either way Kerala’s failure; Whoever has done wrong should be corrected