Investigation

ഡ്രൈവേഴ്‌സ് ഡേ ആഘോഷിക്കുന്ന KSRTC, ഡ്രൈവര്‍മാരോട് കാട്ടുന്ന ചതി ഇതാണ് ?: 20 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് അധിക ബത്ത നല്‍കാത്തതെന്താണ് ?; ശമ്പളക്കരാര്‍ അനുസരിച്ചുള്ള ആനുകൂല്യം കിട്ടാന്‍ ഈ ഡേയില്‍ എന്തു ചെയ്യണം ?; മന്ത്രി പറയുമോ ഉത്തരം ?

ജനുവരി 24 ഡ്രൈവേഴ്‌സ് ഡേ ആചരിക്കുന്ന എല്ലാ ഡ്രൈവര്‍മാര്‍ക്കും നമോവാകം. ഇങ്ങനെയൊരു ഡേയെ കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്താണെങ്കിലും, ഇങ്ങനെയൊന്നുണ്ടെങ്കില്‍ അത് ആഘോഷിക്കാതെ തരമില്ല. കാരണം, മനസ്സും ശരീരവും ഒരുപോലെ പ്രവര്‍ത്തിപ്പിക്കേണ്ട, നിരവധി ജീവനുകള്‍ കൈയ്യില്‍പ്പിടിച്ചുള്ള പണിയല്ലേ. മനസാന്നിധ്യം, തെറ്റാത്ത മാനസിക നില, ശാരീരിക ക്ഷമ എല്ലാം ഒത്തിണങ്ങേണ്ട ജോലി കൂടിയാണിത്.

കേരളത്തിന്റെ പൊതുഗതാഗത സംവിധാനമായ KSRTCയിലെ ഡ്രൈവര്‍മാരെ ഈ ദിനത്തില്‍ ദീര്‍ഘായുസ്സും, ആരോഗ്യമുള്ളവരുമായി ഇരുത്തണമേയെന്നാണ് പ്രാര്‍ത്ഥന. ശമ്പളം കൊടുത്തില്ലെങ്കിലും, അഥവാ കൊടുത്താല്‍ അത് ആരുടെയോ ഔദാര്യം കൊണ്ടാണെന്നും വരുത്തി തീര്‍ത്ത്‌നല്‍കുന്ന സര്‍ക്കാരിന് ഈ വകുപ്പും, വകുപ്പില്‍ ജോലി ചെയ്യുന്ന ‘ഡേ’ ആഘോഷിക്കുന്നവരും ആഘോഷിക്കാത്തവരും അധികപ്പറ്റാണ്. എങ്കിലും ശമ്പളം ഒരുമിച്ചു കൊടുക്കാനും, അത് മാക്‌സിമം വൈകിപ്പിച്ചു കൊടുക്കാനുമുള്ള തീരുമാനമാണ് ഹൈലൈറ്റ്.

ഇത് അവസാനത്തെ തീരുമാനമായി കാണാനാകില്ല. 2026 വരെ സര്‍ക്കാരിന് സമയമുള്ളപ്പോള്‍ KSRTC ജീവനക്കാര്‍ ഇനിയും പ്രതീക്ഷിക്കണം. ഡ്രൈവര്‍മാരുടെ ദിനം ആചരിക്കാന്‍ KSRTC എം.ഡി. തന്നെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതൊന്നും തെറ്റല്ല, പക്ഷെ തെറ്റിപ്പോയൊരു കാര്യമുണ്ട്. അത് ഇതാണ്. ഈ ഡ്രൈവേഴ്‌സ ഡേയിലെങ്കിലും ഇത് പറയാനായില്ലെങ്കില്‍ പിന്നെ എന്നാണ് പറയുക ?.

ആരാണ് പറയുക ?. KSRTCയിലെ ഡ്രൈവര്‍മാരെ ആദരിച്ചില്ലെങ്കിലും അംഗീകരിച്ചില്ലെങ്കിലും ഡ്രൈവറോടുള്ള വിവേചനം എങ്കിലും ഒന്ന് അവസാനിപ്പിക്കണമെന്നാണ് പറയാനുള്ളത്. ഇതു പറയാന്‍ കാരണം 13.01.2022ലെ ശമ്പളക്കരാര്‍ പ്രകാരമാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യവും നല്‍കുന്നത്. ആ കരാറില്‍ ഒരു കലണ്ടര്‍ മാസത്തില്‍, ഡ്രൈവര്‍ വിഭാഗം ജീവനക്കാര്‍ ഇരുപതോ, അതിലധികമോ ഡ്യൂട്ടി നിര്‍വഹിച്ചവര്‍ക്ക് അധിക ബത്ത, നമ്പര്‍ 517 /GL 2/2022/RTC തീയതി 28.02.2022ലെ മാനേജിംഗ് ഡയറക്ടറുടെ ഉത്തരവ് പ്രകാരവും അതാത് മാസത്തെ ശമ്പളവില്‍ ഉള്‍പ്പെടുത്തി തരാന്‍ പറയുന്നുണ്ട്.

മറ്റെല്ലാ ആനുകൂല്യങ്ങളും ശമ്പള കരാര്‍ പ്രകാരം എല്ലാ ജീവനക്കാര്‍ക്കും നല്‍കുമ്പോള്‍ ഡ്രൈവര്‍ വിഭാഗം ജീവനക്കാരുടെ ആനുകൂല്യങ്ങളെ മാത്രം അവഗണിക്കുന്നു. ഇത് ശരിയാണോ?. ഡ്രൈവര്‍മാരുടെ വിഷയങ്ങള്‍ വരുമ്പോള്‍ മാത്രം കെ.എസ്.ആര്‍.ടി.സിയിലെ ഭൂരിഭാഗം ട്രേഡ് യൂണിയനുകളും മൗനം പാലിക്കുന്നു?. പ്രതിമാസം 20 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവര്‍ വിഭാഗം ജീവനക്കാരുടെ അധിക ബത്ത അനുവദിക്കുന്നതു സംബന്ധിച്ച് 21.10.2024 ല്‍വെല്‍ഫെയര്‍ അസോസിയേഷന്‍ സിഎംഡിക്ക് കത്ത് നല്‍കി.

എന്നിട്ടും നടപടി ആകാത്തതിനെ തുടര്‍ന്ന് 29.11.2024 ല്‍ WPC 42796/ 2024 നമ്പര്‍ പ്രകാരം ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയതു. രണ്ടുതവണ കേസ് കോടതി പരിഗണിച്ചു. അടുത്ത സിറ്റിംഗ് 06.02.2025ലുമാണ്. കെ.എസ്.ആര്‍.ടി.സിയിലെ ഡ്രൈവര്‍ വിഭാഗം ജീവനക്കാരുടെ പ്രധാന ആവശ്യം സോഷ്യല്‍ മീഡിയയിലെ ആദരവല്ല, മറിച്ച് അവരുടെ ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കി മെച്ചപ്പെട്ട ജീവിത നിലവാരം നല്‍കാന്‍ കഴിയലാണ് ഏറ്റവും വലിയ ആദരവ് എന്ന് എം.ഡിയും മന്ത്രിയും അറിയണം.

CONTENT HIGH LIGHTS; KSRTC celebrates drivers day, this is the scam it is playing on drivers ?: 20 Why drivers on duty are not paid extra ?; What should be done on this day to get benefits according to the salary agreement?; Will the minister answer?

Latest News