Pathanamthitta

ഗുരുതരമായി സ്‌ട്രോക്ക് ബാധിച്ച 2 പേര്‍ തിരികെ ജീവിതത്തിലേക്ക്; വിദഗ്ധ ചികിത്സ നല്‍കി ജനറല്‍ ആശുപത്രി – pathanamthitta general hospital

ഗുരുതരമായി സ്‌ട്രോക്ക് ബാധിച്ച രണ്ട് പേര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രി. ശബരിമല തീര്‍ത്ഥാടകയായ എറണാകുളം കുമ്പളങ്ങി സ്വദേശിനിയ്ക്കും, ശബരിമലയില്‍ കോണ്‍ട്രാക്ട് വര്‍ക്കറായ എരുമേലി സ്വദേശിയ്ക്കുമാണ് സ്‌ട്രോക്ക് ബാധിച്ചത്. ഒരു വശം തളര്‍ന്ന് സംസാര ശേഷി ഭാഗീകമായി നഷ്ടപ്പെട്ടാണ് ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉടനടി ത്രോമ്പോലൈസിസ് ചികിത്സ നല്‍കി ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയത്.

ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 152 പേര്‍ക്കാണ് ഇതുവരെ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ നല്‍കിയിട്ടുള്ളത്. സമയബന്ധിതമായി ഫലപ്രദമായ ചികിത്സ നല്‍കാനായത് കൊണ്ടാണ് ശരീരം തളര്‍ന്ന് പോകാതെ ഇവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പക്ഷാഘാത നിയന്ത്രണ പദ്ധതിയായ ശിരസ് വഴി സൗജന്യ ചികിത്സയാണ് ഇവര്‍ക്ക് നല്‍കിയത്.

മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ എല്ലാ ജില്ലകളിലേയും ഒരു പ്രധാന ആശുപത്രിയില്‍ സ്‌ട്രോക്ക് യൂണിറ്റ് സ്ഥാപിച്ചു വരുന്നു. ഇനി രണ്ട് ജില്ലകളില്‍ മാത്രമാണ് സ്‌ട്രോക്ക് യൂണിറ്റ് പൂര്‍ത്തായാകാനുള്ളത്.

STORY HIGHLIGHT: pathanamthitta general hospital